You are Here : Home / USA News

ജോണ്‍ മാളിയേക്കലിന്റെ വര്‍ത്തമാന പുസ്തകത്തിന്റെ പുതിയ ഭാഷാന്തരം പ്രകാശനം ചെയ്തു

Text Size  

Story Dated: Sunday, September 21, 2014 11:56 hrs UTC

 
 
കോട്ടയം: പ്രവാസി മലയാളി ഫെഡറേഷന്റെ പ്രഥമ അന്താരാഷ്ട്ര സമ്മേളനമായ 'പ്രവാസി മലയാളി സംഗമം 2014' ഈ കഴിഞ്ഞ ഓഗസ്റ്റ് മാസം കോട്ടയത്ത് നടന്നപ്പോള്‍ ശ്രീ. ജോണ്‍ മാളിയേക്കലിന്റെ 'വര്‍ത്തമാന പുസ്തകം' -ത്തിന്റെ പുതിയ ഭാഷാന്തരം പ്രകാശനം ചെയ്തു.
 
ബഹു. കേരള ധനമന്ത്രി കെ.എം മാണിയില്‍ നിന്ന് മുന്‍ അംബാസിഡര്‍ ടി.പി ശ്രീനിവാസന്‍ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങിക്കൊണ്ട് പ്രകാശനകര്‍മം നിര്‍വഹിച്ചു.
 
ബഹു.കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ പ്രമുഖര്‍ അണിനിരന്ന പ്രസ്തുത സമ്മേളനത്തില്‍ ഗ്രന്ഥകര്‍ത്താവ് ശ്രീ. ജോണ്‍ മാളിയേക്കല്‍ സന്നിഹിതനായിരുന്നു.
 
ഭാരതീയ ജീവിത ശൈലിയും, ക്രൈസ്തവ വിശ്വാസവും, പൗരസ്ത്യ ആചാരങ്ങളും എങ്ങനെ നമ്മുടെ പൂര്‍വികര്‍ കാത്തുസൂക്ഷിച്ചു എന്നറിയാന്‍ ആഗ്രഹിക്കുന്ന ഓരോരുത്തരും വായിച്ചിരിക്കേണ്ട പുസ്തകമാണിതെന്ന് പുസ്തകത്തെപ്പറ്റി പ്രകാശന വേളയില്‍ ശ്രീ. കെ.എം മാണി പറഞ്ഞു.
 
ആധുനിക ഭാഷയിലേക്കുള്ള ഈ ഭാഷാന്തരം, പഴമയുടെ തനിമ നഷ്ടപ്പെടുത്താതെ പുത്തന്‍ തലമുറക്കായി പാകപ്പെടുത്തിയ ആഖ്യാന ശൈലിയാണ്. പതിനെട്ടാം നൂറ്റാണ്ടിലെ കേരളത്തിന്റെ ഛായാചിത്രം, യൂറോപ്പിന്റെ സാമൂഹിക സാംസ്കാരിക പശ്ചാത്തലം, ലോകത്തിലെ യാത്രാ സാഹചര്യങ്ങള്‍, വിശ്വാസ തീക്ഷണത, ഭാരതീയ സത്വചിന്ത, ദേശീയബോധം തുടങ്ങിയവ ഒരു ക്രൈസ്തവനിലൂടെ കണ്ടെത്താനാഗ്രഹിക്കുന്ന ഏതൊരു ഇന്ത്യാക്കാരനും 'വര്‍ത്തമാന പുസ്തകം' പാരമ്പര്യത്തിന്റെ സത്തയുള്ള ഒരു മണിച്ചെപ്പാണ്.
 
ഭാഷകളിലെ ആദ്യ യാത്രാവിവരണ ഗ്രന്ഥം മാത്രമല്ല, മറിച്ച് ഇന്ത്യന്‍ ദേശീയതയുടെ ആദ്യ ഹൃദയത്തുടിപ്പ് ചാലിച്ചെടുക്കാവുന്ന പുസ്തകമാണ് വര്‍ത്തമാന പുസ്തകം. പോര്‍ച്ചുഗീസ് മതമേധാവിത്വത്തിനെതിരെയുള്ള ഒരു സമുദായത്തിന്റെ പോരാട്ടം എന്നതിനുപരി ഭാരതിയതയിലൂന്നിയ വിശ്വാസത്തിനായുള്ള ദാഹം ഓരോ വാക്കിലും തുടിക്കുന്ന ഒരു ഗ്രന്ഥമാണിത്.
 
വടവാതൂര്‍ സെമിനാരി പ്രസിദ്ധീകരിച്ച, പ്രമുഖ സുറിയാനി പണ്ഢിതനായ ഫാ. തോമസ് കൂനംമാക്കല്‍ നിര്‍ണായകമായ വെളിപ്പെടത്തലുകള്‍ നടത്തിയ ഒരു അമൂല്യ കൃതിയാണിത്. ഇതിന്റെ കോപ്പികള്‍ ലഭ്യമാക്കുവാന്‍ ബന്ധപ്പെടുക: ജോണ്‍ മാളിയേക്കല്‍: 011-91-960-544-0670; സിറിയക് സ്കറിയ: 830-279-2933 (യു.എസ്.എ)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.