You are Here : Home / USA News

പ്രൊഫ. ജോസഫ്‌ ചെറുവേലിയെ വിചാരവേദി ആദരിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, November 15, 2014 07:46 hrs UTC

    
    

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ സെയ്‌ന്റ്‌ ജോണ്‍സ്‌ യൂണിവേര്‍സിറ്റിയില്‍ നാലു പതിറ്റാണ്ടുകളോളം ഇംഗ്ലീഷ്‌ പ്രൊഫസറായിരുന്ന സാമൂഹ്യസാംസ്‌കാരിക രംഗത്ത്‌ നിറഞ്ഞു നിന്ന ജോസഫ്‌ ചെറുവേലിയെ വിചാരവേദി കേരള കള്‍ച്ചറല്‍ സെന്ററില്‍ ചേര്‍ന്ന സാഹിത്യ സദസ്സില്‍ വച്ച്‌ ആദരിക്കുകയും അദ്ദേഹത്തിന്റെ A PASSAGE TO AMERIKA എന്ന പുസ്‌തകം വിലയിരുത്തപ്പെടുകയും ചെയ്‌തു. മാനവശാസ്‌ത്രജ്ഞന്‍ ഡോ. എ. കെ. ബി. പിള്ള പ്രൊഫ. ജോസഫ്‌ ചെറുവേലിയെ പൊന്നാട അണിയിച്ചു, വിചാരവേദി പ്രസിഡന്റ്‌ വാസുദേവ്‌ പുളിക്കല്‍ പ്രശസ്‌തി ഫലകം നല്‍കി.

വിവിധ മേഖലകളില്‍ സുത്യര്‍ഹമായ സേവനമനുഷ്ടിച്ചിട്ടുള്ള ജോസഫ്‌ ചെറുവേലില്‍ സാറിന്‌ ജനങ്ങള്‍ നല്‌കുന്ന സ്‌നേഹമാണ്‌ വിലമതിക്കാനാവത്ത അവാര്‍ഡ്‌ എന്ന്‌ സെക്രട്ടറി സാംസി കൊടുമണ്‍ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. അമേരിക്കയില്‍ ആദ്യമായിട്ട്‌ യുണിവേഴ്‌സിറ്റി തലത്തില്‍ മലയാളം കോഴ്‌സ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയത്‌ പ്രൊഫ. ജോസഫ്‌ ചെറുവേലിയുടെ മേല്‍നോട്ടത്തിലാണെന്ന്‌ സാംസി കൊടുമണ്‍ അനുസ്‌മരിച്ചു. ചെറുവേലില്‍ സാറിന്റെ സാര്‍വ്വലൗകിക ഭാവത്തിന്റെ പ്രഭ ചൊരിയുന്ന വ്യക്തിത്വം മനസ്സിലാക്കാന്‍ സാധിച്ച സന്ദര്‍ഭങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട്‌, തീക്ഷ്‌ണമായ വികാരങ്ങളില്ലാതെ ശീതളമായ മനസ്സോടെ ആവിഷ്‌കരിച്ച A PASSAGE TO AMERIKA എന്ന കലാശില്‌പം നിരന്തരമായ പരിശ്രമം കൊണ്ടും ശില്‌പബോധം കൊണ്ടും സ്വാഭാവികവും ശാലീനവുമാണ്‌ എന്ന്‌ ആശംസ പ്രസംഗത്തില്‍ വാസുദേവ്‌ പുളിക്കല്‍ അഭിപ്രായപ്പെട്ടു. വൈലോപ്പിള്ളിയുടെ കാച്ചിക്കുറുക്കിയ പാലു പോലുള്ള കവിതകളേക്കാള്‍ ജനങ്ങള്‍ ഏറ്റുവാങ്ങിയത്‌ ചങ്ങമ്പുഴയുടെ വെള്ളം ചേര്‍ത്ത പാലു പോലുള്ള കവിതകളാണെന്ന്‌ സൂചിപ്പിച്ചുകൊണ്ട്‌ കൃതികളെ രചനാരീതിയുടെ അടിസ്ഥാനത്തില്‍ വിലയിരു ത്തരുതെന്നും ലൂസായ രചനാരീതിയായിരിക്കും ചിലപ്പോള്‍ കൂടുതല്‍ സ്വീകാര്യമാകുന്നത്‌ എന്നും അദ്ധ്യക്ഷന്‍ കെ. വി. ബേബി പറഞ്ഞു.

