You are Here : Home / USA News

മാര്‍ ജോയി ആലപ്പാട്ട്‌- ആത്മീയമൂല്യങ്ങളുടെ അക്ഷയഖനി

Text Size  

Story Dated: Saturday, September 27, 2014 09:54 hrs UTC

ഷിക്കാഗോ: അമേരിക്കന്‍ പ്രവാസി സീറോ മലബാര്‍ കത്തോലിക്കരുടെ ഇടയിലെ തപോചൈതന്യമുള്ള സാന്നിധ്യമാണ്‌ മാര്‍ ജോയി ആലപ്പാട്ട്‌. വശ്യമായ ചെറുപുഞ്ചിരിയാലും കാരുണ്യമുള്ള കണ്ണുകളാലും സൗമ്യ ചലനങ്ങളാലും സര്‍വ്വഗ്രാഹിയായ അദ്ദേഹം അമേരിക്കന്‍ പ്രവാസി കത്തോലിക്കരുടെ ഇടയില്‍ ഷിക്കാഗോ സീറോ മലബാര്‍ രൂപതയ്‌ക്കുള്ളില്‍ തിരിനാളം പോലെ നിന്ന ഈ അമ്പത്തഞ്ചുകാരന്‍ ഇനി ഭാരതസഭയുടെ അഥവാ കേരള സഭയുടെ മെത്രാന്‍ സംഘത്തിലും പ്രകാശബിന്ദുവായി മാറുകയാണ്‌. സൗമ്യമെങ്കിലും ഉറപ്പേറിയ ആ ശബ്‌ദം മെത്രാന്‍മാരുടെ കൂട്ടായ്‌മയില്‍ ഉയരുമ്പോള്‍ അതു മാനവികതയുടെ സംരക്ഷണത്തിനും പുരോഗതിക്കും വേണ്ടിയാകുമെന്നത്‌ ഉറപ്പ്‌. ജീവിതത്തെ മാറ്റിമറിച്ച അദ്ദേഹത്തിന്റെ ദൈവവിളിയുടെ മേല്‍ ദൈവം തുടര്‍ച്ചയായി കൃപയ്‌ക്കുമേല്‍ കൃപ ചൊരിഞ്ഞ നാളുകള്‍ ഏറെയാണ്‌.


പൗരോഹിത്യ ശുശ്രൂഷയില്‍ നിന്നും മേല്‍പ്പട്ടക്കാരന്റെ അജപാലന ശുശ്രൂഷാ പദവിയിലേക്ക്‌ ഉയര്‍ത്തപ്പെട്ട മാര്‍ ജോയി ആലപ്പാട്ട്‌ അജപാലനമെന്നാല്‍ ആത്മീയ നേതൃത്വം മാത്രമല്ല സാമൂഹികമായ ദൗത്യവും ബിഷപ്പുമാര്‍ക്കുണ്ടെന്നും വിശ്വസിക്കുന്ന ഒരു ഇടയനാണ്‌.


സമുദ്രത്തിലെ ഓരോ തുള്ളി വെള്ളവും സമുദ്രംതന്നെയാണ്‌. താന്‍ സമുദ്രം തന്നെയാണ്‌ എന്ന തുള്ളിവെള്ളത്തിന്റെ തിരിച്ചറിവാണ്‌ ഈശ്വരസാക്ഷാത്‌കാരം. കാരിരുമ്പിന്റെ കരുത്തുള്ള മാംസപേശിയും, ആര്‍ക്കും തടയാന്‍ കഴിയാത്ത മഹത്തായ ഇച്ഛാശക്തിയുമാണ്‌ ഒരു ക്രൈസ്‌തവനെ സംബന്ധിച്ച്‌ അവന്റെ വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഉണ്ടായിരിക്കേണ്ടത്‌ എന്നു നമ്മെ പഠിപ്പിക്കുന്ന കര്‍മ്മയോഗിയാണ്‌ മാര്‍ ജോയി ആലപ്പാട്ട്‌.

അലസരായി കഴിയുന്ന യുവാക്കള്‍ക്കുനേരെ കൈചൂണ്ടി അദ്ദേഹം പറയുന്നു: എന്റെ ചുണക്കുട്ടികളെ നിങ്ങള്‍ അപാരസാധ്യതകളുടെ ജന്മവും, വലിയ കാര്യങ്ങള്‍ ചെയ്യുവാന്‍ പിറന്നവരുമാണെന്ന വിശ്വാസം നിങ്ങളില്‍ ഉണ്ടാകണം. നായ്‌കുട്ടികളുടെ കുര കേട്ട്‌ ഭയപ്പെടരുത്‌. ഇടിത്തീ വീണാല്‍ പോലും ഭയപ്പെടരുത്‌. എഴുന്നേല്‍ക്കൂ ! പ്രവര്‍ത്തിക്കൂ! നല്ല പ്രേക്ഷിതരാകൂ! എന്ന്‌ അദ്ദേഹം ആഹ്വാനം ചെയ്യുന്നു.

