You are Here : Home / USA News

ഫാമിലി കോണ്‍ഫറന്‍സ് കിക്ക് ഓഫ് വന്‍ വിജയമായി

Text Size  

Story Dated: Saturday, March 30, 2019 10:19 hrs UTC

മാര്‍ട്ടിന്‍ വിലങ്ങോലില്‍
 
ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ കീഴിലുള്ള അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ 33-മത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സിനായുള്ള ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിലെ കിക്ക്ഓഫ് പ്രോഗ്രാം  ഭദ്രാസനാധിപന്‍, അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്തായുടെ മഹനീയ സാന്നിദ്ധ്യത്തില്‍ നടത്തപ്പെട്ടു.
 
വി.കുര്‍ബ്ബാനാനന്തരം നടത്തപ്പെട്ട യോഗത്തിന് വികാരി റവ.ഫാ.യല്‍ദൊ പൈലി നേതൃത്വം നല്‍കി. സഭാ അംഗങ്ങളുടെ ആത്മീയ ഉന്നമനത്തോടൊപ്പം തന്നെ, പരസ്പര സ്‌നേഹവും സഹകരണവും മെച്ചപ്പെടുത്തുക, അംഗങ്ങളുടെ കലാരംഗങ്ങളിലെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക, സഭയുടെ വിശ്വാസാചാരാനുഷ്ഠാനങ്ങള്‍ അടുത്ത തലമുറക്ക് പകര്‍ന്നുകൊടുക്കുന്നതിനുള്ള അവസരമൊരുക്കുകയെന്നിങ്ങനെയുള്ള, വിവിധ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി നടത്തപ്പെടുന്ന കുടുംബമേളയുടെ പ്രാധാന്യത്തെക്കുറിച്ച് അഭിവന്ദ്യ തിരുമേനി ഇടവകാംഗങ്ങളെ ഉദ്‌ബോധിപ്പിക്കുകയുണ്ടായി. അസിസ്റ്റന്റ് വികാരി റവ.ഡോ.രെന്‍ജന്‍ മാത്യു രജിസ്ട്രഷന് പേരു നല്‍കിയവരെ  വേദിയിലേക്ക് സ്വാഗതം ചെയ്തു.
 
കിക്ക് ഓഫില്‍ പങ്കുചേര്‍ന്ന 70 കുടുംബങ്ങളില്‍ നിന്നും രജിസ്‌ട്രേഷന്‍ ഫോറം ഏറ്റു വാങ്ങി. അഭിവന്ദ്യ മെത്രാപോലീത്ത കിക്ക് ഓഫ് ചടങ്ങ് ഔദ്യോഗികമായി നിര്‍വഹിച്ചു.
സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ വൈസ് പ്രസിഡന്റ്-ശ്രീ.സോണി ജേക്കബ്ബ്, സെക്രട്ടറി ശ്രീ.ബാബു.സി.മാത്യു, ട്രഷറര്‍ ശ്രീ.ജോസഫ് ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ പള്ളി മാനേജിംങ്ങ് കമ്മറ്റി കിക്ക് ഓഫ് ചടങ്ങിന്റെ ക്രമീകരണങ്ങളൊരുക്കി.
2019 ജൂലായ് 25 മുതല്‍ 28 വരെ ഡാളസ് ഷെരാട്ടന്‍ ഹോട്ടലില്‍ വെച്ചു നടത്തപ്പെടുന്ന 33-മത് കുടുംബമേളയില്‍, കാനഡയിലേയും അമേരിക്കയിലേയും വിവിധ ദേവാലയങ്ങളില്‍ നിന്നുമായി നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുക്കും.
 
മലങ്കര സുറിയാനി സഭയുടെ നിരണം ഭ്ദ്രാസനാധിപനും, കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ച് പ്രസിഡന്റ് വേള്‍ഡ് 'കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് മോഡറേററര്‍ തുടങ്ങിയ' മേഖലകളിലെ പ്രശംസനീയമായ പ്രവര്‍ത്തനത്തിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള അനേകം പ്രസിദ്ധീകരണങ്ങളുടെ രചയിതാവുകൂടിയായ, അഭിവന്ദ്യ ഡോ.ഗീവര്‍ഗീസ് മോര്‍ കുറിയോസ് മെത്രാപോലീത്താ, ഈ കുടുംബമേളയുടെ മുഖ്യ പ്രഭാഷകനായിരിക്കുമെന്നുള്ളത് തന്നെ ഈ വര്‍ഷത്തെ പ്രധാന സവിശേഷതകളിലൊന്നാണ്.
 
'സമൃദ്ധമായ ജീവന്റെ ആഘോഷം ഓര്‍ത്തഡോക്‌സ് കാഴ്ചപ്പാടില്‍' എന്നതായിരിക്കും ഈ വര്‍ഷത്തെ കുടുംബമേളയുടെ ചിന്താവിഷയം.
മലങ്കര സഭയുടെ അങ്കമാലി ഭദ്രാസന(ഹൈറേഞ്ച് മേഖല) മെത്രാപോലീത്തായും, ഹൈറേഞ്ച് മേഖല കേന്ദ്രമാക്കിയുള്ള പ്രേക്ഷിത വേലക്ക് നേതൃത്വം കൊടുത്തുകൊണ്ട് സമൂഹത്തില്‍ അവശതയനുഭവിക്കുന്ന നൂറുകണക്കിനാളുകള്‍ക്ക് വിവിധങ്ങളായ പദ്ധതികള്‍ വഴിയായി താങ്ങും തണലുമേകി മാതൃകാപരമായ പ്രവര്‍ത്തനത്തിലൂടെ, ക്രൈസ്തവ താങ്ങും തണലുമേകി മാതൃകാപരമായ പ്രവര്‍ത്തനത്തിലൂടെ, ക്രൈസ്തവ സാക്ഷ്യം നിറവറ്റുവാന്‍ ആത്മാര്‍ത്ഥമായി യത്‌നിക്കുന്ന അഭിവന്ദ്യ ഏലിയാസ് മോര്‍ യൂലിയോസ് മെത്രാപോലീത്താ കുടുംബമേളയുടെ മുഖ്യ അതിഥി ആയിരിക്കുമെന്നുള്ളത് ഏറെ സ്വാഗതാര്‍ഹമാണ്. സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ പി.ആര്‍.ഓ.കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.