You are Here : Home / USA News

പത്താം വാര്‍ഷികാഘോഷങ്ങള്‍ക്ക് തിരി തെളിഞ്ഞു

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Wednesday, April 09, 2014 10:32 hrs UTC

ഫിലഡല്‍ഫിയ . ഫിലഡല്‍ഫിയ സെന്റ് തോമസ് സിറോ മലബാര്‍ കാത്തലിക് ഇടവക രൂപം കൊണ്ടതിന്റെ ദശവത്സരാഘോഷത്തിന് പ്രശസ്ത ധ്യാനഗുരുവും മാണ്ഡ്യാ രൂപതാദ്ധ്യക്ഷനുമായ മാര്‍ ജോര്‍ജ് ഞരളക്കാട്ട് തിരിതെളിച്ചു. ഒരു വര്‍ഷം തുടരുന്ന ദശവത്സരാഘോഷത്തിന്റെ പ്രാരംഭ പ്രാര്‍ഥനകള്‍ക്കും ദിവ്യബലിക്കും മാര്‍ ജോര്‍ജ് ഞരളക്കാട്ട് മുഖ്യ കാര്‍മ്മികനായി. ഫൊറോനാ വികാരി ഫാ. ജോണിക്കുട്ടി പുലിശേരി സഹ കാര്‍മ്മികനായി. ''ദശവത്സരാഘോഷങ്ങളില്‍ പ്രഥമവും പ്രധാനവുമായ സ്ഥാനം നല്‍കുന്നത് ആത്മീയ ശുശ്രൂഷകള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമാണ്. യുവജനങ്ങളുടെയും കുട്ടികളുടെയും സ്വഭാവ രൂപീകരണത്തിനും കരുത്തുറ്റ ആത്മീയതയ്ക്കും സഹായകമായ കര്‍മപരിപാടികള്‍ ആവിഷ്ക്കരിച്ചു പ്രാബല്യത്തിലാക്കും വികാരി ഫാ. ജോണിക്കുട്ടി പുലിശേരി പറഞ്ഞു.

 

വിശ്വാസി സമൂഹം, പരീഷ് കൌണ്‍സില്‍ അംഗങ്ങള്‍, ഗായക സംഘം, അള്‍ത്താരാ ശുശ്രൂഷകര്‍, മരിയന്‍ മദേഴ്സ് അംഗങ്ങള്‍, വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി പ്രവര്‍ത്തകര്‍, എസ്എംസിസി പ്രവര്‍ത്തകര്‍, സിറോ മലബാര്‍ കാത്തലിക് യൂത്ത് ലീഗ് മെംമ്പേഴ്സ്, വേദപാഠ വിദ്യാര്‍ ഥികളും അധ്യാപകരും, കൈക്കാരന്മാര്‍ എന്നിങ്ങനെ വിവിധ ഇടവകപ്രവര്‍ത്തന ശാഖകള്‍ ആഘോഷത്തില്‍ സജീവമായി ഉള്‍ച്ചേര്‍ന്നു. മുഖ്യ ട്രസ്റ്റി ബിജി ജോസഫ്, ട്രസ്റ്റി വിന്‍സന്റ് ഇമ്മാനുവേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആദ്യ വികാരി ഫാ. ക്രിസ്റ്റി പറമ്പു കാട്ടിലിന്റെയും മുന്‍ വികാരി ഫാ. ജോണ്‍ മേലേപ്പുറത്തിന്റെയും ഫിലഡല്‍ഫിയയിലെ മുന്‍ വികാരിയും ഇപ്പോഴത്തെ വികാരി ജനറാളുമായ റവ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലിന്റെയും മിഷന്‍ ഡയറക്ടര്‍മാരായിരുന്ന സിഎം ഐ വൈദികരുടെയും സേവനത്തെ ഫിലഡല്‍ഫിയാ സിറോ മലബാര്‍ കത്തോലിക്കാ സമൂഹം നന്ദിയോടെ പരാമര്‍ശിക്കുന്നു.

 

1988 മെയ് രണ്ടിനായിരുന്നു ഫിലഡല്‍ഫിയ സിറോ മലബാര്‍ കത്തോലിക്കാ സമൂഹം മിഷന്‍ എന്ന നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 2005 ജനുവരി 19ന് ഫിലഡല്‍ഫിയയിലെ വെല്‍ഷ് റോഡിലുള്ള യഹൂദ സിനഗോഗ് വാങ്ങി സിറോ മലബാര്‍ ദേവാലയമാക്കിയ പരിണാമം കത്തോലിക്കാ സഭാ ചരിത്രത്തിലെ ആദ്യാനുഭവമായിരുന്നു. 2005 മാര്‍ച്ച് 19ന് ഫിലഡല്‍ഫിയ സെന്റ് തോമസ് സിറോ മലബാര്‍ ഇടവക എന്ന ഉയര്‍ച്ചയിലേക്ക് മാര്‍ ജേക്കബ് അങ്ങാടിയത്ത് ഈ സമൂഹത്തെ പദവിപ്പെടുത്തി കൂദാശ ചെയ്തു. നാനൂറോളം കുടുംബങ്ങളും 9 വാര്‍ഡുകളും ഫിലഡല്‍ഫിയാ സിറോ മലബാര്‍ കത്തോലിക്കാ ദേവാലയ സമൂഹത്തിനു സ്വന്തം.

