You are Here : Home / USA News

മരുമകളുടെ മാതാപിതാക്കളെ വെടിവച്ചു കൊന്ന ദര്‍ശന്‍ സിങ്ങിനു മൂന്നു മില്യന്‍ ഡോളര്‍ ജാമ്യം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, September 18, 2018 11:16 hrs UTC

ഫ്രസ്‌നെ (കലിഫോര്‍ണിയ): മകന്റെ ഭാര്യയുടെ മാതാപിതാക്കളെ വീട്ടിനകത്തു വച്ചു വെടിവച്ചു കൊലപ്പെടുത്തിയ ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ ദര്‍ശന്‍ സിങ്ങിനെ (65) സെപ്റ്റംബര്‍ 12 ന് കോടതിയില്‍ ഹാജരാക്കി. കുറ്റം നിഷേധിച്ച പ്രതിക്ക് 3 മില്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 6 ഞായറാഴ്ചയായിരുന്നു സംഭവം. ദര്‍ശന്‍ സിങ്ങിന്റെ മകന്റെ വീട്ടില്‍ കഴിഞ്ഞിരുന്ന മരുമകളുടെ മാതാപിതാക്കളോട് മാറി പോകണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ കുടുംബ കലഹമാണ് വെടിവയ്പിനു പ്രേരിപ്പിച്ചതെന്നാണു പൊലീസിന്റെ നിഗമനം. കൊല്ലപ്പെട്ട ഇരുവര്‍ക്കും ഈയിടെയാണ് ഗ്രീന്‍ കാര്‍ഡ് ലഭിച്ചത്. വീടിനകത്ത് സോഫയില്‍ ഇരുന്നു ടിവി കാണുകയായിരുന്ന രവീന്ദര്‍ സിങ് (59) ഭാര്യ രജ്ബീര്‍ കൗര്‍ (59) എന്നിവരെയാണു ദര്‍ശന്‍ വെടിവച്ചത്. ശബ്ദം കേട്ടു താഴേക്ക് ഇറങ്ങി വന്ന മകന്റെ ഭാര്യയേയും ഇയാള്‍ ഭീഷണിപ്പെടുത്തി. ഉടനെ ഇവര്‍ മുകളില്‍ കയറി വാതിലടച്ചു 911 വിളിക്കുകയായിരുന്നു പൊലീസ് എത്തി പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ഇരുവരേയും രക്ഷിക്കാനായില്ല. നടന്ന സംഭവത്തെ കുറിച്ചു ദര്‍ശന്‍, ഭാര്യയെ വിളിച്ചു പറഞ്ഞതിനു ശേഷം വീട്ടില്‍ നിന്നും കാറില്‍ കയറി രക്ഷപ്പെടുന്നതിനിടയിലാണ് പൊലീസ് പിടിയിലായത്. സെപ്റ്റംബര്‍ 12നു കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് വിചാരണ നേരിടാനാകുമോ എന്നു ഡിഫന്‍സ് അറ്റോര്‍ണി സംശയം പ്രകടിപ്പിച്ചതിനാല്‍ തല്‍ക്കാലം കോടതി നടപടികള്‍ നിര്‍ത്തിവച്ചു. ജയിലിലടച്ച ദര്‍ശന്റെ മാനസികാവസ്ഥ പരിശോധിച്ചു റിപ്പോര്‍ട്ട് ഒക്ടോബര്‍ 17 ന് സമര്‍പ്പിക്കുന്നതിന് സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജി മൈക്കിള്‍ ഇഡിയര്‍ട്ട് ഉത്തരവിട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.