You are Here : Home / USA News

നരേന്ദ്രമോദി മഹാത്മാവായി മാറുമോ? (കാരൂര്‍ സോമന്‍)

Text Size  

Story Dated: Monday, May 27, 2019 02:40 hrs UTC

ഇന്ത്യയുടെ ചരിത്രത്താളുകളില്‍ ഗുജറാത്തില്‍ നിന്നും മഹാത്മാവായികണ്ടത് മോഹന്‍ദാസ് കരം ചന്ദ്ഗാന്ധിയാണ്.  ചരിത്രത്തില്‍ ഇത്രമാത്രം വിജയം കണ്ടെത്തിയ ഒരു തെരഞ്ഞെടുപ്പും എതിരാളികളാല്‍ ആക്രമിക്കപ്പെട്ട, വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ഒരു പ്രധാനമന്ത്രിയുണ്ടായിട്ടില്ല.  ജനഹൃദയങ്ങളിലെത്തി സമൂഹത്തെ മാറ്റിമറിക്കുന്ന  ഇന്ത്യയുടെ നവയുഗ ശില്പിയായി നരേന്ദ്രമോദിയും സമാധാനം പുലരുന്ന ഒരു രാജ്യമായി ഇന്ത്യ മാറുമോ?   നരേന്ദ്രമോദി ഡല്‍ഹിയില്‍ കുടിയ ബിജെപി മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പുതിയ എം.പി മാര്‍ക്ക് വിജയാശംസങ്ങള്‍ നേരുന്നതിനൊപ്പം ചില മാര്‍ഗ്ഗനിര്‌ദേശങ്ങള്‍ കുടി നല്‍കിയത് വികലമായ കണ്ണാടിയില്‍ മുഖം മിനുക്കി  പോകുന്ന, വിവേകം നഷ്ടപ്പെട്ട, സുഖഭോഗികളായ  ജനപ്രതിനിധികള്‍ക്കുള്ളചില  മുന്നറിയിപ്പുകുടിയായിരുന്നു.  ആ വാക്കുകള്‍ ലോകമെങ്ങും അലയടിച്ചുയര്‍ന്നു. ഒരു ജനസേവകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റ മുഖത്തു് പുഞ്ചിരിയും വാക്കുകളില്‍ ആര്‍ദ്രമായ സ്‌നേഹവും കുടികൊള്ളുന്നുണ്ട്. ഉച്ചഭാഷിണിയില്‍കൂടി  "ഓം" ഉച്ചാരണത്തെക്കാള്‍ ശബ്ദഗാംഭിര്യത്തോടെ മണിക്കൂറുകള്‍ പ്രസംഗിക്കുക യോഗകൊണ്ടു നേടിയ നേട്ടങ്ങള്‍ തന്നെയാകാം.   സമൂഹത്തിന്റ സമസ്ത മേഖലകളിലും സ്വന്തം വീട്ടില്‍പോലും ഗുരുത്വം, ആദരവ്, എളിമ, സ്‌നേഹം, വിനയം  നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ മുതിര്‍ന്ന നേതാക്കന്മാരെ കാല്‍തൊട്ടു വന്ദിക്കുന്ന ഒരു പ്രധാനമന്ത്രിയെ ആദ്യമായി കാണുകയാണ്. ജനം ഉറ്റുനോക്കുന്നത് രാജ്യം അര്‍പ്പിച്ച വിശ്വാസം നരേന്ദ്രമോദി കാത്തുസൂക്ഷിക്കുമോ?       
