You are Here : Home / USA News

വിദേശ മലയാളി സംഘടനകളുമായി സഹകരിച്ചു ’മലയാള മിഷന്‍' പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, November 04, 2014 10:55 hrs UTC


        
ഫ്ലോറിഡ . വിദേശങ്ങളില്‍ താമസിക്കുന്ന മലയാളികളുടെ രണ്ടാം തലമുറയെ മലയാള ഭാഷ പഠിപ്പിക്കുന്നതിന് രൂപീകരിച്ച മലയാള മിഷന്‍െറ പ്രവര്‍ത്തനങ്ങള്‍ വിദേശ മലയാളി സംഘടനകളുമായി സഹകരിച്ച് ഊര്‍ജ്ജിതപ്പെടുത്തുമെന്ന് കേരള സാംസ്കാരിക വകുപ്പ് മന്ത്രി കെ. സി ജോസഫ് ഉറപ്പ് നല്‍കി. നവംബര്‍ 2 ഞായറാഴ്ച വൈകിട്ട് അമേരിക്കയിലെ മലയാളി സാഹിത്യ സംഘടനയായ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിന്‍െറ 84-മത് ടെലികോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി കെ. സി. ജോസഫ്.

കേരളമെന്ന സങ്കല്‍പം യഥാര്‍ത്ഥമായി 58 വര്‍ഷം പിന്നിടുന്നു. കേരളത്തില്‍ മാറിമാറി വന്ന മുന്നണി ഗവണ്‍മെന്റുകള്‍ അതാതു കാലഘട്ടങ്ങളില്‍ സ്വീകരിച്ച നടപടികള്‍ മൂലം കേരളം വികസന രംഗത്ത് ഇന്ത്യക്ക് തന്നെ മാതൃകയായി മാറിയിട്ടുണ്ട്. കേരള മോഡല്‍ വികസനം എന്നതു വിദേശ രാജ്യങ്ങളില്‍ പോലും ചര്‍ച്ച ചെയ്യപ്പെടുന്നു. ഈ വികസനം ഭാഷാ രംഗത്തും പ്രകടമാണ്. മലയാള ഭാഷ ഒന്നാം ഭാഷയായി, മലയാള ഭാഷ ഭരണ ഭാഷയായി വളര്‍ച്ചയുടെ പടവുകള്‍ അതിവേഗമാണ് പിന്നിട്ടത്.

മലയാള ഭാഷയ്ക്ക് സ്വന്തമായൊരു യൂണിവേഴ്സിറ്റി എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായത് രണ്ടു വര്‍ഷം മുമ്പാണ്. ഇതിനിടയില്‍ മലയാള ഭാഷക്ക് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, സംസ്കൃതം എന്നീ ഭാഷകള്‍ക്കുശേഷം മലയാള ഭാഷ ഇന്ന് അഞ്ചാം സ്ഥാനത്ത് എത്തി നില്‍ക്കുന്നു. കേരളത്തിന്‍െറ സാംസ്കാരിക തലസ്ഥാനമായ തൃശൂര്‍ ജില്ലയിലെ തിരൂരില്‍ ഭാഷയുടെ പിതാവായ തുഞ്ചത്ത് ആചാര്യന്‍െറ പേരില്‍ സ്ഥാപിതമായ മലയാളം യൂണിവേഴ്സിറ്റി  മലയാള ഭാഷയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക സ്വാധീനമാണ്  ചെലുത്തികൊണ്ടിരിക്കുന്നത്.

വിദേശ രാജ്യങ്ങളില്‍ കുടിയേറിയ ഒന്നാം തലമുറ മലയാള നാടിനോടു വലിയ ബന്ധമുളളവരാണ്. അവരുടെ ബാല്യ കാല സ്മരണകള്‍ ഇന്നും അവരോടൊപ്പം ഉണ്ടാകും. രണ്ടാം തലമുറ അങ്ങനെയല്ല. അവര്‍ അവിടെ ജനിച്ചു വളര്‍ന്നവരാണ്. അവര്‍ക്ക് മലയാള ഭാഷയെന്നതു വിദൂര സങ്കല്പമാണ്. ഈ സാഹചര്യത്തില്‍ കുട്ടികളെ മലയാള ഭാഷയും കേരളത്തിന്‍െറ സംസ്കാരിക പൈതൃകവും പഠിപ്പിക്കുന്നതിന് വിദേശ മലയാളി  സംഘടനകള്‍ക്ക് സര്‍വ്വവിധ പിന്തുണയും സഹായവും മലയാള മിഷന്‍ നല്‍കുമെന്ന് കെ. സി. ജോസഫ് ആവര്‍ത്തിച്ചു വ്യക്തമാക്കി.

കേരള പിറവി കൊണ്ടാടുമ്പോള്‍ അഭിമാനകരമായ ഒരു ചരിത്രം കേരളത്തിനുണ്ട്. നമ്മുടെ നാട്, നമ്മുടെ ഭാഷ, നമ്മുടെ മലയാളം, നമ്മുടെ അമ്മ  മലയാളം, മലയാള ഭാഷയുടെ വികസനത്തിനായി നമുക്കൊരുമിച്ചു പ്രവര്‍ത്തിക്കാം. എല്ലാ അമേരിക്കന്‍ മലയാളികള്‍ക്കും കേരള പിറവി ദിനാശംസകള്‍ നേര്‍ന്ന് കൊണ്ടാണ് മന്ത്രി തന്‍െറ പ്രസംഗം അവസാനിപ്പിച്ചത് സാഹിത്യ  സല്ലാപത്തില്‍ മലയാള മിഷന്‍ വിഷയത്തെ കുറിച്ച്  ചര്‍ച്ച നടന്നു. ജെയന്‍ മുണ്ടക്കന്‍ മോഡറേറ്ററായിരുന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നാല്പതോളം പേര്‍  ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.