You are Here : Home / USA News

കാരൂണ്യപ്രവര്‍ത്തനത്തിലേക്കു കണ്‍ തുറക്കു, ക്യാന്‍സറിനെ പടിക്കു പുറത്താക്കാം

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Wednesday, August 21, 2013 11:06 hrs UTC

കാര്‍ന്നു തിന്നുന്ന അസുഖം എന്നാണ് ക്യാന്‍സറിനെക്കുറിച്ച് ആദ്യം ഞെട്ടലോടെ കേള്‍ക്കുമ്പോള്‍ ആര്‍ക്കുമുണ്ടാകുന്ന വികാരം. ഹാര്‍ട്ട് അറ്റാക്കിനെക്കാള്‍ ലളിതവും, ചികിത്സിച്ചു പൂര്‍ണ്ണമാക്കാവുന്നതാണെങ്കില്‍കൂടി ക്യാന്‍സര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നാം ഞെട്ടിപ്പോകുന്നു. ആരോഗ്യവിദഗ്ധര്‍ പറയുന്നത്, ഏകദേശം നൂറോളം അസുഖങ്ങള്‍ക്കു പൊതുവായി പറയുന്ന പേരാണ് ഇതെന്നാണ്. ഇതില്‍ വളരെ മാരകമായ തലച്ചോറിനെ ബാധിക്കുന്ന ബ്രെയിന്‍ ടൂമര്‍ മുതല്‍ വളരെ നിഷ്പ്രയാസം മാറുന്ന തൊലിയുടെ ക്യാന്‍സര്‍ വരെയുണ്ട്. വന്നാല്‍ പിന്നെ മരണം സുനിശ്ചിതമെന്നു വിധിയെഴുതിയിരുന്ന ഒരു കാലത്തില്‍ നിന്ന് ഇന്ന് ചികിത്സിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തെളിഞ്ഞിട്ടുണ്ടെങ്കിലും പലരും ഭയചകിതരാണെന്നതാണ് സത്യം. മനുഷ്യശരീരത്തിലെ ഓരോ അവയവവും അനേകം കോശങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ കോശങ്ങളില്‍ ഉണ്ടാകുന്ന വ്യതിയാനം ഇവയുടെ അനിയന്ത്രിതമായ വളര്‍ച്ചയ്ക്കു കാരണമാകുന്നു. കൂടാതെ കോശങ്ങള്‍ നിയന്ത്രണമില്ലാതെ പെറ്റുപെരുകുന്നതിനും ഇത് കാരണമാകുന്നു. ഫലമോ, അവയവങ്ങളുടെ പ്രവര്‍ത്തനം താളം തെറ്റുകയും ഏതവയവത്തിലാണോ ഇത് സംഭവിക്കുന്നത് അത് ക്യാന്‍സര്‍ കോശങ്ങളായി മാറുകയും ചെയ്യുന്നു. ക്യാന്‍സര്‍ ഏതു വ്യക്തിയ്ക്കു വേണമെങ്കിലും വരാം. ഒരാളുടെ ജീവിത രീതിയില്‍, അയാളുടെ താമസ സ്ഥലത്തെയും അന്തരീക്ഷവുമാണ് ആ വ്യക്തിയില്‍ ക്യാന്‍സര്‍ ഉണ്ടാക്കുന്ന ഘടകങ്ങള്‍.

 

 

