You are Here : Home / USA News

അവെഞ്ചേഴ്‌സ്-എന്‍ഡ് ഗെയിം-കാത്തിരിപ്പ് അവസാനിച്ചു

Text Size  

Story Dated: Saturday, April 27, 2019 10:47 hrs UTC

ഏബ്രഹാം തോമസ്
 
അവെഞ്ചേഴ്‌സ് പരമ്പരയിലെ അവസാന ചിത്രമായി വിശേഷിപ്പിക്കപ്പെടുന്ന എന്‍ഡ് ഗെയിം തിയേറ്ററുകളില്‍ എത്തി. മാസങ്ങളായി കത്തിപടര്‍ന്നിരുന്ന പ്രചരണത്തിനും ആകാംക്ഷയ്ക്കും അവസാനമായി. ഒരു ഇതിഹാസം സെല്ലുലോയിഡില്‍ പകര്‍ത്തുവാന്‍ നൂറു കണക്കിന് മില്യന്‍ ഡോളറുകള്‍ ആവശ്യമാണോ ഒരു വലിയ താരനിരയുടെ സാന്നിദ്ധ്യം അനിവാര്യമാണോ അവസാന റീലിന്റെ അവസാനരംഗം വരെ പൊട്ടിത്തെറികള്‍ ഒഴിച്ചുകൂടാനാവാത്തതാണോ എന്നീ ചോദ്യങ്ങള്‍ പ്രസക്തമല്ലെന്ന് കരുതുന്നു. കാരണം ഒരു നിരൂപകന്‍ ഒരിക്കല്‍ എഴുതിയത് പോലെ വീഡിയോ ഗെയിമുകള്‍ ഒരിക്കലും കല ആവില്ല.
 
വീഡിയോ ഗെയിമുകള്‍ കൈപ്പത്തി മുതല്‍ പ്ലേസ്റ്റേഷനുകളിലും തിയേറ്ററുകളിലും വിശ്രമം ഇല്ലാതെ ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഇവയുടെ പ്രാധാന്യവും സ്വാധീനവും പറഞ്ഞറിയിക്കേണ്ടതില്ല. കഴിഞ്ഞ വര്‍ഷം ബ്ലാക്ക് പാന്ഥര്‍ നേടിയ അഭൂതപൂര്‍വ വിജയം മറ്റൊരു സാക്ഷ്യപത്രമായി ശേഷിക്കുന്നു.
 
മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ രണ്ട് ജനപ്രിയനായകരും മറ്റ് ചിത്രങ്ങളില്‍ നിന്നുള്ള പരശതം കഥാപാത്രങ്ങളും എന്‍ഡ്‌ഗെയ്മില്‍ നിറയുന്നു. ആരാധക സംതൃപ്തിക്ക് കൂടുതല്‍ മിഴിവേകാന്‍ ഓരോ റീലിലും അഞ്ച് മിനിട്ടെങ്കിലും നീളുന്ന സംഘട്ടനങ്ങളും പൊട്ടിത്തെറികളും ഉണ്ട്. അവെഞ്ചേഴ്‌സ്: ഇന്‍ഫിനിറ്റി വാര്‍ അവസാനിച്ചത് താനോസ് എല്ലാം ആറ് ഇന്‍ഫിനിറ്റി രത്‌നങ്ങളും നേടി അവ ഉപയോഗിച്ച് നിലവിലുള്ള പകുതിയോളം ജീവജാലങ്ങളെ നശിപ്പിക്കുമ്പോഴാണ്. ഇവരില്‍ ബ്ലാക്ക് പാന്ഥര്‍, സ്റ്റാര്‍ലോര്‍ഡ്, സ്‌പൈഡര്‍മാന്‍ എന്നിവരുള്‍പ്പെട്ടു. ഇതിന് കുറെ നാളുകള്‍ക്ക് ശേഷമാണ് എന്‍ഡ് ഗെയിം ആരംഭിക്കുന്നത്. ശേഷിച്ച നായകര്‍ ഒത്തുകൂടി താനോസ് വരുത്തി നാശം പുന:സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നു.
 
