You are Here : Home / USA News

മാവേലി തമ്പുരാനെ അങ്ങയുടെ രാജ്യം വരണമെ!

Text Size  

A. C. George

AGeorge5@aol.com

Story Dated: Friday, September 13, 2013 02:19 hrs UTC

(മാവേലി മഹാരാജനേയും മാവേലി നാട്ടില്‍ നിലനിന്നിരുന്ന ക്ഷേമ ഐശ്വര്യങ്ങളേയും ഓണ സങ്കല്‍പ്പങ്ങളേയും ആധാരമാക്കി പരക്കെയുള്ള ധാരണകളെ സമകാലീന മലയാളി ജീവിത സാഹചര്യങ്ങളുമായി അല്‌പം നെല്ലും പതിരുമാക്കി രേഖപ്പെടുത്തുകയാണീ ലേഖനത്തിലൂടെ)

 

പ്രജാവല്‍സലനും, ധര്‍മ്മിഷ്‌ടനും മഹാത്യാഗിയുമായ മഹാനായ മഹാബലി തമ്പുരാനെ അങ്ങയുടെ കാലത്തെ മധുരിക്കുന്ന ഓര്‍മ്മകളുമായി നോക്കെത്താദൂരത്ത്‌ കണ്ണുംനട്ട്‌ മലയാണ്‍മയുടെ ആയിരങ്ങള്‍ ഇന്നും എവിടേയും കാത്തിരിക്കുകയാണ്‌. ഓണക്കാലം സമാഗതമാകുന്നതോടെ മലയാളിയുടെ മനസ്സില്‍ പാടിപതിഞ്ഞ ആ മധുര മോഹന സുന്ദര കാലത്തിന്റെ ഓര്‍മ്മകളടങ്ങിയ ശീലുകള്‍ അന്തരീക്ഷത്തില്‍ അലതല്ലുകയായി.

 

'മാവേലി നാടുവാണീടുംകാലം മാനുഷ്യരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും ആധികള്‍ വ്യാധികള്‍ ഒന്നുമില്ല ദുഷ്‌ടരെ കണ്ണുകൊണ്ട്‌ കാണ്മാനില്ല കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം'

 

അങ്ങനെ.... അങ്ങനെ.... പാടിയിരുന്ന മലയാളി ഇന്നു കേള്‍ക്കുന്നതും കാണുന്നതും പ്രവര്‍ത്തിക്കുന്നതും എന്താണ്‌?

 

ജനാധിപത്യം നാടുവാണീടുമ്പോള്‍ മാനുജരെല്ലാരും പലവെട്ടിലും തട്ടിലുമാണെ

തമ്പുരാനെ എവിടെ തിരിഞ്ഞൊന്നു നോക്കിയാലും

അവിടെല്ലാം തട്ടിപ്പും വെട്ടിപ്പും മാത്രം

കള്ളവും ചതിവും വഞ്ചനയും കുതികാല്‍വെട്ടും ചാക്കിട്ടുപിടുത്തവും

കാലുവാരലും കാലുമാറലും മാത്രം

ഗുണ്ടാ വിളയാട്ടവും മൊഴിമാറ്റവുമാണെന്റെ

തമ്പുരാനെ എവിടേയും

ചവിട്ടി താഴ്‌ത്താനായി കാലുപൊക്കി നില്‍ക്കും വാമനന്മാര്‍

വാമനപരിഷകളുടെ കാലുനക്കികളാം ഭരണാധികാരികള്‍

ജനാധിപത്യം പണാധിപത്യങ്ങള്‍ക്കും മറ്റ്‌ പല ആധിപത്യങ്ങള്‍ക്കും

വഴിമാറിയാണിപ്പോള്‍ സഞ്ചാരമെന്റെ പൊന്നുതമ്പുരാനെ

ജനാധിപത്യം ദുഷ്‌ടന്മാരുടെ കയ്യിലെ വിഷസര്‍പ്പമായി തമ്പുരാനെ അ

 

