You are Here : Home / USA News

ന്യൂജേഴ്‌സിയിലെ ഗാര്‍ഫീല്‍ഡ്‌ സീറോ മലബാര്‍ ദേവാലയ വെഞ്ചരിപ്പു ഡിസംബര്‍ 21-ന്‌

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Friday, December 19, 2014 03:54 hrs UTC

പാറ്റേഴ്‌സണ്‍: നോര്‍ത്ത്‌ ജേഴ്‌സിയിലെ ഏറ്റവും വലിയ സീറോ മലബാര്‍ മിഷന്‍ സ്‌റ്റേഷന്‍ ആയ ഗാര്‍ഫീല്‍ഡ്‌ ജോണ്‍പോള്‍ രണ്ടാമന്‍ സീറോമലബാര്‍ മിഷന്‍ സ്‌റ്റേഷന്‍, ചിക്കാഗോ സെ. തോമസ്‌ സീറോമലബാര്‍ കത്തോലിക്കാ രൂപതയുടെ കീഴില്‍, സെന്റ്‌ ജോര്‍ജ്‌ സീറോ മലബാര്‍ (408 Getty Ave, Paterson, NJ 07503 ) എന്ന സമ്പൂര്‍ണ ഇടവക ദേവാലയ പദവിയിലേക്കുയരുന്നു. 2003ല്‍ ഇപ്പോഴത്തെ ഷിക്കാഗോ രൂപതാ സഹായ മെത്രാന്‍ ആയ മാര്‍ ജോയ്‌ ആലപ്പാട്ടയിരുന്നു മിഷന്റെ സ്ഥാപക ഡയറക്ടര്‍. ബെര്‍ഗെന്‍ഫീഡില്‍ വളരെ എളിയ രീതിയില്‍ ആരംഭിച്ച മിഷന്‍ സ്‌റ്റേഷന്‍, ഇന്ന്‌ 250 ഓളം കുടുംബങ്ങളുമായി വലിയൊരു കൂടിവരവായി മാറി. അതിനു ശേഷം റവ. ഫാ. പോള്‍ കോട്ടക്കലായിരുന്നു ഗാര്‍ഫീല്‍ഡ്‌ സീറോ മലബാര്‍ മിഷന്‍ ഡയറക്ടര്‍. 2013 ല്‍ വിശ്വാസികളുടെ വളരെ നാളത്തെ ആഗ്രഹത്തിന്റെയും പ്രാര്‍ത്ഥനയുടെയും ഫലമായി ഒരു ദൈവ നിയോഗത്തിലെന്ന പോലെ റവ. ഫാ. ജേക്കബ്‌ ക്രിസ്റ്റി പറമ്പുകാട്ടില്‍ ഗാര്‍ഫീല്‍ഡ്‌ മിഷന്‍ ഡയറക്ടറായി വരുകയും അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ മിഷന്‍ കൗണ്‍സിലും, ദേവാലയനിര്‍മ്മാണ കമ്മിറ്റിയും, ഇടവകജനങ്ങളും, ഭക്തസംഘടനകളും, യുവജനകൂട്ടായ്‌മയും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചതിന്റെ ഫലമായി 2014 ഒക്ടോബര്‍ 31 ആം തീയതി,പാറ്റേഴ്‌സണ്‍ ന്യൂജേഴ്‌സിയില്‍ മനോഹരമായൊരു ദേവാലയം വാങ്ങുവാന്‍ ഇടയായി. ഇടവക വിശ്വാസികള്‍, ഇന്ന്‌ ഒരു സ്വപ്‌ന സാക്ഷാത്‌കാരം പോലെ നേടിയെടുത്ത ഈ ദേവാലയ സമുച്ചയത്തില്‍ വിശാലമായ ഓഡിറ്റോറിയവും പതിനഞ്ചിലധികം മുറികളുള്ള പള്ളിമേടയും അടങ്ങിയിട്ടുണ്ട്‌. ഏകദേശം 700 പേര്‍ക്ക്‌ ഒന്നിച്ച്‌ ആരാധനയില്‍ പങ്കെടുക്കാന്‍ സൗകര്യമുള്ളതാണു ദേവാലയം. പ്രസ്‌തുത പള്ളി പാറ്റേഴ്‌സണ്‍ രൂപതയുടെ കീഴില്‍ 1940ല്‍ പണി കഴിപ്പിച്ചതാണ്‌. ഒത്തൊരുമയുടേയും സ്‌നേഹത്തിന്റെയും പ്രതീകമായാണ്‌ ഇപ്പോള്‍ ഏകദേശം 200 വോളന്റിയര്‍മാര്‍ ഇരുപത്തിയൊന്നാം തീയതി നടക്കുന്ന പള്ളി കൂദാശയ്‌ക്ക്‌ മുന്നോടിയായി നവീകരണ പ്രവര്‍ത്തികള്‍ ദ്രുതഗതിയില്‍ നടത്തികൊണ്ടിരിക്കുന്നത്‌. ദേവാലയത്തോടൊപ്പം വാങ്ങിയ റെക്ട്‌ടറിയുടെയും ഓഡിറ്റോറിയത്തിന്റെയും ആശീര്‍വാദകര്‍മ്മം 2014 ഡിസംബര്‍ 20 ശനിയാഴ്‌ച്ച വൈകിട്ട്‌ 6:30 നു ചിക്കാഗോ രൂപതാമെത്രാന്‍ അഭിവന്ദ്യ ജേക്കബ്‌ അങ്ങാടിയത്ത്‌ നിര്‍വഹിക്കും. ഡിസംബര്‍ 21 ഞായറാഴ്‌ച രാവിലെ 9:30 നു മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പിതാവിന്‌ സ്വീകരണം നല്‌കും.

