You are Here : Home / USA News

സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ ഗാനങ്ങള്‍ നിറഞ്ഞ ഗാനനിശ ഭക്തിനിര്‍ഭരമായി

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, October 03, 2014 01:56 hrs UTC


 
ന്യൂജഴ്സി . തലമുറകള്‍ ഏറ്റുപാടിയ ക്രിസ്തീയ ഭക്തിഗാനങ്ങള്‍ വീണ്ടും മാര്‍ത്തോമ ചര്‍ച്ച് ഓഫ് ന്യൂജഴ്സിയില്‍ മുഴങ്ങി. മൂത്താംപാക്കല്‍ സാധു കൊച്ചു കുഞ്ഞ് ഉപദേശി രചിച്ച ഗാനങ്ങള്‍ ഗാനനിശയിലൂടെ പുനര്‍ജനിച്ചപ്പോള്‍ ആസ്വാദകര്‍ക്ക് അതു  തികച്ചും ഭക്തിനിര്‍ഭരമായ അനുഭവമായി. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയനായ ക്രൈസ്തവ ഗാനരചയിതാവിന്‍െറ സുന്ദരവും ഭക്തിനിര്‍ഭരവുമായ വരികള്‍ അതേ സൌകുമാര്യത്തോടെ പുനരാവിഷ്ക്കരിക്കുകയായിരുന്നു ഇവിടെ. ന്യൂജഴ്സി മാര്‍ത്തോ ഗായക സംഘം ആതിഥേയത്വം വഹിച്ച പരിപാടിയോടനുബന്ധിച്ച്  സ്നേഹ വിരുന്നും ഒരുക്കിയിരുന്നു. സെപ്റ്റംബര്‍ 27 ശനിയാഴ്ച നടന്ന ഗാനനിശയില്‍ സഭാ ഭേദ്യമെന്യേ അനേകര്‍ പങ്കെടുത്തു. നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപന്‍ റൈറ്റ് ഫാ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് മുഖ്യ അതിഥിയായിരുന്നു. സാധു കൊച്ചു കുഞ്ഞ് ഉപദേശിയുടെ പ്രേരണയില്‍ കാലമെഴുതി ചേര്‍ത്ത ഗാനങ്ങള്‍ തലമുറകള്‍ ഏറ്റുപാടി യുഗങ്ങളോളം നിലനില്‍ക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മാര്‍ തിയോഡോഷ്യസ് പറഞ്ഞു. വേദ പുസ്തകത്തില്‍ നിന്ന  ഊര്‍ജ്ജമുള്‍ക്കൊണ്ടു തളരാതെ സുവിശേഷ ഘോഷണം നടത്തി. ലാളിത്യത്തിന്‍െറ പ്രതിപുരുഷനായിരുന്നു കൊച്ചു കുഞ്ഞ് ഉപദേശി. മഹാത്മാഗാന്ധി പറഞ്ഞു- എന്‍െറ ജീവിതം തന്നെയാണ് എന്‍െറ സന്ദേശവും. സാധു കൊച്ചു കുഞ്ഞ് ഉപദേശിയുടെ കാര്യത്തിലും അത് അന്വര്‍ത്ഥമാണ്. ജീവിതത്തിന്‍െറ കഷ്ടതകളെയും യാതനകളെയും ദൈവസാന്നിധ്യത്തില്‍ ഉള്‍ക്കൊണ്ടു കൊണ്ട് അദ്ദേഹം ജീവിതാഭിവൃദ്ധി  ഉപേക്ഷിച്ചു. അദ്ദേഹത്തിന്‍െറ ഗാനങ്ങള്‍ ഹൃദയത്തില്‍ നിന്നും ഉയര്‍ന്നതാണ്. എഴുതാന്‍ വേണ്ടി എഴുതിയതല്ല. പ്രായോഗിക ദൈവശാസ്ത്രത്തിന്‍െറ ചൂണ്ടിക്കാണിക്കാവുന്ന ഉദാഹരണമാണ് സാധു കൊച്ചു കുഞ്ഞ് ഉപപദേശിയെന്ന് മാര്‍ തിയോഡോഷ്യസ് ഓര്‍മ്മിച്ചു.

