You are Here : Home / USA News

ഇന്ത്യ ആരു ഭരിക്കും ? (ലേഖനം: ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌)

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, May 15, 2014 10:09 hrs UTC

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ സ്വതന്ത്ര ഭാരതത്തിന്റെ പതിനാറാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ്‌ ഇക്കഴിഞ്ഞ ദിവസം അവസാനിച്ചു. ഇനി ഫലമറിയുവാനുള്ള കാത്തിരിപ്പിന്റെ ദിനരാത്രങ്ങള്‍. 543 ലോകസഭാ മണ്ഡലങ്ങളിലേക്കായി മാറ്റുരച്ചത്‌ എണ്ണായിരത്തില്‍പ്പരം സ്ഥാനാര്‍ത്ഥികള്‍. തിരഞ്ഞെടുപ്പിനു മുന്‍പും പിന്‍പും നടത്തപ്പെട്ട എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ വിശ്വസിക്കാമെങ്കില്‍ ശ്രീ.നരേന്ദ്രമോഡി നയിക്കുന്ന ബിജെപി സഖ്യമുന്നണി അധികാരത്തിലേറുകയും കോണ്‍ഗ്രസ്സ്‌ പാര്‍ട്ടി നയിക്കുന്ന മുന്നണി നൂറില്‍ താഴെ സീറ്റിലേക്ക്‌ കൂപ്പുകുത്തുകയും മായാവതിയും ജയലളിതയും ഉള്‍പ്പെടെയുള്ള ഇതരകക്ഷികള്‍ നിര്‍ണ്ണായക ശക്തിയാവുകയും ചെയ്യും.

 

കഴിഞ്ഞ പത്തുവര്‍ഷത്തെ യുപിഎ സര്‍ക്കാരിന്റെ ഭരണനേട്ടമായി രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയുടെയും കുംഭകോണത്തിന്റെയും കഥകള്‍ മാത്രം കാഴ്‌ച വെക്കുവാനുള്ള കോണ്‍ഗ്രസ്‌ മുന്നണി തുടക്കം മുതല്‍ നരേന്ദ്രമോഡി എന്ന ഗുജറാത്ത്‌ മുഖ്യമന്ത്രിയുടെ പേരില്‍ ആരോപണമുന്നയിക്കുന്നതില്‍ മാത്രമാണ്‌ ശ്രദ്ധവെച്ചത്‌. ഇതിനെന്തു ഫലമുണ്ടായി എന്നു കാത്തിരുന്നു കാണുക മാത്രമേ നിവൃത്തിയുള്ളൂ. ഇന്ദിരാഗാന്ധിക്കുശേഷം പ്രാപ്‌തനായ ജനനേതാവിനെ കണ്ടുപിടിക്കാനാവാതെ നെഹ്രു കുടുംബത്തെ ചുറ്റിപ്പറ്റി കറങ്ങുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ്‌ മാറി. രാജീവ്‌ ഗാന്ധിക്കുശേഷം സോണിയ, രാഹുല്‍ ഇനി പ്രിയങ്ക.... ജനകോടികള്‍ അധിവസിക്കുന്ന ഒരു വന്‍രാഷ്ട്രീയത്തിന്‌ സ്വാതന്ത്ര്യം നേടിയെടുക്കുവാന്‍ കെട്ടിപ്പെടുത്തിയ ലോക പ്രശസ്‌തരായ നേതാക്കളെ സംഭാവന ചെയ്‌ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനാണ്‌ പതിറ്റാണ്ടുകളായി ജനാധിപത്യരീതിയില്‍ തെരഞ്ഞെടുപ്പു പോലും നടത്താന്‍ പറ്റാതെ നോമിനേഷന്‍ പാര്‍ട്ടിയായി അധഃപതിക്കുവാനുള്ള ഈ ദുര്‍വിധി.