ഭരണപരമായ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുക എന്ന ശൈലിക്കപ്പുറം ശുശ്രൂഷയുടെ മാര്‍ഗ്ഗത്തില്‍ സഭയുടെ പ്രവര്‍ത്തനങ്ങളെ ജനങ്ങളിലെത്തിക്കുക എന്ന ശൈലിക്കു പ്രാധാന്യം നല്‍കുവാന്‍ ശ്രദ്ധിക്കുക എന്നതാണ്‌ കൂടുതല്‍ കരണീയമെന്ന്‌ മാര്‍ ആലപ്പാട്ട്‌ പിതാവ്‌ വിശ്വസിക്കുന്നു.

വൈരുദ്ധ്യങ്ങളെ സമന്വയിപ്പിക്കുന്ന അദ്ദേഹം ഐക്യത്തിന്റെ വക്താവ്‌കൂടിയാണ്‌. അദ്ദേഹത്തിന്റെ ജീവിതപ്രമാണം നാലു വാക്കുകളില്‍ സംഗ്രഹിക്കാം. സത്യം, സ്‌നേഹം, ജീവകാരുണ്യം, സേവനം. സത്യത്തിന്റേയും ജീവകാരുണ്യത്തിന്റേയും സംവാദത്തില്‍ ഊന്നിയുള്ള സേവനമാണ്‌ തന്റെ ജീവിതപ്രമാണമെന്നു വ്യക്തമാക്കിയ അദ്ദേഹം അത്‌ വിശദീകരിക്കുക ഇങ്ങനെ: സത്യവും സ്‌നേഹവും കൈമാറുന്നതാണ്‌ ജീവിതമെന്ന ആശയവിനിമയം. ദൈവം എന്നാല്‍ സത്യത്തിന്റേയും സ്‌നേഹത്തിന്റേയും ഭാഷണമാണ്‌. ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാനായ മാര്‍ ജോയി ആലപ്പാട്ടിന്റെ വാക്കുകള്‍ കൃത്യമാണ്‌, വ്യക്തവുമാണ്‌.

വ്യക്തതയും കൃത്യതയും വാക്കുകളില്‍ മാത്രമായി ഒതുങ്ങുന്നില്ല. പെരുമാറ്റത്തിലുമുണ്ട്‌. മിക്കപ്പോഴും ചെറു പുഞ്ചിരിയും മറ്റു ചലപ്പോള്‍ പൂവിടര്‍ന്നതുപോലെ നിറഞ്ഞ ചിരിയും അദ്ദേഹത്തിലേക്ക്‌ ആളുകളെ ആകര്‍ഷിക്കുന്നു.

എന്നും നിലപാടുകളും അഭിപ്രായങ്ങളും വ്യക്തമാക്കുമ്പോഴും മറ്റുള്ളവര്‍ക്ക്‌ പറയാനെന്ത്‌ എന്നു ശ്രദ്ധിക്കുന്നത്‌ അദ്ദേഹത്തിനു ശീലമാണ്‌. സാഹചര്യത്തിനൊത്ത്‌ തന്റെ ശീലങ്ങള്‍ മാറ്റാന്‍ മടിയില്ലതാനും. സഭാ വിശ്വാസികളുടേയും പൊതു സമൂഹത്തിന്റേയും സമഗ്ര വളര്‍ച്ചയ്‌ക്കായി മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കുന്നവരാകണം ബിഷപ്പുമാര്‍ എന്ന്‌ ഉറച്ചു വിശ്വസിക്കുന്ന മാര്‍ ജോയി ആലപ്പാട്ട്‌ പറയുന്നു. അങ്ങനെ മുന്നിട്ടിറങ്ങുമ്പോള്‍ എതിര്‍പ്പുകളും പ്രതിബന്ധങ്ങളും ഉണ്ടാകാം. സഭാ മക്കളെ വിമര്‍ശിച്ച്‌ പുറംതള്ളാതെ ആരെയും മാറ്റിനിര്‍ത്താതെ എല്ലാവരേയും ഒരുമിച്ച്‌ നിര്‍ത്തി ഒറ്റക്കെട്ടായി അത്മായ സമൂഹത്തെ മുന്നോട്ടു നയിക്കേണ്ട വലിയ ഉത്തരവാദിത്വം തന്റെ അജപാലനത്തിന്റെ ഒരു കാതലായ ഭാഗമെന്നു മനസിലാക്കുന്ന ഒരു സര്‍വ്വഗ്രാഹിയാണ്‌ മാര്‍ ജോയി ആലപ്പാട്ട്‌. മറ്റൊരുവന്‍ വലുതാകുമ്പോള്‍ നമ്മള്‍ സ്വയം വളരുന്നു. പരസ്‌പരം അംഗീകരിക്കുവാനുള്ള ഒരു ത്വര നമ്മിലുണ്ടാകണം. സഹവര്‍ത്തിത്വത്തിന്റെ മനോഭാവം വളര്‍ത്തണം. ഒരു മേല്‍പ്പട്ടക്കാരനെന്ന നിലയില്‍ എത്തിപ്പെടാവുന്നിടത്തെല്ലാം എത്തുകയും, ചെയ്യാവുന്ന ശുശ്രൂഷകളെല്ലാം ചെയ്യുക എന്നതിലാണ്‌ താന്‍ ഊന്നല്‍ കൊടുക്കുന്നത്‌.

