You are Here : Home / USA News

പരിശുദ്ധ കാതോലിക്കാ ബാവാ ഹൂസ്റ്റണ്‍ സന്ദര്‍ശിക്കുന്നു

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Tuesday, September 16, 2014 12:08 hrs UTC


 
ഹൂസ്റ്റണ്‍ . മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി  സഭ പരമാദ്ധ്യക്ഷന്‍ പൌരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഹൂസ്റ്റണ്‍ സന്ദര്‍ശിക്കുന്നു. അമേരിക്കയിലെ സഭയുടെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് പരിശുദ്ധ കാതോലിക്കാ ബാവ ഹൂസ്റ്റണ്‍ സന്ദര്‍ശിക്കുന്നത്. സെപ്റ്റംബര്‍ 19 -ാം തിയതി വെളളിയാഴ്ച വൈകിട്ട് ആറ് മണിക്ക് ഹൂസ്റ്റണ്‍ ബുഷ് ഇന്റര്‍ കോണ്ടിനെന്റല്‍ എയര്‍പോര്‍ട്ടില്‍  എത്തുന്ന പരിശുദ്ധ കാതോലിക്കാ ബാവയെ സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അലക്സിയോസ് മാര്‍ യൌസേബിയോസ് വൈദീകരും അല്‍മായ നേതാക്കളും ചേര്‍ന്ന് സ്വീകരിക്കും. എയര്‍പോര്‍ട്ടിലെ സ്വീകരണത്തിനുശേഷം ബ്രീസിലിയിലുളള ഭദ്രാസന ആസ്ഥാനമായ ഊര്‍ശ്ലേം അരമനയിലേക്ക് ആനയിക്കും. അവിടെയെത്തുന്ന പരിശുദ്ധ കാതോലിക്കാ ബാവയെ വിശ്വാസികള്‍ ആദരപൂര്‍വ്വം സ്വീകരിക്കും. തുടര്‍ന്ന് പരിശുദ്ധ ബാവയുടെ നേതൃത്വത്തില്‍ സന്ധ്യാ നമസ്കാരം നടത്തും.

20 ന് ശനിയാഴ്ച രാവിലെ ഏഴ് മണിക്ക് പരിശുദ്ധ കാതോലിക്കാ ബാവയുടെ പ്രധാന കാര്‍മ്മീകത്വത്തില്‍ അരമന ചാപ്പലില്‍ വിശുദ്ധ കുര്‍ബാന നടത്തും. ഒന്‍പത് മണിക്ക് കാതോലിക്ക ദിന പരിപാടിയില്‍ സംബന്ധിക്കും. അന്ന് വൈകിട്ട് 7 മണിക്ക് ഹൂസ്റ്റണ്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തിലെത്തുന്ന പരിശുദ്ധ കാതോലിക്കാ ബാവ സന്ധ്യാ നമസ്കാരത്തിന് നേതൃത്വം നല്‍കും. 21 ന് ഞായറാഴ്ച രാവിലെ എട്ട് മണിക്ക്  ഹൂസ്റ്റണ്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. അന്ന് വൈകിട്ട് ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ കല്ലിടീല്‍ കര്‍മ്മം നിര്‍വ്വഹിക്കും. 22 ന് ഹൂസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ സന്ധ്യാ നമസ്കാരം നടത്തുകയും എക്യുമെനിക്കല്‍ സ്വീകരണത്തില്‍ പങ്കെടുക്കുകയും ചെയ്യുന്ന പരിശുദ്ധ കാതോലിക്കാ ബാവ 23 ന് രാവിലെ ഹൂസ്റ്റണില്‍ നിന്ന് ഡിട്രോയ്റ്റിലേക്ക് പോകും.

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ ആദ്യ ഹൂസ്റ്റണ്‍ സന്ദര്‍ശനമാണിത്. പരിശുദ്ധ കാതോലിക്ക ബാവയുടെ ഹൂസ്റ്റണ്‍ സന്ദര്‍ശനത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നതായി ഭദ്രാസന പിആര്‍ഒ കുരുവിള വര്‍ഗീസ് മലയാളി പ്രസ് കൌണ്‍സിലിനെ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.