You are Here : Home / USA News

പ്രവാസി മലയാളി ഫെഡറേഷന്‍ പ്രഫഷണല്‍ ഫോറം നിലവില്‍ വന്നു

Text Size  

Story Dated: Monday, September 22, 2014 11:02 hrs UTC

 
പ്രവാസി മലയാളി ഫെഡറേഷന്‍ പ്രഫഷണല്‍ ഫോറം: എന്ത്? എന്തിന്? എന്തുകൊണ്ട്?
 
തലവാചകം കാണുമ്പോള്‍ നിരൂപിക്കുക മറ്റൊരു മലയാളി ജാഡ എന്നാവും! അതിനു നിങ്ങളെ തെറ്റു പറയാനാവില്ല, മുമ്പു കണ്ടതും കണ്ടുകൊണ്ടിരിക്കുന്നതും മറ്റൊന്നല്ലല്ലോ. എന്തായാലും, ആ നിസംഗത ഒരു പ്രചോദനമാക്കിക്കൊണ്ടാണ് പ്രവാസി മലയാളി ഫെഡറേഷന്റെ (പി.എം.എഫ്) പ്രഫഷണല്‍ ഫോറം നിലവില്‍ വരുന്നത്.
 
23 ലക്ഷം വരുന്ന പ്രവാസികള്‍ ഒരു സംസ്ഥാനത്തിന്റെ സാമ്പത്തിക ശേഷിയിലും, ജീവിത നിലവാരത്തിലും നിര്‍ണായകമാവുക എന്നത് മറ്റൊരു ഇന്ത്യന്‍ സംസ്ഥാനത്തിനും എടുത്തുകാട്ടാനാവാത്ത സത്യമാണ്. ഉന്നത വിദ്യാഭ്യാസവും തൊഴില്‍ വൈദഗ്ദ്യവും ഉണ്ടായിട്ടും സാമൂഹിക സാഹചര്യങ്ങളാല്‍ പ്രവാസികളാകാന്‍ വിധിക്കപ്പെട്ട ഒരു ജനസമൂഹത്തിന്റെ ഹൃദയത്തുടിപ്പുകള്‍ ഒരു പൊതുധാരാ പ്രസ്ഥാനത്തിന്റെ കുടക്കീഴില്‍ കൊണ്ടുവരികയും, അതിന്റെ ഗുണഫലങ്ങള്‍ കേരളത്തില്‍ പ്രതിധ്വനിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഞങ്ങള്‍ നിറവേറ്റുവാന്‍ ആഗ്രഹിക്കുന്നത്.
 
കണ്ടതും കേട്ടതും അനുഭവിച്ചറിഞ്ഞതും നേടിയെടുത്തതുമായ അറിവുകളും കഴിവുകളും ലോക മലയാളി സമൂഹത്തിന്റെ സമഗ്രവികസനത്തിനും, വികാസത്തിനുമായി പ്രയോജനപ്പെടുത്തുക എന്ന ഉദ്ദേശ ലക്ഷ്യങ്ങളും പി.എം.എഫ് പ്രഫഷണല്‍ ഫോറം ഇതിലൂടെ മുന്നോട്ട് വയ്ക്കുന്നു. 
 
ഇന്ത്യ ഇന്ന് സമഗ്രമായ മാറ്റത്തിന്റെ വക്കിലാണ്. രാഷ്ട്രീയരംഗത്തായാലും, സാമൂഹിക സാമ്പത്തിക രംഗങ്ങളിലായാലും ഈ മാറ്റം പ്രകടമാണ്. സാങ്കേതിക വൈദഗ്ദ്യം ഉള്ളവരുടെ സ്വാധീനം ഇന്ത്യയുടെ പുതിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ ദര്‍ശിക്കാവുന്നതാണ്. ആ സ്വാധീനം മലയാളക്കരയിലെ ബിസിനസ്, ആരോഗ്യ മേഖലകളില്‍ പ്രകടമല്ല. നമ്മുടെ ഭരണ നേതൃത്വത്തിന്റെ കെടുകാര്യസ്ഥതയാണ് ഇതിന് കാരണം.
 
പൊട്ടിപ്പൊളിഞ്ഞ റോഡുകളും, പരാന്നഭോജികളായ രാഷ്ട്രീയ വര്‍ഗവും, ഗുണ്ടായിസവും, ജാതി രാഷ്ട്രീയവും അടിസ്ഥാനമാക്കിയ സാമുദായിക ശക്തികളും, വര്‍ഗ സമരത്തിന്റെ മറവില്‍ തൊഴില്‍ രംഗം കുട്ടിച്ചോറാക്കിയ വിപ്ളവ പാര്‍ട്ടികളും നിറഞ്ഞ നമ്മുടെ സംസ്ഥാനത്ത് പ്രവാസിയുടെ വിയര്‍പ്പ് പ്രയോജനരഹിതമായി, സംസ്ഥാനത്തിലെ അവശതയനുഭവിക്കുന്നവരുടെ കണ്ണുനീര്‍ തുള്ളികളായി മാറുന്നുവെന്നത്; നാട്ടില്‍ സ്വന്തമായി വീടുള്ള, ഒരു തുണ്ടു ഭൂമിയുള്ള, ഓരോ പ്രവാസിയും അനുഭവിച്ചറിയുന്ന വസ്തുതയാണ്. ഇത്തരം സാഹചര്യങ്ങള്‍ക്കു മുമ്പില്‍ ദീര്‍ഘനിശ്വാസങ്ങള്‍ വിട്ട് കൈയ്യുംകെട്ടി നില്‍ക്കാതെ അക്ഷീണം പൊരുതുവാനും, ശാക്തീകരിക്കുവാനുമുള്ള ഒരു വേദിയാണ് പി.എം.എഫ് പ്രഫഷണല്‍ ഫോറത്തിലൂടെ ഒരുക്കുന്നത്. 
 
