You are Here : Home / USA News

കെ. സി. എ. എച്ച്. മെമ്പര്‍മാര്‍ക്ക് സഹായഹസ്തവുമായി ജെ.എഫ്.എ. രംഗത്ത്

Text Size  

Story Dated: Friday, December 14, 2018 01:28 hrs UTC

തോമസ് കൂവള്ളൂര്‍

ന്യൂയോര്‍ക്ക്: ടെക്‌സാസിലെ റോയിസ് സിറ്റിയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന കേരളാ ക്രിസ്ത്യന്‍ അഡല്‍ട്ട് ഹോംസ് (കെ.സി.എ.എച്ച്) ന്റെ ഭരണ ചുമതല 2018 ഏപ്രില്‍ 12 മുതല്‍ റിസീവറുടെ ഭരണത്തിന്‍ കീഴില്‍ ആയിരിക്കുകയാണ്. 2005-ല്‍ 150 മെമ്പര്‍മാരില്‍ നിന്നും ഒരു ഷെയറിന് 25,000 ഡോളര്‍ വച്ചു വാങ്ങിയ 3.75 മില്ല്യന്‍ ഡോളറില്‍ നിന്നും 2.70 മില്ല്യന്‍ ഡോളര്‍ കൊടുത്ത് യാതൊരു കടബാദ്ധ്യതയും മെമ്പര്‍മാര്‍ക്കില്ലാതെ വാങ്ങിയ 432 ഏക്കര്‍ സ്ഥലം ഇന്ന് അന്യാധീനമായിരിക്കുകയാണ്. വാങ്ങിയ സ്ഥലത്ത് 700 ഓളം വീടുകള്‍ വയ്ക്കുന്നതിനോടൊപ്പം തന്നെ റിട്ടയര്‍ ആയവര്‍ക്കുവേണ്ടി നേഴ്‌സിംഗ് ഹോം, അസിസ്റ്റഡ് ലിവിംഗ്, ഷോപ്പിംഗ് സെന്റര്‍, ഗസ്റ്റ് ഹൗസ്, ക്ലിനിക്കുകള്‍, ആംബുലന്‍സ് സര്‍വ്വീസ്, ജോഗിംഗ് ട്രാക്കുകള്‍, പാര്‍ക്കുകള്‍, സ്വിമ്മിംഗ് പൂളുകള്‍, ക്ലബ് ഹൗസുകള്‍, കേരളാ സ്റ്റൈലില്‍ ഭക്ഷണം നല്‍കാന്‍ 7 ദിവസവും പ്രവര്‍ത്തിക്കുന്ന കാഫറ്റേരിയാ, പ്രാര്‍ത്ഥനാലയം, എല്ലാറ്റിനുമുപരിയായി നിരവധി പേര്‍ക്ക് തൊഴിലും കിട്ടുമെന്ന് തുടക്കത്തില്‍ അതിന്റെ ഭാരവാഹികള്‍ വാഗ്ദാനം ചെയ്തിരുന്നതാണ്.

ടെക്‌സാസില്‍ ഒരു മിനി കേരളം സൃഷ്ടിക്കപ്പെടാനിരിക്കുന്നു എന്ന് കൈരളി ടി.വി. ചാനലുകാരും, മറ്റ് മലയാള മാധ്യമങ്ങളിലും ഈ വക കാര്യങ്ങള്‍ തുടര്‍ച്ചയായി പരസ്യപ്പെടുത്തിയിരുന്നതുമാണ്. ഇത്രയും ബൃഹത്തായ പദ്ധതിയുടെ ഒരു ഷെയര്‍ വാങ്ങാന്‍ റിട്ടര്‍മെന്റില്‍ എത്താത്തവര്‍ കൂടി ശ്രമിക്കുകയുണ്ടായി. പക്ഷേ 150 ഷെയറില്‍ കൂടുതല്‍ ഇറക്കാതിരുന്നതിനാല്‍ ഷെയര്‍ വാങ്ങാന്‍ ശ്രമിച്ച പലര്‍ക്കും അന്ന് നിരാശരാകേണ്ടി വന്നു. കേരളത്തില്‍ നിന്നും അമേരിക്കയില്‍ കുടിയേറിയ ആദ്യകാല കുടിയേറ്റക്കാരായ ക്രിസ്ത്യാനികളെ മാത്രം ഉദ്ദേശിച്ചാണ് കെ.സി.എ.എച്ച്. തുടങ്ങിയത്. വയസ്സുകാലത്ത് എല്ലാവരും ഒരിടത്ത് ഒരുമിച്ചു കൂടി സന്തോഷകരമായ ഒരു ജീവിതം നയിക്കാമെന്ന പ്രതീക്ഷയോടെയായിരുന്നു എല്ലാവരും പണം മുടക്കിയത്. വെറും ഒരു പ്രാര്‍ത്ഥനാഗ്രൂപ്പില്‍ ഒന്നിച്ചുകൂടി അവിടെ നിന്നും ഉടലെടുത്ത ഒരു ആശയമായിരുന്നു കെ.സി.എ.എച്ച്. എന്ന സ്വപ്നം. ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലും താമസിച്ചവരായിരുന്നു കെ.സി.എ.എച്ചിലെ മിക്ക ഷെയര്‍ ഉടമകളും. തുടക്കത്തില്‍ ന്യൂജേഴ്‌സിയിലെ 317 സ്പ്രൂസ് സ്ട്രീറ്റ്, ബൂന്റണ്‍ എന്ന അഡ്രസ്സില്‍ കെ.സി.എ.എച്ച് ഇന്‍കോര്‍പ്പറേഷന്‍ ആയി രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനമാരംഭിച്ച കമ്പനി പിന്നീട് ഒരു ലിമിറ്റഡ് പാര്‍ട്ട്ണര്‍ഷിപ്പായി ടെക്‌സാസില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനമാരംഭിച്ചു.

