You are Here : Home / USA News

ജി.കെ.പിള്ളയെ വെടിവച്ചത് ഇന്ത്യാക്കാര്‍ക്കു നേരെയുള്ള കടന്നാക്രമണം: ജെ.എഫ്.എ

Text Size  

Story Dated: Wednesday, January 07, 2015 09:40 hrs UTC

ന്യൂയോര്‍ക്ക്: മലയാളികളുടെ പ്രിയങ്കരനായ സുഹൃത്തും, മനുഷ്യസ്‌­നേഹിയും, ഫൊക്കാനായുടെ മുന്‍ പ്രസിഡന്റും, ഹൂസ്റ്റണിലെ അറിയപ്പെടുന്ന ഇന്ത്യന്‍ അമേരിക്കന്‍ ബിസ്സിനസ്സുകാരനുമായ ജി.കെ.പിള്ളയെ അദ്ദേഹത്തിന്റെ ഓഫീസില്‍ അതിക്രമിച്ചു കയറി കൊള്ളയടിക്കുകയും, വെടിവച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്ത കിരാതമായ നടപടിയെ ജെസ്റ്റിസ് ഫോല്‍ ഓള്‍ (ജെ.എഫ്.എ) അതിശക്തമായി അപലപിക്കുന്നു. ഈ കിരാതമായ നടപടി നടത്തിയ അക്രമിയെയും, അതുമായി ബന്ധപ്പെട്ടവരെയും എത്രയും വേഗം അറസ്റ്റു ചെയ്ത് പരമാവധി ശിക്ഷ നല്‍കണമെന്ന് ജെ.എഫ്.എയുടെ ജനറല്‍ സെക്രട്ടറി ജേക്കബും, ചെയര്‍മാന്‍ തോമസ് കൂവള്ളൂരും ഒരു സംയുക്ത പ്രസ്താവനയിലൂടെ അറിയിക്കുകയുണ്ടായി.

ഇന്ത്യന്‍ അമേരിക്കന്‍ മലയാളികള്‍ ഒരു നിര്‍ണ്ണായക ശക്തിയായി വളര്‍ന്നു വരുന്ന ഹൂസ്റ്റണില്‍ ഈയിടെയായി ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നതായി പത്രമാദ്ധ്യമങ്ങളിലൂടെ നമുക്കു കാണുവാന്‍ സാധിക്കും. അതുപോലെ തന്നെ കഴിഞ്ഞ ഏതാനും മാസങ്ങളുമായി ന്യൂജേഴ്‌­സിയിലെ ഇന്ത്യന്‍ അമേരിക്കന്‍സിന്റെ വീടുകളില്‍ അതിക്രമിച്ചു കയറി കുടുംബാംഗങ്ങളെ ബന്ധിച്ചിട്ടശേഷം അവരുടെ വിലയേറിയ സാധനങ്ങള്‍ കൊള്ളയടിച്ചതും, ന്യൂജേഴ്‌­സിയിലെ ഇന്ത്യാക്കാര്‍ ഒറ്റക്കെട്ടായി അതിനെതിരെ സംഘടിച്ചു രംഗത്തുവന്നതും, അവര്‍ ശബ്ദമുയര്‍ത്തിയപ്പോള്‍ എഫ്.ബി.ഐ ഇടപെട്ട് കേസന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതും, അതിന്റെ ഫലമായി ലോക്കല്‍ പോലീസും അന്വേഷിക്കാന്‍ നിര്‍ബ്ബന്ധിതരായിത്തീര്‍ന്നതും, ഒടുവില്‍ പ്രതികളെ ടെക്‌­സാസിന്‍ വച്ച് പിടികൂടിയതും ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടെന്നു കരുതുന്നു. അതേ രീതിയില്‍ ഹൂസ്റ്റണിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തുവന്ന് ശബ്ദമുയര്‍ത്തിയാല്‍ എഫ്.ബി.ഐ യെ ഇടപെടുത്തുന്നതിലും, ഒരു പക്ഷേ രാജ്യവ്യാപകമായി നടത്തുന്ന ഇത്തരത്തിലുള്ള അതിക്രമങ്ങല്‍ക്ക് അറുതി വരുത്തുന്നതിനും സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ജി.കെ.പിള്ളയെ വെടിവെച്ചത് വെറും ഒറ്റപ്പെട്ട ഒരു സംഭവമായി കണക്കാക്കാതെ അത് മൊത്തം ഇന്ത്യക്കാരുടെ നേരെയുള്ള കടന്നാക്രമണമായി നാം കരുതേണ്ടതാണ്. ഇക്കാര്യത്തില്‍ അമേരിക്കയിലുള്ള എല്ലാ മലയാളി സംഘടനകളും ഒറ്റക്കെട്ടായി നിന്ന് ഇന്ത്യാക്കാരുടെ മറ്റ് സംഘടനകളുമായി യോജിച്ചു പ്രവര്‍ത്തിക്കാനിടയായാല്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ക്ക് പരമാവധി അറുതി വരുത്തുന്നതിനു കഴിയും. ഇത്തരത്തിലുള്ള സംഭവങ്ങള്‍ കണ്ടില്ലെന്നു നടിച്ചാല്‍ നമ്മുടെ സമൂഹം, പ്രത്യേകിച്ച് മലയാളികള്‍, ഭയത്തിന് അടിമകളായിത്തീരുന്നതിനും, അതു പിന്നീട് വരും തലമുറയുടെ മാനസികാവസ്ഥയെ പോലും ദൂഷ്യമായി ബാധിക്കാന്‍ കാരണമായിത്തീരുമെന്നതിനും സംശയമില്ല.

