You are Here : Home / USA News

ഫൊക്കാന ഭവനം പദ്ധതിക്കു ഉജ്വല തുടക്കം

Text Size  

Story Dated: Thursday, April 25, 2019 01:33 hrs UTC

ഫ്രാന്‍സിസ് തടത്തില്‍
 
 
 
ന്യൂജേഴ്‌സി: സംസ്ഥാന സര്‍ക്കാരിന്റെ ഭവനം ഫൗണ്ടേഷനുമായി സഹകരിച്ചുകൊണ്ട് ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക ( ഫൊക്കാന) നടപ്പാക്കുന്ന ഫൊക്കാന ഭവനം  പ്രോജക്ടട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു വന്‍ പുരോഗതി കൈവരിച്ചതായി ഫൊക്കാന ഭവനം  പ്രോജക്ടട്ടിന്റെ കോര്‍ഡിനേറ്റര്‍ സജിമോന്‍ ആന്റണി. കേരളത്തിലെ ഭവന രഹിതരായ തോട്ടം തൊഴിലാളികള്‍ക്ക് വേണ്ടി വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ കേരളസര്‍ക്കാരുമായി 2019 ജനുവരിയിലാണ് ഫൊക്കാന ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയുടെ ഭാഗമായുള്ള ഭവനം ഫൗണ്ടേഷനുമായാണ് മഹാപ്രളയത്തില്‍ വീട് നഷ്ട്ടപ്പെട്ട 100 പേര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നതിനു സഹകരിക്കാന്‍ ഫൊക്കാന ധാരണാപത്രത്തില്‍ ഒപ്പുവച്ചത്, 2019 ജനുവരി 30,31 തീയതികളില്‍ തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ഫൊക്കാന കേരള കോണ്‍വെന്‍ഷനില്‍ വച്ച് ഈ പദ്ധതിയുടെ ഉദ്ഘാടനം നര്‍വഹിച്ചിരുന്നു. അന്നു തന്നെ 10 വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ചെക്ക്  സര്‍ക്കാരിനു കൈമാറിയിരുന്നു.  
 
 ആദ്യ ഘട്ടത്തില്‍ 100 വീടുകള്‍ നിര്‍മ്മിക്കാനാണ് ഫൊക്കാന ലക്ഷ്യമിടുന്നത്. 2019 അവസാനത്തോടെ 100 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ ആരംഭിച്ച വീടുകളുടെ നിര്‍മ്മാണം വന്‍ പുരോഗതിയിലാണെന്നും സജിമോന്‍ ആന്റണി അറ്റ്‌ലാന്റിക് സിറ്റിയിലെ ബാലിസ് കാസിനോസ് ആന്‍ഡ് റിസോര്‍ട്‌സില്‍ നടന്ന കണ്‍വെന്‍ഷന്‍ അവലോകന യോഗത്തില്‍ പറഞ്ഞു. 100 വീട് എന്ന ലക്ഷ്യം കൈവരിച്ചാല്‍ ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാഴികകല്ലായി മാറും ഈ പദ്ധതി, അമേരിക്കയിലെ ഇതര മലയാളി സംഘടനകള്‍ക്കും സംഘടനകളുടെ സംഘടനകള്‍ക്കും കൈവരിക്കാന്‍ കഴിയാത്ത നേട്ടമായിരിക്കും ഇത്. ഫൊക്കാന പ്രസിഡണ്ട് മാധവന്‍ നായര്‍ കേരളത്തില്‍ ദിവസങ്ങളോളം ചെലവഴിച്ചാണ് ഈ പദ്ധതിക്ക് അന്തിമ രൂപം നല്‍കുന്നത്. സെക്രട്ടറി ടോമി കൊക്കാടിന്റെയും അസ്സോസിയേറ്റ് ട്രഷറര്‍ പ്രവീണ്‍ തോമസിന്റെയും ഊറ്റ പിന്തുണയാണ് ഈ പദ്ധതി ദ്രുതഗതിയില്‍ പുരോഗമിക്കുന്നതെന്നും സജിമോന്‍ ആന്റണി പറഞ്ഞു.
 
രണ്ടു മുറി, ഹാള്‍, അടുക്കള, ഒരു ബാത്ത് റൂം എന്നീ സൗകര്യങ്ങളുള്ള 400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടാണ് ഭവനം പദ്ധതി പ്രകാരം കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള തോട്ടം തൊഴിലാളികള്‍ക്ക് നിര്‍മ്മിച്ചു നല്‍കുന്നത്. ഒരു 4.75 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതിയിലേക്ക് സഹകരിക്കുന്നവര്‍ നല്‍കേണ്ടത്  വെറും 1100 ഡോളര്‍ ആണ്. ബാക്കി തുക ഫൊക്കാന ഭവനം പദ്ധതി കേരള സര്‍ക്കാരിന്റെ ഭവനം ഫൗണ്ടേഷനുമായി സഹകരിച്ചു  ക്രമീകരിക്കും. വെറും 1100 ഡോളര്‍ നല്‍കിയാല്‍ കേരളത്തിലെ ഭവനരഹിതരായ ഒരു തോട്ടം തൊഴിലാളിക്കെങ്കിലും വീട് നിര്‍മ്മിച്ച് നല്കാന്‍ കഴിയും. 
 
