You are Here : Home / USA News

അറുപത്‌ വര്‍ഷത്തനിടയില്‍ കോണ്‍ഗ്രസ്‌ ചെയ്‌ത നല്ലകാര്യം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, February 17, 2014 02:45 hrs UTC

 

ന്യൂജേഴ്‌സി: കഴിഞ്ഞ കുറെ ദശാബ്‌ദങ്ങളായി നാം കേള്‍ക്കാറുള്ളത്‌ ഒന്നുകില്‍ ഐ ഗ്രൂപ്പ്‌ അല്ലെങ്കില്‍ എ ഗ്രൂപ്പ്‌ അതുമല്ലെങ്കില്‍ മൂന്നാം ഗ്രൂപ്പ്‌, നാലാം ഗ്രൂപ്പ്‌, തിരുത്തല്‍വാദി ഗ്രൂപ്പ്‌, പരിസ്ഥിതി വാദി ഗ്രൂപ്പ്‌ ഇങ്ങനെ പോകുന്നു കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍. യഥാര്‍ത്ഥ കോണ്‍ഗ്രസുകാരന്‌ വാര്‍ഡ്‌ കമ്മിറ്റി ഭാരവാഹിയാകണമെങ്കില്‍ കോണ്‍ഗ്രസില്‍ അംഗത്വം എടുത്താല്‍ പോര മേല്‍പ്പറഞ്ഞ ഏതെങ്കിലും ഗ്രൂപ്പില്‍ അംഗമാകണം.

കെ.പി.സി.സി പ്രസിഡന്റ്‌, ഭാരവാഹികള്‍, മന്ത്രിമാര്‍, കോര്‍പറേഷന്‍ മേധാവികള്‍ എന്നു വേണ്ട എന്തിനും ഗ്രൂപ്പ്‌ പങ്കുവെയ്‌ക്കല്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എ ഗ്രൂപ്പുകാരന്‍. ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല ഐ ഗ്രൂപ്പുകാരന്‍. അവര്‍ രണ്ടുപേരും കൂടി നിര്‍ദേശിച്ച കെ.പി.സി.സി പ്രസിഡന്റ്‌ ജി. കാര്‍ത്തികേയന്‍ മൂന്നാം ഗ്രൂപ്പ്‌ അല്ലെങ്കില്‍ തിരുത്തല്‍വാദി ഗ്രൂപ്പുകാരന്‍. ഹൈക്കമാന്‍ഡുമായി ചര്‍ച്ചയ്‌ക്കായി ഏതാണ്ട്‌ ഇരുപതോളം പ്രാവശ്യം ഡല്‍ഹിയിലേക്ക്‌ ചാണ്ടിയും രമേശും വണ്ടി കയറി. പാക്കേജ്‌ തയാറാക്കി. രണ്ടു പേരും ഒരുമിച്ച്‌ `കാര്‍ത്തികേയമന്ത്രം' സോണിയയുടേയും മകന്‍ രാഹുലിന്റേയും ചെവിയില്‍ ഓതി. ദിവസങ്ങള്‍ കഴിഞ്ഞു, ആഴ്‌ചകള്‍ കഴിഞ്ഞു. ഭാവി കെ.പി.സി.സി പ്രസിഡന്റ്‌ കാര്‍ത്തികേയനുവേണ്ടി നൂറു കണക്കിന്‌ ഫ്‌ളെക്‌സ്‌ ബോര്‍ഡുകള്‍ തയാറാക്കി. ശിവകാശിയില്‍ നിന്നും പടക്കങ്ങള്‍ വാങ്ങി!!

പക്ഷെ നിര്‍ഭാഗ്യകരമെന്നു പറയട്ടെ. ചാണ്ടിയും രമേശും ഞെട്ടി. രണ്ടു പേരുടേയും പൊതു ശത്രുവായ വി.എം. സുധീരനെ കെ.പി.സി.സി പ്രസിഡന്റായി സാക്ഷാല്‍ ഹൈക്കമാന്‍ഡ്‌ അവരോധിച്ചു. കഴിഞ്ഞ അറുപതു വര്‍ഷങ്ങള്‍ക്കുള്ളില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി എടുത്ത ധീരമായ തീരുമാനം. ആദര്‍ശത്തിന്റേയും സത്യസന്ധതയുടേയും പര്യായമായ സുധീരനെ ഗ്രൂപ്പുകള്‍ക്കതീതമായി കെ.പി.സി.സി പ്രസിഡന്റായി തെരഞ്ഞെടുത്തപ്പോള്‍, കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ അധ:പ്പതനത്തില്‍ വ്യാകുലപ്പെടുന്ന പഴയ കോണ്‍ഗ്രസുകാര്‍ ഒത്തൊരുമിച്ച്‌ വിളിക്കും `ധീരാ വീരാ വി.എം സുധീരാ, ധീരതയോടു നയിച്ചോളൂ...ധീരതയോടു നയിച്ചെന്നാല്‍ ജനലക്ഷങ്ങള്‍ പിന്നാലെ...'
അനിയന്‍ ജോര്‍ജ്‌, ന്യൂജേഴ്‌സി