You are Here : Home / USA News

ആത്മീയജ്ഞാനത്തിലൂടെ ഭീകരവാദം ഇല്ലാതാക്കാം : ഗുരുദേവ് ശ്രീശ്രീരവിശങ്കര്‍

Text Size  

Story Dated: Monday, May 06, 2019 01:50 hrs UTC

ശ്രീരാജ് കടയ്ക്കല്‍
 
കോട്ടയം :  'ജീവിതത്തെക്കുറിച്ച് വിശാലമായ കാഴ്ച്ചപ്പാടുണ്ടാവുകയും വര്‍ഗ്ഗം, മതം , ദേശീയത എന്നിവയെക്കാള്‍ വലുതാണ് ജീവനെന്ന് തിരിച്ചറിയുകയും  ചെയ്യുമ്പോള്‍ ഭീകരവാദം ഇല്ലാതാകും. തീവ്രവാദികളെല്ലാം നല്ല മനുഷ്യരാണ്. അവരുടെ മനസ്സിനാണ് രോഗം പിടിപെട്ടിരിക്കുന്നത്.   ചികിത്സ നല്‍കേണ്ടത്  അവരുടെ മനസ്സിനാണ്'- ഗുരുദേവ്  ശ്രീശ്രീരവിശങ്കര്‍ജി പറഞ്ഞു 
 
വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുനാമധേയയത്തിലുള്ള ദേവാലയങ്ങളില്‍ പൗരാണികതയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ഭാരതത്തിലെ  ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കോട്ടയം പുതുപ്പളളി പള്ളി വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ പെരുന്നാളിനോടനുബന്ധിച്ച് നടന്ന സാംസ്‌കാരികസമ്മേളനത്തില്‍ സംസാരിക്കുകയായിരിക്കുന്നു അദ്ദേഹം.
 
പെരുന്നാളിനോടനുബന്ധിച്ച് എല്ലാവര്‍ഷവും  നല്‍കിവരുന്ന ''ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ്ജ് അവാര്‍ഡ് ''  ഈ വര്‍ഷം  ജീവനകലയുടെ ആത്മീയാചാര്യന്‍ ഗുരുദേവ് ശ്രീശ്രീരവിശങ്കര്‍ജിക്ക്  കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍  ഡോ . തോമസ് മാര്‍ അത്താനാസിയോസ് സമര്‍പ്പിക്കുകയും ഊഷ്മളമായ വരവേല്‍പ്പ് നല്‍കുകയുമുണ്ടായി .
 
'സംഘര്‍ഷരഹിത സമൂഹസൃഷ്ടി എന്ന ലക്ഷ്യവുമായി മനുഷ്യനെ ജീവിക്കാന്‍ പഠിപ്പിക്കുന്ന  മഹാനായ വ്യക്തിയാണ് ഗുരുദേവ് ശ്രീശ്രീരവിശങ്കര്‍ജി'യെന്ന് അവാര്‍ഡ് സമര്‍പ്പണച്ചടങ്ങില്‍  ഡോ .  തോമസ് മാര്‍ അത്താനാസിയോസ് വ്യക്തമാക്കി 
 
'ഭൗതിക തലത്തില്‍ മാത്രമല്ല സാംസ്‌കാരികവും  സാമ്പത്തികവുമായ രംഗങ്ങളിലും ഭീകരവാദം ഉണ്ടാകും ,ഇതിനെ ചെറുക്കാന്‍ തീവ്രവാദികളെ  പിടികൂടിയ ശേഷം അവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുകയും നേര്‍വഴിക്കു നടത്താന്‍ സഹായിക്കുകയുമാണ് വേണ്ടത് . വിശ്വാസവും പ്രാര്‍ത്ഥനയും ഭീകരസംഭവം സൃഷിട്ടിക്കുന്ന ആഘാതത്തില്‍നിന്നും മോചനം ലഭിക്കാന്‍ സഹായിക്കും,' ഗുരുദേവ് തന്റെ പ്രസംഗത്തില്‍  ആവര്‍ത്തിച്ചു .
 
 'ഭാരതീയ സംസ്‌ക്കാരത്തിന്റെ പ്രതീകമാണ് ഗുരുദേവ് ശ്രീശ്രീരവിശങ്കര്‍ജി''യെന്ന്  ഗുരുദേവ് ശ്രീശ്രീ രവിശങ്കര്‍ജിയെ പൊന്നാടയണിയിച്ചു കൊണ്ട് 
എ ഐ സി സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പറഞ്ഞു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.