fokana എന്ന പേരില്‍  അയക്കേണ്ട ചെക്കുകളുടെ മെമ്മോയില്‍ ഭവനം പ്രോജക്ടട്ട് എന്നും രേഖപ്പെടുത്തണം. ഈ പദ്ധതിയിലേക്ക് ഭാഗഭാക്കാകുന്നവരെ അറ്റ്‌ലാന്റിക് സിറ്റിയിലെ ബാലിസ് കാസിനോസ് ആന്‍ഡ് റിസോര്‍ട്‌സില്‍ 2020 ല്‍ നടക്കുന്ന ഫൊക്കാനയുടെ അന്താരാഷ്ട്ര കണ്‍വെന്‍ഷനില്‍ ആദരിക്കുന്നതാണ്. ഇവര്‍ക്ക് ഫൊക്കാന കണ്‍വെന്‍ഷനില്‍ വച്ച്  ബഹുമതി പത്രവും ഫലകവും നല്‍കി ആദരിക്കുമെന്നും സജിമോന്‍ ആന്റണി പറഞ്ഞു. നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ ദാനത്തില്‍ പങ്കെടുക്കുവാനുള്ള അവസരവും ഫൊക്കാന ഒരുക്കുന്നതാണ്.അഞ്ചോ അതിലധികമോ വീടുകള്‍ നിര്‍മ്മിക്കാന്‍ മെഗാ സ്‌പോണ്‍സര്‍ഷിപ്പിനു തയാറാകുന്ന വ്യക്തികള്‍ക്കും  സംഘടനകള്‍ക്കും കണ്‍വെന്‍ഷനില്‍ വച്ച്  പ്രത്യേക അംഗീകാരവും ആദരവും നല്‍കുന്നതാണ്.  ഏറ്റവും കൂടുതല്‍ വീടുകള്‍ക്ക്  സ്‌പോണ്‍സര്‍ഷിപ് നല്‍കൂന്ന വ്യക്തിക്കോ സംഘടനക്കോ പ്രത്യേക പുരസ്‌ക്കാരവും നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ട്.
 
കഴിഞ്ഞ മഹാപ്രളയകാലത്തു വണ്ടിപ്പെരിയാര്‍ ഉള്‍പ്പെടെ കേരളത്തിലങ്ങോളമിങ്ങോളം നിരവധി തോട്ടം തൊഴിലാളികള്‍ക്ക് ഭവനം നഷ്ട്ടമായിരുന്നു. മുല്ലപ്പെരിയാറില്‍ മാത്രം 200 ലേറെ വീടുകള്‍ കുത്തിയൊലിച്ചു വന്ന വെള്ളത്തില്‍ ഒഴുകിപ്പോയി. മുല്ലപ്പെരിയാര്‍ ഡാം തുറന്നതിനെ തുടര്‍ന്നായിരുന്നു ഈ ദുരന്തം. ആരും കാണാതെ പോകുന്ന ഇവരുടെ ദുരിതത്തിന് പരിഹാരം കാണാനാണ് ഫൊക്കാന ഇത്തരമൊരു തീരുമാനമെടുത്തത്.
 
സര്‍ക്കാരിന്റെ ഈ പദ്ധതിയില്‍ ഗുണഭോകതാക്കള്‍ ആകുന്നവര്‍ സമ്പൂര്‍ണ  ഭവനരഹിതര്‍ ആയിരിക്കണം,ഇവര്‍ മറ്റേതെങ്കിലും ഭവനസഹായം സ്വീകരിച്ചവരുമായിരിക്കരുത്  ഈ പദ്ധതിയിലേക്ക് നിലവില്‍ നിരവധി വ്യക്തികളും സംഘടനകളും സഹകരിച്ചു കഴിഞ്ഞു. ഫൊക്കാനയെ സ്‌നേഹിക്കുന്ന ഏവരുടെയും സഹായ സഹകരണത്തോടെ ആദ്യ ഘട്ടത്തിലെ 100 വീട് എന്ന ലക്ഷ്യം ഈ വര്ഷം അവസാനത്തോടുകൂടി അനായാസം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണെന്ന് ഫൊക്കാന നേതൃത്വമെന്നു  ഫൊക്കാന ഭാരവാഹികളായ    പ്രസിഡണ്ട് മാധവന്‍ ബി നായര്‍, സെക്രട്ടറി ടോമി കോക്കാട്, പദ്ധതി കോര്‍ഡിനേറ്ററും  ട്രഷററുമായ  സജിമോന്‍ ആന്റണി, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ശ്രീകുമാരര്‍  ഉണ്ണിത്താന്‍,  വൈസ് പ്രസിഡണ്ട് എബ്രഹാം കളത്തില്‍,ജോയിന്റ് സെക്രട്ടറി ഡോ.സുജ ജോസ് , ജോയിന്റ് ട്രഷറര്‍ പ്രവീണ്‍ തോമസ്, അസ്സോസിയേറ്റ് ട്രഷറര്‍ ഷീല ജോസഫ്, അസോസിയേറ്റ് സെക്രട്ടറി വിജി നായര്‍, വിമന്‍സ്   ഫോറം പ്രസിഡണ്ട് ലൈസി അലക്‌സ്, എന്നിവരും ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ഡോ. മാമ്മന്‍ സി. ജേക്കബ്,വൈസ് പ്രസിഡണ്ട് ഫിലിപ്പോസ് ഫിലിപ്പ്, സെക്രട്ടറി വിനോദ് കെ ആര്‍കെ , കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോയി ചക്കപ്പന്‍, നാഷണല്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ബാബു സ്റ്റീഫന്‍, കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോര്‍ജി വര്ഗീസ്, ഫൌണ്ടേഷന്‍ ചെയര്‍മാന്‍ ഏബ്രഹാം ഈപ്പന്‍ (പൊന്നച്ചന്‍). വൈസ് ചെയര്‍മാന്‍ സണ്ണി മറ്റമന, സെക്രട്ടറി വിപിന്‍ രാജ് തുടങ്ങിയവര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.