സഭയുടെ പൈതൃകവും പാരമ്പര്യവും സംരക്ഷിക്കുക. മതബോധന പരിശീലനത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ കൈവിടാതിരിക്കുക. എന്നാല്‍ കാലത്തിനൊത്തുള്ള മാറ്റങ്ങള്‍ തീര്‍ച്ചയായും കൈക്കൊള്ളുക. പുതിയ തലമുറയ്‌ക്ക്‌ വിശ്വാസ സത്യങ്ങള്‍ ഹൃദ്യമാകുന്ന വിധത്തില്‍ ഫലപ്രദമായ ആശയവിനിമയം നടത്തുന്നതിനു വേദിയൊരുക്കുക എന്നിങ്ങനെയുള്ള സഭയുടെ ബഹുമുഖ ലക്ഷ്യങ്ങളുടെ സാക്ഷാത്‌കാരമാണ്‌ മാര്‍ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണ വേളയുടെ ഈ അവസരത്തില്‍ മനസ്സില്‍ തങ്ങിനില്‌ക്കുന്നത്‌. തന്നില്‍ ഭരമേല്‍പിക്കപ്പെടുന്ന ഉത്തരവാദിത്വങ്ങളുടെ നിര്‍വ്വഹണവേളയില്‍ ഒന്നും ഒരിഞ്ചുപോലും പിഴവ്‌ പറ്റാത്തവിധം നിര്‍വഹിക്കണം എന്ന നിര്‍ബന്ധവും ഒപ്പം കൂടെയുണ്ട്‌.

തീരുമാനങ്ങളില്‍ ഉറച്ച ബോധ്യമുള്ള മാര്‍ ജോയി ആലപ്പാട്ട്‌ പിതാവ്‌ പറയുന്നു. മറ്റുള്ളവര്‍ അറച്ചു നില്‍ക്കുന്നിടത്ത്‌ ഉറച്ച കാല്‍വെയ്‌പുകളോടെ തനിക്ക്‌ മുന്നോട്ടു പോകുവാന്‍ സാധിക്കും എന്ന്‌.

സഭയ്‌ക്ക്‌ രാഷ്‌ട്രീയമുണ്ടെന്നും അതു കക്ഷിരാഷ്‌ട്രീയമല്ലെന്നും പാര്‍ശ്വവത്‌കരിക്കപ്പെട്ടവരേയും വേദനിക്കുന്നവരേയും, തെരുവിലേക്ക്‌ വലിച്ചെറിയപ്പെടുന്നവരേയും സംരക്ഷിക്കുന്നതാണെന്നുള്ള ഒരു നിലപാടാണ്‌ മാര്‍ ആലപ്പാട്ട്‌ പിതാവിനുള്ളത്‌. സഭയെ അന്ധമായി എതിര്‍ക്കുന്നവര്‍ സഭയെക്കുറിച്ച്‌ ആദ്യം അറിയണം എന്നുള്ള അദ്ദേഹത്തിന്റെ ആഹ്വാനം സഭയിലൂടെ വര്‍ഷിക്കപ്പെടുന്ന നന്മകളെ കാണാന്‍ സാധിക്കാത്തവര്‍ക്കുള്ള മുന്നറിയിപ്പാണ്‌.