 

 

തുടര്‍ന്ന്‌ 10:00 മണിയോടെ തോരണങ്ങളുടെയും താലപൊലിയുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ വിശിഷ്ടാതിഥികളെ സ്വീകരിച്ചാനയിച്ചു വിശുദ്ധ കുര്‍ബാനയോടു കൂടി പള്ളി കൂദാശ ആരംഭിക്കും. പാറ്റേഴ്‌സണ്‍ രൂപതാ അധ്യക്ഷന്‍ ബിഷപ്പ്‌ ആര്‍തര്‍ ജോസഫ്‌ സെറാറ്റെലി, പാറ്റേഴ്‌സണ്‍ സിറ്റി മേയര്‍ ജോസ്‌ (ഹോസെ)ജോയി റ്റോറെസ്‌, മറ്റു വിവിധ ദേവാലയങ്ങളിലെ പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായിരിക്കും. അതിനു ശേഷം അങ്ങാടിയത്ത്‌ പിതാവും ബിഷപ്പ്‌ സെറാറ്റെലിയും കൂടിക്കാഴ്‌ച നടത്തും. തുടര്‍ന്ന്‌ വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണത്തിനു ശേഷം 2 മണിയോടുകൂടി പൊതുസമ്മേളനം ആരംഭിക്കും. ബിഷപ്പുമാരും മറ്റു ഇടവകയിലെ പ്രതിനിധികളും പങ്കെടുക്കുന്ന മീറ്റിംഗിന്‌ ശേഷം കള്‍ച്ചറല്‍ പ്രോഗ്രമ്മോടു കൂടി പരിപാടികള്‍ക്ക്‌ തിരശീല വീഴും. ചിലസാങ്കേതിക കാരണങ്ങളാല്‍ ഷിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയ്‌ ആലപ്പാട്ടിനു നല്‍കാനിരുന്ന സ്വീകരണം മാറ്റി വച്ചിരിക്കുന്നതായി ഫാ:റവ. ഫാ. ജേക്കബ്‌ ക്രിസ്റ്റി പറമ്പുകാട്ടില്‍ അറിയിച്ചു.

 

 

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.