You are Here : Home / USA News

വംശീയതയുടെ പേരില്‍ ക്രൂര നരഹത്യ; രണ്ടാമത്തെ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

Text Size  

Story Dated: Thursday, April 25, 2019 01:28 hrs UTC

ഹണ്ട്സ്വില്ല (ടെക്‌സസ്): വംശീയതയുടെ മറവില്‍ അതിക്രൂരമായി വധിക്കപ്പെട്ട കറുത്ത വര്‍ഗക്കാരനായ ജയിംസ് ബേഡിന്റെ ഘാതകന്‍ ജോണ്‍ വില്യം കിങ്ങിന്റെ (44) വധശിക്ഷ ഏപ്രില്‍ 24 നു വൈകിട്ട് 7 മണിക്ക് ടെക്‌സസ് ഹണ്ട്സ്വില്ല ജയിലില്‍ നടപ്പാക്കി. ടെക്‌സസിലെ ഈ വര്‍ഷത്തെ മൂന്നാമത്തേതും അമേരിക്കയിലെ നാലാമത്തെയും വധശിക്ഷയാണ് നടപ്പാക്കിയത്.
 
1998ല്‍ ടെക്‌സസിലെ ജാസഫറിലായിരുന്നു സംഭവം. വാഹനം കാത്തു നിന്നിരുന്ന ജയിംസിനെ പിക്ക് അപ് ട്രക്കില്‍ വന്നിരുന്ന വെളുത്ത വര്‍ഗക്കാരായ ജോണ്‍ വില്യം, ലോറന്‍സ് ബ്രുവെര്‍, ഷോണ്‍ബറി എന്നിവര്‍ റോഡിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചതിനുശേഷം കാലില്‍ ചങ്ങലയിട്ടു ട്രക്കിനു പുറകില്‍ ബന്ധിച്ചു മൂന്നര മൈല്‍ റോഡിലൂടെ വലിച്ചിഴച്ചു ശരീരം ചിന്നഭിന്നമാക്കി കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ വധശിക്ഷക്കു വിധിച്ച ലോറന്‍സിന്റെ ശിക്ഷ 2011 ല്‍ നടപ്പാക്കിയിരുന്നു. കേസിലെ രണ്ടാമത്തെ പ്രതി ജോണ്‍ വില്യംസിന്റെ വധശിഷയാണ്  ഇപ്പോള്‍ നടപ്പാക്കിയത്. മൂന്നാം പ്രതി ഷോണ്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരുന്നു.
 
ശരീരം മുഴുവന്‍ പച്ചകുത്തി കറുത്തവര്‍ഗക്കരോട് കടുത്തപക വച്ചു പുലര്‍ത്തിയിരുന്നവരാണ് മൂന്ന് പ്രതികളും. അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരുടെ പ്രതിഷേധം ആളി പടരുന്നതിന് സംഭവം ഇടയാക്കിയിരുന്നു. സുപ്രീംകോടതി ജോണ്‍ വില്യമിന്റെ വധശിക്ഷ ഒഴിവാക്കണമെന്ന ആവശ്യം തള്ളിയ ഉടനെ ശിക്ഷ നടപ്പാക്കുകയായിരുന്നു. വിഷമിശ്രിതം സിരകളിലേക്ക് പ്രവേശിപ്പിച്ചു നിമിഷങ്ങള്‍ക്കകം മരണം സ്ഥിരീകരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.