You are Here : Home / USA News

ഐഫോണിനും, ഐപാഡിനും വേണ്ടിയുള്ള മലയാളം കീബോര്‍ഡ്‌ മോന്‍സ്‌ ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു

Text Size  

Story Dated: Wednesday, October 29, 2014 09:10 hrs UTC

    
    

ഷിക്കാഗോ: കേരളാ കോണ്‍ഗ്രസ്‌ നേതാവും മുന്‍ മന്ത്രിയുമായ മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ ഷിക്കാഗോയില്‍ വെച്ച്‌ മലയാളം കീബോര്‍ഡ്‌ ഫോര്‍ ഐ.ഒ.എസ്‌ (Malayalam Keyboard for iOS) എന്ന അതിനൂതനമായ ഐഫോണിലും ഐപാഡിലും ഉപയോഗിക്കാവുന്ന ആപ്‌ ഉദ്‌ഘാടനം ചെയ്‌തു. മലയാള ഭാഷയ്‌ക്ക്‌ ഇതൊരു മുതല്‍ക്കൂട്ടാണെന്ന്‌ അദ്ദേഹം ഈ വേളയില്‍ അഭിപ്രായപ്പെട്ടു.

ഷിക്കാഗോയിലുള്ള ഒരു മലയാളി സ്ഥാപനമായ ആപ്‌കി ടെക്‌ (abkitech.com) ആണ്‌ ഇത്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. ആപ്‌കി ടെക്‌ സ്ഥാപകരായ എബി തോമസും, കിറ്റി തോമസും ചേര്‍ന്നാണ്‌ ഇത്‌ വികസിപ്പിച്ചെടുത്തിരിക്കുന്നത്‌. മലയാളത്തില്‍ എല്ലാ അക്ഷരങ്ങളും, കൂട്ടക്ഷരങ്ങളും കൃത്യമായ രീതിയില്‍ ഈ കീബോര്‍ഡ്‌ ഉപയോഗിച്ച്‌ ടൈപ്പ്‌ ചെയ്യാന്‍ സാധിക്കും.

ഇത്‌ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ വളരെ എളുപ്പമാണ്‌. നിങ്ങളുടെ ഐഫോണിലോ ഐപാഡിലോ നിന്ന്‌ ആപ്‌ സ്റ്റോര്‍ (App Store) ഐക്കണില്‍ പോകുക. എന്നിട്ട്‌ Malayalam Keyboard for iOS
എന്ന്‌ സേര്‍ച്ച്‌ ചെയ്യുക. $0.99 ആണ്‌ അപിന്റെ വില. ഇന്‍സ്റ്റോള്‍ ചെയ്‌തുകഴിഞ്ഞാല്‍ സെറ്റിംഗ്‌സില്‍ പോയി പുതിയ കീബോര്‍ഡ്‌ ആഡ്‌ ചെയ്യുക. (Settings -> General -> Keyboard ->Keyboards->Add New Keyboard...). ഇത്രയും ചെയ്‌തുകഴിഞ്ഞാല്‍ ഈ കീബോര്‍ഡ്‌ ഐഫോണിലേയും ഐപാഡിലേയും ഫേസ്‌ബുക്ക്‌, വാട്‌സ്‌ആപ്‌, ഇമെയില്‍, എസ്‌.എം.എസ്‌ തുടങ്ങിയ എല്ലാം ആപ്പില്‍ നിന്ന്‌ നേരിട്ട്‌ ഉപയോഗിക്കാം. ഭൂമിയുടെ പടമുള്ള കീ ഉപയോഗിച്ച്‌ ഇംഗ്ലീഷ്‌ കീ ബോര്‍ഡും, മലയാളം കീബോര്‍ഡും തമ്മില്‍ മാറ്റാവുന്നതാണ്‌.

മലയാളം എഴുതാന്‍ എളുപ്പമുള്ള കീബോര്‍ഡിന്റെ അഭാവത്തില്‍ ഇംഗ്ലീഷിനേയും, മംഗ്ലീഷിനേയും ആശ്രിയിക്കേണ്ടിവന്ന മലയാളികള്‍ക്ക്‌ ഇനി ശുദ്ധ മലയാളത്തിലെഴുതാന്‍ ഇത്‌ ഉപയോഗിക്കാം. ഇംഗ്ലീഷ്‌ കീബോര്‍ഡ്‌ ഉപയോഗിക്കാന്‍ പഠിച്ചപോലെ അല്‍പസമയം ശ്രമിച്ചാല്‍ ഈ കീബോര്‍ഡ്‌ ഉപയോഗിക്കാനും പഠിക്കാം.

ഇംഗ്ലീഷ്‌ ഭാഷ അറിയാന്‍ പാടില്ലാത്ത ലക്ഷക്കണക്കിന്‌ മലയാളികള്‍ക്ക്‌ മംഗ്ലീഷ്‌ എഴുതാന്‍ പഠിക്കുന്നതിനേക്കാള്‍, മലയാളത്തില്‍ തന്നെ എഴുതാന്‍ സാധിക്കുന്നത്‌ വലിയ കാര്യമാണ്‌. മലയാളത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ ഇത്‌ സഹായിക്കുമെന്നതില്‍ സംശയമില്ല.

പ്രവാസി കേരളാ കോണ്‍ഗ്രസ്‌ നാഷണല്‍ പ്രസിഡന്റ്‌ ജെയ്‌ബു കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. ഷിക്കാഗോയില്‍ നിന്നുള്ള നിരവധി രാഷ്‌ട്രീയ-സാമൂഹ്യ-സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്ത, അമ്പത്‌ വര്‍ഷക്കാലം പൂര്‍ത്തിയാക്കിയ കേരളാ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ സുവര്‍ണ്ണ ജൂബിലി സമ്മേളനത്തില്‍ വെച്ചാണ്‌ കീബോര്‍ഡ്‌ മലയാളികള്‍ക്കായി സമര്‍പ്പിച്ചത്‌.


കൂടുതല്‍ വിവരങ്ങള്‍ക്ക്‌: http://www.abkitech.com/home/products/mobile-keyboards/malayalam-keyboard-for-ios കാണുക. കീബോര്‍ഡ്‌ ഉപയോഗിക്കേണ്ട വിധം യു ട്യൂബില്‍ https://www.youtube.com/watch?v=pXXRRyT8c1Q ലഭ്യമാണ്‌. ഫോണ്‍: +1 847 818 8403, ആപ്‌ സ്റ്റോര്‍ https://itunes.apple.com/app/id909884782

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.