You are Here : Home / USA News

വാണാക്യൂ സെന്റ്‌ ജെയിംസ്‌ പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, November 05, 2014 09:39 hrs UTC



ന്യൂജേഴ്‌സി: വാണാക്യൂ സെന്റ്‌ ജെയിംസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ ആണ്ടുതോറും നടത്തിവരുന്ന പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ ഒമ്പതാം തീയതി ഞായറാഴ്‌ച ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. അന്നേദിവസം നടക്കുന്ന വി. കുര്‍ബാനയ്‌ക്കും, അനുബന്ധ ചടങ്ങുകള്‍ക്കും ഭദ്രാസന മെത്രാപ്പോലീത്ത അഭി. യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനി മുഖ്യകാര്‍മികത്വം വഹിക്കും.

1875-ല്‍ മലങ്കര സഭയില്‍ ശ്ശൈഹീക സന്ദര്‍ശനം നടത്തിയ പരി. ഇഗ്‌നാത്തിയോസ്‌ പത്രോസ്‌ നാലാമന്‍ ബാവായുടെ സെക്രട്ടറിയും, ദ്വിഭാഷിയുമായിരുന്നു ചാത്തുരുത്തില്‍ വന്ദ്യ ഗീവര്‍ഗീസ്‌ റമ്പാന്‍. റമ്പാച്ചന്റെ വിശ്വാസ സ്ഥിരതയും, ജീവിതനൈര്‍മല്യവും, ദൈവമുമ്പാകെയുള്ള സമര്‍പ്പണവും കണക്കിലെടുത്ത്‌ അദ്ദേഹത്തെ ഇരുപത്തിയെട്ടാമത്തെ വയസില്‍ പത്രോസ്‌ നാലാമന്‍ ബാവാ `മോര്‍ ഗ്രിഗോറിയോസ്‌' എന്ന സ്ഥാനനാമത്തില്‍ മെത്രാപ്പോലീത്തയായി വാഴിക്കുകയും, നിരണം ഭദ്രാസനത്തിന്റെ ചുമതല നല്‍കുകയും ചെയ്‌തു. അന്ന്‌ വാഴിക്കപ്പെട്ട മെത്രാപ്പോലീത്തമാരുമായി തുലനം ചെയ്യുമ്പോള്‍ നന്നേ ചെറുപ്പമായിരുന്നതിനാല്‍ `കൊച്ചുതിരുമേനി' എന്ന പേരില്‍ മോര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്ത അറിയപ്പെട്ടു.

സഭാ ശുശ്രൂഷയോടൊപ്പം സാമൂഹിക പരിവര്‍ത്തനവും ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനശൈലിയായിരുന്നു കൊച്ചുതിരുമേനിയുടേത്‌. പരുമല തിരുമേനി നടത്തിയ വിശുദ്ധനാട്‌ സന്ദര്‍ശത്തെക്കുറിച്ച്‌ `ഊര്‍ശ്ശേം യാത്ര' എന്ന പേരില്‍ തിരുമേനി തന്നെ എഴുതി പ്രസിദ്ധീകരിച്ച ഊര്‍ശ്ശേം യാത്രാവിവരണം മലയാള സഞ്ചാര സാഹിത്യത്തിലെ അക്ഷയഖനിയാണ്‌. 1962-ല്‍ ദൈവസന്നിധി പൂകിയ വിശുദ്ധ പിതാവ്‌ ജീവതകാലത്ത്‌ ഉടനീളം പ. അന്ത്യോഖ്യാ സിംഹാസനവുമായി സജീവ ബന്ധം നിലനിര്‍ത്തിയിരുന്നു. 1987-ല്‍ പരുമല തിരുമേനിയുടെ പേരും മഞ്ഞനിക്കര ബാവായുടേയും, കോതമംഗലം ബാവായുടേയും പേരിനൊപ്പം മലങ്കര സഭയിലെ പള്ളികളില്‍ അനുസ്‌മരിക്കണമെന്ന്‌ പരിശുദ്ധ ഇഗ്‌നാത്തിയോസ്‌ സാഖാ പ്രഥമന്‍ ബാവാ കല്‍പ്പന പുറപ്പെടുവിച്ചു. പ. പരുമല തിരുമേനിയുടെ 112-മത്‌ ഓര്‍മ്മപ്പെരുന്നാളാണ്‌ 2014-ല്‍ ആഘോഷിക്കപ്പെടുന്നത്‌.

വാണാക്യൂ സെന്റ്‌ ജെയിംസ്‌ പള്ളിയില്‍ രാവിലെ 9.30-ന്‌ പ്രഭാത നമസ്‌കാരവും, 10 -ന്‌ വിശുദ്ധ കുര്‍ബാനയും, മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും നടത്തപ്പെടും. 11.30-ന്‌ ദേവാലയത്തിനു ചുറ്റുമുള്ള പ്രദക്ഷിണവും, ആശീര്‍വാദവും , കൈമുത്തും, നേര്‍ച്ചവിളമ്പും, സ്‌നേഹവിരുന്നും നടക്കും. പെരുന്നാള്‍ ക്രമീകരണങ്ങള്‍ ഇടവക വികാരി വന്ദ്യ ഗീവര്‍ഗീസ്‌ ചട്ടത്തില്‍ കോര്‍എപ്പിസ്‌കോപ്പയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായിവരുന്നു. സിമി ജോസഫ്‌ , എല്‍ദോ വര്‍ഗീസ്‌, ആകര്‍ഷ്‌ നോമും, കുര്യന്‍ സ്‌കറിയ, പുന്നൂസ്‌കുട്ടി ജേക്കബ്‌, ആദര്‍ശ്‌ പോള്‍, ബിജു കുര്യന്‍ മാത്യൂസ്‌ എന്നിവരാണ്‌ ഇത്തവണത്തെ പെരുന്നാള്‍ ഏറ്റുകഴിക്കുന്നത്‌. ബിജു കുര്യന്‍ മാത്യൂസ്‌ അറിയിച്ചതാണിത്‌.
    
   

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.