കുറെനാള്‍ കഴിഞ്ഞ് ഭൂരിപക്ഷം മെമ്പര്‍മാരുടെ അനുമതി കൂടാതെ പ്രസ്ഥാനത്തെ ഒരു ലിമിറ്റഡ് ലയബിലിറ്റി കമ്പനിയായി മാറ്റി. അതും ഭൂരിപക്ഷം മെമ്പര്‍മാരുടെ അനുമതി കൂടാതെയായിരുന്നു എന്ന് പിന്നീട് കണ്ടുപിടിക്കാന്‍ കഴിഞ്ഞു. തുടക്കത്തില്‍ പണം മുടക്കിയവര്‍ക്കെല്ലാം കമ്പനിയില്‍ തുല്ല്യാവകാശം വാഗ്ദാനം ചെയ്തിരുന്നു. പിന്നീട് കമ്പനിയുടെ ഘടനയ്ക്കു മാറ്റം വരുത്തിയതോടെ 15 ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാര്‍ക്കും അവര്‍ തെരഞ്ഞെടുക്കുന്ന ഓഫീസര്‍മാര്‍ക്കും കൂടുതല്‍ അധികാരം കൊടുത്തതോടെ കമ്പനിയുടെ പോക്ക് വഴിതെറ്റിപ്പോയി എന്നുവേണം വിചാരിക്കാന്‍. സാവകാശം മെമ്പര്‍മാരുടെ കൂട്ടായ്മ കുറഞ്ഞുതുടങ്ങി. അതോടെ ഡയറ്ടര്‍മാര്‍ അവര്‍ക്കു തോന്നിയതുപോലെ തീരുമാനങ്ങളെടുത്തു. വാസ്തവത്തില്‍ കേരളത്തില്‍ നിന്നും കുടിയേറി വന്ന ഇവര്‍ കേരളത്തില്‍ പാവപ്പെട്ടവര്‍ക്ക് ലക്ഷംവീട് കുറഞ്ഞ നിരക്കില്‍ വച്ചുകൊടുക്കുന്നതുപോലെ വച്ചുകൊടുക്കാമെന്നായിരിക്കാം ഓര്‍ത്തതെന്ന് തോന്നിപ്പോകുന്നു. 2005-ല്‍ പണം മുടക്കിയവരോട് ഈ പ്രസ്ഥാനം തുടങ്ങിവച്ച, അമേരിക്കയിലും വിദേശത്തും അറിയപ്പെടുന്ന, അതിപ്രഗത്ഭനായ വൈദികശ്രേഷ്ഠന്‍ പറഞ്ഞത് 2008-ല്‍ എല്ലാവര്‍ക്കും വീട് റെഡിയായിരിക്കും എന്നാണ്. വിശ്വാസികളില്‍ പലരും അത് അന്ധമായി വിശ്വസിക്കുകയും ചെയ്തു.