പ്രവാസിയായ ചെറുവേലില്‍ സാറ്‌ രണ്ടു സംസ്‌കാരങ്ങളെ സമന്വയിപ്പിക്കുന്ന ഈ പുസ്‌തകത്തില്‍ ആഗോള സംഭവങ്ങള്‍ തന്റെ ജന്മമുള്‍പ്പെടെ കാലക്രമമായി വിവരിച്ചിരിക്കുന്നത്‌ ഡോ. നന്ദകുമാര്‍ ചൂണ്ടിക്കാട്ടി. ഭാവിതലമുറക്ക്‌ ഈ പുസ്‌തകം ഒരു റഫറന്‍സ്‌ ഗ്രന്ഥമായി ഉപയോഗിക്കാന്‍ യോഗ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രഷ്ട്രീയം, മതം, സാഹിത്യം എന്നീ മേഖലകളില്‍ മാനവതയുടെ മഹത്വത്തിന്‌ ദുരന്തം സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മാനവതയുടെ മഹത്വം പ്രകീര്‍ത്തിക്കുകയാണ്‌ ഈ പുസ്‌തകത്തില്‍ ചെയ്‌തിട്ടുള്ളത്‌ എന്ന്‌ ചൂണ്ടിക്കാണിച്ചു കൊണ്ടാണ്‌ ഡോ. ശശിധരന്‍ കുട്ടാല തന്റെ പ്രസംഗം ആരാംഭിച്ചത്‌. ഒരു അവാര്‍ഡും ലഭിച്ചിട്ടില്ലാത്ത പ്രൊഫസര്‍ ചെറുവേലില്‍ സമൂഹത്തില്‍ നല്ലതു പോലെ ജീവിച്ച്‌ കാണിച്ചു എന്നതാണ്‌ ഒരാള്‍ക്ക്‌ ഏറ്റവും വലിയ അവാര്‍ഡായി കണക്കാക്കാവുന്നത്‌; എഴുത്തോളം എഴുത്തുകാരന്‌ ഉയരാന്‍ സാധിക്കാത്തതാണ്‌ സാഹിത്യത്തിനു സംഭവിക്കുന്ന ദുരന്തം; സുകുമാര്‍ അഴിക്കോട്‌, അക്കിത്തം, ഡോ. രാധാകൃഷ്‌ണന്‍, ജവഹര്‍ലാല്‍ നെഹൃ, മുതലായവര്‍ എഴുത്തിനേക്കാള്‍ ഉയര്‌ന്നു ചിന്തിക്കുന്നവരായിരുന്നു; എഴുത്തിനേക്കാള്‍ ഉയരാന്‍ സാധിക്കാതെ വരുമ്പോള്‍ കാള്ളപ്പേരില്‍ എഴുതുന്നു എന്ന്‌ അദ്ദേഹം പറഞ്ഞു നിര്‍ത്തി. മനോഹരമായ ഭാഷയില്‍ എഴുതിയിട്ടുള്ള ഈ പുസ്‌തകം ഇന്റര്‍നാഷ്‌ണല്‍ ലെവലില്‍ ചര്‍ച്ച ചെയ്യാന്‍ യോഗ്യമാണെന്നും ABOARD A CARGO SHIP എന്ന അദ്ധ്യായം കേരളത്തിലുള്ള സര്‍വ്വകലാശാലകള്‍ ഉള്‍പ്പെടെയുള്ള സര്‍വ്വകലാശാലകള്‍? അദ്ധ്യയന വിഷയമാക്കേണ്ടതാണെന്നും
ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു അഭിപ്രായപ്പെട്ടു. നിരീക്ഷണവും അതെ കുറിച്ചുള്ള ആഴത്തിലുള്ള പഠനവുമാണ്‌ ഈ പുസ്‌തകമെഴുതാന്‍ സഹായകമായത്‌ എന്ന്‌ അദ്ദേഹം കണ്ടെത്തി.

