You are Here : Home / USA News

പ്രവീണ്‍ വര്‍ഗീസ്‌ കുടുംബത്തിന്‌ പിന്തുണയുമായി മോര്‍ട്ടന്‍ഗ്രോവ്‌ വില്ലേജ്‌ മേയറും അധികാരികളും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, October 15, 2014 08:49 hrs UTC

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ദുരൂഹമായ സാഹചര്യത്തില്‍ സതേണ്‍ ഇല്ലിനോയി വിദ്യാര്‍ത്ഥി പ്രവീണ്‍ വര്‍ഗീസ്‌ (19 വയസ്‌) കൊല്ലപ്പെട്ടതിന്റെ ദുരൂഹതകള്‍ അന്വേഷിക്കുന്നതിനുള്ള കുടുംബത്തിന്റെ ശ്രമത്തിന്‌ പ്രവീണ്‍ ജനിച്ചുവളര്‍ന്ന മോര്‍ട്ടന്‍ഗ്രോവ്‌ വില്ലേജ്‌ അധികാരികളുടെ പൂര്‍ണ്ണ പിന്തുണ. പ്രവീണ്‍ തണുപ്പുമൂലം മരിച്ചുവെന്നാണ്‌ പോലീസ്‌ ഭാഷ്യം. എന്നാല്‍ മകന്റെ ശരീരത്തിലെ മുറിവുകള്‍ കണ്ട കുടുംബം പ്രവീണ്‍ കൊല്ലപ്പെട്ടതാണെന്ന്‌ ഉറച്ചു വിശ്വസിക്കുന്നു. രണ്ടാമത്‌ നടത്തിയ ഓട്ടോപ്‌സിയില്‍ തലയ്‌ക്കേറ്റ മാരകമായ അടിയാണ്‌ മരണകാരണം എന്ന്‌ വ്യക്തമായി തെളിഞ്ഞു. ശരീരത്തില്‍ അനേകം മുറിവുകള്‍ വേറെയുമുണ്ട്‌. മദ്യമോ മയക്കുമരുന്നോ ശരീരത്തില്‍ ഇല്ലായിരുന്നു എന്നും തളിഞ്ഞു. കഴിഞ്ഞയാഴ്‌ച എന്‍.ബി.സി ന്യൂസിന്റെ ഇന്‍വെസ്റ്റിഗേറ്റീവ്‌ റിപ്പോര്‍ട്ടില്‍ വിവരങ്ങള്‍ വ്യക്തമായി പറയുകയും ചെയ്‌തു.

 

ഈ റിപ്പോര്‍ട്ടിനുവേണ്ടി എന്‍.ബി.സി ടീം മൂന്നുദിവസം കുടുംബത്തോടൊപ്പം കാര്‍ബണ്‍ഡെയിലില്‍ ചിലവഴിച്ചു. കാര്‍ബണ്‍ഡെയില്‍ അധികാരികള്‍ ഇപ്പോഴും അവരുടെ നിഗമനത്തില്‍ തന്നെ നില്‍ക്കുന്നു. റിപ്പോര്‍ട്ടുകളൊന്നും വെളിപ്പെടുത്തിയിട്ടില്ല. പ്രവീണ്‍ വര്‍ഗീസിനെ അവസാനമായി കണ്ട ആളെ അധികാരികള്‍ ഇതുവരെ ചോദ്യം ചെയ്യുകയോ കുറ്റവാളിയായി കാണുകയോ ചെയ്‌തിട്ടില്ല. ഇതിന്റെയെല്ലാം വെളിച്ചത്തില്‍ മോര്‍ട്ടന്‍ഗ്രോവ്‌ മേയര്‍ ഡാന്‍ ഡി മരിയ കുടുംബത്തെ പിന്തുണച്ചുകൊണ്ട്‌ ഒക്‌ടോബര്‍ 18-ന്‌ രണ്ടുമണിക്ക്‌ പ്രസ്‌ കോണ്‍ഫറന്‍സ്‌ നടത്തും.