 

ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി എന്നീ സ്റ്റേറ്റുകളില്‍ താമസിച്ചിരുന്ന പലരും തങ്ങളുടെ വീടുവിറ്റ് ടെക്‌സാസിലേയ്ക്ക് മാറാന്‍ തയ്യാറായി. പക്ഷേ വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും ഒറ്റവീടുപോലും 2012 വരെ വയ്ക്കാന്‍ ഇക്കൂട്ടര്‍ക്കു കഴിഞ്ഞില്ല എന്നതാണ് സത്യം. വീടുവിറ്റവര്‍ നിരാശരായി മറ്റു സ്ഥലങ്ങളില്‍ വീടുവാങ്ങി തങ്ങളുടെ മുടക്കുകാശ് പോയതുപോലെ കണക്കാക്കി എന്നു വേണം അനുമാനിക്കാന്‍. ഇതിനിടെ പല മെമ്പര്‍മാരും തങ്ങള്‍ മുടക്കിയ ഷെയറിന്റെ പണം മടക്കിത്തരണമെന്ന് ഇതിനു തുടക്കം കുറിച്ച പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. അങ്ങനെ ആവശ്യപ്പെട്ടവരോട് നിങ്ങള്‍ ഒരാളെ ഷെയര്‍ വാങ്ങാന്‍ കൊണ്ടുവന്നാല്‍ ഷെയര്‍ അവരുടെ പേര്‍ക്ക് മാറ്റിത്തരുന്നതായിരിക്കും എന്നു പറഞ്ഞു. നിരവധി പേര്‍ അങ്ങിനെ തങ്ങളുടെ ഷെയറുകള്‍ മറ്റുള്ളവരെ ഏല്പിച്ച് കമ്പനിയില്‍ നിന്നും തങ്ങളുടെ തലയൂരി രക്ഷപ്പെട്ടു. പലരും തങ്ങളുടെ ഷെയറുകള്‍ വളരെ ലാഭത്തില്‍ വിറ്റതായും പിന്നീട് കാണാനിടയായി. തുടക്കത്തില്‍ വളരെ ആത്മാര്‍ത്ഥതയോടെ പ്രസ്ഥാനത്തില്‍ പണം മുടക്കിയ പലരും കെ.സി.എ.എച്ച്. എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനാവാതെ ഇഹലോകവാസം വെടിഞ്ഞു. ഒടുവില്‍ പണത്തിന്റെ ദൗര്‍ലഭ്യം അനുഭവപ്പെട്ടുതുടങ്ങിയപ്പോള്‍ 8% പലിശയ്ക്ക് കിട്ടുന്നവരില്‍ നിന്നെല്ലാം പണം കടമെടുക്കാന്‍ കമ്പനിയുടെ പ്രസിഡന്റും ഡയറക്ടര്‍മാരും തീരുമാനമെടുത്തു. യാതൊരു വരുമാനവുമില്ലാത്ത കമ്പനിക്കുവേണ്ടി പണം കടം വാങ്ങിയാല്‍ അതെങ്ങിനെ വീട്ടാനാവും എന്ന് ഇക്കൂട്ടര്‍ ചിന്തിക്കാതെയാണ് പണം കടം വാങ്ങിയത്. യാതൊരു കടബാദ്ധ്യതകളും ഇല്ലാതെ മെമ്പര്‍മാരുടെ പണം കൊണ്ടു രൊക്കം വാങ്ങിയ സ്ഥലം വാസ്തവത്തില്‍ ആരുടേതാണെന്ന് ഇക്കൂട്ടര്‍ മറന്നുപോയി. വസ്തു വാങ്ങിച്ച ശേഷം ഒരു മില്ല്യനിലധികം ഡോളര്‍ മിച്ചം ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്നു എന്നും ഓര്‍ക്കണം.

 