തിനാല്‍ നാടുകാണാനെത്തുന്ന പ്രജാവല്‍സലനായ മഹാബലി ചക്രവര്‍ത്തി അങ്ങയുടെ പ്രജാപരമ്പരയിലെ തുല്യദുഃഖിതരായ ഈ ഏഴകള്‍ ഒരാശ്വാസത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയാണ്‌. 'പാതാളസ്ഥനായ ഞങ്ങളുടെ മാവേലിതമ്പുരാനെ, അങ്ങയുടെ നാമം പൂജിതമാകണമേ, അങ്ങയുടെ മാവേലി രാജ്യം വരേണമേ.... അങ്ങയുടെ സാന്നിദ്ധ്യം പാതാളത്തിലെന്നപോലെ ഈ ഭൂമിയിലും നിത്യവുമുണ്ടാകണമേ...' ഇനി ഈ ദുരവസ്ഥയെ അല്‌പം നെല്ലും പതിരുമായി വിശദീകരിക്കാം. തമ്പുരാനെ... ഇന്ന്‌ ആ പഴയ മാവേലി നാടായ കേരളത്തില്‍ എന്താണ്‌ സംഭവിക്കുന്നത്‌? ജനാധിപത്യത്തിലെ ജനസേവകരായിരിക്കേണ്ട ഭരണാധികാരികള്‍ അഴിമതിക്കും അക്രമങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്നു. ജോപ്പനും, കോപ്പനും, ബിജുവും, സരിതയും, ശാലുവും ഭരണകര്‍ത്താക്കളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ഒത്താശകളോടെ പൊതുജനങ്ങളെ കബളിപ്പിച്ച്‌ കൊള്ളയടിക്കുന്നു. കൊള്ളക്കാരെ രക്ഷിക്കാനായി ഭരണക്കാര്‍ തന്ത്രം മെനയുന്നു. മുഖ്യനുള്‍പ്പടെയുള്ളവര്‍ തെളിവുകളുടെ മീതെ മൊഴികളും വാക്കുകളും മാറ്റി ഉരുണ്ടുകളിക്കുന്നു. പാവം പ്രജകളുടെ മെല്‍ കുതിരകേറി അവരെ വിഷമവൃത്തത്തിലാക്കി അതിവേഗം ബഹുദൂരം സുതാര്യം എല്ലാം സുതാര്യം അന്വേഷിക്കാം അന്വേഷിക്കട്ടെ എന്ന്‌ നാഴികക്ക്‌ നാല്‌പത്‌ വട്ടം വിളിച്ചുകൂവി നാടുനീളെ അനേകം എസ്‌കോര്‍ട്ടുവണ്ടികളുമായി ചീറിപാഞ്ഞു നടക്കുന്നു. സോളാര്‍ കേസിനു മുമ്പും പിമ്പുമുള്ള അനേകം അഴിമതികളും, കെടുകാര്യസ്ഥതയും, കയ്യേറ്റങ്ങളും, കൊലപാതകങ്ങളും, ഗുണ്ടായിസ കഥകളും പതിവിന്‍പടി നീതിന്യായവകുപ്പുകളേയും ജനങ്ങളുടേയും ശ്രദ്ധയില്‍ നിന്ന്‌ മാഞ്ഞുപോകുകയോ മായിക്കപ്പെട്ടു കൊണ്ടിരിക്കുകയുമാണ്‌. ഇതിനിടയില്‍ പ്രതിപക്ഷത്തിന്റെ സമരവും, ബന്തും, ഹര്‍ത്താലുകളും ഭരണപക്ഷവുമായി പരോക്ഷമായി ചേര്‍ന്നുള്ള ഒത്തുകളിയും പകിടകളിയും കബടികളിയും, ജനജീവിത സ്‌തംഭനവും കാണുമ്പോള്‍ മാവേലി മന്നാ അങ്ങയുടെ ആ സല്‍ഭരണത്തേയും മാവേലിനാടെന്ന ആ കാനാന്‍ദേശത്തേയും പറ്റി ഞങ്ങള്‍ ഓര്‍ത്തുപോവുകയാണ്‌. അങ്ങയെ പാതാളത്തിലേക്ക്‌ ചവിട്ടിതാഴ്‌ത്തിയതിനുശേഷം ഇവിടെ ഏതുഭരണം വന്നാലും പ്രജകളായ ഈ കോരന്മാര്‍ക്ക്‌ എന്നും കഞ്ഞി കുമ്പിളില്‍ തന്നെ. അങ്ങയുടെ വാഗ്‌ദാനം പാലിക്കാന്‍ കാലുപൊക്കി വന്ന ചതിയനായ കുള്ളന്‍ വാമനന്‌ ചവിട്ടാന്‍ അങ്ങ്‌ തലതാഴ്‌ത്തി കൊടുത്തു. എന്നാലിന്നത്തെ ജനാധിപത്യ ഭരണാധികാരികള്‍ അങ്ങനെ വല്ലതും ചെയ്യുമോ?

