You are Here : Home / USA News

സ്വര്‍ഗീയാനുഭൂതിയേകി വിശുദ്ധകുട്ടിപ്പട്ടാളം ഫിലാഡല്‍ഫിയയില്‍

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Thursday, November 06, 2014 12:31 hrs UTC

ഫിലാഡല്‍ഫിയ: ഭാരതകത്തോലിക്കാസഭയുടെ ചരിത്രത്തിലാദ്യമായി രണ്ടു പുണ്യാത്മാക്കളെ ഒരേസമയം വിശുദ്ധഗണത്തിലേക്കുയര്‍ത്തുന്ന അത്യപൂര്‍വ നിമിഷത്തിനു സാക്ഷ്യം വഹിക്കാന്‍പോകുന്ന നവംബര്‍ മാസത്തിലെ ആദ്യ ഞായറാഴ്‌ച്ച വിശുദ്ധവേഷമിട്ട സീറോമലബാര്‍ കുട്ടിപ്പട്ടാളം വിശുദ്ധപാത തീര്‍ത്ത്‌ ആ മഹാത്മാക്കള്‍ക്ക്‌ വരവേല്‍പ്പു നല്‍കി. നവംബര്‍ 2 ഞായറാഴ്‌ച്ച ഫിലാഡല്‍ഫിയ സെന്റ്‌ തോമസ്‌ സീറോമലബാര്‍ ഫൊറോനാദേവാലയത്തില്‍ നടന്ന ആള്‍ സെയിന്റ്‌സ്‌ ഡേ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിശുദ്ധരുടെ പരേഡ്‌ പങ്കെടുത്ത കുട്ടികളുടെ എണ്ണം കൊണ്ടും അവതരിപ്പിച്ച വിശുദ്ധവേഷങ്ങളുടെ വൈവിധ്യംകൊണ്ടും മികവുറ്റതായിരുന്നു.

 