 
അദ്ദേഹത്തിന്റെ പ്രസംഗം കേട്ടപ്പോള്‍  മനസ്സിലേക്ക് കടന്നു വന്നത് നെഹ്‌റുവാണ്. ഡല്‍ഹിയില്‍ വര്‍ഗ്ഗിയ ലഹള നടന്ന കാലത്തു വീട് നഷ്ടപ്പെട്ടവര്‍ ധാരാളമായിരുന്നു. പ്രധാനമന്ത്രിയായിരുന്ന നെഹ്‌റു തന്‍റെ വീടിന്റെ ഒരു ഭാഗം കുറെ പാവങ്ങള്‍ക്ക് താമസിക്കാന്‍ കൊടുത്തു. ഒരു ദിവസം അവിടെ താമസിച്ചവര്‍ക്കൊപ്പം നെഹ്‌റു അരി വാങ്ങാന്‍ റേഷന്‍ കടയില്‍ പോയി. നെഹ്‌റു ക്യുവില്‍ നില്‍ക്കുന്നത് ജനങ്ങള്‍ അത്ഭുതത്തോടെ നോക്കി. ചിലര്‍ സമീപിച്ചു പറഞ്ഞു. അരി ഞങ്ങള്‍ വാങ്ങി വരാം. അങ്ങ് ക്യുവില്‍ നില്‍ക്കേണ്ട. നെഹ്‌റു കൊടുത്ത മറുപടി. "ഞാനും നിങ്ങളെപ്പോലെ ഒരു ഇന്ത്യന്‍ പൗരന്‍. ക്യുവില്‍ നില്‍ക്കുന്നതില്‍ അഭിമാനം മാത്രം. മറിച്ചായാല്‍ അത് നിങ്ങളോടുള്ള അപമാനമാണ്". ഇത് ഇന്ത്യയിലെ ഇന്നത്തെ രാഷ്ട്രീയ കൃഷി നടത്തുന്ന ബൂര്‍ഷ്വ മുതലാളിമാരായ ജനപ്രതിനിധികള്‍  കണ്ടു പഠിക്കേണ്ട പാഠമാണ്. 1980 കളില്‍ ഞാന്‍ ഡല്‍ഹിയിലുണ്ടായിരുന്ന കാലം കേരളത്തില്‍ നിന്നുള്ള എം.പി മാരടക്കം ബ്രിട്ടീഷുകാര്‍ തീര്‍ത്ത മനോഹരമായ ബംഗ്‌ളാവിന് പിറകിലുള്ള കെട്ടിടങ്ങള്‍ വാടകക്ക് കൊടുക്കുമായിരുന്നു. എന്റെ ചില ബന്ധുക്കളും അങ്ങനെ താമസിച്ചിട്ടുണ്ട്. ജോലിതേടി അലയുന്ന മലയാളിയില്‍ നിന്നുവരെ നല്ലൊരു തുക വാടക വാങ്ങുമായിരുന്നു.  അതിനാലാണ് ഈ കൂട്ടരെ ഞാന്‍ രാഷ്ട്രീയത്തിലെ ബൂര്‍ഷ്വകള്‍ എന്ന് വിളിക്കുന്നത്. ഇത്തരക്കാര്‍ ഏതൊരു നാടിനും അപമാനമാണ്. ഇത് ചെറിയ ഒരുദാഹരണം മാത്രം. നെഹ്‌റുവിനെപ്പോലുള്ള നമ്മുടെ പൂര്‍വ്വികരുടെ എത്രയെത്ര അനശ്വരമായ സാമൂഹ്യ പ്രതിബദ്ധതയും, കരുതലും, അറിവും, സംസ്കാരവും അനുഭവസാഷ്യങ്ങളാണ്.   ഇന്നത്തെ സംസ്കാരിക അധപതനം കാണുമ്പൊള്‍, ഏകാധിപതികളെ കാണുമ്പോള്‍ നരേന്ദ്രമോദിയുടെ വിലപ്പെട്ട വാക്കുകളും നെഹ്‌റുവിന്റെ  പ്രവര്‍ത്തിയും ആരും ഓര്‍ക്കുക സ്വഭാവികമാണ്.   
