You are Here : Home / USA News

ഭാരവാഹികളില്ലാതെ ഐഎഎന്‍ജെ ; ചരിത്രം കുറിച്ച് തുടക്കം

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, October 10, 2014 12:47 hrs UTC


 
ന്യൂജഴ്സി . എല്ലാവരും ഭാരവാഹികളാകുന്ന സംഘടനകള്‍ പിറക്കുന്ന നാട്ടില്‍ ഭാരവാഹികളില്ലാതെ പിറന്ന ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ന്യൂജഴ്സി ചരിത്രം കുറിച്ചു. ശനിയാഴ്ച എഡിസണിലെ റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ ന്യൂജഴ്സി ബോര്‍ഡ് ഓഫ് യൂട്ടിലിറ്റി കമ്മീഷണര്‍ ഉപേന്ദ്ര ചിവുക്കുള നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത സംഘടനയെ നയിക്കുക ഏഴംഗ കൌണ്‍സിലാണ്.

പ്രസിഡന്റ്, സെക്രട്ടറി, ചെയര്‍മാന്‍ തുടങ്ങിയ പദവികളൊന്നുമില്ല. ഓരോ പരിപാടിയും നടത്താന്‍ രണ്ടുപേരെ വീതം ചുമതലപ്പെടുത്തും അത്രമാത്രം. ജോസ് വിളയില്‍, അലക്സ് മാത്യു എന്നിവരാണ് ഉദ്ഘാടന സമ്മേളനത്തിനു ചുക്കാന്‍ പിടിച്ചത്. ക്രിസ്മസ് ന്യൂഇയര്‍ ആഘോഷമാണ് അടുത്ത പരിപാടി.

സംഘടനയുടെ പ്രവര്‍ത്തന ലക്ഷ്യങ്ങളെപറ്റി എം. സി. ജോര്‍ജ് തുമ്പയില്‍ ആമുഖ പ്രസംഗം നടത്തി. അനന്യ ചന്ദ്രു, സഹസ്ര കാരി എന്നിവരുടെ പ്രാര്‍ഥനാ ഗാനത്തോടെ ചടങ്ങുകള്‍ തുടങ്ങി. ഏമി ജോര്‍ജ്, മനോജ് കൈപ്പളളി എന്നിവര്‍ ദേശീയ ഗാനങ്ങള്‍ ആലപിച്ചു. രേഖാ പ്രദീപ്, അഞ്ജു മഹേഷ് എന്നിവര്‍ കഥക്ക് നൃത്തമവതരിപ്പിച്ചു.


മലയാളികളെ മാത്രമല്ല മറ്റ് ഇന്ത്യാക്കാരേയും അണിനിരത്തുന്നതായിരിക്കും സംഘടനയെന്ന് ദൌത്യവും ലക്ഷ്യവും വിശദീകരിച്ച ജയ്സണ്‍ അലക്സ് പറഞ്ഞു. സാമൂഹിക നന്മയ്ക്കാവശ്യായ കാര്യങ്ങള്‍  ചെയ്യുക. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുക, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങിയവയ്ക്കു പുറമെ പുതിയ തലമുറയ്ക്ക് മാര്‍ഗ്ഗ ദര്‍ശിയായി നില്‍ക്കാനും ഐഎഎന്‍ജെ മുന്നിലുണ്ടാവും. സാമൂഹിക സാംസ്കാരിക സംഘടന എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഐഎഎന്‍ജെ മറ്റൊരു സംഘടനയ്ക്കും എതിരില്ല. അവയുടെ പ്രവര്‍ത്തനങ്ങളെ തുരങ്കം വെയ്ക്കാനോ, സമാന്തര പരിപാടികള്‍ ആവിഷ്കരിക്കാനോ ലക്ഷ്യമിടുന്നില്ല. മറിച്ച് എല്ലാവരേയും യോജിപ്പിക്കുന്ന സംഘടനയായി നിലകൊളളും.

സ്വാഗതം പറഞ്ഞ അലക്സ് ജോര്‍ജും സംഘടനയുടെ ലക്ഷ്യങ്ങള്‍ വിശദീകരിച്ചു. നിലവിലുളള സംഘടനകള്‍ എന്തിനുവേണ്ടി നിലകൊണ്ടോ ആ ലക്ഷ്യത്തില്‍ നിന്നെല്ലാം മാറിപ്പോകുന്ന അനുഭവമാണ് കാണുന്നതെന്നും അതിനൊരു മാറ്റമെന്ന നിലയിലാണ് ഐഎന്‍ജെയുടെ രൂപീകരണമെന്നും അലക്സ് പറഞ്ഞു. സംഘടനാ പ്രവര്‍ത്തകര്‍ക്ക് പ്രായം കൂടുകയും  പരസ്പരമുളള  ബന്ധം ശക്തിപ്പെടുത്തുക ആവശ്യമായി വന്നതാണ് മറ്റൊരു കാരണം. അതിനൊരു വേദി വേണം. ഐഎഎന്‍ജെ അത്തരമൊരു വേദിയായിരിക്കും.

