You are Here : Home / USA News

നിയുക്ത മെത്രാൻ മാർ. ജോയ് ആലപ്പാട്ടിനെ എസ്. എം. സി. സി അനുമോദിച്ചു

Text Size  

Story Dated: Wednesday, July 30, 2014 11:26 hrs UTC

- ജെയിംസ്‌ കുരീക്കാട്ടിൽ

ചിക്കാഗോ: ചിക്കാഗോ സീറോ മലബാർ രൂപതയുടെ സഹായ മെത്രാനായി ഉയർത്തപ്പെട്ട മാർ. ജോയ് ആലപ്പാട്ടിനെ, സീറോ മലബാർ കാത്തലിക്ക് കോണ്‍ഗ്രസ്‌ (SMCC) അനുമോദിച്ചു. എസ്. എം. സി. സി ദേശിയ പ്രസിഡന്റ്‌ ശ്രീ. സിറിയക്‌ കുര്യന്റെ അധ്യക്ഷതയിൽ ചേർന്ന നാഷണൽ കമ്മിറ്റിയിലാണ് മാർ. ജോയ് ആലപ്പാട്ടിന് അനുമോദനങ്ങൾ നേർന്നത്‌. ചിക്കാഗോ രൂപതയുടെ വളര്ച്ചയുടെ നാൾവഴികളിലെ ഏറ്റവും ചരിത്ര പ്രാധാന്യമുള്ള ഒരു ദൈവീകാനുഗ്രഹം എന്നാണ് പ്രസിഡന്റ്‌ സിറിയക്‌ കുര്യൻ ഈ തിരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചത്‌. പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും മുൻപിൽ പുഞ്ചിരി തൂകാൻ കഴിയുന്ന എന്നാൽ കഴിവും ആത്മീയ ഔന്നത്യവും ഏറെയുള്ള വളരെ ജനകീയനായ മാർ. ജോയ് ആലപ്പാട്ടിന് രൂപതയെ ഒന്നിച്ചു കൊണ്ടുപോകാൻ കഴിയുമെന്ന്‌ പ്രത്യാശ പ്രകടിപ്പിച്ചു.

 

എസ്. എം. സി. സി ബോർഡ്‌ ഓഫ് ഡയറക്ട്ടെഴ്സ്‌ ചെയർമാൻ ശ്രീ. മാത്യു തോയലിന് പറയാൻ ഉണ്ടായിരുന്നത്, സദാ പുഞ്ചിരിക്കുന്ന മുഖത്തോടെ സ്നേഹ വാത്സല്യങ്ങൾ ചൊരിയുന്ന ജോയി അച്ചനിലെ ഒരു നല്ല കലാകാരനെ കുറിച്ചായിരുന്നു. ചെണ്ട കൊട്ടാൻ വരെ വൈദഗ്ധ്യം ഉള്ള ജോയി അച്ചൻ ഒരു നല്ല ഗാന രചയിതാവാണ് എന്നതുകൂടി എടുത്തു പറയുകയും, അച്ചൻ ഒരുക്കിയിരിക്കുന്ന ക്രിസ്തീയ ഭക്തി ഗാനങ്ങളേയും സംഗീത ആൽബങ്ങളെയും കുറിച്ച് സംസാരിക്കുകയുണ്ടായി. തുടർന്ന് സംസാരിച്ച എസ്. എം. സി. സി വൈസ് പ്രസിഡന്റ്‌ ശ്രീ. ജോർജ്കുട്ടി പുല്ലാപള്ളി, എളിമയും വിനയവും നിറഞ്ഞ ജോയി അച്ചന്റെ സുതാര്യമായ ജീവിത ശൈലിയെക്കുറിച്ചായിരുന്നു എടുത്തു പറഞ്ഞത്. എസ്. എം. സി. സി യെ വളരെ അടുത്തറിയാവുന്ന ജോയി അച്ചൻ, സഹായ മെത്രാനാകുന്നത് എസ്. എം. സി. സി യുടെ വളർച്ചയുടെ പടവുകളിൽ ഒരു വലിയ നാഴികക്കല്ലാവുമെന്നു പ്രത്യാശ പ്രകടിപ്പിച്ചു.