എന്‍ഡ് ഗെയിം മറ്റ് ചില ചിത്രങ്ങളുടെ പ്രമേയങ്ങളില്‍ നിന്ന് ലോഭം ഇല്ലാതെ കടം വാങ്ങിയിട്ടുണ്ട്. താനോസിനെ കേന്ദ്രീകരിച്ച കഥയില്‍ അയണ്‍മാന്‍, ക്യാപ്റ്റന്‍ അമേരിക്ക, ബ്ലാക്ക് വിഡോ, ഹള്‍ക്ക്, തോര്‍, ഹ്വാക്ക് ഐ, ആന്റ്മാന്‍ എന്നിവരും കടന്ന് വരുന്നു. ഈ സൂപ്പര്‍ ഹീറോകള്‍ക്ക് നേതൃത്വം നല്‍കുന്നത് ക്രിസ് ഇവന്‍സിന്റെയും റോബര്‍ട്ട് ഡൗണി ജൂനിയറിന്റെയും കഥാപാത്രങ്ങളാണ്. അപ്രധാന കഥാപാത്രങ്ങളുടെ സാന്നിദ്ധ്യത്തില്‍ മുങ്ങി പോകാന്‍ അനുവദിക്കാതെ രണ്ട് സൂപ്പര്‍ ഹീറോകളെയും അജയ്യരായി നില്‍ത്തുന്നതില്‍ സംവിധായകരും തിരക്കഥാകൃത്തുക്കളായ ക്രിസ്റ്റഫര്‍ മാര്‍ക്കസും സ്റ്റീഫന്‍ മക്ഫീലിയും വിജയിച്ചു. സമയ യന്ത്രത്തില്‍ വര്‍ത്തമാനത്തില്‍ നിന്ന് അഞ്ച് വര്‍ഷം പിന്നോട്ടും തിരിച്ചും രണ്ട് വര്‍ഷം പിന്നോട്ടും കഥാപാത്രങ്ങള്‍ സഞ്ചരിക്കുന്നുണ്ട്. ആദ്യത്തെ ഒരു മണിക്കൂറില്‍ കഥാഗതി ഇഴഞ്ഞാണെന്ന തോന്നലുണ്ടാകുന്നത് കൂടെക്കൂടെ അനുഭവപ്പെടുത്തുവാന്‍ ചിത്രത്തിന്റെ മൂന്ന് മണിക്കൂറില്‍ അധികമുള്ള ദൈര്‍ഘ്യം പ്രേരകമായി.
 
കഥ തുടര്‍ന്ന് പറഞ്ഞാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം സ്‌കോട്ട്‌ലാംഗ് തിരിച്ചെത്തുമ്പോള്‍ ഹോപ് വാന്‍ഡൈനും പകുതി ജനങ്ങളും അപ്രത്യക്ഷമായതായി കാണുന്നു. അഞ്ച് വര്‍ഷങ്ങളില്‍ മൂന്ന് വര്‍ഷം സ്റ്റാര്‍ക്കിന്റേതായിരുന്നു. അയാള്‍ ഇപ്പോള്‍ പെപ്പര്‍ പോട്ട്‌സിനൊപ്പം ഒരു കുട്ടിയെ വളര്‍ത്തുകയാണ്. പരിമാണ രാജ്യത്തില്‍ പിന്നോട്ട് പോയി ഇന്‍ഫിനിറ്റി രത്‌നങ്ങള്‍ താനോസ് മോഷ്ടിക്കുന്നതിന് മുമ്പ് കൈക്കലാക്കാമെന്ന് ലാംഗും റോമനോഫും റോജേഴ്‌സും പറയുന്നു. സ്റ്റാര്‍ക്ക് ആദ്യം ഈ നിര്‍ദേശം നിരസിക്കുന്നുവെങ്കിലും ഒന്ന് പരീക്ഷിക്കുവാന്‍ തീരുമാനിക്കുന്നു.
 