പ്രായം കൂടുംതോറും രോഗം വരാനുള്ള സാധ്യത കൂടുതലാണ്. ഇതിന് കാരണം ശരീരത്തിലേ കോശങ്ങള്‍ക്ക് കേടുപറ്റുന്നത് വര്‍ദ്ധിക്കാന്‍ പ്രായം ഇടയാക്കുന്നതുക്കൊണ്ടാണ്. ലോകമെമ്പാടുമായി ഓരോ വര്‍ഷവും 127 ലക്ഷം പേര്‍ക്ക് അര്‍ബുദ ബാധ കണ്ടെത്തപ്പെടുന്നു. മരണങ്ങള്‍ 76 ലക്ഷം. കര്‍ശനമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍, 2030 ആകുമ്പോഴേക്കും, ക്യാന്‍സര്‍ മരണങ്ങള്‍ 80 ശതമാനം വര്‍ദ്ധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. അതായത്, പ്രതിവര്‍ഷം 260 ലക്ഷം പുതിയ ക്യാന്‍സര്‍ രോഗികളും 170 . ലക്ഷം ക്യാന്‍സര്‍ മരണങ്ങളും ഉണ്ടാകും. എയിഡ്‌സ്, മലമ്പനി ക്ഷയം എന്നിവകൊണ്ട് ഉള്ള മരണങ്ങളെക്കാള്‍ കൂടുതല്‍ മരണങ്ങള്‍ ക്യാന്‍സര്‍ മൂലമുണ്ടാകും . വര്‍ഷംതോറും 1.2 ദശലക്ഷംപേരെ ശ്വാസകോശാര്‍ബുദം ബാധിക്കുന്നതായി കണ്ടുവരുന്നു. ആഗോളതലത്തില്‍ ഏറ്റവും വ്യാപകമായിട്ടുള്ളതും ഇതാണ്. സ്തനാര്‍ബുദം ഒരു ദശലക്ഷം, കോളോറെക്റ്റല്‍ 9,40,000, ആമാശയാര്‍ബുദം 8,70,000, കരള്‍ 5,60,000, ഗര്‍ഭാശയാര്‍ബുദം 4,70,000, അന്നനാളം 4,10,000, തലകഴുത്ത് 3,90,000, ബഌഡര്‍ 330000, ലിംഫോമ 2,90,000, രക്താര്‍ബുദം 2,50,000, പ്രോസ്‌റ്റ്രേറ്റ്‌വൃഷണം 2,50,000, പാന്‍ക്രിയാസ് 2,16,000, അണ്ഡാശയം 1,90,000, വൃക്ക 1,90,000, എന്‍ഡോമെട്രിയല്‍ 1,88,000, നാഡീവ്യവസ്ഥ 1,75,000, ത്വക് 1,33,000, തൈറോയ്ഡ് 1,23,000, ഗ്രസനി 65,000, ഹോഗ്കിന്‍ അസുഖം 62,000 എന്നിങ്ങനെ ആണ് മറ്റുള്ളവയുടെ കണക്ക്. ഇന്ത്യയില്‍ ഈ രോഗം ഏറ്റവും അധികം പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഒരു സമൂഹത്തിന്റെ പ്രതിബന്ധത മുഴുവന്‍ ഏറ്റെടുത്തു കൊണ്ട് ആതുരസേവനമേഖലയില്‍ ശ്രദ്ധയൂന്നു കൊണ്ടുള്ള പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സഭ ഉദ്ദേശിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ പരുമല സെന്റ് ഗ്രീഗോറിയോസ് ഇന്റര്‍നാഷണല്‍ ക്യാന്‍സര്‍ കെയര്‍ സെന്റര്‍ എന്ന പേരില്‍ മധ്യതിരുവിതാംകൂറിലെ ഏറെ വിപുലമായ സംവിധാനങ്ങളോടെയായിരിക്കും ഇതു പ്രവര്‍ത്തിക്കുക.

 

 

