You are Here : Home / USA News

ഫൊക്കാനാ മിഡ്‌വെസ്റ്റ്‌ റീജിയന്‍ പ്രവര്‍ത്തനോദ്‌ഘാടനവും കേരളപ്പിറവി ദിനാഘോഷവും നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, November 07, 2014 03:02 hrs UTC

ഷിക്കാഗോ: ഫൊക്കാനാ മിഡ്‌വെസ്റ്റ്‌ റീജിയന്‍ 2014- 16 വര്‍ഷത്തെ പ്രവര്‍ത്തനോദ്‌ഘാടനവും കേരളപ്പിറവി ദിനാഘോഷവും നടത്തി. നവംബര്‍ ഒന്നാം തീയതി മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ്‌ മേരീസ്‌ ക്‌നാനായ പള്ളി ഹാളില്‍ വെച്ച്‌ ഫൊക്കാനാ മുന്‍ നാഷണല്‍ പ്രസിഡന്റ്‌ മറിയാമ്മ പിള്ള നിലവിളക്ക്‌ കൊളുത്തി ഉദ്‌ഘാടന കര്‍മ്മം നിര്‍വഹിച്ചു. ഫൊക്കാന കഴിഞ്ഞ കാലത്തേക്കാള്‍ ഇന്ന്‌ കൂടുതല്‍ കരുത്താര്‍ജ്ജിച്ചിരിക്കുന്നുവെന്ന്‌ ഉദ്‌ഘാടന പ്രസംഗത്തില്‍ മറിയാമ്മ പിള്ള ചൂണ്ടിക്കാട്ടി. അതിന്റെ വലിയ തെളിവാണ്‌ ഷിക്കാഗോയില്‍ വിജയകരമായി നടത്തപ്പെട്ട നാഷണല്‍ കണ്‍വന്‍ഷന്‍. മലയാള ഭാഷയെ ശ്രേഷ്‌ഠഭാഷയായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതുവഴി, ഫൊക്കാന നടപ്പാക്കിക്കൊണ്ടിരിക്കുന്ന `ഭാഷയ്‌ക്കൊരു ഡോളര്‍' എന്ന മലയാളി ഭാഷയെ പരിപോഷിപ്പിക്കുന്നതിനുള്ള പദ്ധതി, ശരിയായ മാര്‍ഗ്ഗത്തിലൂടെയാണ്‌ ഫൊക്കാന സഞ്ചിരിക്കുന്നതെന്ന്‌ തെളിഞ്ഞിരിക്കുന്നതായി മറിയാമ്മ പിള്ള അഭിപ്രായപ്പെട്ടു. തുടര്‍ന്ന്‌ കേരളപ്പിറവി ദിനാഘോഷം നടത്തപ്പെട്ടു.

 

 