സ്വര്‍ക്ഷത്തിലെ സകല വിശുദ്ധരെയും വണങ്ങുന്നതിനും അനുസ്‌മരിക്കുന്നതിനുംവേണ്ടി തിരുസഭ നീക്കിവച്ചിരിക്കുന്ന സകല വിശുദ്ധരുടേയും തിരുനാള്‍ സീറോമലബാര്‍ പള്ളിയില്‍ സമുചിതമായി ആഘോഷിച്ചു. ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ്‌ പുലിശേരി, റവ. ഡോ. ബിനോയ്‌ പിച്ചളക്കാട്ട്‌ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ അര്‍പ്പി ക്കപ്പെട്ട ദിവ്യബലിയില്‍ അറിയപ്പെടുന്നതും, അറിയപ്പെടാത്തതുമായ എല്ലാ വിശുദ്ധരെയും സ്വര്‍ഗീയമധ്യസ്‌തരെയും അനുസ്‌മരിച്ചു്‌ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. ദിവ്യബലിക്കുമുമ്പ്‌ വിശുദ്ധരുടെ വേഷമണിഞ്ഞ 80 ല്‍ പരം മതബോധന സ്‌കൂള്‍ കുട്ടികള്‍ രണ്ടു വരികളിലായി സെയിന്റ്‌സ്‌ പരേഡ്‌ കണക്കെ കുര്‍ബാനയില്‍ സംബന്ധിക്കാനെത്തിയത്‌ കാണികളില്‍ കൗതുകമുണര്‍ത്തി. വിശ്വാസപ്രഘോഷണത്തിനും, വിശ്വാസസംരക്ഷണത്തിനുമായി സ്വജീവിതം മാറ്റിവച്ച വിശുദ്ധരുടെ ജീവിതമാതൃക യുവതലമുറക്കു പ്രചോദനമാകണമെന്നു ദിവ്യബലിമദ്ധ്യേ വചനസന്ദേശം നല്‍കിയ റവ. ഡോ. ബിനോയ്‌ യുവജനങ്ങളെ അനുസ്‌മരിപ്പിച്ചു. മാലാഖമാരുടെയും, വിശുദ്ധഗണങ്ങളുടെയും വേഷമിട്ട കുട്ടികളൊത്ത്‌ ദിവ്യബലിയര്‍പ്പിക്കുമ്പോള്‍ സ്വര്‍ഗത്തിലെ സകല മാലാഖാമാരും, വിശുദ്ധഗണങ്ങളും ഭൂമിയിലെ മര്‍ത്യഗണത്തോടൊപ്പം ബലിയില്‍ സ്‌തുതിഗീതങ്ങള്‍ അര്‍പ്പിക്കുന്നു എന്നുള്ളതിന്റെ ബാഹ്യമായ അനുസ്‌മരണംകൂടിയാണിതെന്ന്‌?അദ്ദേഹം പറഞ്ഞു. പ്രീകെ മുതല്‍ 12ാം ക്ലാസ്‌ വരെയുള്ള കുട്ടികള്‍ തങ്ങളുടെ പേരിനുകാരണമായതോ തങ്ങള്‍ക്കേറ്റം ഇഷ്ടപ്പെട്ടതോ ആയ വിശുദ്ധന്റെ /വിശുദ്ധയുടെ വേഷമണിഞ്ഞ്‌ എല്ലാവരും ഒരുമിച്ച്‌ ദിവ്യബലിയില്‍ പങ്കെടുത്തപ്പോള്‍ അത്‌ തീര്‍ച്ചയായും സ്വര്‍ഗീയാനുഭൂതി പകര്‍ന്ന നിമിഷങ്ങളായിരുന്നു. മാതാപിതാക്കളും സദസ്യരും തുടര്‍ച്ചയായുള്ള കയ്യടിയാല്‍ അവരെ പ്രോല്‍സാഹിപ്പിച്ചു. സീറോമലബാര്‍ സഭയുടെ പ്രഥമവിശുദ്ധ അല്‍ഫോന്‍സാമ്മ, ചെറുപുഷ്‌പം വി. കൊച്ചുത്രേസ്യാ, അമേരിക്കന്‍ വിശുദ്ധ റോസ്‌ ഓഫ്‌ ലിമാ, സെ. റാഫേല്‍ പ്രധാന മാലാഖ, സെ. മേരി, സെ. ജോസഫ്‌, വാഴ്‌ത്തപ്പെട്ട മദര്‍ തെരേസാ, സെ. ആന്റണി ഓഫ്‌ പാദുവ, ഫിലാഡല്‍ഫിയാ വിശുദ്ധര്‍ സെ. ജോണ്‍ ന}മാന്‍, സെ. കാതറൈന്‍ ഡ്രക്‌സല്‍, നിഖ്യാ വിശ്വാസപ്രമാണത്തിന്റെ പിതാവ്‌ സെ. അത്തനേഷ്യസ്‌, ഈശോസഭാ സ്ഥാപകന്‍ സെ. ഇഗ്നേഷ്യസ്‌ ലയോള, ആദ്യത്തെ മാര്‍പാപ്പമാരായ വി. പത്രോസ്‌, വി. ലിനസ്‌, സഭയിലെ ആദ്യ രക്തസാക്ഷി സെ. സ്റ്റീഫന്‍, ആദ്യകുര്‍ബാനക്കാരുടെ മധ്യസ്‌തന്‍ ടാര്‍സിഷ്യസ്‌, സണ്ടേ സ്‌കൂളിന്റെയും, സെമിനാരിക്കാരുടെയും മധ്യസ്‌തന്‍ സെ. ചാള്‍സ്‌ ബൊറോമിയോ, സെ. ജോണ്‍ (ഡോണ്‍) ബോസ്‌ക്കോ, യേശുവിനോടൊപ്പം വലതുവശത്തു കുരിശില്‍ തറക്കപ്പെട്ട നല്ല കള്ളന്‍ സെ. ഡിസ്‌മസ്‌, സെ. തോമസ്‌ മൂര്‍, മോണിക്കാ പുണ്യവതി, ആദ്യ നേറ്റീവ്‌ അമേരിക്കന്‍ സെയിന്റ്‌ കടേരി ടെകാക്വിത, സഭാ പിതാക്കന്മാരായ സെ. അംബ്രോസ്‌, സെ. ജെറോം, സെ. അഗസ്റ്റിന്‍, മഹാനായ ഗ്രിഗറി, യേശുശിഷ്യന്മാരായ സെ. പോള്‍, സെ. ജെയിംസ്‌, സെ. മാത്യു, സെ. ജോണ്‍, സെ. തോമസ്‌, 23 നു വിശുദ്ധരുടെ ഗണത്തില്‍ പേര്‍ ചേര്‍ക്കപ്പെടുന്ന ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചന്‍, എവുപ്രാസ്യാമ്മ, ശ്രേഷ്ടപാപ്പാദ്വയങ്ങളായ സെ. ജോണ്‍ പോള്‍ രണ്ടാമന്‍, സെ. ജോണ്‍ ഇരുപത്തിമൂന്നാമന്‍, വാഴ്‌ത്തപ്പെട്ടവരായ കുഞ്ഞച്ചന്‍, മറിയം ത്രേസ്യാ തുടങ്ങിയുള്ള എല്ലാ വിശുദ്ധാല്‍മാക്കളും മാലാഖാമാരാല്‍ അനുഗതരായി സദസ്സിനുമുമ്പില്‍ മിന്നിമറഞ്ഞുപോയപ്പോള്‍ അതൊരു സ്വര്‍ഗീയാനുഭൂതിയായി. ഇടവക വികാരി ഫാ. ജോണിക്കുട്ടി ജോര്‍ജ്‌, സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ ഡോ. ജെയിംസ്‌ കുറിച്ചി എന്നിവരുടെ നേതൃത്വത്തില്‍ മതാദ്ധ്യാപകരായ ജാന്‍സി ജോസഫ്‌, എലിസബത്ത്‌ മാത്യു, ആനി മാത്യു, റജിനാ സാബു, ജാസ്‌മിന്‍ ചാക്കോ എന്നിവര്‍ പരിപാടികള്‍ ചിട്ടയായി ക്രമീകരിച്ചു. ട്രസ്റ്റിമാരായ ബിജി ജോസഫ്‌, വിന്‍സന്റ്‌ ഇമ്മാനുവല്‍, സെക്രട്ടറി ടോം പാറ്റാനിയില്‍, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍, ഭതസംഘടനാഭാരവാഹികള്‍ എന്നിവരും വിശുദ്ധ പരേഡ്‌ അണിയിച്ചൊരുക്കുന്നതില്‍ ഭാഗഭാക്കുകളായി. വിശുദ്ധരുടെ ജീവിതത്തെക്കുറിച്ച്‌ കുട്ടികളില്‍ അവബോധം ഉണര്‍ത്തുന്നതിനു ഈ പരിപാടി സഹായിച്ചു. ഫോട്ടോ: ജോസ്‌ തോമസ്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.