You are Here : Home / USA News

കാണികളെ മുള്‍മുനയില്‍ നിര്‍ത്തി അമേരിക്കന്‍ മലയാളിയുടെ മാന്ത്രിക വിസ്‌മയം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, May 09, 2014 10:30 hrs UTC

പേരാവൂര്‍ (കണ്ണൂര്‍): അമേരിക്കന്‍ മലയാളിയും പ്രശസ്‌ത യുവ മാന്ത്രികനുമായ ജോ പേരാവൂര്‍ അഴിമതിക്കും വര്‍ഗീയതയ്‌ക്കുമെതിരേ പ്രതികരിച്ചുകൊണ്ട്‌ `ബെഡ്‌ ഓഫ്‌ ഡെത്ത്‌' എന്ന രക്ഷപെടല്‍ ജാലവിദ്യ അവതരിപ്പിച്ചു. മെയ്‌ മൂന്നിന്‌ വൈകിട്ട്‌ അഞ്ചുമണിക്കാണ്‌ ജോയുടെ ജന്മനാടായ കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ ഈ ദൃശ്യവിസ്‌മയം അരങ്ങേറിയത്‌.

 

ബസ്‌ സ്റ്റാന്‍ഡ്‌ പരിസരത്ത്‌ വെച്ച്‌ തുറന്ന വേദിയില്‍ ചങ്ങലകളാല്‍ മരണക്കിടക്കയില്‍ ബന്ധിക്കപ്പെട്ട്‌ ശയ്യാവലംബനാകുന്ന മാന്ത്രികനുമേല്‍ മുപ്പതോളം കാരിരുമ്പ്‌ കുന്തങ്ങള്‍ പതിച്ചു. ഒടുവില്‍ ഒരു പോറല്‍പോലുമേല്‍ക്കാതെ മാന്ത്രികന്‍ പുറത്തുവന്നപ്പോള്‍ തടിച്ചുകൂടിയ ആയിരക്കണക്കിന്‌ കാണികള്‍ ഹര്‍ഷാരവത്തോടെ എതിരേറ്റു. വൈസ്‌മെന്‍ ക്ലബ്‌ ഭാരവാഹികള്‍, കാണികളില്‍നിന്നുള്ള പ്രതിനിധികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന്‌ മരണക്കിടക്കയില്‍ ബന്ധിതനാക്കിയ മാന്ത്രികനെ ഇരിട്ടി ഡി.വൈ.എസ്‌.പി സുകുമാരന്‍ പരിശോധിച്ച്‌ ഉറപ്പുവരുത്തി. തുടര്‍ന്ന്‌ ടൈമര്‍ പ്രവര്‍ത്തനമാരംഭിച്ചു.

 

അറുപതാമത്തെ സെക്കന്‍ഡില്‍ കുന്തങ്ങള്‍ താഴേക്ക്‌ പതിച്ചപ്പോള്‍ കാണികളെ മുള്‍മുനയില്‍ നിര്‍ത്തി മാന്ത്രികന്‍ വിസ്‌മയകരമായി രക്ഷപെട്ടു. കണക്‌ടികട്ടില്‍ താമസിക്കുന്ന ജോ പേരാവൂര്‍ ഇരുപതോളം രാജ്യങ്ങളിലായി ആയിരത്തോളം വേദികളില്‍ മാജിക്‌ അവതരിപ്പിച്ചിട്ടുണ്ട്‌. ബൈക്ക്‌ എസ്‌കേപ്പ്‌, ഫയര്‍ എസ്‌കേപ്പ്‌, ഗ്രേവ്‌ യാര്‍ഡ്‌ എസ്‌കേപ്പ്‌, തുടങ്ങിയ രക്ഷപെടല്‍ ജാലവിദ്യകള്‍ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ഏഴാമത്തെ എസ്‌കേപ്പാണ്‌ പേരാവൂരില്‍ അരങ്ങേറിയത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.