പരിശുദ്ധ പരുമല തിരുമേനി കബറടങ്ങിയിരിക്കുന്ന പരുമലയില്‍ തന്നെ ക്യാന്‍സര്‍ രോഗനിവാരണത്തിനായി ഒരു മികച്ച ഹോസ്പിറ്റല്‍ എന്നതാണ് സഭയുടെ ലക്ഷ്യം. ഈ ബൃഹത്തായ പദ്ധതി പൂര്‍ത്തീകരിച്ചാല്‍ മദ്ധ്യകേരളത്തിലുള്ള സാധാരണക്കാരന്റെ ആരോഗ്യസ്പന്ദനങ്ങളാണ് സംരക്ഷിക്കപ്പെടുന്നത്. അര്‍ബുദ മേഖലയ്ക്കു മാത്രം പ്രാധാന്യം നല്‍കി കൊണ്ടുള്ള ആശുപത്രിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. ആയിരക്കണക്കിനു രോഗികള്‍ക്കു ആശ്വാസമായി മാറിക്കൊണ്ടിരിക്കുന്ന പദ്ധതി 8 നിലകളിലായാണ് പൂര്‍ത്തീകരിക്കുന്നത്. എ, ബി, സി എന്നിങ്ങനെ മൂന്നു ബ്ലോക്കുകള്‍. എ, ബി ബ്ലോക്കുകള്‍ക്ക് എട്ടു നിലകളുള്ളതില്‍ 6 നിലകളുടെ പണികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. സി ബ്ലോക്കിന്റെ രണ്ട് നിലകള്‍ ആണ് ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കുന്നത്. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സഭ ആയതിന്റെ ശതാബ്ദി പ്രൊജക്ട് എന്ന നിലയിലാണ് ഈ ബൃഹദ് പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. ആതുരമേഖലയിലെ അശരണര്‍ക്ക് ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ പദ്ധതിയില്‍ മുഖ്യമായും സഭാംഗങ്ങളുടെ പങ്കാളിത്തം മാത്രമാണ് ലക്ഷ്യമിട്ടിട്ടുള്ളത്. അവരോടൊപ്പം ഒരുപറ്റം നല്ലവരുടെ താങ്ങും തണലുമാണ് ഈ പദ്ധതിയുടെ നിലനില്‍പ്പ്. ഈ വന്‍ പദ്ധതിക്ക് ആകെ 120 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതില്‍ 40% മാത്രമേ കെട്ടിടനിര്‍മ്മാണത്തിന് ആവശ്യമാവുന്നുള്ളു. ശേഷിച്ചവയെല്ലാം തന്നെ അന്താരാഷ്ട്ര നിലവാരമുള്ള ഏറ്റവും ആധുനികമായ ചികിത്സാ ഉപകരണങ്ങള്‍ വാങ്ങാനായാണ് ചെലവഴിക്കുന്നത്.

 

 

 

ഇതില്‍ 32 കോടി രൂപ ഇതിനോടകം ചിലവഴിച്ചു കഴിഞ്ഞു. പാവപ്പെട്ട രോഗികള്‍ക്ക് അവന്റെ സാമ്പത്തിക സ്ഥിതിക്ക് അനുസൃതമായ ചികിത്സ നല്‍കുകയെന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. 120 കോടി രൂപ ചെലവഴിക്കുന്നതു കൊണ്ട് ഇതു സാമ്പത്തിക ശേഷി കൂടിയവരുടെ ആശുപത്രിയാകുന്നില്ല എന്നതും ശ്രദ്ധേയം. പരുമലതിരുമേനിയുടെ ആശയങ്ങളും ചിന്തകളും കോര്‍ത്തിണക്കി കൊണ്ടാണ് ആതുരമേഖലയിലെയും സഭയുടെ പ്രവര്‍ത്തനം. കാന്‍സര്‍ ചികിത്സ 2014ല്‍ ആരംഭിച്ചു കഴിഞ്ഞ് അവിടെ ചികിത്സയ്ക്കായി വരുന്ന, സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വ്യക്തിക്ക് അയാള്‍ ഏതു സമുദായത്തില്‍ പെട്ടവര്‍ ആണെങ്കിലും കുടുംബത്തിന്റെ നിജസ്ഥിതി വിലയിരുത്തി അവര്‍ അര്‍ഹിക്കുന്ന ചികിത്സാസഹായം നല്കുന്നതിലേക്കായി 'തൂവല്‍സ്പര്‍ശം' എന്ന പദ്ധതിക്ക് രൂപം കൊടുത്തുകഴിഞ്ഞു. എല്ലാവര്‍ഷവും ഒരുകോടി രൂപ ക്യാന്‍സര്‍ ചികിത്സാ പദ്ധതിക്കായി സമാഹരിക്കാനും പാവപ്പെട്ടവന് പ്രയോജനപ്പെടുന്ന മെച്ചമായ ചികിത്സ നല്കാനുമാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. 2014 ജൂലൈയില്‍ കെട്ടിടനിര്‍മ്മാണം പൂര്‍ത്തീകരിച്ച് ക്യാന്‍സര്‍ കെയര്‍ സെന്ററില്‍ പ്രവര്‍ത്തനം ആരംഭിക്കണം എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. അതിനു വേണ്ടിയുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നത്. മലങ്കര ഓര്‍ത്തഡോക്ട്‌സ് സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന പദ്ധതി ആണെങ്കില്‍ കൂടി സാമൂഹ്യസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏതൊരാള്‍ക്കും പദ്ധതിയില്‍ പങ്കാളിയാകാനുള്ള സൗകര്യമുണ്ട്. എല്ലാവരുടെയും സഹകരണത്തോടെ പദ്ധതി വിജയിപ്പിക്കാനാണ് സഭയും ലക്ഷ്യമിടുന്നത്. രോഗം, ആശുപത്രി എന്നൊക്കെ പറയുമ്പോള്‍ ഒരു സമൂഹത്തെ മുന്നില്‍ കണ്ടുകൊണ്ടാണ് ആരംഭിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. പ്രത്യേകിച്ച് അര്‍ബുദ രോഗികള്‍ക്കു വേണ്ടിയുള്ളതാവുമ്പോള്‍ ആരെയും ഒഴിവാക്കി കൊണ്ട് പോകുന്നതില്‍ അര്‍ത്ഥമില്ലെന്നും സഭ വ്യക്തമാക്കുന്നു. ക്യാന്‍സര്‍ കെയര്‍ സെന്ററില്‍ എല്ലാ സഭാസമുദായ മേഖലകളിലുള്ളവരും ജോലി ചെയ്യുന്നുണ്ട്.