ഡബ്ല്യു.ബി.ബി.എം റേഡിയോയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ വില്ലേജ്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ റയന്‍ ഹോണ്‍ മേയറുടെ തീരുമാനത്തെ പിന്താങ്ങി. 'കുടുംബത്തെ സപ്പോര്‍ട്ട്‌ ചെയ്യുക എന്നത്‌ ഞങ്ങളുടെ ദൗത്യമാണ്‌. ഈ കുടുംബത്തിന്റെ വേദന എല്ലാവരും മനസിലാക്കണം. ഈ അമ്മയുടെ ശബ്‌ദത്തിലെ വേദന... അവര്‍ക്ക്‌ ഉത്തരം കണ്ടെത്തുക എന്നത്‌ ധാര്‍മ്മിക കടമയാണ്‌. ഇതൊന്നു ശ്രദ്ധിച്ചാല്‍ അനേകം ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു എന്ന്‌ എല്ലാവര്‍ക്കും മനസിലാകും. കാര്‍ബണ്‍ഡെയില്‍ അധികാരികളെ കുറ്റപ്പെടുത്തുകയല്ല ഇതിന്റെ ഉദ്ദേശം. ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്തുക എന്നുള്ളതാണ്‌' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

വില്ലേജ്‌ ഓഫ്‌ മോര്‍ട്ടന്‍ഗ്രോവ്‌ പുറപ്പെടുവിച്ച പ്രസ്‌ റിലീസില്‍ മേയര്‍ ഡാന്‍ ഡി മരിയ ഇപ്രകാരം പറഞ്ഞു: 'ഈ കുടുംബത്തിനുവേണ്ടി എന്റെ ഹൃദയം വേദനിക്കുന്നു. കഴിഞ്ഞ ബോര്‍ഡ്‌ മീറ്റിംഗില്‍ ലൗലി സംസാരിച്ചശേഷം എല്ലാ സഹായവും ഞാന്‍ വാഗ്‌ദാനം ചെയ്‌തു. ഈ കുടുംബം ഈ വില്ലേജില്‍ താമസിക്കുന്നു. അവര്‍ക്ക്‌ വേണ്ടതു ചെയ്യുക എന്നുള്ളത്‌ ഞങ്ങളുടെ കടമയാണ്‌.' ഒക്‌ടോബര്‍ 18-ന്‌ 2 മണിക്ക്‌ മോര്‍ട്ടന്‍ഗ്രോവിലുള്ള സിവിക്‌ സെന്ററില്‍

 

(6140 Dempster St, Morton Grove, IL 60053) നടക്കുന്ന പ്രസ്‌ കോണ്‍ഫറന്‍സിലേക്ക്‌ ഏവരുടേയും സഹകരണം കുടുംബവും പ്രവീണ്‍ ആക്ഷന്‍ കൗണ്‍സിലും അഭ്യര്‍ത്ഥിക്കുന്നു. പാര്‍ക്കിംഗ്‌ സൗകര്യം ഉണ്ടായിരിക്കുന്നതാണ്‌. പ്രസ്‌തുത കോണ്‍ഫറന്‍സില്‍ മേയറെ കൂടാതെ കുടുംബ വക്കീലായ ചാള്‍സ്‌ സ്റ്റെഗ്‌മയര്‍, ഓട്ടോപ്‌സി നടത്തിയ ഡോ. ബെന്‍ മര്‍ഗോളിസ്‌, കാര്‍ബണ്‍ഡെയില്‍ റേഡിയോ ഹോസ്റ്റ്‌ മോണിക്ക സൂക്കസ്‌, പ്രവീണ്‍ ആക്ഷന്‌ കൗണ്‍സില്‍ അംഗങ്ങളായ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, മറിയാമ്മ പിള്ള, അഡ്വ. ജിമ്മി വാച്ചാച്ചിറ, സൂസന്‍ ഇടമല, നൈല്‍സ്‌ വെസ്റ്റ്‌ ഹൈസ്‌കൂളില്‍ നിന്നും മാര്‍ക്ക്‌ മെഡ്‌ലാന്റ്‌, പ്രവീണിന്റെ മാതാവ്‌ ലൗലി വര്‍ഗീസ്‌ എന്നിവര്‍ സംസാരിക്കുന്നതാണ്‌. ഡീക്കന്‍ ലിജു പോള്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.