മാര്‍ത്തോമ സഭ നോര്‍ത്ത് അമേരിക്കന്‍ ഡയോസിസിലെ സൌത്ത് ഈസ്റ്റ് റീജിയനില്‍ നിന്നുളള ഒമ്പത് ഗായക സംഘങ്ങള്‍ ചേര്‍ന്നാണ്  കൊച്ചു കുഞ്ഞ് ഉപദേശിയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനനിശ ആസ്വാദ്യകരമാക്കിയത്. ഫിലഡല്‍ഫിയ ക്രിസ്റ്റോസ് മാര്‍ത്തോമ ചര്‍ച്ച്, ഫിലഡല്‍ഫിയ ബഥേല്‍ മാര്‍ത്തോമ ചര്‍ച്ച്, വെര്‍ജീനിയ ഇമ്മാനുവല്‍ മാര്‍ത്തോമ ചര്‍ച്ച് , ബാള്‍ട്ടിമോര്‍ മാര്‍ത്തോമ ചര്‍ച്ച്, സ്റ്റാന്‍ഐലന്‍ഡ് മാര്‍ത്തോമ ചര്‍ച്ച്, ടീനെക്ക് സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ ചര്‍ച്ച്, ഈസ്റ്റ്  ബ്രെണ്‍സുവിക്ക് സെന്റ് സ്റ്റീഫന്‍സ് മാര്‍ത്തോമ ചര്‍ച്ച്, ഇടയാറന്മുളള ക്വയര്‍, ന്യൂജഴ്സി മാര്‍ത്തോമ ചര്‍ച്ച് എന്നീ ടീമുകളായിരുന്നു ഉണ്ടായിരുന്നത്. ഫാ. ജേക്കബ് വര്‍ഗീസ് (പ്രസിഡന്റ്) എലിസബത്ത് (സുജ) ജോര്‍ജ് (സെക്രട്ടറി), സൂസന്‍ അലക്സാണ്ടര്‍, സാമന്ത ജോര്‍ജ് (ക്വയര്‍ കോ ഓര്‍ഡിനേറ്റേഴ്സ്) ശോശാമ്മ എബ്രഹാം, ലീന്‍ ബെന്നി, ബിജു വര്‍ഗീസ് (ട്രഷറര്‍) ബാബു വര്‍ഗീസ്, ഷാഫി വര്‍ഗീസ്, പ്രകാശ് തോമസ്, റജി ജോര്‍ജ് (കമ്മറ്റിയംഗങ്ങള്‍) എന്നിവരുടെ സംഘാടകത്വം ശ്രദ്ധേയമായി.

കൊച്ചു കുഞ്ഞു ഉപദേശിയുടെ പ്രസിദ്ധമായ യേശു നാഥ നീതി സൂര്യ... എന്ന ഗാനത്തോടെയായിരുന്നു ഗാനനിശയ്ക്കു തുടക്കമായത്. തുടര്‍ന്ന് ജോര്‍ജ് സക്കറിയ സീനിയര്‍ പ്രാര്‍ഥന നയിച്ചു. ക്വയര്‍ കമ്മിറ്റിയംഗം ബാബു വര്‍ഗീസ് സ്വാഗതമാശംസിച്ചു. ജീവിതം മേദിനിയില്‍ ശോഭിക്കുന്നോര്‍... ആരുമായുളെളാരു യേശുവേ, എന്നെനിക്കെന്‍ ദുഃഖം തീരുമോ, എന്‍െറ ദൈവം സ്വര്‍ഗസിംഹാസനം, എന്നു നീ വന്നീടുമെന്റെ പ്രിയ തുടങ്ങിയ സാധു കൊച്ചു കുഞ്ഞു ഉപദേശിയുടെ മനസില്‍ തട്ടുന്ന പതിനെട്ടു ഗാനങ്ങള്‍ ഗാനനിശക്ക് മാറ്റ് കൂട്ടു. മാര്‍ത്തോമ സഭ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സേക്രട്ട് മ്യൂസിക് ആന്‍ഡ് കമ്മ്യുണിക്കേഷന്‍െറ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന വൈസ് പ്രസിഡിന്റ് സാം പി. പണിക്കര്‍ ആശംസാ പ്രസംഗം നടത്തി. ഇടവക സെക്രട്ടറി പ്രകാശ് തോമസ് നന്ദി പറഞ്ഞു. എംസിയായിരുന്ന എലിസബത്ത് (സുജ) ജോര്‍ജ് പരിപാടിയുമായി സഹകരിച്ച സ്പോണ്‍സര്‍മാര്‍ക്ക് നന്ദി പറയുകയും ചെയ്തു. ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക വികാരി ഫാ. ഷിബു ഡാനിയേല്‍ ആശംസ നേരുകയും സമാപന പ്രാര്‍ഥന നടത്തുകയും ചെയ്തു. മാര്‍ തീയോഡോഷ്യസ് ആശീര്‍വാദം നിര്‍വ്വഹിച്ചതോടെ പരിപാടികള്‍ക്ക് സമാപനമായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.