You are Here : Home / USA News

വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്‍റ്‌ മേരീസ്‌ പള്ളിയില്‍ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും സമാപിച്ചു

Text Size  

Story Dated: Wednesday, September 17, 2014 09:44 hrs UTC

  - വര്‍ഗീസ്‌ പ്ലാമൂട്ടില്‍
 
 
 
 
 
ന്യൂയോര്‍ക്ക്‌: വൈറ്റ്‌പ്ലെയിന്‍സ്‌ സെന്‍റ്‌മേരീസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സിറിയന്‍ പള്ളിയില്‍ എല്ലാ വര്‍ഷവുംനടത്തിവരാറുള്ള ദൈവമാതാവിന്‍െറ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും കണ്‍വന്‍ഷനും 2014 ഓഗസ്റ്റ്‌ 30ാം തീയതി ശനിയാഴ്‌ച മുതല്‍ സെപ്‌റ്റംബര്‍ 6ാം തീയതി ശനിയാഴ്‌ചവരെ ഭക്ത്യാദരപൂര്‍വ്വം നടത്തപ്പെട്ടു.
 
പെരുന്നാള്‍ ദിനമായ സെപ്‌റ്റംബര്‍ ആറാം തീയതി ശനിയാഴ്‌ച പ്രഭാതപ്രാര്‍ത്ഥനയെത്തുടര്‍ന്ന്‌ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനമെത്രാപ്പോലീത്താ അഭി. സഖറിയാ മാര്‍ നിക്കളാവോസ്‌ തിരുമേനിയുടെ കാര്‍മ്മികത്വത്തിലും റവ. ഫാ. എന്‍. കെ. ഇട്ടന്‍ പിള്ള, റവ. ഫാ. പൗലോസ്‌ പീറ്റര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലും നടത്തപ്പെട്ട വിശുദ്ധ കുര്‍ബ്ബാന, പ്രദക്ഷിണം, ആശീര്‍വ്വാദം നേര്‍ച്ചവിളമ്പ്‌ സ്‌നേഹവിരുന്ന്‌ എന്നിവ ഉണ്ടായിരുന്നു. വിശുദ്ധ കുര്‍ബ്ബാനമധ്യെ അഭിവന്ദ്യ തിരുമേനി നടത്തിയ പ്രസംഗത്തില്‍ ദൈവപുത്രനായ ക്രിസ്‌തുവിനെ അഭി. സഖറിയാ മാര്‍ നിക്കൊളോവാസ്‌ മെത്രാപ്പോലീത്ത ലോകത്തിനു നല്‍കുവാന്‍ തക്കവണ്ണം സ്വയം താഴ്‌ത്തി ദൈവഹിതത്തിനു വിധേയപ്പെട്ട കന്യകമറിയാമിനെപ്പോലെ മാതാവിന്‍െറ നാമത്തിലുള്ള നോമ്പിലും വ്രതാനുഷ്‌ഠാനങ്ങളിലും പങ്കെടുക്കുന്നവരും യേശുക്രിസ്‌തുവിന്‍െറ ശരീരരക്തങ്ങളുടെ നിരന്തരമായ അനുഭവമാകുന്ന വിശുദ്ധബലിയില്‍ സംബന്ധിക്കുന്നവരുമായ വിശ്വാസികള്‍ തങ്ങളുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തി ആത്മീയതയുടെ ഉന്നത പടവുകള്‍ ചവിട്ടി ക്രിസ്‌തുവിനെ ലോകത്തിന്‌ സമര്‍പ്പിക്കുന്നവരാകണമെന്ന്‌്‌ ഉദ്‌ബോധിപ്പിച്ചു. അങ്ങനെയുള്ള ഒരു രൂപാന്തരത്തിന്‌ എട്ടുദിവസത്തെ നോമ്പാചരണം സഹായകമായിട്ടുണ്ടോ എന്ന്‌ ആത്മപരിശോധന നടത്തണമെന്നും തിരുമേനി ആഹ്വാനം ചെയ്‌തു.
 
ഓഗസ്റ്റ്‌ 31-ന്‌ ശനിയാഴ്‌ച മുതല്‍ എല്ലാ ദിവസവും പ്രഭാതപ്രാര്‍ത്ഥന, വിശുദ്ധ കുര്‍ബ്ബാന, സന്ധ്യാ പ്രാര്‍ത്ഥന, വനശുശ്രൂഷ എന്നിവയുണ്ടായിരുന്നു. റവ. ഫാ. പൗലോസ്‌ പീറ്റര്‍, റവ. ഫാ. ദിലിപ്‌ ചെറിയാന്‍, റവ. ഫാ. ജോജി ഏബ്രഹാം, റവ. ഫാ. ടെന്നി തോമസ്‌, റവ. ഫാ. സുജിത്‌ തോമസ്‌ എന്നിവരായിരുന്നു ധ്യാന പ്രസംഗങ്ങള്‍ നടത്തിയത്‌. ദൈവ മാതാവിന്‍െറ ജനനപ്പെരുന്നാളിലും അതിന്‍െറ ഭാഗമായി നടന്ന എട്ടുദിവസത്തെ നോമ്പാചരണത്തിലും ധ്യാന പ്രസംഗങ്ങളിലും ഇടവകയിലെയും സഹോദരീ ദേവാലയങ്ങളിലെയും ധാരാളം വിശ്വാസികള്‍ പങ്കെടുത്ത്‌ അനുഗ്രഹം പ്രാപിച്ചു. ഇടവക വികാരി റവ. ഫാ. പൗലോസ്‌ പീറ്റര്‍, സെക്രട്ടറി ജോണി ജോസഫ്‌, ട്രഷറര്‍ മര്‍ക്കോസ്‌ മത്തായി, കമ്മിറ്റിയംഗങ്ങള്‍, പെരുന്നാള്‍ സ്‌പോണ്‍സര്‍ ചെയ്‌തവര്‍ എന്നിവര്‍ പെരുന്നാളിനും എട്ടുനോമ്പാചരണത്തിനും നേതൃത്വം കൊടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.