 

ചിക്കാഗോയിൽ നിന്നുള്ള കുര്യാക്കോസ് ചാക്കോയ്ക്ക് (കുഞ്ഞുമോൻ) പറയുവാനുണ്ടായിരുന്നത്, എല്ലാവരെയും തുല്യമായി കാണുന്ന, എല്ലാവരെയും ഒരുപോലെ പരിഗണിക്കുന്ന ജോയി അച്ചനിലെ നന്മയെക്കുറിച്ചായിരുന്നു. തുടർന്ന് സംസാരിച്ച ബാബു ചാക്കോ, കത്തീഡ്രൽ പള്ളിയിലെ ഇടവക സമൂഹത്തെ കഴിഞ്ഞ രണ്ടു വർഷമായി ഒന്നിച്ചു കൊണ്ടുപോകാൻ കഴിഞ്ഞ അച്ഛന്റെ കഴിവിനെയും മികവിനെയും കുറിച്ചായിരുന്നു. യൂത്തിനെ സപ്പോർട്ട് ചെയ്യുന്നതിൽ ഏറെ താല്പര്യം കാണിക്കുന്ന ജോയി അച്ചൻ ചിക്കാഗോ രൂപതയിൽ ശക്തമായ ഒരു യുവജന സമൂഹത്തെ വളർത്തിയെടുക്കാൻ നടത്തുന്ന ശ്രമങ്ങളെ എസ്. എം. സി. സി നാഷണൽ കമ്മിറ്റി മെമ്പർ ലൈസി അലക്സ്‌ പ്രകീർത്തിച്ചു. അച്ചന് സ്പോര്ട്ട്സിനോടുള്ള താല്പര്യവും, ഒരു നല്ല വോളിബോൾ കളിക്കാരനാണെന്നതും ലൈസി എടുത്തു പറഞ്ഞു. ആധ്യാത്മിക ചൈതന്യതോടൊപ്പം പ്രായോഗിക ബുദ്ധിയും കൂടിയുള്ളവർ നേതൃത്വത്തിലേക്ക് വരുമ്പോഴാണ് സഭ വളരുകയെന്നും, ഇതു രണ്ടും ഏറെയുള്ള ജോയി അച്ചനിലൂടെ ചിക്കാഗോ രൂപത വളരെയേറെ വളർച്ച നേടാൻ ഇടയാകട്ടെയെന്നു ശ്രീ. വിൽസണ്‍ പാലത്തിങ്കൽ ആശംസിച്ചു.

 

എസ്. എം. സി. സി സെക്രട്ടറി ശ്രീ. അരുണ്‍ ദാസിനു ഓർമ്മിക്കാൻ ഉണ്ടായിരുന്നത് ആറാം ക്ളാസ്സിൽ പഠിക്കുന്ന കാലം മുതൽ ജോയി അച്ചനുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ചായിരുന്നു. യുവജനങ്ങളെ സംഘടിപ്പിക്കുന്നതിലും, അവരുടെ വളർച്ചയിലും അന്നും ഏറെ താല്പര്യം കാണിച്ചിരുന്ന ജോയി അച്ചന്റെ പ്രോത്സാഹനങ്ങൾ ആണ് തന്നെ യൂത്ത് മൂവ്മെന്റിലേക്കു കൊണ്ടുവന്നതെന്നും അദ്ദേഹം എടുത്തു പറഞ്ഞു. എസ്. എം. സി. സി യുടെ വളർച്ചയിൽ ഏറെ താല്പര്യം കാണിക്കുന്ന ജോയി അച്ചൻ ചിക്കാഗോ രൂപതയിൽ എസ്. എം. സി. സി യിലൂടെയുള്ള ഒരു അൽമായ മുന്നേറ്റത്തിനു തിരഞ്ഞെടുക്കപ്പെട്ടത് ഒരു ദൈവ നിയോഗമാണെന്ന് അഭിപ്രായപ്പെട്ടു.

ജെയിംസ്‌ കുരീക്കാട്ടിൽ

SMCC പബ്ളിക് റിലേഷൻ കമ്മിറ്റി ചെയർമാൻ

Ph: (248) 837 - 0402

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.