You are Here : Home / USA News

ഇന്റര്‍നാഷണല്‍ ലീഡേഴ്‌സ് ഓഫ് എജ്യുക്കേഷന്‍ പ്രോഗ്രാം; എ.വി. സന്തോഷ് കുമാറും എം.ദേവിയും ആല്‍ബനിയില്‍

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Monday, March 24, 2014 09:53 hrs UTC

ആല്‍ബനി (ന്യൂയോര്‍ക്ക്): യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഇന്ത്യാ എജ്യുക്കേഷന്‍ ഫൗണ്ടേഷനും അമേരിക്കന്‍ ഗവണ്‍മെന്റും സംയുക്തമായി നടത്തുന്ന ഇന്റര്‍നാഷണല്‍ ലീഡേഴ്‌സ് ഓഫ് എജൂക്കേഷന്‍ പ്രോഗ്രാമില്‍ (ഐ.എല്‍.ഇ.പി)ഫുള്‍െ്രെബറ്റ് സ്‌കോളര്‍ഷിപ്പോടെ അമേരിക്കയിലെത്തിയ ഇന്ത്യയില്‍ നിന്നുള്ള ഏഴ് അദ്ധ്യാപകരില്‍ കേരളത്തില്‍ നിന്നുള്ള അഞ്ച് അദ്ധ്യാപകരില്‍ രണ്ടു പേര്‍ ന്യൂയോര്‍ക്കിന്റെ തലസ്ഥാന നഗരിയായ ആല്‍ബനിയിലെ കോളേജ് ഓഫ് സെന്റ് റോസിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. വിവിധ ലോക രാജ്യങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 64 പേരില്‍ ഇന്ത്യയില്‍ നിന്ന് ഏഴു പേരാണ് 2014ലെ ഫെലോഷിപ്പിന് അര്‍ഹരായിട്ടുള്ളത്.

കാസര്‍ഗോഡ് ഉദിനൂര്‍ സെന്‍ട്രല്‍ യു.പി. സ്‌കൂള്‍ അദ്ധ്യാപകന്‍ എ.വി. സന്തോഷ് കുമാര്‍, കോതമംഗലം എസ്.ജെ.എച്ച്.എസ്.എസ്. അദ്ധ്യാപിക ദേവി എം. എന്നിവരാണ് ആല്‍ബനിയിലെ കോളേജ് ഓഫ് സെന്റ് റോസില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കൂടാതെ, റിയാസ് പി ഡി. (ജി ജി HSS വണ്ടൂര്‍, മലപ്പുറം), തോമസ് പി വി (കേന്ദ്രീയ വിദ്യാലയം, മലപ്പുറം), ബോബി ജോസ് (JMB HS,, ഇരങ്ങാലക്കുട) എന്നീ അദ്ധ്യാപകരും അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ഗവേഷണങ്ങള്‍ നടത്തുന്നു.

ജനുവരി അഞ്ചു മുതല്‍ തുടങ്ങിയ ഇവരുടെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ മെയ് 14ന് അവസാനിക്കും. അമേരിക്കയിലെ ബ്യുറോ ഓഫ് എജൂക്കേഷന്‍ ആന്റ് കള്‍ച്ചറല്‍ അഫയേഴ്‌സിന്റെ (ബി.ഇ.സി.എ.) സഹകരണത്തോടെ ഇന്റര്‍നാഷണല്‍ റിസേര്‍ച്ച് ആന്റ് എക്‌സ്‌ചേഞ്ച് (IREX) ആണ് ഈ പ്രോഗ്രാമിന് നേതൃത്വം നല്‍കുന്നത്. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഇന്ത്യാ എജൂക്കേഷന്‍ ഫൌണ്ടേഷനാണ് ഫുള്‍െ്രെബറ്റ് സ്‌കോളര്‍ഷിപ്പിന്റെ ഇന്ത്യയിലെ തെരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്നത്.

ഇന്ത്യയെക്കൂടാതെ ബ്രസീല്‍, ടാന്‍സാനിയ, കെനിയ, ഈജിപ്ത്, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പതിനാറ് പേരാണ് കോളേജ് ഓഫ് സെന്റ് റോസില്‍ വിദ്യാഭ്യാസ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത്.

അമേരിക്കന്‍ വിദ്യാഭ്യാസ രീതികള്‍ അടുത്തറിയുകയും അവ തദ്ദേശീയമായ സാഹചര്യങ്ങളില്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് പരിശോധിക്കുകയും ചെയ്യുന്നതോടൊപ്പം, അമേരിക്കയിലെ വിദ്യാലയങ്ങളില്‍ ഇവര്‍ സന്ദര്‍ശനം നടത്തി അവിടങ്ങളില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു.

ഫാണ്‍സ്‌വര്‍ത്ത് മിഡില്‍ സ്‌കൂള്‍, ആല്‍ബനി ചാര്‍ട്ടര്‍ സ്‌കൂള്‍, ഗില്‍ഡര്‍ലാന്റ് ഹൈസ്‌കൂള്‍, ബേത്‌ലഹേം ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് ഇവരുടെ ഗവേഷണ പ്രൊജക്റ്റുകള്‍. ഇവിടങ്ങളിലെ അദ്ധ്യാപകരുടെ സഹകരണം ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. സിറാക്യൂസ് സോഷ്യല്‍ ജസ്റ്റിസ് സെമിനാര്‍, നീറോ ഇന്റര്‍നാഷണല്‍ സെമിനാര്‍ എന്നിവയില്‍ ഇവര്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

അഞ്ചു മാസം നീണ്ടു നില്‍ക്കുന്ന വിദ്യാഭ്യാസ ഗവേഷണങ്ങള്‍ അമേരിക്കയിലേയും മാതൃരാജ്യത്തിലേയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുന്ന പ്രവര്‍ത്തനങ്ങളിലാണ് സന്തോഷ് കുമാറും ദേവിയും വ്യാപൃതരായിരിക്കുന്നത്.

ഇങ്ങനെയൊരു അവസരം തങ്ങള്‍ക്ക് ലഭിച്ചതില്‍ ഇരുവരും അഭിമാനിക്കുന്നു. ഗവേഷണ പ്രവര്‍ത്തനങ്ങളും അതോടൊപ്പം തന്നെ വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള അദ്ധ്യാപകരുമായി പരിചയപ്പെടാനും അവരുമായി ആശയവിനിമയങ്ങള്‍ നടത്തുവാനും കഴിയുന്നത് തങ്ങളുടെ പ്രൊഫഷന് ഏറെ പ്രയോജനം ചെയ്യുന്നതാണെന്ന് ഇരുവരും പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.