 

 

 

സമൂഹത്തിന്റെ നന്മകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഏതൊരാള്‍ക്കും ഈ ആതുരപദ്ധതിയില്‍ പങ്കുചേരാം. കാലം ചെയ്ത നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്ത്താത്തിയോസ് തിരുമേനിയുടെ പേരില്‍ പാലിയേറ്റീവ് ഹോം കെയര്‍ യൂണിറ്റ് ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പരുമലയുടെ പ്രാന്തപ്രദേശങ്ങളിലുള്ള 13 പഞ്ചായത്തുകളിലെ ദാരിദ്യരേഖയ്ക്ക് താഴെയുള്ള 200ല്‍പരം ശയ്യാവലംബരായി കഴിയുന്ന രോഗികള്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും വൈദ്യസഹായവും കൗണ്‍സിലിങ്ങും നല്‍കി കൊണ്ടാണ് ഇതിന്റെ പ്രവര്‍ത്തനം. പ്രതിമാസം ഒരുലക്ഷത്തില്‍പരം രൂപ മരുന്നിനും മറ്റ് കാര്യങ്ങള്‍ക്കുമായി ചിലവഴിച്ചു കൊണ്ടാണ് ഇതിന്റെ പ്രവര്‍ത്തനം. സാമൂഹ്യസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന അനേകരുടെ തണലിലാണ് ഇത് സൗജന്യമായി പ്രവര്‍ത്തിപ്പിക്കുന്നത്. ജനന്മയ്ക്കായി ഒരു വിഹിതം മാറ്റി വയ്ക്കുന്നവര്‍ക്ക് വിവിധ രീതികളില്‍ ഈ പദ്ധതികളോട് സഹകരിക്കാം. ദശാംശത്തില്‍ ഒരു അംശം മാറ്റി വച്ചു കൊണ്ടും, സംഭാവനകള്‍ നല്‍കി കൊണ്ടും പദ്ധതിയുമായി ചേര്‍ന്നു നില്‍ക്കാം. സംഭാവന നല്‍കുന്നതിലൂടെ പ്രിയപ്പെട്ടവരുടെ പേരുകളില്‍ റൂമുകള്‍ സ്‌പോണ്‍സര്‍ ചെയ്യാം. 5 ലക്ഷം രൂപയാണ് ഒരു റൂമിന്. ഇത് ഒന്നിച്ച് വേണം നല്‍കണമെന്നില്ല. രണ്ട് വര്‍ഷമായി പലതവണകളായി ഈ പണം നല്‍കിയാല്‍ മതിയായിരിക്കാം. ഇനിയും 32 മുറികള്‍ മാത്രമാണ് ശേഷിക്കുന്നത്. 5 ലക്ഷം രൂപ സംഭാവനയായി അര്‍പ്പിച്ചു കഴിയുമ്പോള്‍ കഴിയുമ്പോള്‍ 20,000 രൂപയുടെ ട്രീറ്റ്‌മെന്റ് പാക്കേജ് പ്രോത്സാഹനമായും പദ്ധതിയോട് അനുബന്ധിച്ചു നല്‍കുന്നു. അതും 15 വര്‍ഷത്തേക്ക്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി എന്നുമൊരു നല്ല തുക മാറ്റി വയ്ക്കുന്ന അമേരിക്കന്‍ മലയാളികള്‍ക്ക് ഈ സേവന പദ്ധതിയില്‍ ചേര്‍ന്ന് മനുഷ്യരാശിക്കു വേണ്ടി, പ്രത്യേകിച്ച് നാട്ടിലെ ജനങ്ങള്‍ക്കു വേണ്ടി നല്ലതു ചെയ്യാന്‍ കഴിയും.

