You are Here : Home / USA News

അമേരിക്കയില്‍ ’ടീം അലക്സ്’ കൊട്ടിക്കയറുന്നു; നാട്ടില്‍ കാരുണ്യത്തിന്റെ താളമേളം

Text Size  

Story Dated: Wednesday, December 03, 2014 11:14 hrs UTC


ന്യൂയോര്‍ക്ക്. കടല്‍ കടന്നെത്തിയ ഇവര്‍ കൊട്ടുന്നത് കാരുണ്യത്തിന്റെ താളം. ന്യൂയോര്‍ക്കിലെയും ന്യൂജഴ്സിയിലെയും ക്ഷേത്രങ്ങളിലും ദേവാലയങ്ങളിലും ഇന്ത്യന്‍  റിപ്പബ്ളിക്- സ്വാതന്ത്യ്രദിനാഘോഷവേളകളിലും ഓണം ഉള്‍പ്പെടെ മലയാളികളുടെ ആഘോഷ പരിപാടികളിലും അലക്സ് മുണ്ടയ്ക്കലും സംഘവും കൊട്ടിക്കയറുന്നതിനൊടുവില്‍ മനസ് നിറയുന്നത് നാട്ടിലെ പാവങ്ങളുടെ കൂടിയാണ്.

അഞ്ച് വര്‍ഷത്തിലേറെയായി ന്യൂയോര്‍ക്കിലും സമീപപ്രദേശങ്ങളിലും ചെണ്ടമേളത്തിനിറങ്ങുന്ന സംഘം മിച്ചംപിടിക്കുന്ന തുക കാരുണ്യപ്രവൃത്തികള്‍ക്കായാണ് ഉപയോഗപ്പെടുത്തുന്നത്. കോട്ടയം പാമ്പാടി ഗുഡ് ന്യൂസ് ധ്യാനകേന്ദ്രം വക അമ്മവീട് ആണ് ഇക്കുറി ഇവരുടെ കാരുണ്യസ്പര്‍ശം തൊട്ടറിഞ്ഞത്. ഒരു ലക്ഷം രൂപയാണ് സംഘത്തിന്റെ വകയായി ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിലിനും ഫാ. ജോബി മാറാമറ്റത്തിനും കൈമാറിയത്. സംഘാടകര്‍ നല്‍കുന്ന പ്രതിഫലത്തില്‍ ചെലവ് കഴിച്ചുള്ള തുക വരുംവര്‍ഷങ്ങളിലും അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ എത്തിക്കുമെന്ന് അണിയറക്കാര്‍ വ്യക്തമാക്കി.

കുട്ടനാടന്‍ താളം സിരകളിലൂടെ ഒഴുകുന്നതിനാലാകണം കടല്‍ കടന്ന് അമേരിക്കയിലെത്തി കാലങ്ങള്‍ കഴിഞ്ഞിട്ടും അലക്സിലെ താളബോധം കൈമോശം വരാതിരുന്നതും ആറ് വര്‍ഷംമുമ്പ് ചമ്പക്കുളത്തുള്ള അനിയന്‍ ആശാന്റെ ശിഷ്യത്വം സ്വീകരിച്ച് ചെണ്ട കൊട്ടിപഠിച്ചതും. ഇവിടെ എത്തിയപ്പോഴാകട്ടെ താല്‍പര്യമുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും കൂട്ടി മേളസംഘത്തിനു രൂപം നല്‍കുകയായിരുന്നു. ടീമംഗങ്ങള്‍ക്ക് അലക്സ് അങ്ങനെ ആശാനുമായി.

മോട്ടി ജോര്‍ജ്, സോണി വാടയ്ക്കല്‍, അനിയച്ചന്‍, സാബു കട്ടപ്പന, റോണി പള്ളിക്കാപമ്പില്‍, ജെഫി തോമസ്, ബ്രയന്‍ മുണ്ടയ്ക്കല്‍, ഡേവിഡ് സാമുവല്‍, മാര്‍ട്ടിന്‍ മുണ്ടാടന്‍, ഷോണ്‍ തച്ചേരില്‍, സുബിന്‍ തച്ചേരില്‍ എന്നിവരാണ് സംഘത്തിലെ മറ്റ് മേളക്കാര്‍.

തുടക്കകാലത്ത് സൌജന്യമായാണ് ന്യൂയോര്‍ക്കില്‍ പരിപാടികള്‍ അവതരിപ്പിച്ചിരുന്നത്. പിന്നീടാണ് പാവങ്ങളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടുകൂടി ആഘോഷപരിപാടികളില്‍ ചെണ്ടകൊട്ടാനിറങ്ങിയതും സമീപപ്രദേശങ്ങളിലും കാലുറപ്പിച്ചതും.

NEWS BY : വിന്‍ജോ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.