You are Here : Home / USA News

ക്യാപ്റ്റന്‍ രാജു ഫിലിപ്പ് ഫോമ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി

Text Size  

Story Dated: Monday, November 12, 2018 11:28 hrs UTC

ബിജു ചെറിയാന്‍

ന്യൂയോര്‍ക്ക് : നാലു പതിറ്റാണ്ടിലേറെയുള്ള സാമൂഹ്യ പ്രവര്‍ത്തന പരിചയവും ചാരിറ്റി രംഗത്തെ ഊര്‍ജ്ജസ്വലതയും കൈമുതലായുള്ള ക്യാപറ്റന്‍ രാജു ഫിലിപ്പ് 2020 ല്‍ നടത്തപ്പെടുന്ന ഫോമ നാഷ്ണല്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് അറിയിച്ചു. ആരംഭം മുതല്‍ ഫോമയോടൊപ്പം സജീവമായ രാജുഫിലിപ്പ് ഇപ്പോള്‍ ജുഡീഷ്യറി ബോര്‍ഡ് അംഗമായി പ്രവര്‍ത്തിക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ വൈസ് പ്രസിഡന്റ്, നാഷ്ണല്‍ കമ്മിറ്റിയംഗം, അഡൈ്വസറി ബോര്‍ഡ് സെക്രട്ടറി മുതലായ ചുമതലകളില്‍ അതാതു വര്‍ഷങ്ങളിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് ഫോമയുടെ ഉന്നമനത്തിനായി യത്‌നിച്ചിട്ടുള്ള ക്യാപ്റ്റന്‍ പൂര്‍ണ്ണസമയ പ്രവര്‍ത്തനവും സേവനവുമാണ് വാഗ്ദാനം ചെയ്യുന്നത്. പ്രഗല്‍ഭരും പരിചയസമ്പന്നരുമായ നേതാക്കളാണ് നാളിതുവരെ ഫോമക്ക് ഉണ്ടായിട്ടുള്ളത്. എന്നാല്‍ കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ആകെത്തുകയാണ് ഫോമയുടെ നേട്ടങ്ങളുടെ മുഖ്യകാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാദേശിക പ്രാതിനിധ്യം നാഷ്ണല്‍ കമ്മിറ്റികളിലും എക്‌സിക്യൂട്ടീവ് കമ്മറ്റിയിലും അനിവാര്യം എങ്കിലും പ്രാദേശിക, സാമുദായിക പരിഗണനകള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന പാനലിംഗ് സമ്പ്രദായത്തോട് തനിക്ക് യോജിപ്പില്ലെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.

ഇത്തരം കാഴ്ചപ്പാടുകള്‍ ദൂരവ്യാപകമായി സംഘടനയുടെ അടിത്തറ പൊളിക്കുവാനേ ഉപകരിക്കൂ എന്ന് അമേരിക്കയിലെ ഇതര സാമൂഹ്യ സംഘടനകളുടെ തകര്‍ച്ച നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഫോമയുടെ സ്ഥാപനോദ്ദേശം നിലനിര്‍ത്തിക്കൊണ്ടാവണം തെരഞ്ഞെടുപ്പുകള്‍. ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാല്‍ വിപ്ലവകരമായ മാറ്റങ്ങളും നേട്ടങ്ങളും കൈവരിക്കുവാന്‍ നമുക്കാകും. വ്യാവസായിക ശാസ്ത്ര സാങ്കേതിക നേട്ടങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ട് സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങിവച്ച പദ്ധതികളെ പ്രശംസിച്ചുകൊണ്ട് ഈയടുത്ത കാലത്ത് ഡല്‍ഹി മുഖ്യമന്ത്രി ശ്രീ.അരവിന്ദ് കെജരിവാള്‍ ചെയ്ത പ്രസംഗം ഏറെ ചിന്തനീയമമാണ്. നാഷ്ണല്‍ സംഘടന എന്ന നിലയില്‍ നാം ജീവിക്കുന്ന സമൂഹത്തിനും നമ്മുടെ പിറന്ന നാടിനും പ്രയോജനകരമായ ഒട്ടനവധി പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കുവാന്‍ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയും ലഭ്യമായ വരുമാന സ്രോതസ്സുകളിലൂടെയും കഴിയുമെന്നുറപ്പുണ്ട്. സാമൂഹ്യസേവനത്തിന് സന്നദ്ധരായിട്ടുള്ള കൂടുതല്‍ ആളുകള്‍ മുന്നോട്ടുവരേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ക്യാപ്റ്റന്‍ രാജു ഫിലിപ്പ് അഭിപ്രായപ്പെട്ടു.