വരും നാളുകളില്‍ ആരോഗ്യപരമായ ചര്‍ച്ചകളിലൂടെ, മാധ്യമങ്ങളിലൂടെ, പ്രാദേശിക സമ്മേളനങ്ങളിലൂടെ, ഓരോ രംഗത്തുമുള്ള വിദഗ്ദ്ധരെ സംഘടിപ്പിക്കുന്നതോടൊപ്പം ഗവണ്മെന്റുകള്‍ക്കു മുമ്പില്‍ ഒരു മാറ്റത്തിന്റെ ശംഖൊലി മുഴക്കുവാനും പി.എം.എഫ് നിങ്ങളെ സജ്ജരാക്കുന്നതാണ്.
 
ആരോഗ്യ ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവരാകട്ടെ, ഗള്‍ഫില്‍ പൊരിവെയിലത്തു തൊഴിലെടുക്കുന്ന അസംഘടിത തൊഴിലാളികളാകട്ടെ മാന്യമായ തൊഴില്‍ സംസ്കാരം സൃഷ്ടിക്കുന്നതിനും, തൊഴില്‍ പരിശീലനവും, സാങ്കേതിക ഉപദേശങ്ങളും നല്‍കുന്നതിനും,  വിദ്യാഭ്യാസ, വ്യവസായിക, രാഷ്ട്രീയ പരിഷ്കാരങ്ങള്‍ക്കുമായി പി.എം.എഫ് പ്രഫഷണല്‍ ഫോറം മുന്‍കൈ എടുക്കുകയാണ്. ഈ സംഘടനയുമായി കൈകോര്‍ക്കുമ്പോള്‍ നിലവിലുള്ള ചൂഷിത വ്യവസ്ഥിതിക്കെതിരെയുള്ള മുന്നേറ്റത്തില്‍ നിങ്ങള്‍ ഭാഗഭാക്കാവുകയാണ്.
 
പി.എം.എഫ് പ്രഫഷണല്‍ ഫോറം ഓരോ മേഖലക്കും ഉതകുന്ന വ്യക്തികളെ കണ്ടെത്തി സമഗ്ര സാമൂഹിക വ്യാവസായിക രാഷ്ട്രീയ പുനര്‍നിര്‍മാണത്തിനായി കര്‍മപരിപാടികള്‍ ആവിഷ്കരിച്ചു വരുന്നു.
 
ഈ ബഹുജന മുന്നേറ്റത്തിലൂടെ നമ്മുടെ വിയര്‍പ്പിന്റെ ഫലം പാഴാക്കാതെ, പ്രവാസികളര്‍ഹിക്കുന്ന ജീവിത നിലവാരവും അംഗീകാരവും സ്വന്തം ജന്മനാട്ടില്‍ ഉറപ്പുവരുത്തുവാന്‍ പി.എം.എഫ് പ്രഫഷണല്‍ ഫോറം സഹായകരമാകുന്നു. കൂടാതെ, നിങ്ങളൂടെ കര്‍മഭൂമിയിലൊ, കുടിയേറ്റ ഭൂമിയിലൊ അര്‍ഹപ്പെട്ട രാഷ്ട്രീയ സാമൂഹിക മുന്നേറ്റത്തിനായി പി.എം.എഫ് പ്രഫഷണല്‍ ഫോറം ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തന മേഖലകള്‍ സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
 
നിലവിലുള്ള പ്രാദേശിക പ്രവാസി സംഘടനകള്‍ നിങ്ങളെ നിരാശപ്പെടുത്തിയെങ്കില്‍ അതിനു കാരണം ആ സംഘടനകളില്‍ അന്തര്‍ലീനമായ ബലഹീനതകള്‍ ഒന്നുകൊണ്ട് മാത്രമാണ്. ആ കുറവുകളെ പരിഹരിച്ചുകൊണ്ട് പുത്തന്‍ തലമുറയുടെ ആശയങ്ങളെയും അഭിലാഷങ്ങളെയും ഉള്‍ക്കൊള്ളുന്ന, എന്നാല്‍ വ്യക്തമായ ഫലം കാലാകാലങ്ങളില്‍ നിങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ കഴിയുന്ന ഒരു സംഘടനക്കു കീഴില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാണെങ്കില്‍ ഇതാ ആ സമയം സമാഗതമായിരിക്കുന്നു. 
 
വ്യക്തമായ പദ്ധതികള്‍ക്കും, കര്‍മപരിപാടികള്‍ക്കുമായി പി.എം.എഫ് പ്രഫഷണല്‍ ഫോറത്തില്‍ അണിചേരുക, ആശയ പ്രചാരകരാകുക... അഭിവാദ്യങ്ങള്‍! 
 
പ്രത്യാശയോടെ 
സിറിയക് സ്‌കറിയ
ഫോണ്‍: 830-279-2933
ഇ-മെയില്‍: cysvee@gmail.com
പി.എം.എഫ് പ്രഷണല്‍ ഫോറം ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.