 
അധികാരത്തിന്റെ  വിഴുപ്പുചാലുകളില്‍ അഭിരമിച്ചു ജീവിക്കുന്നവരെ നഖശിഖാന്തം അദ്ദേഹം എതിര്‍ക്കുന്നു. സമൂഹത്തില്‍ ജാതി മത  അസഹിഷ്ണത വളര്‍ത്തരുത്,  അഹന്ത, അധികാരം അഹങ്കാരമാകരുത്,  മനുഷ്യര്‍ക്ക് മുന്നില്‍ വികലചിന്തകളുണ്ടാക്കരുത്,  ദാരിദ്ര്യ നിര്‍മാര്‍ജ്ജനം തുടങ്ങിയ വികസനങ്ങളാണ് നമ്മുടെ ലക്ഷ്യ0, വി ഐ പി സംസ്കാരം മാറ്റണം, പ്രശസ്തിക്കായി മാധ്യമങ്ങളുടെ പിറകെ പോകരുത്, വായില്‍ വരുന്നത് വിളിച്ചുകൂവരുത്, തെറ്റായുള്ള പ്രവര്‍ത്തികളില്‍ ഉത്തരവാദിത്വബോധം മറക്കരുത്, ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കണം തുടങ്ങിയവ ലോകത്തെ അത്ഭുതപ്പെടുത്തിയ തെരഞ്ഞെടുപ്പുപോലെ കുളിര്‍മ്മയും സുഗന്ധവും പരത്തുന്ന വാക്കുകളാണ്.  ഇതുപോലുള്ള ധീരമായ നിലപാടുകള്‍  മനുഷ്യവകാശ ലംഘനങ്ങള്‍ക്കിടയില്‍ വേദനിക്കുന്ന മനുഷ്യന് ഒരാശ്വാസമാണ്. ഭരിക്കുന്ന പാര്‍ട്ടിയുടെ ഇഷ്ടാനുസരണം നിയമങ്ങളെ അട്ടിമറിക്കരുത്.  ആധുനിക ഇന്ത്യന്‍ രാഷ്ട്രീയത്തിന്റ പൊള്ളത്തരങ്ങളെ ഇനിയെങ്കിലും പൊളിച്ചെഴുതണമെന്ന് പറയുന്നതുപോലെ തുരുമ്പ്പിടിച്ച ഇന്ത്യന്‍ വ്യവസ്ഥിതിയും മാറ്റിയെഴുതണം. അവിടെ രാഷ്ട്രീയ വേര്‍തിരിവുകളേക്കാള്‍ കൈക്കൊള്ളേണ്ടത്  മനുഷ്യനാവശ്യമായ കാലോചിതമായ മാറ്റങ്ങളാണ്. അധികാരത്തിലിരിക്കുന്നവരുടെ മടിശ്ശില വീര്‍പ്പിച്ചു പാവങ്ങളുടെ ദാരിദ്ര്യം ഇനിയും വര്‍ദ്ധിപ്പിക്കരുത്.  പ്രസംഗത്തിനിടയില്‍ ഗാന്ധി, പട്ടേല്‍, നെഹ്‌റു, അംബേദ്ക്കര്‍ തുടങ്ങിയ പല മഹാന്മാരെ അദ്ദേഹം അനുസ്മരിച്ചു. ജാതിമതങ്ങള്‍ മാറ്റി എല്ലാം ഇന്ത്യക്കാരനും ഒന്നായി നിന്നാല്‍ ഇന്ത്യ ലോകത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുന്നു. ഇന്നത്തെ വികസിത രാജ്യങ്ങള്‍ അതിനുദാഹരണമാണ്.
 
ബിജെപിയിലുള്ളവര്‍ക്ക് മാത്രമല്ല നരേന്ദ്രമോദി നടത്തിയ ചാട്ടവാറടികള്‍. എല്ലാം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അത് വീതിച്ചുനല്കിയതാണ്.  ഉടുത്തൊരുങ്ങി നില്‍ക്കുന്ന സോഷ്യലിസ്റ്റുകള്‍ക്കും യുക്തിവാദികള്‍ക്കും നല്ല കാര്യങ്ങള്‍ മാതൃകയാക്കാം.  