You are Here : Home / USA News

ഉദ്ദേശശുദ്ധിയും പ്രര്‍ത്ഥനയും അജപാലകരുടെ ആയുധങ്ങള്‍: റവ.ഡോ. മാണി പുതിയിടം

Text Size  

Story Dated: Wednesday, June 25, 2014 08:32 hrs UTC

  

ഷിക്കാഗോ: ഉദ്ദേശശുദ്ധിയും പ്രര്‍ത്ഥനയും അജപാലകരുടെ മുഖ്യ ആയുധങ്ങളായിരിക്കണമെന്ന്‌ ചങ്ങനാശേരി അതിരൂപതാ വികാരി ജനറാള്‍ റവ.ഡോ. മാണി പുതിയിടം ഉദ്‌ബോധിപ്പിച്ചു. ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ജൂണ്‍ 16 മുതല്‍ 19 വരെ തീയതികളില്‍ നടന്ന വൈദീക-സന്യസ്‌ത വാര്‍ഷിക ധ്യാനത്തില്‍ സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസി സമൂഹത്തിന്റെ മധ്യേയുള്ള അജപാലന ശുശ്രൂഷകള്‍ വെല്ലുവിളി ഉണര്‍ത്തുന്നതാണ്‌. എന്നാല്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സ്വാര്‍ത്ഥത ഇല്ലാതിരിക്കുകയും ദൈവ മഹത്വവും ദൈവജനത്തിന്റെ നന്മയും മാത്രം ലക്ഷ്യം വെയ്‌ക്കുകയും ചെയ്‌താല്‍ എല്ലാ പ്രതിസന്ധികളേയും അതിജീവിക്കാന്‍ നമുക്ക്‌ സാധിക്കും. നിയോഗശുദ്ധിയാണ്‌ കര്‍മ്മബലം, നിയോഗശുദ്ധി ഇല്ലായ്‌മ ദൗര്‍ബല്യമാണ്‌. ജനങ്ങള്‍ നന്മ ആഗ്രഹിക്കുന്നവരാണ്‌. ദൈവമാണ്‌ എല്ലാ നന്മകളുടേയും അടിസ്ഥാനം. ജനങ്ങള്‍ക്ക്‌ നന്മ നല്‍കുക എന്നതാണ്‌ അജപാലന ശുശ്രൂഷയുടെ കാതല്‍.

പ്രാര്‍ത്ഥനയാണ്‌ പ്രവാസി ജീവിതത്തിന്റെ താങ്ങും തണലും. വൈദീകരും സന്യസ്‌തരും ആത്മായരും പ്രാര്‍ത്ഥനയില്‍ കരങ്ങള്‍ ചേര്‍ക്കുന്നിടത്ത്‌ ദൈവം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും. നമ്മുടെ അസ്‌തിത്വം ദൈവകൃപയുടെ നിറവാണെന്ന സത്യം മനസിലാക്കി, നമ്മിലെ കഴിവുകളും സാധ്യതകളും ദൈവരാജ്യനിര്‍മ്മാണത്തിനായി വിനിയോഗിക്കണം. വിശുദ്ധ കുര്‍ബാന അര്‍പ്പണത്തില്‍ കേന്ദ്രീകൃതമായ ആദ്ധ്യാത്മിക ജീവിതത്തിന്‌ പ്രധാന്യം നല്‍കുന്ന ആരാധനാ സമൂഹത്തിന്‌ രൂപം കൊടുക്കുവാന്‍ ബഹു. വൈദീകരും സന്യസ്‌തരും സജ്ജരാകണമെന്ന്‌ ബഹു. മാണിയച്ചന്‍ തന്റെ വചനസന്ദേശത്തില്‍ അടിവരയിട്ടു പറഞ്ഞു.

വാര്‍ഷിക ധ്യാനത്തില്‍ 58 വൈദീകരും 28 സിസ്റ്റേഴ്‌സും പങ്കെടുത്തു. ധ്യാന ദിവസങ്ങളില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാന അര്‍പ്പണത്തില്‍ എല്ലാ വൈദീകരും സഹകാര്‍മികരായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.