You are Here : Home / USA News

ഫിലഡല്‍ഫിയ എക്യുമെനിക്കല്‍ ഫെലോഷിപ്പ് കണ്‍വന്‍ഷന്‍ നടത്തി

Text Size  

Story Dated: Saturday, September 13, 2014 01:01 hrs UTC


ഫിലഡല്‍ഫിയ . എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാറുളള സംയുക്ത കണ്‍വന്‍ഷന്‍ പ്രശാന്ത സുന്ദരമായ ഹാട്ബറോയിലുളള സിഎസ്ഐ  ക്രൈസ്റ്റ് ചര്‍ച്ച് ഇന്‍ പെന്‍സില്‍വേനിയ ദേവാലയത്തില്‍ വച്ച് നടത്തുകയുണ്ടായി.

എക്യുമെനിക്കല്‍ കണ്‍വന്‍ഷന്റെ മുഖ്യ പ്രാസംഗികനായി എത്തിയത് ഫാ. പൌലോസ് പീറ്ററാണ്. (വികാരി. സെന്റ് മേരീസ് ചര്‍ച്ച്, വൈറ്റ് പ്ലെയിന്‍സ്) വി.  വേദപുസ്തകത്തിലെ വി. പൌലോസ് അപ്പോസ്തോലന്റ് സുവിശേഷത്തിനെ അധികരിച്ച് കുടുംബ ജീവിതത്തിലെ സമാധാനം മുഖ്യവിഷയമായി തിരഞ്ഞെടുത്ത് പ്രതിപാദിക്കുകയും മനോഹരമായ ഉപമകളാലും കഥകളാലും ലളിതമായ ഭാഷയില്‍ അര്‍ത്ഥ സംപുഷ്ടമായി പ്രസംഗിക്കുകയുണ്ടായി. പ്രഭാഷണത്തിലുടനീളം കുടുംബാംങ്ങള്‍ക്കിടയില്‍ ഭിത്തികള്‍ തീര്‍ത്ത് അതിര്‍വരമ്പുകള്‍ നിശ്ചയിക്കരുതെന്നും  കൂടുമ്പോള്‍ ഉണ്ടാകുന്ന ഇമ്പമാണ് കുടുംബം എന്നും അതിലൂടെ കിട്ടുന്ന സമാധാനവും സന്തോഷവും എന്നും നിലനില്‍ക്കുമ്പോള്‍ മാത്രമാണ് ആരോഗ്യകരമായ സമൂഹത്തിനെ കെട്ടിപ്പെടുക്കാനാകുകയുളളു എന്നും അച്ചന്‍ ഓര്‍മിപ്പിച്ചു. ലോകാരംഭം മുതലുളള ചരിത്രത്തിലേക്കു നാം ഒന്നു വേഗത്തില്‍ കണ്ണോടിച്ചാല്‍ യേരുശലേം ദേവാലയത്തിലെ കപട ഭിത്തികള്‍ പോലും യേശുക്രിസ്തു തകര്‍ത്തു കളഞ്ഞ ചരിത്രം വി. വേദപുസ്തകത്തില്‍ നിന്നും നമുക്ക് മനസിലാക്കുവാന്‍ സാധിക്കുമെന്നും പറയുകയുണ്ടായി. 40 വര്‍ഷത്തിലധികമായി ന്യൂയോര്‍ക്കില്‍ സ്ഥിരതാമസവും വളരെക്കാലം യുണൈറ്റഡ് നേഷന്‍സില്‍ ഉയര്‍ന്ന തലത്തിലെ ഉദ്യോഗത്തിനുശേഷം വിരമിക്കുകയും ചെയ്തു. അമേരിക്കയിലെ പ്രമുഖവും  തഴക്കവുമുളള ഫിലഡല്‍ഫിയ എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ കണ്‍വന്‍ഷനില്‍ ആദ്യമായാണ് പങ്കെടുക്കുന്നതെന്നും തനിക്ക് ഇതിനവസരം ഒരുക്കിയ ഫെലോഷിപ്പിന്റെ എല്ലാ ഭാരവാഹികളോടും നന്ദി അറിയിച്ചു കൊണ്ടാണ് സുവിശേഷ പ്രസംഗം പര്യവസാനിപ്പിച്ചത്.

അയ്യായിരത്തിലധികം കുടുംബങ്ങള്‍ 21 ദേവാലയങ്ങളിലായിട്ടുളള എക്യുമെനിക്കല്‍ ഫെലോഷിപ്പ് 28-ാമത് വര്‍ഷത്തിലാണ് എത്തിനില്‍ക്കുന്നത്. കണ്‍വന്‍ഷനിലുടനീളം എക്യുമെനിക്കല്‍ ഗായക സംഘാങ്ങള്‍ തോമസ് എബ്രഹാം (ക്വയര്‍, ലീഡര്‍) വിജു ജെയിക്കബ് (കീ ബോര്‍ഡ്) എന്നിവരുടെ നേതൃത്വത്തില്‍ ശ്രുതി മധുരമായ ഗാനങ്ങളാലപിക്കുകയും ചെയ്തു.

ഫാ. ഡെന്നിസ് എബ്രഹാം (റിലിജിയസ് കോഡിനേറ്റര്‍), സ്വാഗതമാശംസിക്കുകയും  ഫാ. ഷാജി ഈപ്പന്‍ (ചെയര്‍മാന്‍) ആ മുഖ പ്രസംഗം നടത്തുകയും, ആനി മാത്യു(സെക്രട്ടറി) നന്ദി പ്രകാശിപ്പിക്കുകയും ഫാ. സന്തോഷ് മാത്യു (വികാരി സിഎസ്ഐ ക്രൈസ്റ്റ് ചര്‍ച്ച് ഇന്‍ പെന്‍സില്‍വേനിയ) ദേവാലയത്തില്‍ വന്ന എല്ലാവരോടും അതിലും ഉപരി എക്യുമെനിക്കല്‍ ഫെലോഷിപ്പ് ഈ ദേവാലയത്തില്‍ വച്ച് സുവിശേഷയോഗം നടത്തിയതിനോടുളള നന്ദി അറിയിക്കുകയും ഫാ. എം. കെ. കുര്യാക്കോസ് ആശീര്‍വാദം പറയുകയും  ധാരാളം വൈദീകരും ജനങ്ങളും കണ്‍വന്‍ഷനില്‍ പങ്കെടുക്കുകയും ചെയ്തു.

വാര്‍ത്ത. ജീമോന്‍ ജോര്‍ജ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.