തോക്കിന്‍ കുഴലിലൂടെ അധികാരത്തില്‍ വന്ന ഒരു ഭരണസംവിധാനമാണ് അമേരിക്കയുടേത്. അക്കാരണത്താല്‍ത്തന്നെ എല്ലാ അമേരിക്കന്‍ പൗരന്മാര്‍ക്കും തോക്കു കൈവശം വയ്ക്കാനുള്ള സ്വാതന്ത്ര്യം അമേരിക്കന്‍ ഭരണഘടനയില്‍ത്തന്നെ ഉറപ്പു നല്‍കുന്നു. ഇക്കാരണത്താല്‍ തോക്കുകള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്താന്‍ ഇവിടുത്തെ രാഷ്ട്രീയക്കാരോ, ഗവണ്‍മെന്റോ തയ്യാറാകുന്നില്ല. അതുകൊണ്ടു തന്നെയാണ് എബ്രഹാം ലിങ്കണും, ജോണ്‍ എഫ്.കെന്നടി, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് , തുടങ്ങി നിരവധി മഹാന്മാര്‍ തോക്കിനിരകളായിത്തീര്‍ന്നിട്ടും അവരുടെ കൊലയ്ക്കു കാരണമായ തോക്കുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഗവണ്‍മെന്റിനു പോലും കഴിയാത്തത്. എന്തിനേറെ, സായുധരായ പോലീസുകാരെ വരെ അക്രമികള്‍ തോക്കിനിരയാക്കുന്ന സംഭവം ന്യൂയോര്‍ക്കില്‍ ഈയിടെ രണ്ടു പോലീസുകാരെ വെടിവച്ചു കൊന്ന സംഭവത്തില്‍ നിന്നും നാം കണ്ടു കഴിഞ്ഞുവല്ലോ. തോക്കുകള്‍ കൈവശം വയ്ക്കാനുള്ള സ്വാതന്ത്ര്യം ശരിക്കും മുതലെടുക്കുന്നത് വാസ്തവത്തില്‍ ഇവിടുത്തെ ക്രിമിനലുകളാണെന്നും, ക്രിമിനലുകളെ വളര്‍ത്തിയെടുക്കുന്ന തോക്കു സംസ്­കാരം നില നില്‍ക്കുന്നേടത്തോളം കാലം ഈ രാജ്യത്തിനകത്ത് ആര്‍ക്കും സുരക്ഷിതത്വം ഉണ്ടാവുകയില്ലെന്നും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലും, അതുപോലെ തന്നെ മിക്ക ജനാധിപത്യ രാജ്യങ്ങളിലും തോക്കുകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ സാധാരണക്കാര്‍ക്ക് തോക്ക് ഒരു ഭീഷണി അല്ലെന്നു പറയാം. ഇന്ത്യ സ്വാതന്ത്ര്യം നേടിയതു തന്നെ അഹിംസാ സിദ്ധാന്തങ്ങള്‍ക്കു മുന്‍ തൂക്കം കൊടുത്തുകൊണ്ട് അക്രമരഹിതമായ മാര്‍ഗ്ഗങ്ങളിലൂടെയാണ്. ഒരു കാലത്ത് തോക്കിന്റെ പിന്‍ബലത്താല്‍ ലോകം മുഴുവന്‍ അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്നും തുരത്തിയത് അക്രമ രഹിതമായ സമരമുറകളിലൂടെ ആയിരുന്നു എന്ന കാര്യം ഇവിടെ നാം സ്മരിക്കുന്നതു നന്നായിരിക്കും.

