You are Here : Home / USA News

കേരള ട്രൈബല്‍ ഹെല്‍ത്ത് കെയര്‍ പദ്ധതിക്ക് തുടക്കം കുറിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, March 02, 2019 09:59 hrs UTC

ഗര്‍ഭകാലത്തെ അപകടസാധ്യതകള്‍ മുന്‍കൂട്ടി പ്രവചിക്കുന്ന പദ്ധതിക്ക് ലോകത്തിലാദ്യമായ് പേറ്റന്റ് എടുത്തു കൊണ്ട് കേരളം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ മുന്നോട്ട് കുതിക്കുന്നു. ഈ പദ്ധതി വഴി മാതൃമരണങ്ങള്‍ ഗര്‍ഭത്തിന്റെ ആദ്യ കാലഘട്ടങ്ങളില്‍ തന്നെ കണ്ടെത്തി തടയാന്‍ സാധിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സെര്‍വറും മെഡിക്കല്‍ ഉപകരണവും ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. യുഎസ്എയിലുള്ള ഹോസ്പിറ്റലുകളുടെ സഹായത്തോടുകൂടി കേരളത്തില്‍ത്തന്നെ വികസിപ്പിച്ചെടുത്ത പദ്ധതി ഇപ്പോള്‍ ഉപയോഗത്തിന് സജ്ജമായിരിക്കുന്നു. നിര്‍മിത ബുദ്ധി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ലോകോത്തര ഉത്പന്നങ്ങള്‍ കേരളത്തില്‍ നിര്‍മിക്കാന്‍ കഴിയുമെന്നു ഇതു വഴി തെളിയിക്കപ്പെട്ടിരിക്കുന്നു. ഗര്‍ഭകാലത്തെയും പ്രസവസമയത്തെയും അപകടസാധ്യതകള്‍ മുന്‍കൂട്ടി അറിയുവാനും അവയെ ചെറുക്കുവാനുമായ് ഡോക്ടര്‍സ്‌പോട് വികസിപ്പിച്ചെടുത്ത 'സേവ് ഇന്ഫന്റ്‌സ് ത്രൂ ഇന്റലിജന്റ് മൊബൈല്‍ ആപ്പ്' (എസ് ഐ ടി ഐ എം എ) രംഗത്തിറക്കുകയാണ്. ഇത് നിര്‍മിത ബുദ്ധി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഉപകരണമാണ്. ആദ്യ പന്ത്രണ്ട് ആഴ്ചക്കുള്ളില്‍ നടത്തിയ ചെക്കപ്പിന്റെ വിവരങ്ങള്‍ മെഡിക്കല്‍ ഉപകരണം വഴി ശേഖരിച്ചു, ഇതില്‍ മെഷീന്‍ ലേര്‍ണിംഗ് അല്‍ഗോരിതങ്ങള്‍ ഉപയോഗിച്ചു അപകടസാധ്യതകള്‍ മുന്‍കൂട്ടി പ്രവചിക്കുന്നു.

 

ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഉപകരണത്തില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങളും മറ്റു വിവരങ്ങളുമാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഈ പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ ആവശ്യമായ പരിചരണം ഗര്‍ഭിണിക്ക് നല്കാന്‍ കഴിയും. തുടര്‍ന്നുള്ള ചെക്കപ്പിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നതുവഴി കൂടുതല്‍ കൃത്യതയുള്ള പ്രവചനങ്ങള്‍ നടത്താന്‍ സാധിക്കും. സമൂഹത്തില്‍ നൂതനമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഡോക്ടര്‍സ്‌പോട് എന്ന സ്റ്റാര്‍ട്ടപ്പ് ഗ്രാമീണ മേഖലകളിലെ ആരോഗ്യപരിരക്ഷയില്‍ വളരെ ശ്രദ്ദേയമായ മാറ്റം ലക്ഷ്യം വക്കുന്നു. ഇതുവഴി ശിശുമരണ നിരക്കും മാതൃമരണ നിരക്കും വലിയ തോതില്‍ കുറക്കാന്‍ സാധിക്കും. ഇന്ത്യയില്‍ തന്നെ ഏറ്റവും കുറവ് ശിശുമരണ നിരക്ക് കേരളത്തിലാണ്. പക്ഷെ ആദിവാസി മേഖലകളില്‍ നിന്ന് നല്ല റിപ്പോര്‍ട്ടുകളല്ല ലഭിക്കുന്നത്. അട്ടപ്പാടി, കുട്ടമ്പുഴ, ഇടുക്കി ജില്ലയിലെ ആദിവാസി മേഖലകള്‍ എന്നിവിടങ്ങളില്‍ പോഷകാഹാരക്കുറവുള്‍പ്പടെയുള്ള ജനനവൈകല്യങ്ങള്‍ മൂലമുള്ള ശിശുമരണങ്ങള്‍ വളരെയധികം ആശങ്കയുണര്‍ത്തുന്നതാണ്.

