You are Here : Home / USA News

ഗാര്‍ലന്‍ഡ് സെന്‍റ് തോമസ് ദേവാലയത്തില്‍ വിശുദ്ധ തോമാശ്‌ളീഹായുടെ തിരുന്നാളിന് ഭക്തിനിര്‍ഭരമായ സമാപനം

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Thursday, July 11, 2013 12:36 hrs UTC

ഗാര്‍ലന്‍ഡ്(ഡാലസ്): ഗാര്‍ലന്‍ഡ് സെന്‍റ്. തോമസ് സീറോ മലബാര്‍ ദേവാലയത്തിന്റെ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ തോമാശ്‌ളീഹായുടെ തിരുന്നാള്‍ ജൂലൈ 5 നു തുടങ്ങി 8 നു സമാപിച്ചു. ഭക്തിനിര്‍ഭരമായ വിശുദ്ധ കര്‍മ്മങ്ങളും ഇമ്പമാര്‍ന്ന ഗാനശുശ്രൂഷകളും വര്‍ണ്ണമേളമാര്‍ന്ന പ്രദിക്ഷണവും, നേര്‍ച്ചകാഴ്ച സമര്‍പ്പണങ്ങളും തിരുന്നാള്‍ ദിനങ്ങളെ ഭക്തിസാന്ദ്രമാക്കി. ഇടവകയില്‍ നടന്ന വിവിധ കലാപരിപാടികളും തിരുന്നാള്‍ മോടിയാക്കി.

 

സമീപ ഇടവകളില്‍നിന്നും അനേകഭക്തര്‍ പങ്കെടുത്തു. വികാരി. ഫാ. ജോജി കണിയാംപടിക്കല്‍, കൈക്കാരന്മാരായ ജിമ്മി മാത്യു, ഇമ്മാനുവല്‍ കുഴിപ്പിള്ളില്‍ എന്നിവരാണ് തിരുനാളിന് നേതൃത്വം നല്‍കിയത്. സണ്ണിവെയ്ല്‍ വാര്‍ഡ് തിരുന്നാളിനു പ്രസുദേന്തിയായി. ജൂലൈ 5 ന് വെള്ളിയാഴ്ച വൈകുന്നേരം കൊടിയേറി. ജൂലൈ 6 ശനിയാഴ്ച വൈകുന്നേരം ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന തുടങ്ങിയ വി. കര്‍മ്മങ്ങള്‍ക്ക് ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ മുഖ്യ കാര്‍മ്മികനായി.ജുലൈ 7 ന് ഞായറാഴ്ച വൈകുന്നേരം ആഘോഷമായ തിരുന്നാള്‍ കുര്‍ബാന, നൊവേന, ലദീഞ്ഞ്, നേര്‍ച്ച കാഴ്ച സമര്‍പ്പണം എന്നിവയും പള്ളി ചുറ്റിയുള്ള ആഘോഷമായ പ്രദക്ഷിണവും നടന്നു.

 

ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ (ഒക്ലഹോമ സിറ്റി) മുഖ്യ കാര്‍മീകനും ഫാ. മാത്യു കാവില്‍പുരയിടം(കരോള്‍ട്ടന്‍), ഫാ ജോജി കണിയാംപടിക്കല്‍ എന്നിവര്‍ സഹകാര്മ്മികരും ആയിരുന്നു. കലാപരിപാടികളുടെ ഭാഗമായി വെള്ളിയാഴ്ച ബാബു കൊണ്ടോത്ത് ആന്‍ഡ് ടീം അവതരിപ്പിച്ച 'സെന്‍റ്. തോമസ് നൈറ്റ്', മ്യൂസിക്കല്‍ ഡ്രാമയായ 'പുഷ്പാര്‍ച്ചന' എന്നീ പരിപാടികള്‍ ശ്രദ്ധേയമായി. ശനിയാഴ്ച കലാഭവന്‍ ഡെന്‍സന്‍, സബന്‍സാം കോട്ടയം, കാര്‍ത്തിക പ്രശാന്ത് എന്നിവര്‍ ചേര്‍ന്ന് നയിച്ച ശ്രുതി ഓര്‍ക്കസ്ട്രാ, ഡാലസിന്റെ ഗാനമേളയിലും അനേകര്‍ പങ്കെടുത്തു. ജുലൈ 8 തിങ്കളാഴ്ച മരിച്ചവരുടെ ഓര്‍മ്മ പുതുക്കിനടത്തിയ വി. കുര്‍ബാന, ഒപ്പീസ് എന്നിവയോടുകൂടിയാണ് നാല് ദിവസത്തെ തിരുന്നാളിന് സമാപനം കുറിച്ചത്.