ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് രൂപതയുടെ ഫൊറോനാ രൂപികരണത്തില്‍ എസ്.എം.സി.സി. ദേശിയ കമ്മിറ്റി അനുമോദിച്ചു. വടക്കേ അമേരിക്കയിലെ സീറോ മലബാര്‍ കാത്തോലിക് സമൂഹത്തിന്റെ വളര്‍ച്ചയുടെ നാള് വഴികളില്‍ ഒരു വലിയ നാഴിക കല്ലാണ് ഈ തീരുമാനമെന്ന് എസ്.എം.സി.സി.ദേശിയ പ്രസിഡന്റ് സിറിയക് കുര്യന് മാളിയേക്കല്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. രൂപതയുടെ ഭരണ അജപാലന സംവിധാനങ്ങളില്‍ കാതലായ മാറ്റവും ഗുണ മേന്മയും ഈ തീരുമാനം വഴി വന്നു ചേരുമെന്ന് വൈസ് പ്രസിഡന്റ് ജോര്‍ജ് കുട്ടി പുല്ലാപള്ളി അഭിപ്രായപെട്ടു.
വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ വ്യാപിച്ചുകിടക്കുന്ന ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ പ്രാദേശികതലത്തില്‍ ഏകോപിപ്പിക്കുകയെന്ന ദൗത്യമാണ് ഫൊറോനാ പള്ളികള്‍ക്കുള്ളത്.
രൂപതയെ ഒമ്പത് ഫൊറോനകളായി ഉയര്‍ത്തികൊണ്ടാണ് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് കല്‍പ്പന പുറപ്പെടുവിച്ചത്. ഇതിനുസരിച്ച് രൂപതയിലെ പള്ളികളും മിഷന് സ്റ്റേഷനുകളും ഒമ്പത് ഫൊറോനാ പള്ളികളുടെ കീഴില്‍ വരും. രൂപതയുടെ 32 ഇടവകകളിലും, 36 മിഷനുകളിലുമായി ചിതറിക്കിടക്കുന്ന പതിനായിരക്കണക്കിന് വിശ്വാസികളുടെ അജപാലന ദൗത്യത്തില്‍ ഫൊറോനകള്‍ക്കും അവയുടെ വികാരിമാര്‍ക്കും വലിയ പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രൂപതയുടെ പ്രവര്‍ത്തനങ്ങളെ ഏകീകരിക്കുകയും, സംയോജിപ്പിക്കുകയും ഗുണപരമായി മെച്ചപ്പെടുത്തുകയുമാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതും.
താഴെപ്പറയുന്നവയാണ് പുതിയ ഫൊറോനകള്‍:
(1). മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രല്‍ ഷിക്കാഗോ, (2). സെന്റ് തോമസ് ചര്‍ച്ച് ഗാര്‍ലന്റ്, ഡാളസ്, (3). സെന്റ് ജോസഫ് ചര്‍ച്ച് ഹൂസ്റ്റണ്‍ ടെക്സസ്, (4). ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ചര്‍ച്ച് കോറല്‍സ്പ്രിംഗ് ഫ്ളോറിഡ, (5) സെന്റ് അല്‍ഫോന്‍സാ അറ്റാലാന്റാ ജോര്‍ജിയ, (6) സെന്റ് തോമസ് ബ്രോങ്ക്സ്, ന്യൂയോര്‍ക്ക്, (7) സെന്റ് തോമസ് ഈസ്റ്റ് മില്‍സ്റ്റോണ്‍ ന്യൂജേഴ്സി, (8) സെന്റ് തോമസ് ഫിലാഡല്‍ഫിയ, (9) സെന്റ് തോമസ് സാന്റാ അന്നാ കാലിഫോര്‍ണിയ.
രൂപതയിലെ ക്നാനായ റീജിയണില്‍ വരുന്ന ഫൊറോനകള്‍ താമസിയാതെ പ്രഖ്യാപിക്കുമെന്നും മാര്‍ ജേക്കബ് അങ്ങാടിയത്ത് അറിയിച്ചു.
അമേരിക്കയില്‍ ഇപ്പോള്‍ രൂപതയ്ക്ക് 32 ഇടവക പള്ളികളും, 36 മിഷനുകളുമാണുള്ളത്. രൂപതയുടെ വലിപ്പവും, ഇവകകളുടേയും മിഷനുകളുടേയും എണ്ണവും വര്‍ദ്ധിച്ചുവരികയും ചെയ്യുന്നതിനുസരിച്ച് അജപാലന സൗകര്യാര്‍ത്ഥം രൂപതയെ പല പ്രവിശ്യകളായി തിരിക്കുകയും അജപാലനകാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കുന്നതിനും ശരിയായ നടത്തുന്നതിനും വേണ്ടിയാണ് ഷിക്കാഗോ രൂപതയില്‍ ഇപ്പോള്‍ 9 പള്ളികളെ ഫൊറോനാ തലത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്.
രൂപതയുടെ വളര്‍ച്ചയെയും ഫൊറോനാ രൂപികരണത്തെയും അനുമോദിച്ചു കൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചത് എസ്.എം.സി.സി. വൈസ് പ്രസിഡന്റ് ജോര്‍ജ് കുട്ടി പുല്ലാപ്പള്ളിയാണ്. യോഗത്തില്‍ ജനറല്‍ സെക്രട്ടറി അരുണ്‍ ദാസ് നന്ദി പറഞ്ഞു.
എസ്.എം.സി.സി. നാഷണല്‍ പബ്ലിക് റിലേഷന്‍ കമ്മിറ്റി ചെയര്‍ ജെയിംസ് കുരീക്കാട്ടില്‍ അറിയിച്ചതാണിത്.
Comments