നാട്ടുകാരും കൂട്ടകാരും എന്നതാണ് ഐഎഎന്‍ജെയുടെ ഫേസ് ബുക്ക് പേജ് തലക്കെട്ട് എന്ന് നന്ദി പറഞ്ഞ അലക്സ് മാത്യു ചൂണ്ടിക്കാട്ടി. സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ അതില്‍ തന്നെയുണ്ട്.

ന്യൂജഴ്സിയില്‍ ഒട്ടേറെ സംഘടനകള്‍ ഉണ്ടെങ്കിലും അവ ഭാഷയുടേയും മതത്തിന്‍േറയും രാഷ്ട്രീയത്തിന്‍േറയുമൊക്കെ ലേബലില്‍  ഭിന്നിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് കമ്മീഷണര്‍ സ്ഥാനമേറ്റശേഷം ആദ്യമായി പങ്കെടുക്കുന്ന പൊതു ചടങ്ങില്‍ ചിവുക്കുള പറഞ്ഞു. ഐഎഎന്‍ജെയ്ക്ക് പ്രവര്‍ത്തിക്കാനുളള അനുകൂല സാഹചര്യങ്ങള്‍ ന്യുജഴ്സിയിലുണ്ട്. സ്റ്റേറ്റില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യാ വര്‍ദ്ധന ഇന്ത്യന്‍ സമൂഹത്തിന്‍േറതാണ്. 8.5 ശതമാനം  പേര്‍  ഇന്ത്യകാരായുണ്ട്. അവരെ ഒന്നായി കണ്ട് പ്രവര്‍ത്തിക്കാനുളള ശ്രമം ശ്ലാഘനീയമാണ്.

മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗം ഇന്ത്യക്കാരനായിരിക്കുന്നതിലുളള അഭിമാനം വളര്‍ത്തുന്നതായിരുന്നു. ഇന്ത്യ ഉയര്‍ച്ച നേടുന്നു. ഇന്ത്യക്കാരായ നാമും ആ വിജയഗാഥയില്‍ പങ്കാളികളാകണം. സ്വാതന്ത്യ്രം കിട്ടിയിട്ട് കുറച്ചു ദശാബ്ദങ്ങളെ ആയുളളൂ എന്നതു കൊണ്ടു മാത്രമല്ല, 65 ശതമാനം ജനങ്ങളും 35 വയസില്‍ താഴെയുളളവരാണെന്നതുകൊണ്ടും ഇന്ത്യ ഒരു ഭയംഗ്നേഷന്‍ ആണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ യുവത്വം നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകണം.

ഇന്ത്യക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ മറ്റ് സമൂഹങ്ങളുമായുളള ബന്ധം വികസിപ്പിക്കാനും നമുക്ക് കഴിയണം. ഇപ്പോള്‍ സിവിക് 'എന്‍ഗേജ്മെന്റ് എന്നത് നമ്മുടെ സമൂഹത്തില്‍ കുറവാണ്. അതു മാറണം അദ്ദേഹം പറഞ്ഞു. ഗാന്ധിജി പൊതു നന്മയ്ക്കുവേണ്ടിയാണ് പ്രവര്‍ത്തിച്ചത്. മറ്റുളളവരുടെ നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ നമുക്കും ചുമതലയുണ്ട്. സ്വന്തം കാര്യവുമായി മാത്രം ഒതുങ്ങാന്‍ പാടില്ല.

ഗാന്ധിജിയുടെ പ്രസക്തിയേപ്പറ്റിയും പ്രധാനമന്ത്രി തുടങ്ങിവെച്ച 'ക്ലീന്‍ ഇന്ത്യ  പദ്ധതിയെപ്പറ്റിയും പ്രമുഖ ഭിഷഗ്വരനും ന്യൂസ്  ഇന്ത്യ ടൈംസ് പബ്ലീഷറുമായ പത്മശ്രീ ഡോ. സുധീര്‍ പരിഖ് സംസാരിച്ചു.