കോട്ടയം വാഴൂര്‍ സ്വദേശിയായ രാജു ഫിലിപ്പ് 49 വര്‍ഷമായി ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ സ്ഥിരതാമസമാക്കിയ വ്യക്തിയാണ്. കേരളത്തിലെ പ്രഥമ ഇംഗ്ലീഷ് വിദ്യാഭ്യാസ കേന്ദ്രമായ പ്രശസ്തമായ CMS കോളേജില്‍ നിന്ന് BA ബിരുദവും ചങ്ങനാശ്ശേരി എന്‍.എസ്.എസ്. കോളേജില്‍ നിന്ന് എംഎ ബിരുദവും കരസ്ഥമാക്കിയശേഷം കോളേജ് അദ്ധ്യാപകനായി ജോലി ചെയ്തുവരവേ 1979 ലാണ് ഇമിഗ്രന്റായി കുടുംബസമേതം അമേരിക്കയിലെത്തുന്നത്. മന്‍ഹാട്ടനിലെ ചേസ് മന്‍ഹാട്ടന്‍ ബാങ്ക് മാനേജരായി പത്തുവര്‍ഷം പ്രവര്‍ത്തിച്ചു. ജോലിയും, കുടുംബ ചുമതലകളും ഒപ്പം ആദ്ധ്യാത്മിക രംഗത്തും സംഘടനാരംഗത്തും സജീവമായിരുന്നു. 1979 ല്‍ സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്റെ രൂപീകരണത്തിലും ഇതര ഇന്‍ഡ്യന്‍ സംസ്ഥാന സമൂഹത്തെ ഉള്‍പ്പെടുത്തി ഇന്‍ഡ്യന്‍ അസോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ ഐലന്റ് രൂപീകരണത്തിലും നിര്‍ണ്ണായക സാന്നിധ്യമായി. MA ക്കു ശേഷം തുടര്‍പഠനമെന്ന അടങ്ങാത്ത അഭിനിവേശമാണ് വീണ്ടും കോളേജ് വിദ്യാര്‍ത്ഥിയാകുവാന്‍ പ്രേരണയായത്. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള WAGNER COLLEGE ല്‍ നിന്നും പ്രശസ്തമായ നിലയില്‍ MBA ബിരുദം കരസ്ഥമാക്കിയത് ബിസിനസ്സ് രംഗത്തേക്കുള്ള ചുവടുവയ്പ്പുകൂടിയായി. ഇരുപത് വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം ന്യൂയോര്‍ക്ക് സിറ്റി കറക്ഷന്‍ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും ക്യാപ്റ്റന്‍ റാങ്കോടെ 2009 വിരമിക്കുമ്പോള്‍ വെസ്റ്റ് ചെസ്റ്ററിലും സ്റ്റാറ്റന്‍ ഐലന്റിലും ഓഫീസുള്ള ALLSTAR REALITY യുടെ CEO ആയിരുന്ന ക്യാപ്റ്റന്‍ രാജുഫിലിപ്പ്.