 

വാമനന്‍ പോയിട്ട്‌ പുണ്യമനുഷ്യനുപോലും ന്യായത്തിനായി കാലുപൊക്കി വന്നാല്‍ എന്തായിരിക്കും അവസ്ഥ? അതിവിടെ വിവരിച്ച്‌ രംഗം അശുദ്ധമാക്കുന്നില്ല. അതുപോയിട്ട്‌ ഒരല്‌പകാലത്തേക്ക്‌ അഴിമതി ആരോപിക്കപ്പെട്ട അധികാരികള്‍ രാജിവെച്ച്‌ ഒരന്വേഷണം നേരിടാന്‍ പോലും ഇന്നത്തെ ഒരു ഭരണകര്‍ത്താക്കളും തയ്യാറല്ല. പ്രവാസി മലയാളികളുടെ ഗൃഹാതുര ചിന്തകള്‍ ഏറ്റവും കൂടുതലായി ചിറകുവിരിച്ച്‌ മാമലകള്‍ക്കപ്പുറത്ത്‌ മരതകപ്പച്ച വിരിച്ച മലയാളനാട്ടിലേക്ക്‌ (ആ മരതകപ്പച്ചയൊന്നും ഇന്നവിടെ ഇല്ലെങ്കിലും) ഓടി എത്തുന്നതും ഈ ഓണക്കാലത്തുതന്നെ. കടലിനക്കരെ കാണാപൊന്നിനുപോയ പ്രവാസി മലയാളിയെ മടങ്ങിവരുമ്പോള്‍ എന്തുകൊണ്ടും വരും എന്നതിലാണ്‌ നാട്ടിലെ ഭരണകര്‍ത്താക്കളുടേയും തദ്ദേശ മലയാളികളുടേയും നോട്ടം- അവിടെവന്ന്‌ പ്രവാസി ഒന്നു കുനിഞ്ഞുനിന്നാല്‍ അവരുടെ അടിവസ്‌ത്രവും കൂടെ ഉരിഞ്ഞുകൊണ്ടു പോകാനാണ്‌ സര്‍ക്കാരിന്റെ നോട്ടം. ഗവണ്മെന്റിന്റെ ഒടക്ക്‌ നിയമാവലികളാല്‍ കൗണ്‍സിലേറ്ററുകളിലും, എയര്‍പോട്ടുകളിലും, കസ്റ്റംസിലും അനാവശ്യവും അനധികൃതവുമായ നൂലാമാലകളില്‍ കുടുക്കി അവര്‍ക്കെതിരെ പണിഞ്ഞിട്ടും പണിഞ്ഞിട്ടും പണിതീരാത്ത പാരക്കുമേല്‍ പാരകള്‍ സൃഷ്‌ടിച്ചുകൊണ്ടിരിക്കുകയാണ്‌.