ആശയവിനിമയം ചെയ്യാനുളള പരിമിതികളാണ്  ഇന്ത്യന്‍ സമൂഹത്തെ പല തട്ടുകളിലാക്കിയിരിക്കുന്നതെന്ന് മാധ്യമ പ്രവര്‍ത്തനകനായ ജോര്‍ജ് ജോസഫ് പറഞ്ഞു. ആ സാഹചര്യത്തില്‍ എല്ലാവരേയും ഒരുമിച്ച് അണിനിരത്താനുളള ഏതൊരു ശ്രമവും ശ്ലാഘനീയമാണ്. അദ്ദേഹം സംഘടനക്ക് എല്ലാവിധ മംഗളങ്ങളും നേര്‍ന്നു.

ജേക്കബ് കുര്യാക്കോസ് വെസ്റ്റ്  ഓറഞ്ച് മേയറുടെ സന്ദേശം വായിച്ചു.

ന്യൂജഴ്സിയിലെ എല്ലാ ഇന്ത്യക്കാരെയും ഒരു കുടക്കീഴില്‍ അണിനിരത്തുക എന്ന ലക്ഷ്യബോധത്തോടെ സംഘടനാ ശക്തി ഏതെങ്കിലും ഒരു വിഭഗത്തിന്റേതല്ല, എല്ലാ ഇന്ത്യക്കാര്‍ക്കും ഒരു പോലെ പ്രാപ്യമാണ് എന്ന് വിളിച്ചോതിയാണ് ഐഎഎന്‍ജെ രൂപമെടുത്തത്. 'നാട്ടുകാരും കൂട്ടുകാരും എന്ന മുദ്രാവാക്യവുമായി. അമേരിക്കയിലെ പ്രൊഫഷണല്‍, സാംസ്കാരിക സംഘടനകളിലും മാധ്യമ പ്രസ്ഥാനങ്ങളിലും മികവ് തെളിയിച്ച ഒരുപറ്റം യുവനേതാക്കളാണ് ഈ പുതിയ സംഘടനയ്ക്ക് പിന്നില്‍. വിവിധ കഴിവുകളും വ്യത്യസ്ത കാഴ്ചപ്പാടുകളുമുളള, വേറിട്ട പശ്ചാത്തലങ്ങളില്‍ നിന്നു വരുന്ന, വിജയം മാത്രം ലക്ഷ്യമിടുന്ന, ഇന്ത്യയിലും അമേരിക്കയിലും വിവിധ സംഘടനകളെ ധീരമായി നയിച്ച് ജനസമ്മതി നേടിയവര്‍.

നേതൃത്വനിരയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ താഴെ പറയുന്നവരും ഉള്‍പ്പെടുന്നു. ജേക്കബ് കുര്യാക്കോസ്, ജയ്സണ്‍ അലക്സ്, പ്രകാശ് കരോട്ട്, ഡോ. ഷോണ്‍ ഡേവിസ്, റെജി ജോര്‍ജ്, റെജിമോന്‍ എബ്രഹാം, ജോസ് വിളയില്‍, ജയപ്രകാശ് (ജെപി) അലക്സ് മാത്യു, സോഫി വില്‍സണ്‍, സജി കീക്കാടന്‍, ജെയിംസ് തൂങ്കുഴി, സജി മാത്യു, പ്രഭു കുമാര്‍, വര്‍ഗീസ് മാഞ്ചേരി, അലക്സ് ജോര്‍ജ്, അബ്ദുളള സെയ്ത്.

ലോഗോ ഡിസൈന്‍ ചെയ്തത് വര്‍ഗീസ് മാഞ്ചേരി; വെബ്സൈറ്റ് ഡിസൈന്‍ പ്രഭു കുമാര്‍. വെബ്സൈറ്റ് (www.ianj.us ജോര്‍ജ് ജോസഫ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മനോജ് കൈപ്പളളി, സിജി ആനന്ദ് ടീം അവതരിപ്പിച്ച സംഗീത വിരുന്ന് അരങ്ങേറി. ടീമംഗങ്ങളെ ജയപ്രകാശ് പരിചയപ്പെടുത്തി. ഡിന്നറോടുകൂടി പരിപാടികള്‍ സമാപിച്ചു.

വേള്‍ഡ് മലയാളി കൌണ്‍സില്‍ സ്ഥാപക നേതാവ് ആന്‍ഡ്രൂ പാപ്പച്ചന്‍, കേരളാ കള്‍ച്ചറല്‍ ഫോറം പേട്രണ്‍ ടി. എസ്. ചാക്കോ, കാഞ്ച് ട്രസ്റ്റി ബോര്‍ഡ് ചെയറും  കരുണാ ചാരിറ്റീസ് പ്രസിഡന്റുമായ ഷീല ശ്രീകുമാര്‍, ടോം മാത്യൂസ്, എ. ടി. ജോണ്‍, കേരള കമ്യൂണിറ്റി സെന്റര്‍ പ്രസിഡന്റ് സാം ആലക്കാട്ടില്‍, ബിസിനസ്മാന്‍ എബ്രഹാം വര്‍ഗീസ്, ബീറ്റ്സ് ഓഫ് കേരളയുടെ ഗില്‍ബര്‍ട്ട് ജോര്‍ജ് കുട്ടി, ഡോ. ടി. വി. ജോണ്‍, കാഞ്ച് ട്രസ്റ്റി ബോര്‍ഡ് അംഗം. എ. സി. ജെയിംസ്, ഫാ. പോളി, ഫാ.  ബാബു തലേപ്പളളി തുടങ്ങിയവരും പങ്കെടുത്തു.