അവെഞ്ചേഴ്‌സ്-ബാനര്‍, റോജേഴ്‌സ്, ലാംഗ്, സ്റ്റാര്‍ക്ക് ടൈം മൈന്‍ഡ്, സ്‌പെയ്‌സ് രത്‌നങ്ങള്‍ സാക്ടം സാംക്ടോറത്തിലേയ്ക്ക് പോയി കൈവശപ്പെടുത്തുവാന്‍ ശ്രമിക്കുന്നു. അവിടെ ഏന്‍ഷഷിയന്റ് വണ്‍ ടൈം സ്റ്റോണ്‍ ബാനറിന് നല്‍കുന്നു. ലാംഗും സ്റ്റാര്‍ക്കും സ്‌പേസ് സ്റ്റോണ്‍ മോഷ്ടിക്കുവാന്‍ ശ്രമിക്കുമ്പോള്‍ ലാംഗ് സ്റ്റാര്‍ക്കിന് കാര്‍ഡിയാക് അറസ്‌ററ് നല്‍കാന്‍  കാരണമാവുന്നു. ലാംഗ് വര്‍ത്തമാന കാലത്തേയ്ക്ക് മടങ്ങുന്നു. 1950 കളിലെ യു.എസ്. ആര്‍മി ആസ്ഥാനത്ത് നിന്ന് റോജേഴ്‌സും സ്റ്റാര്‍ക്കും സ്‌പേസ്സറ്റോണ്‍ മോഷ്ടിക്കുവാന്‍ പദ്ധതിയിടുന്നു.
 
റോക്കറ്റും തോറും അസ് ഗാര്‍ഡിലേയ്ക്ക് പോയി റീയാലിറ്റി സ്‌റ്റോണ്‍ തിരികെ എടുക്കുവാന്‍ ശ്രമിക്കുന്നു. നെബുലയെ താനോസ് തടവിലാക്കുകയും അവളുടെ ടൈം ട്രാവല്‍ കഴിവുകള്‍ ഉപയോഗിച്ച് തന്നെയും സൈന്യത്തെയും അവെഞ്ചേഴ്‌സിന്റെ ആസ്ഥാനത്ത് എത്തിക്കുകയും ചെയ്യുന്നു. ബാനറിനോട് ഇന്‍ഫിനിറ്റി രത്‌നങ്ങള്‍ ഉപയോഗിച്ചു താനോസ് മരണപ്പെടുത്ത ഏവരെയും തിരികെ കൊണ്ടുവരാന്‍ പറയുന്നു. താനോസും സൈന്യവും ഭൂമിയിലെത്തുമ്പോള്‍ ടിച്ചാല റോജേഴ്‌സിന് മുന്നില്‍ ബാനര്‍ പുനര്‍ ജീവിപ്പിച്ച അവെഞ്ചേഴ്‌സ് പ്രത്യക്ഷപ്പെടുന്നു. നീണ്ടു യുദ്ധത്തില്‍ സ്റ്റാര്‍ക്ക് പാര്‍ക്കറും ഗമോറയും ക്വില്ലുമായി ചേരുന്നു. ഇന്‍ഫിനിറ്റി രത്‌നങ്ങള്‍ക്ക് വേണ്ടി താനോസ് അവെഞ്ചേഴ്‌സുമായി മല്‍പ്പിടുത്തം നടത്തുന്നു. താനോസിന്റെ കയ്യില്‍ നിന്ന് ഇന്‍ഫിനിറ്റി രത്‌നങ്ങള്‍ കൈവശപ്പെടുത്തി അവ ഉപയോഗിച്ച് താനോസിനെയും സൈന്യത്തെയും മണ്‍തരികളാക്കിമാറ്റുന്നു. രത്‌നങ്ങളില്‍ നിന്ന് പുറത്ത് വന്ന റേഡിയേഷനേറ്റ് സ്റ്റാര്‍ക്ക് മരിക്കുന്നതിന് പാര്‍ക്കറും പോട്ട്‌സും സാക്ഷ്യം വഹിക്കുന്നു.
 