 

കടുത്ത വര്‍ഗീയവാദി , തീവ്രവാദ ഹിന്ദു രാഷ്ട്രവക്താവ്‌ , ഗുജറാത്ത്‌ സംഭവങ്ങളുടെ സൂത്രധാരന്‍ തുടങ്ങിയ ആരോഹണങ്ങള്‍ നേരിട്ടിട്ടുള്ള നേതാവാണ്‌ നരേന്ദ്രമോഡി, എങ്കിലും ഗുജറാത്തിനെ വന്‍ വകസനത്തിലേക്കു നയിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു എന്നത്‌ നിസ്സാരവല്‍ക്കരിക്കാനാവില്ല. അഴിമതി വിരുദ്ധര്‍ എന്ന സല്‍പ്പേരും മോഡിക്ക്‌ സ്വന്തം. പാര്‍ട്ടി നോക്കി വോട്ടു ചെയ്യാതെ അഴിമതിക്കും കുംഭകോണത്തിന്‌ കൂട്ടുനില്‍ക്കാത്ത വ്യക്തികള്‍ എം പി മാരാകുന്ന കാലം വരട്ടെ എന്നു നമുക്കാഗ്രഹിക്കാം. ഹിന്ദുത്വവാദം എന്നതൊഴിച്ചാല്‍ കോണ്‍ഗ്രസ്സിനും ബിജെപിയ്‌ക്കും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല എന്നതാണ്‌ വാസ്‌തവും. ഏതെങ്കിലും കാരണവശാല്‍ മോദിക്ക്‌ ഒറ്റക്ക്‌ ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ വിലപേശല്‍ തന്ത്രം വഴി നേട്ടമുണ്ടാക്കുന്നത്‌ ജയലളിതയുടെതു പോലുള്ള പ്രാദേശിക കക്ഷികളായിരിക്കും.

 

വര്‍ഷങ്ങളായി പരിശ്രമിച്ചിട്ടും പ്രവാസി വോട്ടവകാശം പോലും ലഭിക്കാത്ത വിദേശ മലയാളികള്‍ അവിടവിടെയായ്‌ ഇരുന്നുകൊണ്ട്‌ കോണ്‍ഗ്രസ്സിനു ഓശാന പാടിയും മോദിയെ കണ്ണുമടച്ച്‌ തള്ളിപ്പറയുകയും ചെയ്യുന്ന നടപടി ജനാധിപത്യ മാന്യതക്ക്‌ ചേര്‍ന്നതല്ല. ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും നരേന്ദ്രമോഡി വേണമെന്നാഗ്രഹിച്ചാല്‍ ആ പൊതു വികാരത്തെ മാനിക്കുകയാണ്‌ വേണ്ടത്‌. മൃഗീയ ഭൂരിപക്ഷം ലഭിച്ച്‌ അധികാര സോപാനത്തില്‍ ഏറിയ മന്ത്രിസഭകളെ താഴെയിറക്കുവാനുള്ള ധൈര്യം കാട്ടിയ ഭാരത ജനതയെ നിരാശപ്പെടുത്തിയാല്‍ ഫലം എന്താണെന്ന്‌ നന്നായി അറിയാവുന്ന ജനനേതാവാണ്‌ നരേന്ദ്രമോഡി.അടുത്ത അഞ്ചുവര്‍ഷം ഇനി ബിജെപി ഭരിക്കട്ടെ ഇക്കാലയളവില്‍ ഉള്‍പ്പാര്‍ട്ടി തിരഞ്ഞെടുപ്പു നടത്തിയും, നോമിനേഷനിലൂടെ നേതാക്കളെ അടിച്ചേല്‍പ്പിക്കുന്ന പരിപാടി നിര്‍ത്തലാക്കിയും ശക്തിയാര്‍ജ്ജിക്കുവാന്‍ കോണ്‍ഗ്രസ്സിനു കഴിയണം. മുഖ്യധാരയില്‍ നിന്ന്‌ അകത്തു പോകാതിരിക്കാന്‍ ഇടതു പ്രാദേശിക പാര്‍ട്ടികളും പരിശ്രമിക്കട്ടെ. വളര്‍ച്ചയിലൂടെ ബഹൂദൂരം സഞ്ചരിക്കുവാന്‍, അഴിമതി ഇല്ലാത്ത ഭാരതം കെട്ടിപ്പടുക്കുവാന്‍ നമുക്ക്‌ പ്രതീക്ഷയോടെ കാത്തിരിക്കാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.