You are Here : Home / USA News

ഫൊക്കാനയുടെ വാഗ്ദ്ധാനമായ ലൈസി അലക്സിനു യോങ്കെഴ്സിൽ സ്വീകരണം

Text Size  

Story Dated: Wednesday, July 30, 2014 10:45 hrs UTC

- തോമസ്‌ കൂവള്ളൂർ

 

ഇക്കഴിഞ്ഞ ജൂലൈ 4,5,6 തിയതികളിൽ ചിക്കാഗോയിലെ ഒ'ഹയർ ഹയറ്റ് റീജൻസിയിൽ വച്ചു നടത്തിയ 16 - മത് ഫൊക്കാനാ നാഷണൽ കണ്‍വെൻഷനിൽ ഏറ്റവും കൂടുതൽ തിളങ്ങി ശോഭിച്ച വനിതാ താരമായ ലൈസി അലക്സ്‌, ഫൊക്കാനയുടെ 2014 -16 വർഷത്തേക്കുള്ള നാഷണൽ കമ്മിറ്റിയിലേക്ക് യോങ്കെഴ്സിലെ ഇന്ത്യൻ-അമേരിക്കൻ മലയാളി കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച്‌ മത്സരിക്കുകയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയും ഉണ്ടായി എന്നുള്ളത് ഇന്ത്യൻ-അമേരിക്കൻ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കെഴ്സിനെ (ഐ. എ. എം. സി. വൈ) സംബന്ധിച്ചിടത്തോളം ഏറ്റവും അഭിമാനകരമായ ഒരു സംഭവമാണ്.

 

അക്കാരണത്താൽ തന്നെ ജൂലൈ 15-നു വൈകിട്ട് 7 മണിക്ക് ഐ. എ. എം. സി. വൈ യുടെ ആഭിമുഖ്യത്തിൽ യോങ്കെഴ്സിലെ ഇൻഡോ-അമേരിക്കൻ യോഗ ഇൻസ്റ്റിറ്റ്യുട്ടിൽ വച്ചു ലൈസി അലക്സിനു ഹൃദ്യമായ ഒരു സ്വീകരണം നൽകുകയുണ്ടായി. പ്രസ്തുത യോഗത്തിൽ ഫോമാ, ഫൊക്കാനാ എന്നിവയുടെ നാഷണൽ കണ്‍വൻഷനുകളിൽ കേരളത്തിൽ നിന്നും പ്രത്യേകം ക്ഷണിക്കപ്പെട്ടു വന്നിരുന്ന വിശിഷ്ടാതിഥിയും, പബ്ളിക് സർവീസ് കമ്മീഷന്റെ ഡയറെക്ടർമാരിൽ ഒരാളുമായ ശ്രീമതി. സിമ്മി റോസ്ബൽ, ഫൊക്കാനാ നാഷണൽ ട്രെഷററായി തിരഞ്ഞെടുക്കപ്പെട്ട ജോയ് ഇട്ടൽ, ഫൊക്കാനയുടെ കമ്മിറ്റി മെമ്പറായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട എം. കെ. മാത്യൂസ്‌, മുൻ തൊടുപുഴ പഞ്ചായത്ത് മെമ്പറായിരുന്ന ശ്രീമതി. മോളി ജോണ്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

 