ബിജെപിയുടെ ചാട്ടവാര്‍ നരേന്ദ്രമോദിയില്‍ എന്നതുപോലെ എല്ല പാര്‍ട്ടി നേതൃത്വവും ഇതുപോലുള്ള ചാട്ടവാര്‍ കൈയില്‍ കരുതിയാല്‍ മനുഷ്യരിലെ ആകുലതകളും പ്രതീക്ഷകളും വളരുക മാത്രമല്ല ആ പാര്‍ട്ടികള്‍ക്കൊപ്പം ജനങ്ങള്‍ സഞ്ചരിക്കുകയും ചെയ്യും.  അതാണ് ഒരു ജനപ്രതിനിധിയെ കൂടുതല്‍ കരുത്തനാക്കുന്നത്.  കള്ളവും ചതിയും കൈക്കൂലിയും വാങ്ങാത്ത ജനപ്രധിനിധികളില്‍ ജനം അഭിമാനം കൊള്ളുകതന്നെ ചെയ്യും.  മട്ടുപ്പാവില്‍ നിന്നിറങ്ങി ജനത്തിനൊപ്പം സഞ്ചരിക്കാനും കര്‍മ്മങ്ങളില്‍ ഏര്‍പ്പെടാനും പറയുന്നത് ആരെയാണ് ആകൃഷ്ടരാകാത്തത്? വോട്ടുകള്‍ക്കുവേണ്ടി ഒരോരോ വേദികളില്‍ പ്രത്യക്ഷപ്പടുന്നതാണോ ജനസേവനം?  നരേന്ദ്രമോദിയുടെ വാക്കുകള്‍ യാഥാര്‍ഥ്യമാകുമോ എന്ന് ആശങ്കയോട് നോക്കികാണുന്നവരുമുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ ആര്‍ക്കും വശംവദനാകാതെ, മാധ്യമങ്ങളുടെ പിറകെ പോകാതെ രാഷ്ട്രിയക്കാരിലെ ഗുണഗണങ്ങള്‍ മോദിതരംഗംപോലെ ആ മനസ്സില്‍ കടന്നുകൂടിയ ചിന്താതരംഗങ്ങളായി പുറത്തു വന്നു. ഒരു ജനപ്രതിനിധി ജയിച്ചാല്‍ ആ വ്യക്തിയെ മാധ്യമങ്ങള്‍ വാനോളമുയര്‍ത്തുന്നു. അതിന്റ ഗുണഭോക്താക്കള്‍ ഇവര്‍ മാത്രമല്ല മാജിക് സിനിമകളില്‍ വേഷങ്ങള്‍ കെട്ടിയാടുന്ന നായിക നായകന്മാര്ക്കുമുണ്ട്.  അത്  കൊടുക്കുന്ന തുകയുടെ കനമനുസരിച്ചു് പൂനിലാവിലും പാടിപുകഴ്തിത്തിക്കൊള്ളും.    
 
2001 മുതല്‍ 2014 വരെ ഗുജറാത്ത് മുഖ്യമന്തിയായി ജനങ്ങളുടെ നാഥനായി മാറിയ അനുഭവവും കഴിഞ്ഞ അഞ്ചു് വര്‍ഷത്തിനിടയില്‍ പല ജനപ്രതിനിധികളും മനോനിയന്ത്രണം വിട്ട് സംസാരിച്ചതിന്റ വൈകാരിക അന്തഃകരണസന്ദേശമാണോ, മുന്‍പ് സംഭവിച്ച പിഴവുകള്‍ ഇനിയും അവര്‍ത്തിക്കരുതെന്നുള്ള പ്രതിജ്ഞയാണോ ഈ വാക്കുകളുടെ ഉള്ളടക്കം എന്നതറിയില്ല. എന്തായാലൂം ആശങ്കയോട് നിന്ന ന്യൂനപക്ഷങ്ങള്‍ക്ക് മനസ്സിലെ ഭീതി മാറ്റാന്‍ സുഖകരമായ  ഒരു കുളിര്‍മഴ പെയിതിറങ്ങി.   ഇന്ത്യയിലെങ്ങും ജനാധിപത്യത്തെ മതാധിപത്യം കിഴടക്കുന്ന കാഴ്ചകളാണ് കാണുന്നത്. അതിന്റ മറവില്‍ ഒരു കൂട്ടര്‍ ന്യൂനപക്ഷങ്ങളെ പാട്ടിലാക്കി അധികാരത്തിലെത്തുന്നു. മതങ്ങള്‍ അവര്‍ക്ക് കുടപിടിക്കുന്നു. ഈ അടുത്ത കാലത്തു് നവോത്ഥാനം പ്രസംഗിക്കുന്ന കേരളത്തില്‍  നമ്മുടെ നികുതിപണംപറ്റി ശമ്പളം വാങ്ങുന്ന പോലീസ്  ഒരു ക്രിസ്തിയ മതാധിപന്റെ  മുന്നില്‍ സല്യൂട്ട് ചെയ്യുന്ന കാഴ്ച്ച കണ്ടു.  