ആത്മകഥക്കുപരിയായി ലോകവീക്ഷണം ഉള്‍ക്കൊള്ളുന്ന ഈ പുസ്‌തകത്തില്‍ കുടുംബസ്‌നേഹവും മാനവസ്‌നേഹവും കോര്‍ത്തിണക്കിയിരിക്കുന്നത്‌ അഭിനന്ദനാര്‍ഹമാണ്‌; അദ്ദേഹത്തിന്റെ സഹജീവികളോടുള്ള സ്‌നേഹമസൃണമായ സമീപനം അനുകരണീയമാണ്‌; പുസ്‌തകം ഭാവി ജനതക്ക്‌ പ്രയോജനകരമാണ്‌;, കുട്ടനാടിന്റെ വര്‍ണ്ണന ആകര്‍ഷീണയമായിരിക്കുന്നു എന്ന്‌ കുട്ടനട്ടുകാരനായ ഡോ. ഏ. കെ. ബി. പിള്ള അഭിപ്രായപ്പെട്ടു. വെരി റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍, വിനോദ്‌ കീര്‍ക്കെ, ഇ. കെ. ബാബുരാജ്‌, മനോഹര്‍ തോമസ്‌, ജോണ്‍ പോള്‍, ഡോ. ചന്ദ്രശേഖര റാവു, പ്രൊഫ. ഡോണ പിള്ള, സരോജാ വര്‍ഗീസ്‌, ലീല മാരാട്ട്‌ എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ ചെയ്‌തു.

ചെുറുവേലില്‍ സാറിന്റെ മറുപടി പ്രസംഗം ഹൃദയസ്‌പര്‍ശിയായിരുന്നു. ബുദ്ധിമുട്ടുകള്‍ വരുമ്പോള്‍ ജീവിതം unfair എന്ന്‌ നമുക്ക്‌ തോന്നാം. എന്നാല്‍ ഈശ്വരന്‍ ഒരിക്കലും പക്ഷപാതിയല്ല. ഈ പുസ്‌തകം കുീര്‍ത്തിക്കു വേണ്ടിയോ പണത്തിനു വേണ്ടിയോ എഴുതിയതല്ല; ഭാവി തലമുറക്ക്‌ താന്‍ നല്‌കുന്ന പാരിതോഷികമാണ്‌ ഈ പുസ്‌തകം; നമ്മള്‍ കൂടുതല്‍ പഠിക്കുന്തോറും നമ്മുടെ അറിവ്‌ എത്ര പരിമിതമാണെന്ന്‌ ബോധ്യമാകും; ഈ പുസ്‌തകം തയ്യാറാക്കാന്‍ പ്രചോദനം നല്‍കിയ പ്രമുഖ വ്യക്തിയാണ്‌ പ്രശസ്‌ത എഴുത്തുകാരനും നിരൂപകനുമായ സുധീര്‍ പണിക്കവീട്ടില്‍; അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നെങ്കില്‍ തന്റെ സന്തോഷം വര്‍ദ്ധിക്കുമായിരുന്നു എന്ന്‌ അദ്ദേഹം പറഞ്ഞു. ജീവിതത്തില്‍ മറക്കാനാവാത്ത ഇങ്ങനെ ഒരു സമ്മേളനം ഒരുക്കിയ വിചാരവേദിയോട്‌ അദ്ദേഹം നന്ദി രേഖപ്പെടുത്തി.

ബാബു പാറക്കല്‍ ചെയ്‌ത കൃതജ്ഞതാപ്രസംഗത്തില്‍ ചെറുവേലില്‍ സാറിനെ പോലുള്ള ഒരു മഹല്‍ വ്യക്തിയെ ആദരിക്കാന്‍ അവസരം ലഭിച്ചതില്‍ വിചാരവേദിക്ക്‌ അഭിമാനിക്കാവുന്നതാണ്‌ എന്ന്‌ അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.