 

 

 

 

വൈദ്യസഹായം ഏറ്റവും ആധുനിക സൗകര്യങ്ങളില്‍ ലഭിക്കുന്ന ഈ നാട്ടില്‍ ജീവിക്കുമ്പോള്‍ ഒരു ചെറിയ കൈതാങ്ങ് ഇപ്പോള്‍ നല്‍കിയാല്‍ നാട്ടിലെ സഹോദരങ്ങള്‍ക്ക്, മാതാപിതാക്കന്മാര്‍ക്ക് ബന്ധുമിത്രാദികള്‍ക്ക് ഇതു തികച്ചും പ്രയോജനപ്പെടും. ഒരു സമൂഹത്തില്‍ നന്മകള്‍ ഉണ്ടാകുന്നതിന് എല്ലാവരുടെയും അകമഴിഞ്ഞ സഹകരണമാണ് ആവശ്യം. മനുഷ്യനെ സേവിക്കുന്നത് ഈശ്വരനെ സേവിക്കുന്നതിനു തുല്യമാണ്. അതു കൊണ്ട് തന്നെ സമ്പാദിക്കാന്‍ ശേഷിയുള്ളവര്‍ ഒരു നാണയമെങ്കിലും മറ്റുള്ളവര്‍ക്കായി കൊടുക്കാന്‍ തയ്യാറാകുന്നതിലൂടെ അതു വിശുദ്ധമായ പ്രവര്‍ത്തനത്തിന്റെ തുടക്കമാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അതര്‍ഹിക്കുന്നിടത്ത്, അതും ആതുരസേവന മേഖലയില്‍ എത്തുമ്പോഴാണ് ഒരു ജീവന്‍ നിലനില്‍ക്കുന്നത്, ഒരു കുടുംബത്തിന്റെ വെളിച്ചം കെടാതെ കാത്തു സൂക്ഷിപ്പെടുന്നത്. അതിനു വേണ്ടിയുള്ള ഭഗീരഥ പ്രയത്‌നമാണിത്. ഈ വന്‍ സംരംഭത്തില്‍ ഓരോരുത്തര്‍ക്കും ചേര്‍ന്നു നിന്നു പ്രവര്‍ത്തിച്ചാല്‍ എത്രയോ കുടുംബങ്ങളുടെ തോരാ കണ്ണീരിന് അതിനു ശമനമാകും. ഉണരൂ, പ്രവര്‍ത്തിക്കൂ, നമുക്കൊരുമിച്ച് ഒരു നല്ല കാര്യത്തിനു തുടക്കം കുറിക്കാം. അതാവട്ടെ, പരുമല സെന്റ് ഗ്രീഗോറിയോസ് ഇന്റര്‍നാഷണല്‍ ക്യാന്‍സര്‍ കെയര്‍ സെന്റര്‍. ഈ പ്രസ്ഥാനത്തിന്റെ ഫിനാന്‍ഷ്യല്‍ ഡയറക്ടര്‍ ഫാ. ഷാജി എം ബേബി ഈ പ്രൊജക്ടുമായി ബന്ധപ്പെട്ട് അമേരിക്കയിലുണ്ട്. ബന്ധപ്പെടേണ്ട നമ്പര്‍ 215-500-9091 achenonline@gmail.com www.sghospital.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.