രാജവാഴ്‌ച അവസാനിപ്പിച്ച്‌ ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാനം രൂപീകരിച്ചിട്ട്‌ 58 വര്‍ഷം തികഞ്ഞിരിക്കുന്നുവെന്ന്‌ അധ്യക്ഷ പ്രസംഗം നടത്തിയ മിഡ്‌വെസ്റ്റ്‌ റീജിയന്‍ വൈസ്‌ പ്രസിഡന്റ്‌ സന്തോഷ്‌ നായര്‍ പറഞ്ഞു. എല്ലാ മതങ്ങളേയും മത വിശ്വാസങ്ങളേയും ഉള്‍ക്കൊള്ളുന്നതാണ്‌ കേരളം. 1957-ലെ കമ്യൂണിസ്റ്റ്‌ മന്ത്രിസഭ മുതല്‍ ഇന്നത്തെ യു.ഡി.എഫ്‌ മന്ത്രിസഭ വരെ എത്തിനില്‍ക്കുമ്പോള്‍ ആ മതസൗഹാര്‍ദ്ദം നിലനിര്‍ത്തി കേരളത്തിന്റെ മതേതരത്വ സ്വഭാവം കാത്തുസൂക്ഷിച്ചിരിക്കുന്നു. പക്ഷെ, സാക്ഷര കേരളത്തില്‍ അഴിമതിക്കഥകളും പീഡന കഥകളും കൂടിവരുന്നത്‌ എല്ലാ കേരളീയര്‍ക്കും അപമാനമാണെന്ന്‌ സന്തോഷ്‌ നായര്‍ പറഞ്ഞു. അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിരവധി ഉജ്വല സമരങ്ങള്‍ നടന്നിട്ടുള്ള കേരളത്തില്‍ ഇന്ന്‌ സദാചാര പോലീസ്‌ ചമയുന്നതും, ചുംബന സമരം വരെ നടക്കുന്നതും കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന്‌ മങ്ങല്‍ ഏല്‍പിച്ചിരിക്കുന്നു. രാഷ്‌ട്രീയ സംഘട്ടനങ്ങളും കൊലപാതകങ്ങളും അവസാനിപ്പിച്ച്‌ കേരളത്തിന്റെ പുരോഗതി കൂടുതല്‍ ശക്തമാക്കാന്‍ എല്ലാവിഭാഗം കേരളയീയരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന്‌ ഉദ്‌ഘാടന സമ്മേളനത്തില്‍ സംബന്ധിച്ച്‌ പ്രമുഖര്‍ ആവശ്യപ്പെട്ടു. സമ്മേളനത്തില്‍ ഫൊക്കാനാ നാഷണല്‍ കമ്മിറ്റി വൈസ്‌ പ്രസിഡന്റ്‌ ജോയി ചെമ്മാച്ചേല്‍, ജോയിന്റ്‌ സെക്രട്ടറി വര്‍ഗീസ്‌ പാലമലയില്‍, നാഷണല്‍ കമ്മിറ്റി മെമ്പര്‍ ഏബ്രഹാം വര്‍ഗീസ്‌ (ഷിബു വെണ്‍മണി), ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ജെയ്‌ബു കുളങ്ങര, ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ടോമി അംബേനാട്ട്‌, മിഡ്‌വെസ്റ്റ്‌ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ഹെറാള്‍ഡ്‌ ഫിഗുരേദോ, ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളജ്‌ അലുംമ്‌നി അസോസിയേഷന്‍ പ്രസിഡന്റ്‌ ഫ്രാന്‍സീസ്‌ കിഴക്കേക്കുറ്റ്‌, പോള്‍ പറമ്പി, എല്‍.ഡി.എഫ്‌ കണ്‍വീനര്‍ പീറ്റര്‍ കുളങ്ങര, സാഹിത്യവേദി കോര്‍ഡിനേറ്റര്‍ ജോണ്‍ ഇലയ്‌ക്കാട്ട്‌, മാസപുലരി ചീഫ്‌ എഡിറ്റര്‍ ബിജു കിഴക്കേക്കുറ്റ്‌, ജോയിച്ചന്‍ പുതുക്കുളം, ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഷിക്കാഗോ പ്രസിഡന്റ്‌ തോമസ്‌ മാത്യു തുടങ്ങിയവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. ഫൊക്കാനാ മുന്‍ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ലെജി പട്ടരുമഠം എം.സിയായി യോഗ നടപടികള്‍ നിയന്ത്രിച്ചു.