 

2014 ഏപ്രില്‍ 1ന് ഫിലഡല്‍ഫിയ സിറോ മലബാര്‍ കാത്തലിക് ചര്‍ച്ചിനെ ബിഷപ് മാര്‍. ജേക്കബ് അങ്ങാടിയത്ത് ഫൊറോനാ എന്ന നിലയിലേക്ക് ഉയര്‍ത്തി. സൌത്ത്ജഴ്സിയിലെ സെന്റ് ജൂഡ്, ഡെലവേറിലെ ഹോളി ട്രിനിറ്റി, ബാള്‍ട്ടിമോറിലെ സെന്റ് അല്‍ഫോന്‍സാ, വാഷിംങ്ടണ്‍ ഡി സിയിലെ ഔര്‍ ലേഡി ഓഫ് പെര്‍പെച്വല്‍ ഹെല്‍പ്, നോര്‍ത്ത് വെര്‍ജീനിയയിലെ സെന്റ് ജൂഡ്, റിച്ച്മോണ്ടിലെ സെന്റ് അല്‍ഫോന്‍സാ, ഹാരിസ്ബര്‍ഗിലെ സെന്റ് ജോസഫ്, പിറ്റ്സ്ബര്‍ഗിലെ സെന്റ് മേരീസ് എന്നീ സിറോ മലബാര്‍ മിഷനുകളാണ് ഫിലഡല്‍ഫിയാ സെന്റ് തോമസ് സിറോ മലബാര്‍ ഫൊറോനായില്‍ ഉള്‍പ്പെടുക.

 

2014 ജൂലൈയില്‍ നടക്കുന്ന ഇടവക തിരുനാള്‍ ഫിലഡല്‍ഫിയാ സെന്റ് തോമസ് സിറോ മലബാര്‍ കത്തലിക് ഫൊറോനാ ദേവാലയത്തിന്റെ ആദ്യ തിരുനാളെന്ന നിലയിലും ദശ വാര്‍ഷിക ആഘോഷ വര്‍ഷത്തിലെ പെരുനാള്‍ എന്ന നിലയിലും പ്രാധാന്യമര്‍ഹിക്കുന്നു. ലോക ചരിത്രത്തില്‍ ഒരു യഹൂദ ദേവാലയം കത്തോലിക്കാപ്പള്ളിയായി രൂപാന്തരപ്പെട്ട സംഭവം ഇതിനു മുമ്പുണ്ട ാ യിട്ടുണ്ടോ എന്ന് അറിയില്ല. അതെന്തായാലും ഒന്നുറപ്പിക്കാം: സിറോ മലബാര്‍ കത്തോലിക്കാ സഭാ ചരിത്രത്തിലെ ആദ്യാനുഭവമാണ് ഫിലഡല്‍ഫിയയില്‍ നടന്നത്.

 

ആരാധനയ്ക്കിടം തേടി, ഇംഗ്ലീഷ് പള്ളികളുടെ ദയവും നേടി, സഹായക സാമഗ്രികളും മൈക്ക് സെറ്റും ചുമന്ന്; എണ്ണാവുന്നതിലധികം പള്ളികള്‍ മാറി മാറി നടന്നിരുന്ന പ്രവാസജീവിതത്തിന്റെ മേല്‍വിലാസക്കുറവില്‍ നിന്ന് ആരാധനാ സമൂഹത്തിന് ഉയിര്‍ത്തെണീല്പിനും ദൈവാശ്രയ ബോധം സജീവമാക്കുന്നതിനും ദേവാലയലബ്ധിയും കഴിഞ്ഞ 9 വര്‍ഷത്തെ ആത്മീയാനുഭവങ്ങളും കാരണമായിട്ടുണ്ട്. കേരളത്തനിമ പുലര്‍ത്തുന്ന പള്ളിയില്‍ വരുമ്പോള്‍ ഒരു തൃപ്തിയുണ്ട്. നമ്മുടേതാണെന്ന സന്തോഷമുണ്ട്. സ്വാതന്ത്യ്രമുണ്ട്. പ്രാര്‍ഥിക്കുന്നതിന് ഒരു തീക്ഷ്ണതയുണ്ട്്. നാടിന്റേതായ അന്തരീക്ഷമുണ്ട്. ശീലമാക്കിയ കുര്‍ബാനയുടെയും പ്രാര്‍ഥനയുടെയും ഈണം നിറഞ്ഞു നില്ക്കുന്ന ഭക്തിയുണ്ട്്. കേരള ക്രിസ്ത്യാനികളുടെ വസ്ത്രമണിഞ്ഞും ചട്ടയും മുണ്ടുമുടുത്തും പള്ളിയില്‍ വരുന്നതിന് അഭിമാനക്കുറവു തോന്നിക്കാത്ത അവകാശമുണ്ട്. മലയാളികളായ അച്ചന്മാരുടെ കുര്‍ബാനയും പ്രസംഗങ്ങളും പാട്ടുകളും കേള്‍ക്കാനും അറിയാനും അവസരം കിട്ടുന്നു. മലയാളിക്കുഞ്ഞുങ്ങള്‍ക്ക് സ്വന്തം പാരമ്പര്യങ്ങള്‍ തൊട്ടറിയാന്‍ സാദ്ധ്യതയേറുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.