അതുപോലെ അധികാരികളുടെ മുന്നില്‍ സല്യൂട്ട് ചെയ്യുന്നു. നാടുവാഴികളുടെ ഈ അനുഷ്ഠനാചാരം മാറേണ്ട കാലം കഴിഞ്ഞില്ലേ? ഇതെന്താണ് ജന്മികുടിയാന്‍ വ്യവസ്ഥിതിയോ? ജനപ്രതിനിധി ജനങ്ങളുടെ യജമാനനല്ല വെറും ദാസനാണ്. മതത്തിന്റ പേരില്‍ വടക്കേ ഇന്ത്യക്കാരെ കുറ്റപ്പെടുത്താന്‍ നമ്മള്‍ ഒട്ടും പിന്നിലല്ല. മതേതരത്വ0, ജനാധിപത്യം ഏറെ പ്രസംഗിക്കുന്നവരാണ് ഏറ്റവും കൂടുതല്‍ മതമൗലികവാദികളും വര്‍ഗീയവാദികളുമാകുന്നതെന്ന കാര്യം കേരളത്തിലെ ജനങ്ങള്‍ ഇന്നും തിരിച്ചറിഞ്ഞിട്ടില്ല. ഇന്ത്യയിലെങ്ങും രാഷ്ട്രീയ പാര്‍ട്ടികള്‍ ന്യൂനപക്ഷ ഭൂരിപക്ഷ ദ്രുവീകരണം നടത്തി ജനങ്ങളെ കബളിപ്പിക്കുന്നതും തെരഞ്ഞെടുപ്പില്‍ വിളവെടുപ്പ് നടത്തുന്നതും എത്രപേര്‍ തിരിച്ചറിയുന്നു.  ഈ വിശ്വാസ സമൂഹത്തെ തെറ്റിധരിപ്പിച്ചാണ് രാഷ്ട്രീയ  മത സമുദായ നേതാക്കന്മാര്‍ മരണംവരെ അധികാരത്തിലിരിക്കുന്നത്. സമുദായ സംഘടന നേതാക്കളുടെ മക്കള്‍ തെരഞ്ഞെടുപ്പില്‍ തോറ്റാലും രാജ്യസഭ അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്ന പ്രവണതയാണ്. അതല്ലെങ്കില്‍ മറ്റ് പദവികള്‍ കൊടുത്തു തൃപ്തിപ്പെടുത്തും. ആ സമുദായത്തിലെ ഒരു പാവപ്പെട്ടവന് ആ പദവി കൊടുക്കില്ല. ഒരു ജനപ്രധിനിധി മൂന്ന് പ്രാവശ്യം അധികാരത്തിലിരുന്ന് നാലാം പ്രാവശ്യം സീറ്റ് കിട്ടിയില്ലെങ്കില്‍ പ്രതിഷേധത്തിന്റ കോടാലി വീശു0. ഒപ്പം നടന്ന് ഇങ്കിലാബ് വിളിച്ച പാവപ്പെട്ടവന് ആ അവസരം കൊടുക്കില്ല.  ഈ പിന്തുടര്‍ച്ചാവകാശം ഇന്ത്യയുടെ ജനാധിപത്യത്തെ കശാപ്പു ചെയ്യുക മാത്രമല്ല യൗവനക്കാരെ അടിച്ചൊടിക്കയും ചെയ്യുന്നു.  ഇവര്‍ പ്രസംഗിക്കുന്ന ദേശീയത, സമത്വം, സാഹോദര്യം, സ്‌നേഹം ഒരു പറ്റമാളുകളുടെ തീവ്രസുഖങ്ങള്‍ക്കുവേണ്ടിയുള്ളതാണ്.  സ്ത്രീകളോട് ഇന്നും അവഗണനയാണ്. അവരെ മുന്‍നിരയിലേക്ക് കൊണ്ടുവരാറില്ല. നവോത്ഥാന പ്രസ്ഥാനങ്ങള്‍, സാമൂഹികസാഹിത്യ സാംസ്കാരിക  പരിഷ്കര്‍ത്താക്കള്‍ ഈ പാരമ്പര്യത്തെയാണോ പൂവിട്ടു പൂജിക്കേണ്ടത്?   
