You are Here : Home / USA News

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഫിലാഡല്‍ഫിയ പ്രോവിന്‍സ്‌ ഓണാഘോഷം പൊടിപൂരമായി

Text Size  

Story Dated: Monday, September 15, 2014 06:44 hrs UTC

 
ഫിലാഡല്‍ഫിയ: വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഫിലാഡല്‍ഫിയ പ്രോവിന്‍സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ഫൊറോനാ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ ഉത്രാടനാളില്‍ നടത്തിയ ഓണാഘോഷം പൊടിപൂരമായി.
 
കവി രാജു പടയാട്ടില്‍ ആലപിച്ച ഭക്തിഗാനത്തോടെ പരിപാടികള്‍ക്ക്‌ തുടക്കംകുറിക്കുകയും, ഡബ്ല്യു.എം.സി കുട്ടികള്‍ ദേശഭക്തിഗാനം ആലപിച്ചശേഷം മുഖ്യാതിഥി റവ.ഫാ. ജോണിക്കുട്ടി ജോര്‍ജ്‌ പുലിശേരിലിനേയും, മറ്റ്‌ വിശിഷ്‌ടാതിഥികളേയും ജൈനമ്മ പുരയ്‌ക്കല്‍ സദസിന്‌ പരിചയപ്പെടുത്തുകയും വേദിയിലേക്ക്‌ ആനയിക്കുകയും ചെയ്‌തു. കേരളത്തനിമയില്‍ എത്തിയ മലയാളികളുടെ നിറഞ്ഞ സദസിനെ സാക്ഷി നിര്‍ത്തി റവ.ഫാ ജോണിക്കുട്ടി ഭദ്രദീപം തെളിയിച്ച്‌ ഔപചാരികമായ ഉദ്‌ഘാടന കര്‍മ്മം നിര്‍വഹിക്കുകയും ചെയ്‌തു. 
 
സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും ആഘോഷദിനങ്ങളാണ്‌ ഓണം നമ്മെ ഓര്‍മ്മിപ്പിക്കുന്നതെന്നും, അയല്‍ക്കാരനെ തന്നെപ്പോലെ തന്നെ സ്‌നേഹിക്കാന്‍ പറഞ്ഞ ഈശോ മിശിഹായുടെ സന്ദേശം ഓണത്തിലും അന്തര്‍ലീനമായിക്കിടപ്പുണ്ടെന്നും അദ്ദേഹം തന്റെ ഓണസന്ദേശത്തിലൂടെ ഓര്‍മ്മിപ്പിച്ചു. തങ്ങളുടെ ജീവിതത്തിലൂടെ സാഹോദര്യം കാട്ടിക്കൊടുക്കണമെന്ന്‌ അദ്ദേഹം എടുത്തുപറഞ്ഞു. 
 
ഉദ്‌ഘാടന ചടങ്ങുകളില്‍ പ്രോവിന്‍സ്‌ പ്രസിഡന്റ്‌ സജി സെബാസ്റ്റ്യന്‍ അധ്യക്ഷതവഹിച്ചു. മൂന്ന്‌ അടി ഭൂമി ദാനമായി ചോദിച്ചുവന്ന വാമനന്‍ ഈശ്വരനാണെന്ന്‌ മനസിലാക്കിയിട്ടാണ്‌ രാജാവായിരുന്ന മഹാബലി തന്റെ ശിരസ്‌ തന്നെ മൂന്നാമത്തെ അടിക്കുവേണ്ടി കാട്ടിക്കൊടുത്തതെന്നും, ദൈവ ഇഷ്‌ടത്തിനായി നാം നമ്മെ തന്നെ സമര്‍പ്പിക്കുമ്പോഴാണ്‌ യഥാര്‍ത്ഥ ദൈവ സ്‌നേഹികളും മനുഷ്യസ്‌നേഹികളും ആയിത്തീരുന്നതെന്ന്‌ സെബാസ്റ്റ്യന്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. 
 