വാസ്തവത്തില്‍ ഇന്ത്യക്കാരായ നാം ഭാരത സംസ്­കാരത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത് ഇത്തരത്തിലുള്ള സന്ദര്‍ഭങ്ങളിലാണ്. മഹാത്മാഗാന്ധിജിയുടെ പിന്‍ഗാമികളായ നാം മനസ്സു വയ്ക്കുകയാണെങ്കില്‍ അഹിംസാസിദ്ധാന്തങ്ങള്‍ കൊണ്ടു തന്നെ അമേരിക്കയിലെ തോക്കുകള്‍ക്ക് പൂര്‍ണ്ണ നിയന്ത്രണം ഏര്‍പ്പെടുത്തിക്കാന്‍ നമുക്കു സാധിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അങ്ങിനെ ഒരു നല്ല നാളെയ്ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ ആരെങ്കിലും മുമ്പോട്ടു വരുന്ന പക്ഷം അവരോടൊപ്പം അക്രമരഹിതമായ മാര്‍ഗ്ഗങ്ങളിലുടെ പടപൊരുതാന്‍ ജെ.എഫ്.എ തയ്യാറാണ്. ഗാന്ധിസത്തിന് മുന്‍തൂക്കം കൊടുക്കുന്ന ഈ കാലഘട്ടത്തില്‍ ഇന്ത്യക്കാരായ നാം മറ്റു രാജ്യക്കാര്‍ക്കു കൂടി മാതൃകയായി മാറേണ്ടവരാണ്. തോക്കിന്റെ ശക്തിയാല്‍ രാജ്യത്തു സമാധാനം പുനഃസ്ഥാപിക്കകാന്‍ സാധിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതു മുഢത്വമായിരിക്കും.

ജി.കെ.പിള്ളയുടെ സംഭവം നമുക്കെല്ലാം ഒരു പാഠമാകട്ടെ ! സാമൂഹ്യ­സാംസ്­കാരിക­രാഷ്ട്രീയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഇന്ത്യാക്കാര്‍ക്കും , പ്രത്യേകിച്ച് മലയാളികള്‍, ഇക്കാര്യത്തില്‍ മുന്‍കൈ എടുത്തു പ്രവര്‍ത്തിക്കുന്ന പക്ഷം അമേരിക്കയിലെ തോക്കു സംസ്­കാരത്തെ ഇല്ലാതാക്കി പുതിയൊരു സംവിധാനം ഉണ്ടാക്കിയെടുക്കാന്‍ നമുക്കു സാധിക്കും എന്നുള്ള കാര്യത്തിനു സംശയമില്ല. ജി.കെ.പിള്ള എത്രയും വേഗം സുഖം പ്രാപിച്ച് ഒരിക്കല്‍ കൂടി അദ്ദേഹത്തിന്റെ കര്‍മ്മരംഗത്തു പ്രശോഭിക്കാന്‍ ഇടവരട്ടെ എന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. അതോടൊപ്പം അനീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ കഴിവുള്ള ഒരു ജനതയെ വളര്‍ത്തിയെടുക്കാന്‍, അതും തികച്ചും ഗാന്ധിയന്‍ മാര്‍ഗ്ഗങ്ങളുപയോഗിച്ച്, 2015 ന്റെ തുടക്കത്തില്‍ത്തന്നെ ഒരു ന്യൂ ഇയര്‍ റസല്യൂഷന്‍ ആയി നമുക്കെടുക്കാം. അതിനായി പ്രതജ്ഞയെടുക്കാം.

ജെ.എഫ്.എ.യ്ക്കു വേണ്ടി

തോമസ് കൂ­വള്ളൂര്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.