You are Here : Home / USA News

ആയിരങ്ങള്‍ സാക്ഷി; മാര്‍ ജോയ്‌ ആലപ്പാട്ട്‌ അഭിഷിക്തനായി

Text Size  

Story Dated: Sunday, September 28, 2014 08:26 hrs UTC

ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയ്‌ ആലപ്പാട്ട്‌ അഭിഷിക്തനായി. സഭയുടെ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ചടങ്ങുകളില്‍ മുഖ്യകാര്‍മികനായി.

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ നടന്ന ചടങ്ങുകളില്‍ ഷിക്കാഗോ ബിഷപ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌, ഇരിഞ്ഞാലക്കുട ബിഷപ്‌ മാര്‍ പോളി കണ്ണൂക്കാടന്‍ എന്നിവരും അമേരിക്കയിലെ സീറോ മലങ്കര, ലാറ്റിന്‍, ഉക്രെയിന്‍ സഭകളില്‍നിന്നുള്ള 12 ബിഷപ്പുമാരും ശശ്രൂഷകളില്‍ പങ്കെടുത്തു. അമേരിക്കന്‍ രൂപതകളില്‍നിന്നുള്ള പ്രതിനിധികള്‍, ഷിക്കാഗോ രൂപതയിലെ നൂറോളം വൈദികര്‍ എന്നിവരും ശുശ്രൂഷകളില്‍ പങ്കെടുത്തു. അമേരിക്കയിലെ വിവിധ പ്രദേശങ്ങളില്‍നിന്നെത്തിയ ആയിരക്കണക്കിനു വിശ്വാസികള്‍ ചടങ്ങുകള്‍ക്കു സാക്ഷ്യംവഹിച്ചു.

പാരീഷ്‌ ഹാളില്‍നിന്നു തിരുവസ്‌ത്രങ്ങള്‍ അണിഞ്ഞു കൊടിമരം ചുറ്റി പ്രദക്ഷിണമായി ദേവാലയത്തില്‍ പ്രവേശിച്ചതോടെയാണു തിരുകര്‍മങ്ങള്‍ തുടങ്ങിയത്‌. കോഴിക്കോട്‌ ബിഷപ്‌ ഡോ. വര്‍ഗീസ്‌ ചക്കാലയ്‌ക്കല്‍, മാര്‍ ജേക്കബ്‌ തൂങ്കുഴി, സീറോ മലബാര്‍ സഭ കൂരിയ ചാന്‍സലര്‍ ഫാ.ആന്റണി കൊള്ളന്നൂര്‍ തുടങ്ങിയവരും ചടങ്ങുകളില്‍ പങ്കെടുത്തു. ഫാ.സെബാസ്റ്റ്യന്‍ അരീക്കാട്ട്‌ മെത്രാഭിഷേക ചടങ്ങുകളില്‍ ആര്‍ച്ച്‌ഡീക്കനായിരുന്നു. ഷിക്കാഗോ രൂപതാ ചാന്‍സലര്‍ ഫാ.സെബാസ്റ്റ്യന്‍ വേത്താനത്ത്‌ മാര്‍പാപ്പയുടെ ഡിക്രി വായിച്ചു.

നാലായിരം പേര്‍ക്ക്‌ ഇരുന്ന്‌ തിരുകര്‍മങ്ങള്‍ വീക്ഷിക്കാനും വാഹന പാര്‍ക്കിംഗിനുമുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു. വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും തയാറാക്കിയിരുന്നു. ജനറല്‍ കണ്‍വീനര്‍ ഫാ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍, ജനറല്‍ കോര്‍ഡിനേറ്റര്‍ ജോസ്‌ ചാമക്കാല എന്നിവരുടെ നേതൃത്വത്തില്‍ നാല്‍പ്പതോളം കമ്മറ്റികളാണ്‌ ചടങ്ങുകളുടെ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ചത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.