 

 

അതുംപോരാഞ്ഞിട്ട്‌ പ്രവാസിയുടെ നാട്ടിലെ സ്വത്തും പ്രവാസഭൂമിയില്‍ വിയര്‍പ്പൊഴുക്കിയുണ്ടാക്കിയ സ്ഥാവര ജംഗമ വസ്‌തുക്കളും നിയമക്കുരുക്കില്‍ പെടുത്തി ഒരു ഉഴിച്ചിലും പിഴിച്ചിലും നടത്തി തട്ടിയെടുത്തുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ ഏറെയുണ്ട്‌. ഈ പ്രവാസ ഭൂമിയില്‍ തന്നെ കേരള സംസ്‌ക്കാരം ആര്‍ഷഭാരത സംസ്‌ക്കാരം ചുരുക്കി (ആ. ഭാ. സം) എന്നൊക്കെ പറഞ്ഞ്‌, കഥകളി, മദ്ദളം, ചെണ്ട, ചേങ്ങല, കൂടിയാട്ടം, കോലാട്ടം എന്നൊക്കെ പേരില്‍ ഇന്ത്യന്‍ കേരളാ ഓവര്‍സീസ്‌ രാഷ്‌ട്രീയ മതസംഘടനകള്‍ സ്ഥാപനങ്ങള്‍ ഒക്കെ സമൂഹത്തില്‍ ചില ദുഷ്‌പ്രവണതകളുടേയും അനൈക്യത്തിന്റേയും വിത്തുകള്‍ വിതച്ച്‌ വേരോട്ടമായികഴിഞ്ഞു. ദേവാലയങ്ങള്‍ ഉള്‍പ്പടെയുള്ള പ്രസ്ഥാനങ്ങളില്‍ ഏകാധിപത്യ ചിന്തകളും അഴിമതികളും തട്ടിപ്പും വെട്ടിപ്പും സര്‍വ്വസാധാരണമായി കൊണ്ടിരിക്കുന്നു. അവിടങ്ങളിലെല്ലാം ജനാധിപത്യ ചിന്തകള്‍ പോലും പോയി മറഞ്ഞു കൊണ്ടിരിക്കുന്നു. വെറും വ്യാപാര മനസ്ഥിതി വെച്ചുപുലര്‍ത്തുന്നര പുരോഹിതര്‍, ദൈവം പോയിട്ട്‌ ദൈവീക ചിന്ത പോലുമില്ലാത്ത സാത്താന്മാര്‍ നിര്‍ഭയം വാഴുന്ന ചില സ്ഥാപനങ്ങള്‍ക്കും ദേവാലയങ്ങള്‍ എന്നാണ്‌ പേര്‌. ഇന്ന്‌ ഓണാഘോഷങ്ങളും പുരോഹിതരുടേയും പള്ളിക്കാരുടേയും മേധാവിത്വത്തില്‍ ദേവാലയങ്ങളിലാണ്‌. അവരവരുടെ മാത്രം ദേവാലയം വിട്ട്‌ മലയാളി മലയാണ്മയുടെ മക്കള്‍ എന്ന രീതിയില്‍ പൊതുവായി എല്ലാ മലയാളികളും ഒരുമിച്ച്‌ ഓണമാഘോഷിക്കാനുള്ള അവസരങ്ങളുമാണ്‌ ഈ ദൈവാലയങ്ങള്‍ കയ്യടക്കിയിരിക്കുന്നത്‌. അതിനാല്‍ വേലിക്കെട്ടും വേര്‍തിരിവുമില്ലാതെ മലയാളി സംഘടനകള്‍ ഇവിടെ ഓണമാഘോഷിക്കുമ്പോള്‍ അതിന്ന്‌ ഒട്ടും ആളില്ലാത്ത ഒരവസ്ഥയാണ്‌ സംജാതമായിക്കൊണ്ടിരിക്കുന്നത്‌. അതുമാത്രമല്ല ഈ പൊതുമലയാള സംഘടനാ ഭാരവാഹിത്വങ്ങളും ഈ ദേവാലയ തീവ്രവാദികള്‍ പിടിച്ചടക്കിക്കൊണ്ടിരിക്കുകയാണ്‌. അതിനാല്‍ ഈ മലയാളി സമാജങ്ങളോ സംഘടനകളൊ ഓണമാഘോഷിക്കുമ്പോള്‍ തന്നെ അവരുടെ മതപുരോഹിതരും പൂജാരികളും തന്നെ വേദിയിലും വീഥിയിലും അതി ശുഷ്‌കാന്തിയോടെ വിലസുന്നതു കാണാം. അവരെതന്നെ താലപൊലിയേന്തിയ മലയാളി മങ്കമാര്‍ എഴുന്നള്ളിച്ച്‌ എതിരേല്‍ക്കും. അവര്‍ തന്നെ ദേവാലയത്തിലേതെന്ന പോലെ ഇവിടേയും അറുബോറന്‍ നെടുനെടുങ്കന്‍ ഓണ സന്ദേശങ്ങളും നല്‍കും. ഓണാഘോഷമെങ്കിലും പള്ളിക്കാര്‍ ഒന്നുവിട്ടുകൊടുത്തുകൂടെ. അതെങ്കിലും വിവിധ പള്ളിഭേദമന്യെ മലയാളികള്‍ ഒന്നടങ്കം മലയാളി സംഘടനകളുടെ ബാനറില്‍ ആഘോഷിക്കട്ടെ. ദൈവത്തിനുള്ളത്‌ ദൈവത്തിനും സീസറിനുള്ളത്‌ സീസറിനും എന്നല്ലെ പ്രമാണം. പിന്നെ ചില ഓള്‍ അമേരിക്കന്‍ അബ്രല്ലാ അസ്സോസിയേഷന്‍ ഭാരവാഹികള്‍ എന്നവകാശപ്പെടുന്നവരുടേയും വായിട്ടല വിളയാട്ടവുമായി ഓണം കലക്കും. ഇവിടെ മഹാനായ മഹാബലിയും മറ്റ്‌ സാമൂഹ്യ-സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്കും ഒരു വിലയുമില്ല. അവര്‍ തഴയപ്പെടുകയാണെല്ലായിടത്തും.

