You are Here : Home / USA News

ചിക്കാഗോ ഗീതാ മണ്ഡലം വിഷു ആഘോഴങ്ങള്‍ വേറിട്ട അനുഭവമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, April 25, 2019 01:18 hrs UTC

മലയാളികള്‍ ഗൃഹാതുരതയോടെ ആഘോഷിക്കുന്ന മഹാ വിഷു, സമാനതകള്‍ ഇല്ലാത്ത മറ്റൊരു ചരിത്രമെഴുതി  ചിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ ആഘോഷിച്ചു.
 
ഏതൊരു മലയാളിയുടെ മനസ്സിലും സമൃദ്ധിയും ഐശ്വര്യവും നിറയ്ക്കുന്ന ദിനമാണ് വിഷു. നല്ല നാളയേ കുറിച്ചുളള സുവര്‍ണ്ണ പ്രതീക്ഷകളാണ് വിഷു സമ്മാനിക്കുന്നത്. ഒരു വര്‍ഷത്തെ ഫലം വിഷുക്കണിയെ ആശ്രയിച്ചിരിക്കുന്നു. സ്വര്‍ണ്ണമണികള്‍ കൈനീട്ടമായി തരുന്ന കൊന്നയും കണിവെള്ളരിയും പുന്നെല്ലും വെള്ളിനാണയങ്ങളും വാല്‍ക്കണ്ണാടിയും നിലവിളക്കിന്റെ വെളിച്ചത്തില്‍ അണിനിരക്കുന്ന വിഷുക്കണിയും ഒരിക്കലും മായാത്ത ഓര്‍മ്മകളാണ് ഓരോ മലയാളികള്‍ക്കും നല്‍കുന്നത്.  ലോക ഹൈന്ദവ സമാജത്തിന്റെ നേര്കാഴ്ച്ചയായ ചിക്കാഗോ ഗീതാമണ്ഡലം, ചിക്കാഗോയിലെ സദ് ജനങ്ങള്‍ക്കായി ഒരുക്കിയത്, ഒരിക്കലും മറക്കാനാവാത്ത വിഷു പൂജകളും, വിഷു ആഘോഷങ്ങളും ആണ്. 
 
 
ഈ വര്‍ഷത്തെ മഹാ വിഷു ഏപ്രില്‍ 20 , ശനിയാഴ്ച രാവിലെ മുഖ്യ പുരോഹിതന്‍ ശ്രീ ബിജുകൃഷ്ണന്‍ ജി യുടെ  കാര്‍മ്മികത്വത്തില്‍ മഹാഗണപതി പൂജകളോടെ  ശുഭാരംഭം കുറിച്ച പ്രതിഷ്ഠാകര്‍മ്മങ്ങള്‍ക്ക് ആനന്ദ് പ്രഭാകര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ഗണേശ അഥര്‍വോപനിഷദ് സൂക്തങ്ങളാല്‍ മഹാഗണപതിക്കും, പുരുഷസൂക്തങ്ങളാലും ശ്രീ സൂക്തങ്ങളാലും ശ്രീ കൃഷ്ണനും അഭിഷേകങ്ങള്‍ നടത്തി. തുടര്‍ന്ന് വിഷു ദിനത്തില്‍ അമേരിക്കയില്‍ തന്നെ ആദ്യമായി  ശ്രീ ദിലീപ് നെടുങ്ങാടിയുടെ നേതൃത്വത്തില്‍ നടന്ന നാരായണ കവച പാരായണം വേറിട്ട ആത്മീയ അനുഭൂതിയാണ് ഭക്ത ജനങ്ങള്‍ക്ക് നല്‍കിയത്, തദവസരത്തില്‍ ആനന്ദ് പ്രഭാകര്‍  നാരായണീയ പാരായണവും, പ്രവചനവും, ശ്രീ ദിലീപ് നെടുങ്ങാടി വിഷ്ണു സഹസ്രനാമ പാരായണവും, ശ്രീമതി രശ്മി മേനോന്റെ നേതൃത്വത്തില്‍ ശ്രീ കൃഷ്ണ ഭജനയും ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ നടന്നു.
 