മാധ്യമ പ്രവര്‍ത്തകരായ റെജി ജോര്‍ജ്, സജി കീക്കാടന്‍, സുനില്‍ ട്രൈസ്റ്റാര്‍, രാജു പളളത്ത്, സജില്‍ ജോര്‍ജ്, ഷിജോ  പൌലോസ്, ഇല്യാസ് ഖുറേഷി തുടങ്ങിയവര്‍ പങ്കെടുത്തു.

ന്യൂജഴ്സിയിലെ ഇന്ത്യന്‍ വംശജരുടെ സംഘടനയെന്ന നിലയില്‍ ആശയങ്ങള്‍ പങ്കുവെയ്കുക. സാമ്പത്തികമായും പ്രൊഫഷണലായും അര്‍ഹതപ്പെട്ട മേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിന് സഹായ ഹസ്തം നീട്ടുക തുടങ്ങിയവ സംഘടന ലക്ഷ്യമിടുന്നു.

ഇന്ത്യന്‍ സംസ്കാരവും പാരമ്പര്യവും പ്രോത്സാഹിപ്പിക്കുന്ന സംഘടന അതേ സമയം തന്നെ അമേരിക്കന്‍ പൌരനെന്ന നിലയിലുളള ഉത്തരവാദിത്വവും പ്രധാന കടമയായി നിരവേറ്റാന്‍ പ്രോത്സാഹനം നല്‍കും.

ന്യൂജഴ്സിയിലെ ഇന്ത്യന്‍ സമൂഹത്തെ ഒന്നിപ്പിക്കുക, അമേരിക്കന്‍ പൊതുധാരയില്‍ അംഗീകരിക്കപ്പെടുന്നതിന് ഇന്ത്യന്‍ യുവതയ്ക്ക മികച്ചൊരു പ്ലാറ്റ് ഫോം ഒരുക്കിക്കൊടുക്കുക, ഇന്‍ഡോ അമേരിക്കന്‍ ബന്ധത്തെ പ്രോത്സാഹിപ്പിക്കുക, സംഘടനയിലെ അംഗങ്ങള്‍ക്ക് സമയബന്ധിതമായി ഒന്നിച്ച് ചേരുന്നതിന് സൌകര്യമൊരുക്കുക, അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ സംബന്ധിച്ച് പ്രധാനവും പരിഗണനയര്‍ഹിക്കുന്നതുമായ വിഷയങ്ങളില്‍ അംഗങ്ങള്‍ക്ക് അവബോധം ഉണ്ടാക്കുക, ന്യൂജഴ്സിയിലെ ഇന്ത്യന്‍ സമൂഹത്തിലെ പ്രൊഫഷണല്‍, കള്‍ച്ചറല്‍, സോഷ്യല്‍ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക, അമേരിക്കയിലെയും കാനഡയിലെയും ഇന്ത്യയിലെയും സമാനസ്വഭാവമുളള സംഘടനകളുമായി യോജിച്ച് പ്രവര്‍ത്തിക്കുക, ജന്മനാടുമായി ബന്ധം കാത്തു സൂക്ഷിക്കുക, നാടുമായി ചേര്‍ന്ന് പരസ്പരം പ്രയോജനപ്പെടുന്ന പ്രോഗ്രാമുകളിലും പ്രവര്‍ത്തനങ്ങളിലും പങ്കാളിയാകുക. അമേരിക്കന്‍ ജീവിതത്തില്‍ സഹായം ആവശ്യമുളള സംഘടനാ അംഗങ്ങള്‍ക്കോ, അമേരിക്കയിലെ മറ്റ് ഇന്ത്യാക്കാര്‍ക്കോ, താല്‍കാലിക സഹായം നല്‍കുക, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും ദുരന്തങ്ങളെ നേരിടുന്നവരുമായ ആളുകള്‍ക്കായി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, അമേരിക്കയിലും ഇന്ത്യയിലുമുളള ഗവണ്‍മെന്റ്, ഗവണ്‍മെന്റിതര അസോസിയേഷനുകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്കുക എന്നിവയാണ് സംഘടന ലക്ഷ്യമിടുന്നത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.