 

 

അവരെന്തെങ്കിലും പറഞ്ഞാല്‍ എഴുതിയാല്‍ അവര്‍ക്കെതിരെ മുക്കറയിട്ടും കൂവി-കൊക്കി ഇറക്കി വിടും. വേണ്ടിവന്നാല്‍ അവരെ ഒന്നിടിച്ച്‌ പിഴിയാനും പലര്‍ക്കും മടിയില്ല. മലയാളത്തിലെ ഈ ഉല്‍സവ വേദിയില്‍ ചായംതേച്ച വലുതും കൊച്ചുമായ സുന്ദരിമാര്‍ അവതാരികമാര്‍ എന്ന പേരില്‍ മലയാള ഭാഷയെ കൊല്ലാക്കൊല ചെയ്യുന്നതും വികൃമാക്കുന്നതും നിത്യസംഭവങ്ങളാണ്‌. അതില്‍ ആര്‍ക്കും പരാതിയില്ല. അതിനെ കയ്യടിച്ച്‌ പ്രോല്‍സാഹിപ്പിക്കും. ഈ ഓണാഘോഷാവസരങ്ങളില്‍ സ്വന്തം ഭവനത്തിലെ ചാനലുകള്‍ ഓണ്‍ ചെയ്‌താല്‍ അവിടെ കാണുന്നത്‌ മുഴുവന്‍ താരരാജാക്കന്മാരേയും, താരറാണിമാരേയും വെള്ളിത്തിരയിലേയും സ്‌ക്രീനിലേയും മിനിസ്‌ക്രീനിലേയും താരങ്ങളുടെ പുഞ്ചിരി കൊഞ്ചലും, കണ്‍മയക്കങ്ങളും അവരുടെ വീടും പ്രതാപവും നേട്ടങ്ങളും അവര്‍ക്കില്ലാത്ത എളിമയുടെ പ്രയോഗങ്ങളും അവരുടെ കല്യാണ വീട്ടു വിശേഷങ്ങളും മാത്രം. മാവേലിതമ്പുരാനേയും ഒരു കുടവയറന്‍ ബഫൂണാക്കി കൂട്ടത്തില്‍ അവതരിപ്പിച്ചെന്നും വരാം. ഈ ചാനലുകള്‍ നോക്കിയാല്‍ ഈ ഓണവും മറ്റും സിനിമാക്കാരുടേയും സീരിയലുകാരുടേയും മാത്രമായ ഒരു ആഘോഷമാണെന്നെ തോന്നുകയുള്ളൂ. അവരുടെ ഒരു കൂത്തരങ്ങ്‌ അല്ലെങ്കില്‍ തട്ടുപൊളിപ്പന്‍ കാവടിയാട്ടം. അങ്ങനെ എവിടെ നോക്കിയാലും തമ്പുരാനെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സാധാരണ പ്രജകള്‍ പിന്തള്ളപ്പെടുകയാണ്‌. ഇവിടെ നീതിനിഷ്‌ഠയില്ല- സമത്വമില്ല.

