ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ഭാരത അപ്പസ്തോലനും, ഇടവക മദ്ധ്യസ്ഥനുമായ വിശുദ്ധ തോമ്മാശ്ലീഹായുടെ ദുക്റാന തിരുനാള്‍ ഭക്ത്യാദരപൂര്‍വം ജൂണ്‍ 27 മുതല്‍ ജൂലൈ 7 വരെ പത്തുദിവസം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ജൂണ്‍ 27 വെള്ളിയാഴ്ച്ച വൈകുന്നേരം 7 മണിക്ക് ഇടവകവികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി തിരുനാള്‍കൊടി ഉയര്‍ത്തുന്നതോടെ പത്തുദിവസം നീളുന്ന ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിക്കും.
അന്നേദിവസം അദ്ദേഹം മുഖ്യകാര്‍മികനായും, റവ. ഡോ. മാത്യു മണക്കാട്ട് സഹകാര്‍മ്മികനായും ആഘോഷമായ ദിവ്യബലിയും തുടര്‍ന്ന് രൂപംവെഞ്ചരിപ്പും, ലദീഞ്ഞും നടക്കും. റവ. ഡോ. മാത്യു മണക്കാട്ട് തിരുനാള്‍ സന്ദേശം നല്‍കും.
ദുക്റാന തിരുനാള്‍ ദിനമായ ജുലൈ 3 വ്യാഴാഴ്ച്ച വൈകുന്നേരം ആറരയ്ക്ക് റവ. ഫാ. തോമസ് മലയില്‍, റവ. ഫാ. ജോണിക്കുട്ടി പുലിശേരി, റവ. ഫാ. മാത്യു മുളങ്ങാശേരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ റാസ. കുര്‍ബാന മധ്യേ ഫാ. മാത്യു മുളങ്ങാശേരി തിരുനാള്‍ സന്ദേശം നല്‍കും. ജുലൈ 4 വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് ആഘോഷമായ സമൂഹബലി. റവ. ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍, റവ. ഫാ. ജേക്കബ് ജോണ്‍, റവ. ഫാ. ജോസ് അയിനിക്കല്‍, റവ. ഫാ. തോമസ് മലയില്‍,
എന്നിവര്‍ കാര്‍മ്മികരായിരിക്കും. തിരുനാള്‍ സമ്പേശം നല്‍കുന്നത് ഫാ. ജോസ് അയിനിക്കല്‍. ഏഴുമണിമുതല്‍ മദര്‍ തെരേസ നാടകം.
ജുലൈ 5 ശനിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് സമൂഹബലി. റവ. ഫാ. മാത്യു മുളങ്ങാശേരി മുഖ്യകാര്‍മ്മികത്വം വഹിക്കും. ചിക്കാഗോ സീറോമലബാര്‍ രൂപതാ വികാരിജനറാള്‍ റവ. ഡോ. അഗസ്റ്റിന് പാലയ്ക്കാപറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് ലദീഞ്ഞും, പ്രദക്ഷിണവും. ഈ വര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിമാരായ സെ. ജോസഫ് വാര്‍ഡ് ടീമംഗങ്ങള്‍ ഒരുക്കുന്ന കലാവിരുന്ന് ഹൃദയഹാരിയായിരിക്കും.
പ്രധാന തിരുനാള്‍ ദിവസമായ ഞായറാഴ്ച്ച റവ. ഡോ. അഗസ്റ്റിന്പാലയ്ക്കാപറമ്പില് മുഖ്യകാര്‍മികനായി ആഘോഷമായ തിരുനാള്‍കുര്‍ബാന. തൃശൂര്‍ ജറുസലെം റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ റവ. ഫാ. ഡേവിസ്പട്ടത്ത് തിരുനാള്‍ സന്ദേശം നല്‍കും. ലദീഞ്ഞിനുശേഷം പെരുനാള് കൊടികളുടെയും, മുത്തുക്കുടകളുടേയും, ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ തോമാശ്ലീഹായുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള തിരുനാള്‍ പ്രദക്ഷിണം, പ്രസുദേന്തി വാഴ്ച്ച, യുവജനങ്ങള്‍ ഒരുക്കുന്ന കാര്‍ണിവല്‍ എന്നിവ തിരുനാളിന്റെ മോടിക്ക് മാറ്റുകൂട്ടും.
ജുലൈ 7 തിങ്കളാഴ്ച്ച മരിച്ചവരുടെ ഓര്‍മ്മദിനം. വൈകുന്നേരം ഏഴുമണിയ്ക്ക് ദിവ്യബലിയും, ഒപ്പീസും നേര്‍ച്ചവിതരണവും ഉണ്ടാവും. അന്നേ ദിവസം കൊടിയിറക്കുന്നതോടെ പത്തുദിവസത്തെ തിരുനാളിന് തിരശീലവീഴും. തിരുനാള്‍ ദിവസങ്ങളില്‍ പള്ളിയും പരിസരങ്ങളും കമനീയമായി അലങ്കരിക്കും. ഇടവക മദ്ധ്യസ്ഥനെ വണങ്ങുന്നതിനും, നേര്ച്ചകാഴ്ച്ചകള് സമര്‍പ്പിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് എല്ലാദിവസങ്ങളിലും സൗകര്യംഉണ്ടാവും. പ്രധാന തിരുനാള്‍ ദിവസങ്ങളായ ശനിയും, ഞായറും സ്നേഹവിരുന്ന് ഉണ്ടാവും.
ഈ വര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിമാര്‍ സെ. ജോസഫ് വാര്‍ഡിലെ കുടുംബാംഗങ്ങളാണ്. സിബിച്ചന് ചെമ്പ്ളായില്‍ (പ്രസിഡന്റ്), പോള്‍ തെക്കുംതല (വൈസ് പ്രസിഡന്റ്), ജോര്‍ജ് നടവയല്‍, എലിസബത്ത് മാത്യൂസ് (സെക്രട്ടറിമാര്‍), യോഹന്നാന് മത്തായി (ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ തിരുനാള്‍ കമ്മിറ്റി ഇടവകവികാരി റവ. ഫാ. ജോണിക്കുട്ടി പുലിശേരി, ട്രസ്റ്റിമാരായ ബിജി ജോസഫ്, വിന്‍സന്റ് ഇമ്മാനുവല്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം പെരുനാളിന്റെ വിജയത്തിനായി പരിശ്രമിക്കുന്നു.
ഇടവക ഫൊറോനായായി ഉയര്‍ത്തിയതിനുശേഷം വരുന്ന ആദ്യത്തെ പെരുനാള് എന്ന നിലയിലും, ഇടവകയുടെ പത്താം വാര്‍ഷികം എന്നനിലയിലും ഈ വര്‍ഷത്തെ തിരുനാളിന് പ്രത്യേക പ്രാധാന്യമുണ്ട്. തിരുനാളിന്റെ പത്തുദിവസങ്ങളിലും ഇടവകയിലെ വാര്‍ഡുകള്‍ നയിക്കുന്ന മധ്യസ്ഥപ്രാര്‍ത്ഥനയും, ദിവ്യബലിയും ഉണ്ടാവും.
Comments