 

ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കും ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നത് ലക്ഷ്യം വച്ചുള്ള ഇടപെടലുകള്‍ക്കിടയിലാണ് ഈ ആശങ്ക. കേരളത്തിലെ മിക്ക ആദിവാസി മേഖലകളിലും ഇതാണാവസ്ഥ. ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് മികച്ച നിലവാരത്തില്‍ മെച്ചപ്പെട്ട ആരോഗ്യസംരക്ഷണം നല്കാന്‍ ഡോക്ടര്‍സ്‌പോട് ലക്ഷ്യമിടുന്നു. കേരളത്തിലെ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കിടയില്‍ ശിശുമരണ നിരക്ക് സൊമാലിയയെക്കാള്‍ മോശമാണെന്നു ഈയിടെ ഇന്ത്യയുടെ പ്രധാന മന്ത്രി പറയുകയുണ്ടായി. ആദിവാസി പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ആരോഗ്യപരിരക്ഷ സൗകര്യങ്ങള്‍ കുറവാണ്. അവര്‍ക്ക് ശരിയായ ഭക്ഷണവും പരിചരണവും ലഭിക്കുന്നില്ല. ശിശുമരണ നിരക്കും മാതൃമരണ നിരക്കും ഈ മേഖലയില്‍ കൂടുതലാണ്. ഗര്‍ഭകാലത്തെ സങ്കീര്‍ണത നിറഞ്ഞ പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നതിലൂടെ ഇത് കുറക്കാന്‍ കഴിയും. ആരോഗ്യനിലയിലെ വ്യതിയാനങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ നിര്‍മിത ബുദ്ധി ഉപയോഗിക്കുന്ന കമ്പനിയാണ് ഡോക്ടര്‍സ്‌പോട്. യുഎസ്എയില്‍ നിന്നും വന്നിരിക്കുന്ന എന്‍ആര്‍ഐസായ ഷോജി മാത്യുവും മനു ഷോജിയുമാണ് ഡോക്ടര്‍സ്‌പോട്ടിന്റെ സ്ഥാപകര്‍. ഈ സ്റ്റാര്‍ട്ടപ്പിന്റെ ടീം യു എസ് എ കേന്ദ്രീകരിച്ചുള്ള വിവിധ ഓര്‍ഗനൈസേഷനുകളും ഹോസ്പിറ്റലുകളുമായ് ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ആയ എം ഡി ആന്‍ഡേഴ്‌സണുമായ് ചേര്‍ന്നു ഡോക്ടര്‍സ്‌പോട് കാന്‍സര്‍ ഗവേഷണത്തിന് വേണ്ടിയുള്ള ഉപകരണങ്ങള്‍ നിര്‍മിച്ചിരുന്നു.

 

യുഎസിലെ നിരവധി മലയാളി അസോസിയേഷനുകളുടെ സഹായത്തോടെ ആദിവാസി മേഖലകളില്‍ ഡോക്ടര്‍സ്‌പോട് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച് വരുന്നു. സാമൂഹ്യ പ്രതിബദ്ധതയുള്ള ഈ സ്റ്റാര്‍ട്ടപ്പ് പ്രളയബാധിതരെ സഹായിക്കുന്നതിലും മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിലും സജീവമായിരുന്നു. മേഘാലയ, കര്‍ണാടക, ആഫ്രിക്ക എന്നിവിടങ്ങളിലെ സര്‍ക്കാരുമായി ആദിവാസിമേഖലയിലെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പദ്ധതികള്‍ ഡോക്ടര്‍സ്‌പോട് ചര്‍ച്ച ചെയ്ത് വരുന്നു. പേറ്റന്റ് ലഭിക്കാന്‍ കാത്തിരിക്കുന്ന ഈ പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് വനിതകളുടെ ഒരു ടീം ആണ്. ശ്രീമതി മനു ഷോജിയും അപര്‍ണയുമാണ് ഇതിനു നേതൃത്വം നല്‍കുന്നത്. അമേരിക്കയിലെ സജീവ സംരംഭകയായ് വര്‍ഷങ്ങളുടെ പ്രവര്‍ത്തിപരിചയമുള്ള മനു ടെക്കിഇന്‍ടെക്‌സ്, മെട്രിക്‌സ് എന്നീ അമേരിക്കന്‍ കമ്പനികളുടെ നേതൃനിരയിലുണ്ടായിരുന്നതാണ്. അമേരിക്കയിലെ എം ഡി ആന്‌ഡേഴ്‌സണുമായ് കാന്‍സര്‍ ഗവേഷണത്തില്‍ പങ്കുചേര്‍ന്നാണ് ഡോക്ടര്‍സ്‌പോട് പ്രവര്‍ത്തനം ആരംഭിച്ചത്. ശിശുമരണ നിരക്കും മാതൃമരണ നിരക്കും കൂടുതലുള്ള ആദിവാസി മേഖലകളിലെ ആരോഗ്യസംരക്ഷണം സൗജന്യമായായിരിക്കും ലഭ്യമാക്കുന്നത്.

ഗര്‍ഭകാലത്തെ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ആദിവാസി പ്രദേശങ്ങളിലുള്ളവരുടെ ഉന്നമനത്തിനായി നിരവധി എന്‍ ആര്‍ ഐ സംഘടനകള്‍ ഡോക്ടര്‍സ്‌പോട്ടുമായ് കൈകോര്‍ത്തു കഴിഞ്ഞു. കൂടുതല്‍ എന്‍ ആര്‍ ഐ ഗ്രൂപ്പുകളെ ഈ പ്രൊജക്ടുമായി സഹകരിക്കാന്‍ ഡോക്ടര്‍സ്‌പോട് ക്ഷണിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.