 

 

 

അങ്ങയുടെ കാലത്ത്‌ നിലനിന്നിരുന്ന സമത്വസുന്ദരമായ ഒരു വ്യവസ്ഥ ഇന്നില്ല. ഇന്ന്‌ നീതി പ്രവൃത്തിക്കുന്നവരെ ചവിട്ടിതാഴ്‌ത്തുന്ന വാമനന്മാര്‍ക്കാണ്‌ സമൂഹത്തില്‍ വില. അവരെ പൂവിട്ട്‌ പൂജിക്കാന്‍ ഇവിടെ ആള്‍ക്കാര്‍ മല്‍സരിക്കുകയാണ്‌. നല്ലവരെ കൈപിടിച്ചൊ ചവിട്ടിയൊ ഒന്ന്‌ പൊക്കിയെടുക്കാന്‍ ആരുമില്ല. എന്നാല്‍ ചവിട്ടിതാഴ്‌ത്താന്‍ വാമനന്മാര്‍ ഒട്ടനവധിയാണ്‌. അതിനാല്‍ മാവേലി നാട്‌ - ദൈവത്തിന്റെ സ്വന്തം നാട്‌ - വാമനന്മാരുടെയും പിശാചുക്കളുടെയും സ്വന്തം നാടായി മാറുകയാണൊ എന്ന സംശയവുമില്ലാതില്ല. അങ്ങയുടെ പേരും പറഞ്ഞ്‌ ഈ വാമനന്മാര്‍ തന്നെ ഓണം-ഓണം എന്നു പറഞ്ഞ്‌ ആഘോഷിക്കാറുണ്ടെന്നതും ഒരു രഹസ്യമായ വാര്‍ത്തയല്ല. എന്തായാലും ഈ അപേക്ഷയും വിവരണവും അല്‌പം നീണ്ടുപോയി എന്നറിയാം. മഹാനായ അങ്ങയോട്‌ ഞങ്ങളുടെ ഈ ദുരവസ്ഥയെപ്പറ്റി ഒന്നു പറഞ്ഞപ്പോള്‍ മനസ്സിലെ ഭാരം ഒരല്‌പം കുറഞ്ഞുകിട്ടി. പിന്നെ അങ്ങയുടെ സല്‍ഭരണത്തിന്റേയും അക്കാലത്തെ ശാന്തിയുടേയും സമാധാനത്തിന്റേയും മധുരിക്കുന്ന ഓര്‍മ്മകളും സ്വപ്‌നങ്ങളും നെഞ്ചിലേറ്റി സ്വാദോടെ ഇക്കൊല്ലവും ഒരേ പന്തിയില്‍ നമുക്ക്‌ ഓണമുണ്ണാം. നാടുകാണാനെത്തിയ മഹാനായ മാവേലിതമ്പുരാനും മറ്റ്‌ എല്ലാവര്‍ക്കും ഹൃദയനിര്‍ഭരമായ ഓണാശംസകള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.