You are Here : Home / USA News

"നന്മ" ദേശീയ ദ്വിദിന കണ്‍‌വന്‍ഷന്‍ സമാപിച്ചു

Text Size  

Story Dated: Friday, May 03, 2019 12:54 hrs UTC

മൊയ്തീന്‍ പുത്തന്‍ചിറ
 
ടൊറന്റോ (കാനഡ): നോര്‍ത്ത് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷന്റെ (നന്മ) രണ്ടാമത് ദേശീയ ദ്വിദിന കണ്‍വന്‍ഷന്‍  ടൊറന്റോയിലെ മിസ്സിസാഗയില്‍ ഏപ്രില്‍ 27 ന് സമാപിച്ചു. 
 
അമേരിക്കയിലെയും കാനഡയിലെയും വിവിധ മുസ്ലിം മലയാളി കൂട്ടായ്മകളെ ബന്ധിപ്പിക്കുന്നു എന്നതാണ് 'നന്മ'യുടെ പ്രധാന പ്രത്യേകത. അമേരിക്ക, കാനഡ, ഇന്ത്യ എന്നീ മൂന്ന് രാജ്യങ്ങളിലെ ദേശീയ ഗാനങ്ങള്‍ കുട്ടികള്‍ ആലപിച്ചതോടെ സമാപന ചടങ്ങുകള്‍ക്ക് ആരംഭമായി. നന്മ ഡയറക്ടര്‍ ബോര്‍ഡ് അംഗം യാസ്മിന്‍ മര്‍ച്ചന്റ് സ്വാഗതമാശംസിച്ച ചടങ്ങില്‍ നിയമജ്ഞനും, പ്രശസ്ത പ്രഭാഷകനുമായ ഫൈസല്‍ കുട്ടി, മുന്‍ ഒന്റാറിയോ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷണര്‍ റാബിയ ഖാദര്‍  എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. 'നന്മ' പ്രസിഡന്റ് യു.എ. നസീര്‍ അദ്ധ്യക്ഷ പ്രസംഗം നടത്തി. തുടര്‍ന്ന് നന്മ ട്രസ്റ്റീ കൗണ്‍സില്‍ ചെയര്‍മാന്‍ സമദ് പൊന്നേരി, റഷീദ് മുഹമ്മദ്, ഷാജി മുക്കത്ത്, അഹമ്മദ് ഷിബിലി, ഷഹീന്‍ അബ്ദുല്‍ ജബ്ബാര്‍, സജീബ് കോയ, മുഹമ്മദ് സലീം, യാസ്മിന്‍ അമീനുദ്ദീന്‍, തസ്ലീം കാസിം, അജിത് കാരെടുത്ത്, അബ്ദുല്‍ റഹ്മാന്‍, ഷിഹാബ് സീനത്ത് എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.
 
'നന്മ' കാനഡ ലോഞ്ച്, 'നന്മ' ഇയര്‍ ബുക്ക് പ്രകാശനം, 'നന്മ' ആപ്പ് ലോഞ്ച് എന്നിവ ചടങ്ങിന്റെ ഭാഗമായി വേദിയില്‍ നടന്നു. മിസ്സിസാഗ കേരള അസ്സോസിയേഷന്‍ പ്രസിഡന്റ് പ്രസാദ് നായര്‍ ആശംസയര്‍പ്പിച്ചു. ഷേക് അഹമ്മദ് കുട്ടി മാനവ മോചനത്തിന്നായി പ്രാര്‍ത്ഥിച്ചു. നവാസ് യൂനുസ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം നന്ദി രേഖപ്പെടുത്തി. കൂടാതെ, വേറിട്ട വ്യക്തിത്വങ്ങളെ ആദരിക്കുന്ന ചടങ്ങിന് സദസ്സ് സാക്ഷ്യം വഹിച്ചു. 
 
പ്രളയക്കെടുതിയില്‍ മികച്ച രീതിയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതുള്‍പ്പടെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നോര്‍ത്ത് അമേരിക്കയില്‍ സാമൂഹ്യ സേവന രംഗത്ത് സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ 'നന്മ' യുടെ വിവിധ ഭാരവാഹികളെ സദസ്സില്‍ ആദരിച്ചു. ഭക്ഷണത്തിന് ശേഷം കുട്ടികളുടെ വര്‍ണാഭമായ കലാപരിപാടികള്‍ ചടങ്ങിന് മാറ്റു കൂട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.