ഫിലഡല്‍ഫിയ: GROW മിനിസ്ട്രിയുടെ നേതൃത്വത്തില്‍ (God Renewing Orthodox Women) യുവതികള്‍ക്കായുള്ള വാര്‍ഷിക ഏകദിന കോണ്‍ഫറന്‍സ് ഫിലഡല്‍ഫിയയിലെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ മാര്‍ച്ച് 29ന് ശനിയാഴ്ച നടന്നു. മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടന്ന മൂന്നാമത് വാര്‍ഷിക ഭദ്രാസന കോണ്‍ഫറന്‍സില്‍ വിര്‍ജീനിയ മുതല്‍ ബോസ്റ്റണ്‍ വരെയുള്ള പള്ളികളിലെ യുവതികള്‍ പങ്കെടുത്തു. (ഏശയ്യ: 43) വചനഭാഗത്തെ ആസ്പദമാക്കി 'ഞാന്‍ നിന്നെ പേര് ചൊല്ലി വിളിച്ചിരിക്കുന്നു. നീ എന്റേതാണ്' എന്നതായിരുന്നു കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം. മിനിസ്ട്രിയുടെ സ്ഥാപകനായ ഭദ്രാസന മെത്രാപ്പൊലിത്ത സഖറിയ മാര്‍ നിക്കോളോവാസ് കോണ്‍ഫറന്‍സിന്റെ മുഖ്യപ്രഭാഷനായിരുന്നു ഓരോരുത്തരിലുമുള്ള വ്യത്യസ്ത ഐഡന്റിറ്റിയെ കുറിച്ചും സ്വയാവബോധത്തെക്കുറിച്ചും മറ്റും മെത്രാപ്പൊലിത്തയുടെ ക്ലാസ് പ്രചോദനാത്മകമായി. ''മറ്റുള്ളവരില്‍ ദൈവത്തെ കാണുമ്പോള്‍ ദൈവം നമ്മില്‍ തന്നെ പ്രതിഫലിക്കുകയാണ് ചെയ്യുന്നത്' മെത്രാപ്പൊലിത്ത ഉദ്ബോധിപ്പിച്ചു.
രാവിലെയും വൈകുന്നേരവുമായി വനിതാ അത്മായ നേതാക്കളുടെ നേതൃത്വത്തില്‍ രണ്ട് വര്‍ക് ഷോപ്പുകള്‍ നടന്നു. 'ഞാന്‍ ആരെന്നാണ് എന്റെ ചിന്ത' എന്ന വിഷയത്തെക്കുറിച്ചായിരുന്നു. ആദ്യ വര്‍ക് ഷോപ്പ്. ''ഞാന്‍ ആരെന്നാണ് ലോകം ചിന്തിക്കുന്നത്'' എന്ന വിഷയത്തിലായിരുന്നു രണ്ടാമത്തെ വര്‍ക് ഷോപ്പ്. ഡോ. അമ്മുക്കുട്ടി പൗലോസ് (മാതാക്കളുടെ ഗ്രൂപ്പ്) ബിന്‍സി തോമസ് (കോളജ്) , സുനിത സഖറിയ (വര്‍ക്കിംഗ് പ്രൊഫഷണല്‍സ്), സൂസന് മാത്യു (വിവാഹിതര്‍) അനു ജേക്കബ് ഗീ വര്‍ഗീസ് (ഹൈസ്കൂള്‍) എന്നിവര്‍ വര്‍ക് ഷോപ്പുകള്‍ക്ക് നേതൃത്വം നല്കി.
കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരുക്കിയ 'ഞാന്‍ ആരാകുന്നു' എന്ന സ്വാഗത ഗാന അവതരണം, സെന്റ് തോമസ് ഗ്രേറ്റര്‍ വാഷിംഗ്ടന്റെ 'മൈം അവതരണം' പുഷ്പ ചക്രങ്ങളും കുരിശു നെക്ലേസുകളും നിരത്തിയൊരുക്കിയ പ്രദര്‍ശനം തുടങ്ങിയവ കോണ്‍ഫറന്‍സിന്റെ പ്രത്യേകതയായി.
ഇടവേളകളിലും മറ്റും ഭദ്രാസനത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള യുവതികള്‍ക്ക് പരസ്പരം കണ്ട് സംസാരിക്കാനായി. മെത്രാപ്പൊലിത്തയും വൈദികരും സെമിനേറിയന്സും പങ്കെടുത്ത ഓപ്പണ്‍ ഫോറത്തില്‍ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ നല്കപ്പെട്ടു. മെഡിറ്റേഷനോടെയാണ് കോണ്‍ഫറന്‍സ് സമാപിച്ചത്.
മെഡിറ്റേഷന്‍ ടൈമില്‍ വൈദികര്‍, പങ്കെടുത്ത എല്ലാവര്ക്കും വേണ്ടി പ്രാര്‍ഥിച്ചു. ഒരു ദൈവവചനവും പ്രെയര്‍ കാര്‍ഡും ആത്മാവില്‍ വളരുന്നതിന് ഹൃദയത്തില്‍ നിന്നെഴുതിയ കത്തുകള്‍ എന്ന പേരില്‍ തയാറാക്കിയ ബുക്ലെറ്റും, പങ്കെടുത്തവര്‍ക്ക് ലഭിച്ചു. ജീവിതത്തില്‍ വെല്ലുവിളികളെ ധൈര്യപൂര്‍വ്വം നേരിട്ട വനിതകളുടെ കത്തുകളായിരുന്നു ബുക്ലെറ്റില്. നിഗൂഢമായ വഴികളിലൂടെ ദൈവം നമ്മുടെ ജീവിതത്തില്‍ വിജയകരമായി ഇടപെടുന്ന വഴികളെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകളായിരുന്നു ഓരോ അനുഭവങ്ങളും.
വൈദികരുടെയും സെന്റ് തോമസ് ചര്‍ച്ച് അംഗങ്ങളുടെയും വോളന്റിയേഴ്സിന്റെയും സഹകരണത്തില്‍ കോണ്‍ഫറന്‍സ് ഏറെ പ്രയോജനപ്രദമായി.
ഓര്‍ത്തഡോക്സ് വിശ്വാസത്തില്‍ വനിതകളെ സജീവമാക്കുന്നതോടൊപ്പം ദൈനംദിനജീവിതത്തിലെ വെല്ലുവിളികള്‍ക്കിടയിലും ദൈവവുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ വനിതകളെ പ്രാപ്തരാക്കുകയാണ് മിനിസ്ട്രിയുടെ ലക്ഷ്യം.
Comments