തുടര്‍ന്ന്  കണിക്കൊന്നയാല്‍ അലങ്കരിച്ച ക്ഷേത്രങ്കണത്തില്‍,  സര്‍വ്വാഭരണ വിഭുഷിതനായ ഉണ്ണിക്കണ്ണന്റെ  വിഗ്രഹത്തിനുമുന്നില്‍ എഴുതിരി വിളക്കുകള്‍ തെളിച്ച്,  പാരമ്പര്യത്തിന്റെ പ്രൗഢിയെ ഓര്‍മ്മിപ്പിക്കുന്ന പ്രപഞ്ചത്തിന്റെ സര്‍വ്വ ഐശ്വര്യങ്ങളും സമ്മേളിച്ച ഓട്ടുരുളികളില്‍,  ഗ്രന്ഥവും പഴുത്ത അടക്കയും വെറ്റിലയും കോടിവസ്ത്രവും വാല്‍ക്കണ്ണാടിയും കണിക്കൊന്നയും കണിവെള്ളരിയും, കണ്‍മഷി, ചാന്ത്, സിന്ദൂരം തുടങ്ങിയവയും നാളികേരമുറിയും നാരങ്ങയും,ചക്കയും, മത്തനും, കുമ്പളങ്ങയും, മാങ്ങയും, നാണയവും തുടങ്ങി നയനാനന്ദകരവും, ഐശ്വര്യദായകവുമായ വിഭവങ്ങളോടുകൂടിയ കണിയാണ്  ചിക്കാഗോ ഗീതാമണ്ഡലം ഒരുക്കിയത്. വിഷുദിനത്തില്‍ കിട്ടുന്ന കൈനീട്ടമനുസരിച്ചായിരിക്കും ആ വര്‍ഷം ലഭിക്കുന്ന വരുമാനവും എന്നാണ് വിശ്വാസം. കണി കണ്ട ശേഷം കുട്ടികള്‍ക്കും   മുതിര്‍ന്നവര്‍ക്കും ശ്രീ വിശ്വനാഥന്‍ജി,യും, ശ്രീ വേണു വലയല്‍നാല്‍ജിയും, മാതൃവാത്സല്യത്തിന്റെ നിറദീപമായ ശ്രീമതി മണി ചന്ദ്രനും വിഷു കൈനീട്ടം നല്‍കി.
 
മുന്‍ വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും, നാട്ടില്‍ നിന്നും വരുത്തിയ തൂശനിലയില്‍ ആണ് ശ്രീ അജി പിള്ള, ശ്രീ ശിവപ്രസാദ് പിള്ള എന്നിവരുടെ നേതൃത്വത്തില്‍ വിഷു സദ്യ ഒരുക്കിയത്. തദവസരത്തില്‍  ഓരോ ഭാരതീയന്റെയും സ്വകാര്യ അഹംങ്കാരമായ ഭാരതീയ പൈതൃകവും, നമ്മുടെ സംസ്‌കൃതിയും, ആചാരാഅനുഷ്ഠാനങ്ങളും അടുത്ത തലമുറയിലേക്ക്  എത്തിക്കുവാനുള്ള പരിശ്രമത്തിന്റെ ഭാഗമായി  സനാതന ധര്‍മ്മത്തെ ആസ്പദമാക്കി, കുമാരി നന്ദിനി സുരേഷ്  മോഡറേറ്റര്‍ ആയി സംഘടിപ്പിച്ച മത്സരങ്ങളില്‍ മാസ്റ്റര്‍ രോഹിത് നായര്‍ ഒന്നാം സ്ഥാനവും, മാസ്റ്റര്‍ അര്‍ജുന്‍ നായര്‍ രണ്ടാം സ്ഥാനവും, കുമാരി ഗൗരി മേനോന്‍ മൂന്നാം സ്ഥാനവും നേടി. 
 