സമൂഹത്തിലെ അശരണരേയും ആലംബഹീനരേയും തണലാകുംവിധം സഹായിക്കുക എന്നത് പൈതൃകമായി കിട്ടിയതാണെന്ന് ഒട്ടനവധി ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ സാരഥിയായ ക്യാപ്റ്റന്‍ തുറന്നു പറഞ്ഞു. ഉള്ളതില്‍ നിന്ന് മറ്റുള്ളവരെ സഹായിക്കുക നമ്മുടെ ചുമതലയാണ്. ഔദ്യോഗികജീവിതത്തില്‍ നിന്നും വിരമിച്ചശേഷം കിട്ടുന്ന പെന്‍ഷന്‍ തുക മാന്യമായി ജീവിക്കുവാന്‍ പര്യാപ്തമാണ്. ബിസിനസ്സില്‍ നിന്നും ലഭിക്കുന്ന ലാഭത്തിന്റെ വലിയൊരു ശതമാനം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവെക്കുന്നതാണ് തന്റെ ചുമതലയിലുള്ള Care-A- Day യുടെ മൂലധനം. ഇതിനുവേണ്ടി താന്‍ പണപ്പിരിവ് നടത്താറില്ല. ഫോമയുടെ വൈസ് പ്രസിഡന്റായിരുന്ന 2010 ല്‍ Care-A-Day യും ഫോമയും കൈകോര്‍ത്ത് കോട്ടയത്ത് നടത്തിയ സൗജന്യ തയ്യല്‍ മെഷീന്‍ വിതരണം ചെയ്തത് അന്നത്തെ ആഭ്യന്തരമന്ത്രി ശ്രീ.തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്. ഈ പരിപാടിയുടെ മുഴുവന്‍ ചിലവും ഏതാണ്ട് എട്ടര ലക്ഷം രൂപ മുടക്കിയത് Care-A-Day ആയിരുന്നു, ഫോമയുടെ ആഭ്യ കേരള ചാരിറ്റി പ്രവര്‍ത്തനമായിരുന്നു ഇത്. അര്‍ഹരായ നൂറ്റില്‍പ്പരം സാധുകുടുംബങ്ങളെ അന്വേഷിച്ചു കണ്ടെത്തിയത് ഏറെ ശ്രമകരമായിരുന്നു എങ്കിലും അര്‍ഹമായ കൈകളില്‍ എത്തി എന്നതായിരുന്നു ആത്മസംതൃപ്തി. ബാംഗ്ലൂര്‍ കേന്ദ്രമാക്കി സാധുക്കളായ പെണ്‍കുട്ടികളെ നേഴ്‌സിംഗ് പഠനം നല്‍കി വരുന്ന Care-A-Day ഇതിനോടകം 50 ലേറെ പേര്‍ക്ക് ജീവനോപാധിയായി.

ഭവനരഹിതര്‍ക്ക് ഭവനം നിര്‍മ്മിച്ചു നല്‍കുകയും ദാരിദ്രരേഖക്കു താഴെയുള്ളവര്‍ക്ക് പാചകവാത സിലിണ്ടര്‍ സൗജന്യമായി നല്‍കുകയും ചെയ്യുന്നത് ചാരിറ്റി പ്രവര്‍ത്തനങ്ങളിലെ ചില നാള്‍വഴികള്‍ മാത്രം. റിട്ടയര്‍മെന്റ് ജീവിതം പേരക്കുട്ടികളുടെ ബേബിസിറ്റിംഗും മെഡിക്കല്‍ ശുശ്രൂഷയും മാത്രമായി ഒതുങ്ങിക്കൂടാതെ സാമൂഹ്യ നന്മക്കായി ചടുലമായി പ്രവര്‍ത്തിക്കണമെന്നാണ് ക്യാപ്റ്റന്റെ മതം. നാലുമണിക്ക് ഉറക്കമുണര്‍ന്നാല്‍ പതിവുയാമപ്രാര്‍ത്ഥനയും രണ്ടു മണിക്കൂര്‍ കഠിനമായ വ്യായാമവും കഴിഞ്ഞാല്‍ പിന്നെ ആഴ്ചയില്‍ 6 ദിവസവും മുഴുവന്‍ സമയകര്‍മ്മനിരതനാണ് അദ്ദേഹം. ഞായാഴാച പള്ളിയും കുടുംബവുമായി ഒതുങ്ങിക്കൂടും, മറ്റ് അത്യാവശ്യ പ്രോഗ്രാമുകള്‍ ഇല്ലെങ്കില്‍. ഊര്‍ജ്ജ്വസ്വലമായി ഫോമയെ സേവിക്കുക മാത്രമാണ് തന്റെ ലക്ഷ്യം. കൂട്ടായ പരിശ്രമത്തിലൂടെ ഫോമയെ ഉയരത്തിലെത്തിക്കാമെന്ന് വിശ്വസിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.