You are Here : Home / USA News

ഫാമിലി യൂത്ത് കോണ്‍ഫറന്‍സ് പ്രാര്‍ത്ഥനാനിര്‍ഭരം, ആവേശത്തോടെ മലങ്കര ഓര്‍ത്തഡോക്‌സ്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, July 12, 2013 10:33 hrs UTC

ന്യൂയോര്‍ക്ക്: എലന്‍വില്ലിലുള്ള ഓണേഴ്‌സ് ഹേവന്‍ റിസോര്‍ട്ടില്‍ ഒത്തുകൂടിയ മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ജനങ്ങള്‍ക്ക് ആത്മവിശുദ്ധിയുടെ പൂര്‍ണതയിലേക്കുള്ള രണ്ടാം ദിനം പ്രാര്‍ത്ഥനാനിര്‍ഭരമായിരുന്നു. ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിനു പ്രസാദവുമുള്ള യാഗവുമായി സമര്‍പ്പിക്കുന്നതില്‍ പ്രാര്‍ത്ഥന വഹിക്കുന്ന അനിതരസാധാരണ പങ്കിനെപ്പറ്റിയുള്ള വിശദമായ പ്രസംഗങ്ങളും ധ്യാനയോഗങ്ങളും ചര്‍ച്ചാക്ലാസ്സുകളും കൊണ്ട് സമ്പന്നം. കോണ്‍ഫറന്‍സില്‍ ചിന്താവിഷയം അവതരിപ്പിച്ചു കൊണ്ട് റവ. ഫാ. ഡോ. ബേബി വറുഗീസും റവ. ഫാ. റോബര്‍ട്ട് മിക്ലീനും ആത്മീയ ചിന്താധാരയുടെ അമൂര്‍ത്തമായ വാതായനങ്ങളാണ് തുറന്നിട്ടത്.

 

രണ്ടാം ദിനം അതിരാവിലെ 6.15-ന് രാത്രി നമസ്‌ക്കാരത്തോടെയാണ് അനുഗ്രഹമാരി ചൊരിഞ്ഞ ദിവസം ആരംഭിച്ചത്. തുടര്‍ന്ന് പ്രഭാത നമസ്‌ക്കാരം. റവ. ഫാ. ഡോ രാജു വറുഗീസ് ധ്യാനപ്രസംഗം നടത്തി. ബ്രോങ്ക്‌സ് വെസ്റ്റ് ചെയര്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചസ് ഗായകസംഘം നയിച്ച ഗാനാലാപനത്തിനു ശേഷം കീനോട്ട് സ്പീക്കര്‍ റവ. ഫാ. ഡോ. ബേബി വറുഗീസും ഫാ. റോബര്‍ട്ട് മിക്ലീനും ചിന്താവിഷയം അവതരിപ്പിച്ചു. മുതിര്‍ന്നവര്‍, യുവജനങ്ങള്‍, കുട്ടികള്‍ എന്നിങ്ങനെ കാറ്റഗറി തിരിച്ചായിരുന്നു യോഗങ്ങള്‍ ക്രമീകരിച്ചിരുന്നത്. ഗ്രൂപ്പ് ഡിസ്‌ക്കഷനുകള്‍, റവ. ഫാ. ഡോ. ജോര്‍ജ് കോശി, വെരി. റവ. പൗലൂസ് ആദായ കോര്‍ എപ്പിസ്‌കോപ്പ, റവ. ഫാ. വി.എം.ഷിബു, റവ. ഫാ. ഡോ. വറുഗീസ് ഡാനിയല്‍, ഫാ. ബിറ്റി മാത്യു, ഫാ.ബോബി വറുഗീസ്, ഫാ. ടി. എ തോമസ്, സിസ്റ്റര്‍ എലിസബത്ത് എന്നിവര്‍ നയിച്ചു.