വിഷു മലയാളികള്‍ക്ക്  കേവലം ആഘോഷദിനങ്ങളോ, വെറും കലോത്സവങ്ങളോ അല്ല, മറിച്ച് അതൊരു സംസ്‌കാരത്തിന്റെ ജീവപ്രവാഹിനി ആണ് എന്ന് നാം മനസിലാക്കുകയും ഇത് പോലുള്ള ഒത്തു ചേരലുകളിലൂടെ, അടുത്ത തലമുറക്ക് മനസിലാക്കികൊടുക്കുമ്പോള്‍  മാത്രമേ മലയാളികളെന്ന നിലയില്‍ പൂര്‍വിക പുണ്യം നമ്മില്‍ വര്‍ഷിക്കപ്പെടൂ. അത് പോലെ തന്നെ പാരമ്പര്യമൂല്യങ്ങള്‍ പങ്കിടുന്ന ഒരു തലമുറ ഒരിക്കലും പതിരായിപ്പോകില്ല എന്ന സനാതന സത്യം തിരിച്ചറിഞ്ഞത് കൊണ്ടാണ്  ചിക്കാഗോ ഗീതാമണ്ഡലം നമ്മുടെ സംസ്‌കൃതി അടുത്ത തലമുറക്ക് അനുഭവയോഗ്യമാക്കുന്ന തരത്തില്‍ വിശേഷ ദിനങ്ങള്‍ കേരളത്തനിമയില്‍ തന്നെ ആഘോഷിക്കുന്നത് എന്ന് പ്രസിഡന്റ് ശ്രീ ജയചന്ദ്രന്‍ അഭിപ്രായപ്പെട്ടു. സ്വാമി ചിദാനന്ദ പുരിക്ക് നേരെയും, ഹൈന്ദവ ആചാര അനുഷ്ടാനങ്ങള്‍ക്ക് നേരെയും കേരളത്തില്‍ നടക്കുന്ന അതിക്രമങ്ങളില്‍ ചിക്കാഗോ ഗീതാമണ്ഡലം ശക്തമായ അപലപിക്കുന്നതിനോടൊപ്പം, ശബരിമല ആചാരഅനുഷ്!ഠാനങ്ങള്‍ സംരക്ഷിക്കുവാന്‍ ഭക്ത ജനങ്ങളോടൊപ്പം നിന്നവരെ വിജയിപ്പിക്കുവാന്‍ എല്ലാ സഹായ സഹകരണങ്ങളും നല്‍കും എന്നും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീ പ്രജീഷ് അറിയിച്ചു. തുടന്ന് പൂജകള്‍ക്ക്  നേതൃത്വം നല്‍കിയ ശ്രീ ബിജുകൃഷ്ണന്‍ജിക്കും, ഈ വര്‍ഷത്തെ വിഷു പൂജകള്‍ക്ക് നേതൃത്വം നല്‍കിയ  ശ്രീമതി രമ നായര്‍ക്കും, നാരായണ കവചത്തിനും, വിഷ്ണു സഹസ്രനാമത്തിനും നേതൃത്വം നല്‍കിയ ദിലീപ് നെടുങ്ങാടിക്കും, നാരായണീയ പാരായണപ്രവചനങ്ങള്‍ക്ക്  നേതൃത്വം നല്‍കിയ  ശ്രീ ആനന്ദ് പ്രഭാകറിനും, വിഷു കൈനീട്ടം സ്‌പോണ്‍സര്‍ ചെയ്ത ശ്രീ വിശ്വനാഥന്‍ ജിക്കും, ശ്രീ വേണു വലയനാല്‍ ജിക്കും, ഈ വര്‍ഷത്തെ വിഷുആഘോഷം വിപുലവും കേരളീയതയും നിറച്ച് ഇത്രയും മനോഹരമാക്കാന്‍ സ ഹകരിച്ച എല്ലാ ബോര്‍ഡ് അംഗങ്ങള്‍ക്കും, ഗീതാമണ്ഡലം വനിതാ പ്രവര്‍ത്തകര്‍ക്കും,  വിഷു ആഘോഷങ്ങളില്‍ പങ്കെടുത്ത എല്ലാ ഭക്ത ജനങ്ങള്‍ക്കും സെക്രട്ടറി ബൈജു എസ്. മേനോനും പ്രത്യേകം നന്ദി അറിയിച്ചു. വൈകുന്നേരം ഗീതാമണ്ഡലം തറവാട്ടില്‍ കുട്ടികള്‍ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും 2019ലെ വിഷുവിനു പരിസമാപ്തി കുറിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.