മിഡ്‌വെസ്റ്റ്‌ റീജിയന്‍ ജനറല്‍ സെക്രട്ടറി പ്രവീണ്‍ തോമസ്‌ മല്ലപ്പള്ളില്‍ സ്വാഗതം ആശംസിച്ചു. സമ്മേളനത്തോടനുബന്ധിച്ച്‌ കേരളത്തിലെ വിവാദ വിഷയമായ മദ്യനിരോധനത്തെക്കുറിച്ചുള്ള തുറന്ന ചര്‍ച്ച നടന്നു. `സമ്പൂര്‍ണ്ണ മദ്യനിരോധനം പ്രായോഗികമോ' എന്നതായിരുന്നു വിഷയം. അമേരിക്കയിലേയും ഇന്ത്യയിലേയും വിവിധ സംസ്ഥാനങ്ങളില്‍ പരീക്ഷിച്ച്‌ പരാജയപ്പെട്ടതാണ്‌ മദ്യനിരോധനമെന്ന്‌ പറഞ്ഞ്‌ റോയി മുളകുന്നം ചര്‍ച്ച തുടങ്ങിവെച്ചു. മദ്യനിരോധനം സാമ്പത്തിക പ്രതിസന്ധിക്കിടയാക്കുമെന്നും തൊഴില്‍ മേഖല തകര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മദ്യം സമ്പൂര്‍ണ്ണമായി നിരോധിച്ചാല്‍ മനുഷ്യന്‍ മയക്കുമരുന്ന്‌ പോലുള്ള അതിഭീകരമായ മറ്റു മാര്‍ഗ്ഗങ്ങളിലേക്ക്‌ തിരിയുവാനും, വ്യാജമദ്യം ഉണ്ടാക്കുവാനുള്ള സാധ്യതയുണ്ടെന്ന്‌ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട്‌ ജോസഫ്‌ ചാണ്ടി പറഞ്ഞു. സാമൂഹ്യനീതി താഴെത്തട്ടിലുള്ളവര്‍ക്ക്‌ നിഷേധിക്കുകയും, ഫൈവ്‌ സ്റ്റാര്‍കാര്‍ക്ക്‌ മാത്രമായി സംവരണം ചെയ്യുകയും ചെയ്യുന്നത്‌ സാമൂഹിക അസന്തുലിതാവസ്ഥ സൃഷ്‌ടിക്കുമെന്ന്‌ അദ്ദേഹം ആരോപിച്ചു. മദ്യത്തിന്റെ ഉപയോഗം കുറച്ചുകൊണ്ടുവരികയാണ്‌ വേണ്ടതെന്ന്‌ ജോസ്‌ കല്ലിടുക്കില്‍ അഭിപ്രായപ്പെട്ടു. മദ്യം കുടുംബ സമാധാനം തകര്‍ക്കുമെന്നും അത്‌ നിരോധിക്കണമെന്നും ജോണ്‍ ഇലക്കാട്ട്‌ ആവശ്യപ്പെട്ടു. ജനങ്ങളെ ബോധവാന്മാരാക്കിയതിനുശേഷം ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവന്നാല്‍ മദ്യനിരോധനം പ്രായോഗികമാകുമെന്ന്‌ സതീശന്‍ നായര്‍ പറഞ്ഞു. കോടിക്കണക്കിന്‌ രൂപ മുതല്‍മുടക്കിയ നിക്ഷേപസംരംഭകരെ തകര്‍ക്കുന്നതാണ്‌ മദ്യനിരോധനമെന്ന്‌ ഫ്രാന്‍സീസ്‌ കിഴക്കേക്കുറ്റ്‌ ചൂണ്ടിക്കാട്ടി. കേരളത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ കൂടുതലും മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും അമിത ഉപയോഗം മൂലമാണെന്നും അതിനാല്‍ മദ്യനിരോധനം ആവശ്യമാണെന്നും ഓവര്‍ഗീസ്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ തോമസ്‌ മാത്യു പറഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിപക്ഷം ആളുകളും മദ്യനിരോധനം പ്രായോഗികമല്ല എന്ന്‌ അഭിപ്രായപ്പെട്ടു. റിന്‍സി കുര്യന്‍, ജോസ്‌ സൈമണ്‍ മുണ്ടപ്ലാക്കല്‍, പ്രസാദ്‌ ബാലചന്ദ്രന്‍, ഔസേപ്പച്ചന്‍ വെള്ളൂക്കുന്നേല്‍, ജോഷി പുത്തൂരാന്‍, രവി കുട്ടപ്പന്‍, അലക്‌സ്‌ പായിക്കാട്‌, സിബി പാറേക്കാട്ട്‌, ജോണ്‍സണ്‍ മീനച്ചില്‍, സിറിയക്‌ കല്ലിടുക്കില്‍, ഫിലിപ്പ്‌ പുത്തന്‍പുര, ചാക്കോ ചിറ്റിലക്കാട്ട്‌, സേവ്യര്‍ ഒറവനാകളത്തില്‍, സിറിയക്‌ പുത്തന്‍പുര തുടങ്ങിയവരും ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു. ഷിക്കാഗോ മലയാളി അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റ്‌ ജെസ്സി റിന്‍സി മോഡറേറ്ററായിരുന്നു. ലീല ജോസഫ്‌ കൃതജ്ഞത രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.