അവെഞ്ചേഴ്‌സ് സ്റ്റാര്‍ക്കിന്റെ സംസ്‌ക്കാരം നടത്തുന്നു. അയാളുടെ ക്രൃത്രിമ ഹൃദയം സമുദ്രത്തില്‍ ഒഴുക്കുന്നു. റോജേഴ്‌സ് ഭൂതകാലത്തേയ്ക്ക് മടങ്ങിപോയി രത്‌നങ്ങളും തോറിന്റെ ഹാമറും മടക്കി നല്‍കുവാന്‍ ആഗ്രഹിച്ചുവെങ്കിലും കാര്‍ട്ടര്‍ക്കൊപ്പം ശേഷിച്ച ജീവിതം കഴിച്ചു കൂട്ടുവാന്‍ തീരുമാനിക്കുന്നു. പ്രായമായപ്പോള്‍ ഫാല്‍ക്കന് മുന്നില്‍ പ്രത്യക്ഷപ്പെട്ട് ഷീല്‍ഡ് അയാള്‍ക്ക് നല്‍കുന്നു. തോര്‍ വാക്കൈറീയെ ആസ്ഗാര്‍ഡിന്റെ രാജ്ഞിയാക്കുകയും ഗ്വാര്‍ഡിയന്‍സ് ഓഫ് ദ ഗാലക്‌സിയില്‍ ചേരുകയും ചെയ്യുന്നു. റോബര്‍ട്ട് ഡൗണിജൂനിയര്‍, ക്രിസ് ഇവന്‍സ്, മാര്‍ക്ക്  ഫൊലോ, ക്രിസ് ഹെംസ് വര്‍ത്ത്, സ്‌കാര്‍ലെറ്റ് ജൊഹാന്‍സന്‍, ജെറമി ജെന്നര്‍, ഡോണ്‍ ചീഡല്‍, പോള്‍ റൂഡ്, ചാഡ് വിക്ക് ബോസ്മാന്‍, ബ്രീലാര്‍സണ്‍, ടോം ഹോളണ്ട്, കരന്‍ ഗില്ലന്‍..... താരനിര നീണ്ടു പോവുകയാണ്. ഇവരാര്‍ക്കും നിരാശപ്പെടുത്തുന്നില്ല. ടെന്റ് ഓപ് ലായുടെ ഛായഗ്രഹണ സംവിധാനവും ജെഫ്രി ഫോര്‍ഡിന്റെയും മാത്യു ഷീമ് ഡിറ്റിന്റെയും ചിത്രസംയോജനവും ശ്ലാഘനീയമാണ്. അലന്‍ സില്‍വെസ്ട്രിയുടെ സംഗീതം ഉന്നതനിലവാരം പുലര്‍ത്തുന്നു.
കല, സെറ്റ് സംവിധാനങ്ങള്‍ക്കും ശബ്ദമിശ്രണത്തിനും കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിനും പിന്നില്‍ പ്രവര്‍ത്തിച്ച പരശതം കലാകാരന്മാര്‍ പ്രശംസ അര്‍ഹിക്കുന്നു. സംഭാവനകള്‍ പാളിച്ചകള്‍ക്കതീതമാണ്.
 
ആന്തണിറൂസോ, ജോ റൂസോ ടീമിന്റെ സംവിധാനം ഇവയെല്ലാം കോര്‍ത്തിണക്കുന്നതില്‍ വിജയിച്ചിട്ടുണ്ട. ചിത്രത്തിന്റെ ദൈര്‍ഘ്യം കുറച്ച് ഉദ്യേഗത നിലനിര്‍ത്തുവാന്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ കുറെക്കൂടി ആസ്വാദ്യകരമായേനെ. അവെഞ്ചേഴ്‌സ്: എന്‍ഡ് ഗെയിം ആരാധകരുടെ കാത്തിരുപ്പ് വൃഥാവിലായിരുന്നില്ല എന്ന് അവരെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെടുന്നില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.