പ്രാർത്ഥനയോടെ ആരംഭിച്ച പ്രസ്തുത യോഗത്തിൽ ഐ. എ. എം. സി. വൈ പ്രസിഡന്റ്‌ തോമസ്‌ കൂവള്ളൂർ വിശിഷ്ടാതിഥികൾക്ക്‌ സ്വാഗതം ആശംസിക്കുകയും, ലൈസി അലക്സിന്റെ വിജയം അമേരിക്കയിലെ മൊത്തം മലയാളി സമൂഹത്തിനും, പ്രത്യേകിച്ച് വനിതാ വിഭാഗത്തിന് മുതൽകൂട്ടായിരിക്കുമെന്നും, ലൈസിയെപ്പോലെ കർമ്മരംഗത്ത് ചുറുചുറുക്കോടെ പ്രവർത്തിക്കുന്ന പ്രവർത്തനശേഷിയുള്ളവരെയാണ് അമേരിക്കൻ മലയാളി സമൂഹത്തിനു ആവശ്യമെന്നും പറയുകയുണ്ടായി. "ജസ്റ്റിസ്‌ ഫോർ ഓൾ" എന്ന സംഘടനയുടെ ചെയർമാൻ കൂടിയായ അദ്ദേഹം, ലൈസി അലക്സ്‌ ന്യൂജേഴ്സിയിൽ ജയിലിൽ കഴിയുന്ന ആകാശ് ദലാൽ എന്ന ചെറുപ്പക്കാരന് നീതി ലഭിക്കുന്നതിനുവേണ്ടി ന്യൂജേഴ്സി ഗവർണറുടെ ഓഫീസിനു മുൻപിൽ പ്രകടനം നടത്തുന്നതിന് കഴിഞ്ഞ മെയ്‌ 14 നു തന്നോടൊപ്പം സധൈര്യം പോയ കാര്യം ഓർമ്മിപ്പിച്ചു. തുടർന്ന് ശ്രീമതി. സിമ്മി റോസ്ബൽ തന്റെ ആശംസാ പ്രസംഗത്തിൽ ഫൊക്കാനയുടെ തുടക്കം മുതൽ അവസാനം വരെ എല്ലാ രംഗങ്ങളിലും ഓടി നടന്നു പ്രവർത്തിച്ചു മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും, ഒരു താരത്തെപ്പോലെ തിളങ്ങി ശോഭിച്ച ലൈസി അലക്സ്‌, ഭാവിയിൽ ഫൊക്കാനയുടെ പ്രസിഡന്റ്‌ പദവിയിൽ വരെ എത്തിച്ചേരാൻ യോഗ്യതയുള്ള വ്യക്തിയാണെന്ന് പറയുകയും എല്ലാ വിധ ആശംസകളും നൽകുകയുമുണ്ടായി. ലൈസിയെപ്പോലെ കാര്യക്ഷമതയുള്ള ഒരു വനിതാ മെമ്പറെ ഫൊക്കാനാ നാഷണൽ കമ്മിറ്റിയിലേക്ക് കടന്നു ചെലലാൻ വേദിയൊരുക്കിയ ഇന്ത്യൻ-അമേരിക്കൻ മലയാളി കമ്മ്യൂണിറ്റിയുടെ ഭാരവാഹികളെ ഫൊക്കാനാ നാഷണൽ ട്രെഷററായി തിരഞ്ഞെടുക്കപ്പെട്ട ജോയ് ഇട്ടൽ പ്രത്യേകം പ്രശംസിക്കുകയും, ലൈസിയെപ്പോലെയുള്ളവർ ഫൊക്കാനയെ പുതിയൊരു പന്ഥാവിലേക്ക് നയിക്കാൻ പര്യാപ്തമായി തീരുമെന്നു അഭിപ്രായപ്പെടുകയും ചെയ്തു. പ്രവാസി മലയാളി ഫെഡറെഷൻ വിമൻസ് ഫോറത്തിന്റെ ഗ്ളോബൽ കോർഡിനേറ്റർ, സീറോ മലബാർ കാത്തലിക് കോണ്‍ഗ്രസിന്റെ നാഷണൽ ട്രസ്റ്റി ബോർഡ്‌ വൈസ് ചെയർമാൻ, ഫൊക്കാനാ വിമൻസ് ഫോറം സെക്രട്ടറി, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യുട്ട് ഓഫ്‌ മെഡിക്കൽ സയൻസ് അലുംനിയുടെ സെക്രട്ടറി ഹഡ്സണ്‍ വാലി, മലയാളി അസോസിയേഷന്റെ മുൻ സെക്രട്ടറി, വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചു പരിചയമുള്ള ശ്രീമതി. ലൈസീ അലക്സ്‌, അറിയപ്പെടുന്ന ഒരു സംഘാടകയും, കലാരംഗത്തും ആതുരസേവന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഒരു അതുല്യ പ്രതിഭയാണ്.