 

എം.ജി.ഒ.സി.എം, ഫോക്കസ് സെഷനുകളും ഉണ്ടായിരുന്നു. ഉച്ചഭക്ഷണത്തിനു ശേഷം സൂപ്പര്‍ സെഷനുകള്‍ ക്രമീകരിച്ചിരുന്നു. കൂനന്‍ കുരിശ് സത്യം മലങ്കര സഭാ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ സംഭവ ഗതിവിഗതികളെക്കുറിച്ച് ഫാ. എം.കെ. കുര്യാക്കോസും ക്രൈസ്തവ മാതൃക കുടുംബം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ച് ഡോ. സാക്ക് സഖറിയയും നോര്‍ത്ത് അമേരിക്കന്‍ ഓര്‍ത്തഡോക്‌സ് സഭാ വീക്ഷണത്തെ പ്രതിപാദിച്ചു കൊണ്ട് ഫാ. റോബര്‍ട്ട് മിക്ലീനും സംസാരിച്ചു. പിന്നീട് നടന്ന കായിക മത്സരങ്ങളില്‍ വൈദികരും കുട്ടികളുമുള്‍പ്പെടെയുള്ള അമ്മമാരും ആവേശപൂര്‍വ്വം പങ്കെടുത്തു. വോളിബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍ വടംവലി തുടങ്ങിയവും ഉണ്ടായിരുന്നു. വൈദികരും അല്‍മായരും തമ്മിലുള്ള വടംവലി മത്സരത്തില്‍ അല്‍മായ ഗ്രൂപ്പ് വിജയിച്ചു. വൈകുന്നേരത്തെ ധ്യാനയോഗങ്ങള്‍ ഫാ.കെ.കെ ജോണും, ഫാ. റോബര്‍ട്ട് മിക്ലീനും നയിച്ചു. തുടര്‍ന്ന് കലാപ്രകടനങ്ങളുടെ സമയമായിരുന്നു. ഗാനങ്ങളും നൃത്തങ്ങളും ചിത്രീകരണങ്ങളുമായി ഭദ്രാസനത്തിലെ ഇരുപതോളം ഇടവകകളില്‍ നിന്നുള്ള കലാസംഘങ്ങള്‍ അരങ്ങു തകര്‍ത്തു.

 

 

കോ ഓര്‍ഡിനേറ്റര്‍ ഷാജി വറുഗീസ് ആമുഖ പ്രസംഗം നടത്തി. ടീനാ തോമസ്, അനു ജോസഫ് എന്നിവര്‍ എംസി-മാരായിരുന്നു. ഷെറിന്‍ ജോയി അമേരിക്കന്‍ ദേശീയ ഗാനവും റെജി ഫിലിപ്പും ടീം ഇന്ത്യന്‍ ദേശീയ ഗാനവും പാടി. കോണ്‍ഫറന്‍സില്‍ ഇന്ന്: മൂന്നാം ദിവസമായ ഇന്ന് പ്രഭാഷണങ്ങളും ചര്‍ച്ചാക്ലാസ്സുകളും നടക്കും. എം.ജി.ഓ.സി.എസ്.എം, ഫോക്കസ് എന്നീ പ്രസ്ഥാനങ്ങള്‍ നേതൃത്വം നല്‍കുന്ന സ്റ്റഡിക്ലാസ്സുകള്‍, സ്‌പോര്‍ട്‌സ് ആന്‍ഡ് ഗയിംസ്, മറ്റ് സൂപ്പര്‍ സെഷനുകള്‍ എന്നിവയും നടക്കും. വൈകുന്നേരം പഌനറി സെഷന്‍. ധ്യാനപ്രസംഗവും കുമ്പസാരവും രാത്രി വരെ നീളും. നാലാം ദിവസമായ നാളെ ശനിയാഴ്ച വിശുദ്ധ കുര്‍ബാനയക്ക് ശേഷം സ്‌നേഹവിരുന്നോടു കൂടി ഫാമിലി യൂത്ത് കോണ്‍ഫറന്‍സിനു തിരശീല വീഴും.