അമേരിക്കന്‍ റീജിയണ്‍ നേതാക്കളായ ജോര്‍ജ്‌ പനയ്‌ക്കല്‍ (വൈസ്‌ ഫ്രസിഡന്റ്‌), ജോസഫ്‌ ചെറിയാന്‍ (വൈസ്‌ ചെയര്‍മാന്‍), സ്ഥാപക നേതാക്കളായ സാബു ജോസഫ്‌ സി.പി.എ, ജോസ്‌ ആറ്റുപുറം, ആലീസ്‌ ആറ്റുപുറം (പ്രോവിന്‍സ്‌ വൈസ്‌ ചെയര്‍) എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. 
 
യുവതലമുറയെ അമേരിക്കന്‍ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരുന്നതിന്‌ മാതാപിതാക്കള്‍ മുന്‍കൈ എടുക്കണമെന്ന്‌ മുന്‍ പ്രോവിന്‍സ്‌ പ്രസിഡന്റുകൂടിയായ സാബു ജോസഫ്‌ സി.പി.എ എടുത്തുപറഞ്ഞത്‌ സദസ്‌ കൈയടിയോടെ സ്വീകരിച്ചു. 
 
പ്രശസ്‌ത കോറിയോഗ്രാഫര്‍ ബേബി തടവനാല്‍ നേതൃത്വം നല്‍കുന്ന മാതാ ഡാന്‍സ്‌ അക്കാഡമിയിലെ കലാപ്രതിഭകള്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും നേഹാ മോഹന്‍ അവതരിപ്പിച്ച മനോഹരമായ നൃത്തങ്ങളും ആകര്‍ഷകമായി. പതിവുപോലെ ഡബ്ല്യു.എം.സി വനിതകള്‍ ഇട്ട അത്തപ്പൂക്കളം നിറങ്ങളുടെ വര്‍ണ്ണജാലകം തന്നെ തീര്‍ത്തു. തിരുവാതിരയും കൈകൊട്ടിക്കളികളും, വള്ളംകളിയും കേരളത്തനിമ വിളിച്ചറിയിച്ചപ്പോള്‍ വാഴയിലയില്‍ വിളമ്പിയ വിഭവസമൃദ്ധമായ സദ്യ അനുഭവസമൃദ്ധവും സ്വാദേറിയതുമായി. 
 
മോഹന്‍പിള്ള മാവേലിയായി വേഷമിട്ടപ്പോള്‍ അമേരിക്കന്‍ മലയാളികള്‍ക്ക്‌ കൗതുകമായി. താലപ്പൊലിയോടും ചെണ്ടമേളത്തോടും സ്റ്റേജില്‍ എത്തിയ മഹാബലി ഓണസന്ദേശത്തിലൂടെ ധാരാളം നന്മകള്‍ നേര്‍ന്നു. 
 
പ്രോവിന്‍സ്‌ ഭാരവാഹികളായ മെര്‍ലിന്‍ പാലത്തിങ്കല്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), മേരി ജോസഫ്‌ (വൈസ്‌ ചെയര്‍മാന്‍) എന്നിവര്‍ മാനേജ്‌മെന്റ്‌ സെറിമണി മനോഹരമാക്കി. ജോസ്‌ പാലത്തിങ്കല്‍ ലൈറ്റും ശബ്‌ദവും നല്‍കിയപ്പോള്‍ ജോയി കരിമതി, തോമസ്‌ പുരയ്‌ക്കല്‍, ജോര്‍ജുകുട്ടി അമ്പാട്ട്‌ എന്നിവര്‍ ഹോസ്‌പിറ്റാലിറ്റി കോര്‍ഡിനേറ്റര്‍മാരായി പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. സെക്രട്ടറി മഞ്‌ജു ചെറുവേലിക്കല്‍ നന്ദി പ്രകാശിപ്പിച്ചു. പി.സി. മാത്യു അറിയിച്ചതാണിത്‌.  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.