 

താൻ ഏറ്റെടുക്കുന്ന ചുമതലകൾ തികഞ്ഞ അർപ്പണബോധത്തോടെ വിജയിപ്പിക്കാനുള്ള ലൈസീ അലക്സിന്റെ കഴിവുകൾക്ക് മകുടോദാഹരണങ്ങളാണ് 2014 ഫൊക്കാനാ കണ്‍വെൻഷനിൽ അരങ്ങേറിയ മലയാളി മങ്ക, മിസ്സ്‌. ഫൊക്കാനാ മത്സരങ്ങളും, ന്യൂയോർക്കിലെ റീജിയണ്‍ൽ കണ്‍വെൻഷന്റെ വിജയവും. ന്യൂയോർക്കിൽ സ്ഥിരതാമസമാക്കിയ ലൈസീ, ഓർമ്മ നാഷണൽ ട്രഷറർ, ഇന്ത്യ കാത്തലിക് അസോസിയേഷൻ ഓഫ്‌ അമേരിക്കയുടെ ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്ന ശ്രീ. അലക്സ് തോമസ്‌ മുരിക്കനാനിയുടെ ഭാര്യയും, അലോഷ് അലക്സ്, ആഷിത അലക്സ് എന്നിവരുടെ മാതാവുമാണ്. ലൈസീ അലക്സിന്റെ സേവനം ഫോക്കാനായ്ക്ക് ഒരു മുതൽക്കൂട്ടായിരിക്കുമെന്നു ഫൊക്കാനാ പ്രസിഡന്റ്‌ ശ്രീ. ജോണ്‍ പി. ജോണ്‍, ട്രസ്റ്റി ബോർഡ്‌ ചെയർമാൻ ശ്രീ. പോൾ കറുകപള്ളിൽ, മുൻ പ്രസിഡന്റ്‌ ശ്രീമതി. മറിയാമ്മ പിള്ള , സെക്രട്ടറി ശ്രീ. വിനോദ് കേയാർ കെ., മുൻ സെക്രട്ടറി ശ്രീ, ടെറൻസണ്‍ തോമസ്‌, ന്യൂയോർക്ക് റീജിയണൽ വൈസ് പ്രസിഡന്റ്‌ ഡോ. ജോസ് കാനാട്ട്, ഫൊക്കാനാ വിമൻസ് ഫോറം നാഷണൽ കോർഡിനേറ്റർ ശ്രീമതി. ലീലാ മാരേട്ട് എന്നിവര് പ്രത്യേക സന്ദേശങ്ങളിലൂടെ അറിയിക്കുകയുണ്ടായി. ഐ. എ. എം. സി. വൈ യുടെ ട്രഷറർ ജോർജ്കുട്ടി ഉമ്മൻ, ബോർഡ്‌ ചെയർമാൻ ജോർജ് ഉമ്മൻ, വൈസ് പ്രസിഡന്റ്‌ ഇട്ടൻ ജോർജ് പടിയേടത്ത്‌ എന്നിവര് ലൈസീ അലക്സിനു എല്ലാവിധ ഭാവുകങ്ങളും നേരുകയുണ്ടായി. സെക്രട്ടറി എം. കെ. മാത്യൂസ്‌, ലൈസീ അലക്സ് ഫൊക്കാനയുടെ ഭാവി വാഗ്ദാനമായി തീരട്ടെ എന്ന് ആശംസിക്കുകയും, എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയുമുണ്ടായി. 9 മണിയോടെ യോഗം പര്യവസാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.