You are Here : Home / USA News

അപഹാസ്യരാകുന്നതാര്‍?

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Wednesday, April 24, 2019 12:44 hrs UTC

അങ്ങിനെ കേരളത്തിലെ വോ്‌ട്ടെടുപ്പ് കഴിഞ്ഞു. ഇനി ഫലം അറിയുവാന്‍ ഒരു മാസം കാത്തിരിക്കണം. അതുവരെ കൂട്ടലും കിഴിച്ചിലും, അവലോകനവും, അപഗ്രന്ഥനവുമായി പാര്‍ട്ടി വാക്താക്കള്‍ ചാനലുകള്‍ കയറിയിറങ്ങി നടക്കും.
 
ബഹുമാനപ്പെട്ട രമേശ്  ചെന്നിത്തലയെപ്പോലുള്ള ബുദ്ധിയുള്ള നേതാക്കന്മാര്‍ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കു പറന്ന് സ്വീകരണമേറ്റു വാങ്ങി വിശ്രമിക്കും.
ഞാന്‍ പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ അംഗമാണ്. പത്രഭാഷയില്‍ പറഞ്ഞാല്‍ ഇവിടെ തീപാറ്റിയ ത്രികോണ് മത്സരമാണു നടന്നത്.
 
ഒന്നിനൊന്നു മെച്ചപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ ശബരിമല വിശ്വാസസംരക്ഷണ വിഷയത്തിലെ മുന്‍നിര പോരാളി- അദ്ദേഹത്തിനു വേണ്ട പിന്തുണ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് ഹൂസ്റ്റണില്‍ നിന്നും ഒരു മലയാളി സുഹൃത്ത് വിളിച്ചിരുന്നു. ഞാന്‍ അതിശയിച്ചു പോയി. അദ്ദേഹത്തിനു വേണ്ടി പ്രവര്‍ത്തകര്‍ മൂന്നും നാലും തവണയാണ് വീടുതോറും കയറി ഇറങ്ങിയത്. കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥി സിറ്റിംഗ് എം.പി. ആയ ബഹുമാനപ്പെട്ട ആന്റോ ആന്റണിയാണ്. മൈലപ്രായിലാണ് അദ്ദേഹം ഇപ്പോള്‍ താമസിക്കുന്നത്. വികസന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം വേണ്ടത്ര ശ്രദ്ധ പുലര്‍ത്തിയില്ല എന്നുള്ള ഒരു ആക്ഷേപം ചിലര്‍ ഉന്നയിക്കുന്നുണ്ട്. എങ്കിലും രാഹുല്‍ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരുവാന്‍ 'കൈപ്പത്തി' അടയാളത്തില്‍ മാത്രമേ വോട്ടു ചെയ്യൂ എന്നുറപ്പിച്ചു തീരുമാനിച്ച ഒരു വലിയ ഒരു വിഭാഗം ഇവിടെയുണ്ട്.
 
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സഖാവ് വീണാ ജോര്‍ജാണ്. സഖാവ് വീണാ ജോര്‍ജ് എന്നു വിളിക്കുമ്പോള്‍ ഒരു അഭംഗി തോന്നുന്നു. മൈലപ്രായിലാണ് ജനിച്ചു വളര്‍ന്നത്. എന്റെ ജേഷ്ഠസഹോദരനെപ്പോലെ ഞാന്‍ സ്‌നേഹിച്ചിരുന്ന, എന്റെ പ്രിയ സുഹൃത്തായിരുന്ന അഡ്വ.പി.ഈ.കുരിയാക്കോസിന്റെ മകളാണ്.(അദ്ദേഹം കഴിഞ്ഞ വര്‍ഷം അന്തരിച്ചു) മറ്റു ചില കുടുംബബന്ധങ്ങളും ബഹുമാനപ്പെട്ട വീണാ ജോര്‍ജുമായിട്ടുണ്ട്.
മലങ്കര ഓര്‍ത്തഡോക്‌സ് സഭാംഗമാണ് വീണാ ജോര്‍ജ്.
 
ഇത്രയും പറഞ്ഞു വന്നത്, മറ്റൊരു വിഷയത്തിലേക്കു കടക്കുവാനാണ്.
തെരഞ്ഞെുപ്പിനു രണ്ടു ദിവസം മുമ്പ് കുര്‍ബാന മദ്ധ്യേ പരിശുദ്ധ കാതോലിക്കാ ബാവ നടത്തിയ ഒരു പ്രസംഗം.
 
വീണാ ജോര്‍ജ് സഭയുടെ മകളാണെന്നും, സഭയുടെ നന്മയ്ക്കു വേണ്ടി കമ്മ്യൂണിസ്റ്റു സ്ഥാനാര്‍ത്ഥിയായ വീണാ ജോര്‍ജിനെ ജയിപ്പിക്കേണ്ടത് സഭാ മക്കളുടെ കടമയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇദ്ദേഹം തന്നെയാണു കുറച്ചുനാള്‍ മുമ്പ് ശബരിമല സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ശുഷ്‌കാന്തി കാണിച്ച ഇടതു സര്‍ക്കാര്‍, എന്തുകൊണ്ട് പിറവം പള്ളിയുടെ കാര്യത്തില്‍ വിധി നടപ്പാക്കാന്‍ ്അനാസ്ഥ കാണിക്കുന്നതെന്നും ചോദിച്ചത്. പരിശുദ്ധപിതാവ് തന്നെയാണ് ഓര്‍ത്തഡോക്‌സ് സഭാംഗമായ മുന്‍മുഖ്യമന്ത്രി ബഹുമാനപ്പെട്ട ഉമ്മന്‍ചാണ്ടിയുമായി വേദി പങ്കിട്ടില്ലെന്നും, സഭയുടെ പരിപാടികളിലേക്കു ഉമ്മന്‍ചാണ്ടിയെ ക്ഷണിക്കരുതെന്നും പ്രസ്താവന ഇറക്കിയത്.
 
മതനേതാക്കന്മാര്‍ രാഷ്ട്രീയ ചായ്വുള്ള പ്രസ്താവനകളും, പ്രസംഗങ്ങളും നടത്തുമ്പോള്‍ സഭാംഗങ്ങളുടെ ഇടയില്‍ തന്നെ അവര്‍ അപഹാസ്യരാകുന്നു എന്നുള്ള നഗ്നസത്യം അവര്‍ അറിയുന്നുണ്ടോ, ആവോ?
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.