മാര്‍ ജോയി ആലപ്പാട്ടിന്‌ ഒരു ഭാവമേയുള്ളൂ. അത്‌ എല്ലാറ്റിനേയും ഉള്‍ക്കൊള്ളുന്ന സര്‍വ്വശ്ശേഷിയായ മഹനീയ പിതൃഭാവം. ക്രൈസ്‌തവ ജീവിതം ഒരു ജീവിതശൈലിയാണ്‌. വൈവിധ്യങ്ങളിലെ ഏകതയിലേയ്‌ക്കും ഒരുമയുടെ കാഴ്‌ചപ്പാടിലേക്കും നയിക്കുന്ന ജീവിത ശൈലിയാണ്‌ ക്രൈസ്‌തവജീവിതം. വിശ്വാസത്തില്‍ അടിയുറച്ച ഒരു വിനീതമായ ജീവിതത്തിലേക്കാണ്‌ ഓരോ ക്രൈസ്‌തവനും വിളിക്കപ്പെട്ടിരിക്കുന്നത്‌. ക്രൈസ്‌തവജീവിതമെന്നത്‌ ഒരു ജീവിതശൈലിയാണെങ്കില്‍ അത്‌ മിശിഹായുടെ ജീവിതശൈലിയാണ്‌. സഭ ഒരു മാര്‍ഗ്ഗമാണ്‌. അത്‌ ഒരു ദര്‍ശനത്തിന്റെ ഭാഗമായ ശൈലിയാണ്‌. സഹനത്തിലൂടെ ജീവിത വിജയത്തിലേക്ക്‌ നയിക്കുന്ന ഒരു മുദ്രയാണ്‌ കുരിശ്‌. ഹൃദയ നൈര്‍മല്യത്തിന്റെ സമൃദ്ധിയാലാണ്‌ ആ വിജയം കരഗതമാകുന്നത്‌. നമ്മേ മലിനമാക്കുന്നവയില്‍ നിന്നും അകന്നിരിക്കുന്നതാണ്‌ ഹൃദയനൈര്‍മല്യം. സന്തോഷമുള്ളപ്പോഴാണ്‌ സമൃദ്ധിക്ക്‌ അര്‍ത്ഥം കൈവരുന്നത്‌. സമൃദ്ധിക്കുവേണ്ടിയുള്ള നെട്ടോട്ടത്തില്‍ നമ്മുടെ സ്വന്തം സന്തോഷം നഷ്‌ടപ്പെടാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന്‌ മാര്‍ ജോയി ആലപ്പാട്ട്‌ അഹ്വാനം ചെയ്യുന്നു.

മാര്‍ ആലപ്പാട്ട്‌ പിതാവിന്റെ ഈ സ്ഥാനകയറ്റം തന്റെ എളിമയ്‌ക്കുമേല്‍ സ്വര്‍ണ്ണ മുടി വെച്ചതുപോലെയാണ്‌. ഒരു പരിചയവുമില്ലാത്ത ഒരാളെ കാണുമ്പോള്‍ ദീര്‍ഘനാളത്തെ സൗഹൃദമുള്ള ഒരാളെപ്പോലെ അത്രയധികം സ്‌നേഹവും വാത്സല്യവും കാണിക്കുന്ന അസാധാരണ വ്യക്തിത്വം. എളിയവരോടുളള സ്‌നേഹവും കാരുണ്യവും കൊണ്ടാണ്‌ മാര്‍ ആലപ്പാട്ട്‌ പിതാവ്‌ ക്രിസ്‌തുവിന്റെ കാല്‍പ്പാടുകള്‍ പിന്തുടരുന്നത്‌. ഒരു വൈദീകനെന്ന നിലയില്‍ ക്രിസ്‌തുവിനുവേണ്ടി വാഴിക്കപ്പെട്ട ജീവിതമാണത്‌. എപ്പോഴും സ്‌നേഹത്തിന്റെ പരിമളമുള്ള പതിഞ്ഞ വാക്കുകള്‍. നിറഞ്ഞ സ്‌നേഹത്തോടും വാത്സല്യത്തോടും കൂടി ഏവരേയും എപ്പോഴും സ്വീകരിക്കുന്ന ആതിഥേയന്‍ എന്നിങ്ങനെ നിരവധി ഗുണങ്ങളുടേയും ആത്മീയമൂല്യങ്ങളുടേയും അക്ഷയഖനിയായ മാര്‍ ജോയി ആലപ്പാട്ടിന്‌ ആത്മീയ വരദാനങ്ങളാലും പരിശുദ്ധത്മ ശക്തിയാലും തന്റെ അജപാലന ദൗത്യങ്ങള്‍ നിര്‍വഹിക്കുന്നതിനാവശ്യമായ എല്ലാ ദൈവാനുഗ്രഹങ്ങളും ആയുരാരോഗ്യവും എക്കാലവും സര്‍വ്വശക്തനായ ദൈവം പ്രദാനം ചെയ്യട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.

ആന്റണി ഫ്രാന്‍സീസ്‌ വടക്കേവീട്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.