 
ബിജെപി നേടിയ ഈ ഭൂരിപക്ഷ വിജയത്തിന്റെ ആന്തരികതാളം ഇപ്പോള്‍ പുറത്തേക്ക് ഒഴുകുന്നത് പല ഗുരുതരമായ ആരോപണങ്ങളിലൂടെയാണ്.  ഇത് മോദി തരംഗമല്ല അതിലുപരി ഈ.വി.എം തരംഗമാണ്.  ഈ വി എം മെഷീനില്‍ അട്ടിമറി നടന്നു, വര്‍ഗീയത പരത്തി വോട്ടുകള്‍ നേടി, ബിജെപി ജനാധിപത്യത്തിന് ആപത്താണ്.  അങ്ങനെ പലവിധ ആരോപണങ്ങള്‍ അന്തരീക്ഷത്തില്‍ വട്ടമിട്ടു പറക്കുന്നു.  സോഷ്യല്‍ മീഡിയടക്കമുള്ള മാധ്യമങ്ങള്‍  മനഃപ്പൂര്‍വ്വ0 പ്രചരിപ്പിക്കുന്ന തെറ്റായ നീരീക്ഷണങ്ങളുണ്ട്. അതൊന്നും അവര്‍ക്ക് അപരാധമല്ല അഭിമാനമാണ്. ഇന്ത്യയില്‍ ആദ്യം വേണ്ടത് കക്ഷിരാഷ്ട്രീയത്തിലുപരി മത മൈത്രിയും മനുഷ്യര്‍ നേരിടുന്ന നീറുന്ന പ്രശ്‌നങ്ങളെ എങ്ങനെ നേരിടാമെന്നുള്ളതാണ്.  വിവാദങ്ങള്‍ ആര്‍ക്കും കത്തിച്ചുവിടാം.  ഒരു പറ്റം മലയാളികള്‍ക്ക് നിത്യതൊഴിലഭ്യാസംപോലെയാണ് വിവാദങ്ങളുയര്‍ത്തുന്നത്. സോഷ്യല്‍ മീഡിയ വന്നതോടെ ആരോഗ്യകരമായ സംവാദങ്ങളെക്കാള്‍ അഭിപ്രായപ്രകടനങ്ങളാണ്.  അവിടെ പ്രചാരം ലഭിക്കുന്നത് പരസ്പരം ചെളിവാരിയെറിയുക, വ്യക്തിഹത്യ നടത്തുക, സൈബര്‍ ഗുണ്ടകള്‍ക്ക് സ്തുതിപാടുക അങ്ങനെ തുടരുന്നു. ചില  മാധ്യമങ്ങള്‍പോലും വാക്കുകള്‍ വളച്ചൊടിച്ചു അന്ധമായ വ്യാഖ്യാനങ്ങള്‍ കൊടുക്കുന്നു.  മനുഷ്യരുടെ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍പോലും മായം കലര്‍ത്തുന്ന ഒരു രാജ്യത്ത് രാഷ്ട്രീയപാര്‍ട്ടികള്‍ മായം കലര്‍ത്തി ജനത്തെ വഞ്ചിക്കുന്നുവെങ്കില്‍ കള്ളവോട്ടും ബൂത്ത് പിടിച്ചും ഗുണ്ടായിസം നടത്തി തെരഞ്ഞെടുപ്പ് നടത്തുന്നുവെങ്കില്‍ അതിനെ നേരിടേണ്ടത് ആരോപണങ്ങളിലൂടെയല്ല പകരം ജനാധിപത്യത്തിന്റ അന്തസ്സ് ചോര്‍ത്തികളയുന്നവരെ നിയമത്തിന് മുന്നില്‍  കൊണ്ടുവരികയാണ് വേണ്ടത്. സോഷ്യല്‍ മീഡിയ പലപ്പോഴും നടത്തുന്നത് തൊലിപ്പുറത്തെ ചികില്‍സയാണ്. ആ ചികിത്സ മുറിവുണക്കില്ല. അതില്‍ നിന്നും വരുന്നത് ദുര്‍ഗന്ധമാണ്.  ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നരേദ്രമോദി നല്ലൊരു ശുദ്ധികലശം നടത്താനിരിക്കുന്നതുപോലെ ഈ കൂട്ടര്‍ക്കും അത് നടത്താവുന്നതാണ്. മോദി സര്‍ക്കാര്‍ തോട്ടം നികത്തി തൈ നടട്ടെ.  
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.