You are Here : Home / USA News

ഇന്ത്യ പ്രസ് ക്ലബ് ദേശീയ കോണ്‍ഫറന്‍സിനു വിനു വി ജോണും

Text Size  

Story Dated: Thursday, September 26, 2013 01:19 hrs UTC

നവംബര്‍ 1, 2, 3 തിയതികളില്‍ നടക്കുന്ന ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 5-ാമത് ദേശീയ കോണ്‍ഫറന്‍സില്‍ ഏഷ്യാനെറ്റ് സീനിയര്‍ ന്യൂസ് എഡിറ്റര്‍ വിനു വി ജോണ്‍ പങ്കെടുക്കും. കഴിഞ്ഞ പതിനാലു വര്‍ഷമായി ഏഷ്യാനെറ്റില്‍ ജോലിചെയ്യുന്ന വിനു ഇപ്പോള്‍ ഏഷ്യാനെറ്റിന്‍റെ ഔട്ട് പുട്ട് എഡിറ്ററാണ്. മികച്ച മാധ്യമപ്രവര്‍ത്തകനായ വിനു തന്‍റെ ലാളിത്യം കൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. സംഭവങ്ങളുടെ ഗതിവിഗതികള്‍ നിശ്ചയിക്കുന്ന ന്യൂസ് അവര്‍ കഴിഞ്ഞ 9 വര്‍ഷമായി വിനു കൈകാര്യം ചെയ്യുന്നു. പറയേണ്ട കാര്യങ്ങള്‍ ചുരുക്കി പറഞ്ഞും കുറിക്കുകൊള്ളുന്ന ചോദ്യങ്ങള്‍ ചോദിച്ചും "ന്യൂസ് അവറിനെ" വിനു ജനകീയമാക്കി. ഒരു മണിക്കൂര്‍ വാര്‍ത്താപരിപാടികളില്‍ ഏറ്റവും കൂടുതല്‍ റേറ്റിംഗ് ഉള്ള ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ വിനുവിന്‍റെ പങ്ക് വളരെ വലുതാണ്‌.പാര്‍ലിമെന്റ്, അസംബ്ലി ഇലക്ഷനുകളില്‍ ഏഷ്യാനെറ്റിന്‍റെ ചര്‍ച്ചകള്‍ നയിക്കുന്നതില്‍ വിനു മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. ഏഷ്യാനെറ്റിന്‍റെ തിരുവനന്തപുരം, തൃശ്ശൂര്‍, കൊല്ലം ബ്യൂറോകളില്‍ റിപ്പോര്‍ട്ടര്‍ ആയും ജോലിചെയ്തിട്ടുണ്ട്. അധ്യാപികയായ സിബി ചെറിയാന്‍ ആണ് ഭാര്യ.

 

 

അമേരിക്കയിലെയും കാനഡയിലെയും മലയാള മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കോണ്‍ഫറന്‍സില്‍ മലയാള മനോരമ അസോഷിയേറ്റ് എഡിറ്ററും പ്രമുഖസാഹിത്യകാരനുമായ ജോസ് പനച്ചിപ്പുറവും മലയാളികളുടെ പ്രിയ ടെലിവിഷന്‍ അവതാരകനായ ആര്‍. ശ്രീകണ്ഠന്‍ നായരും പങ്കെടുക്കുന്നുണ്ട്. ഇവരെ കൂടാതെ പൈനിയര്‍ ദല്‍ഹി ലേഖകന്‍ ജെ.ഗോപീകൃഷ്ണന്‍,വിടി ബല്‍റാം എംഎല്‍എയും കേരളത്തിലെയും,അമേരിക്കയിലെയും പ്രശസ്തരായ മാധ്യമപ്രവര്‍ത്തകരും, സാമൂഹ്യ, സാംസ്കാരിക,രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കുന്ന ദേശീയകോണ്‍ഫറന്‍സ് വിജയിപ്പിക്കണമെന്നു നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ക്കായി ന്യൂജേഴ്സിയിലെ സോമര്‍സെറ്റിലുള്ള ഹോളിഡേ ഇന്നില്‍ 85 ഡോളറിനു മുറികള്‍ ബുക്ക് ചെയ്യാവുന്നതാണ്. ഇതോടൊപ്പം രണ്ടു പേര്‍ക്ക് പ്രഭാത ഭക്ഷണവും ഉണ്ടാകും.. മുറികള്‍ ബുക്കുചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.ipcna.us എന്ന വെബ്സൈറ്റ്‌ സന്ദര്‍ശിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.