ഏതായാലും 2016-ലെ വാര്‍ഷിക റിപ്പോര്‍ട്ടു വന്നപ്പോള്‍ കമ്പനി കടം കയറി മുമ്പോട്ടു പോകാന്‍ പറ്റാത്ത സാഹചര്യത്തിലാണെന്നും, ഏതാനും ചില വ്യക്തികള്‍ക്ക് സ്ഥലം ഈടു വച്ചിട്ടു പോലും പണം കടംവാങ്ങി എന്നും അറിയാന്‍ കഴിഞ്ഞു. എന്തിനേറെ, 2017- ഓഗസ്റ്റ് മാസത്തില്‍ പണം കടം കൊടുത്തവര്‍ സ്ഥലം തങ്ങളുടെ പേര്‍ക്ക് ആക്കി എടുത്തു എന്നും, ഒരു ജനറല്‍ ബോഡി പോലും വിളിക്കാതെ പ്രസ്ഥാനത്തിനു രൂപം കൊടുത്ത വൈദികശ്രേഷ്ഠനും, അദ്ദേഹത്തിന്റെ അനുകൂലികളായ (പിന്‍തുടര്‍ച്ച) ഡയറക്ടര്‍മാരും കൂടി കമ്പനി ഇല്ലാതാക്കാന്‍ പരിശ്രമം നടത്തുന്നതായും അറിയാന്‍ കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ജസ്റ്റീസ് ഫോര്‍ ഓള്‍ എന്ന പ്രസ്ഥാനത്തിന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ ഈ ലേഖകന്‍ മുമ്പോട്ടു വന്നതും, ചിതറിക്കിടന്നിരുന്ന മെമ്പര്‍മാരെ ഏകോപിപ്പിച്ച് അവരുടെ ഒപ്പുകള്‍ ശേഖരിച്ച് കമ്പനിയുടെ പ്രസിഡണ്ടിനോട് ജനറല്‍ബോഡി വിളിച്ചുകൂട്ടാനും, കമ്പനിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനും ആവശ്യപ്പെട്ടത്. അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കെല്ലാം മാതൃകയായ ഒരു വലിയ മൂവ്‌മെന്റ് ആയിരുന്നു അതെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കും. അങ്ങനെ ഒടുവില്‍ 2017 ഡിസംബര്‍ 2-ന് ടെക്‌സാസിലെ റോയിസ് സിറ്റിയില്‍ വച്ചു നടത്തിയ ജനറല്‍ബോഡി യോഗത്തില്‍ 134-ല്‍ 104 പേരുടെ പിന്‍തുണയോടെ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.

 

പ്രസ്തുത യോഗത്തില്‍ മുന്‍ഭരണസമിതി ഒന്നടങ്കം രാജി സമര്‍പ്പിക്കുകയും ചെയ്തു. പുതിയ ഭരണസമിതിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ജെ.എഫ്.എ. എന്ന പ്രസ്ഥാനത്തിന്റെ ചെയര്‍മാന്‍ കൂടിയായ ഈ ലേഖകനാണെന്ന് ചുരുക്കം ചിലരെങ്കിലും മനസ്സിലാക്കിയിരുന്നു. 'ശബ്ദമില്ലാത്തവരുടെ ശബ്ദം' എന്നറിയപ്പെടുന്ന ജെസ്റ്റീസ് ഫോര്‍ ഓള്‍ (ജെ.എഫ്.എ) എന്ന സംഘടനയില്‍ പ്രവര്‍ത്തിച്ചുള്ള പരിചയം ഒന്നു മാത്രമേ എനിക്കു കൈമുതലായുള്ളൂ. തുടക്കത്തില്‍ ക്രൈസ്തവ വിശ്വാസികളില്‍ നല്ല പങ്കും എന്നെ സംശയദൃഷ്ടിയോടെയാണ് വീക്ഷിച്ചിരുന്നത് എന്നു തുറന്നുപറയേണ്ടിയിരിക്കുന്നു. എന്നാല്‍ സാവകാശത്തില്‍ വിശ്വാസികളെ ഒറ്റക്കെട്ടായി സംഘടിപ്പിച്ചെടുക്കാന്‍ കഴിഞ്ഞു. അക്കാര്യത്തില്‍ എന്നെ പൂര്‍ണ്ണമായി വിശ്വസിക്കുകയും ആത്മാര്‍ത്ഥതയോടെ എനിക്കുവേണ്ട സര്‍വ്വ പിന്‍തുണയും നല്‍കിയ രണ്ടുപേരാണ് ഇന്ന് ജസ്റ്റീസ് ഫോര്‍ ഓള്‍ എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ന്യൂയോര്‍ക്കില്‍ നിന്നുള്ള കുഴിവേലില്‍ നൈനാനും, ജെ.എഫ്.എ.യുടെ പബ്ലിക് റിലേഷന്‍സ് ഓഫീസറായി പ്രവര്‍ത്തിക്കുന്ന ബോസ്റ്റണില്‍ നിന്നുള്ള മാറ്റ് വര്‍ഗീസും. വാസ്തവത്തില്‍ നൈനാനെപ്പോലെയും, മാറ്റിനെപ്പോലെയും ഉള്ളവരാണ് ഇന്നു നമ്മുടെ സമൂഹത്തിനാവശ്യം. അവരെപ്പോലെയുള്ളവരെ ദൈവം എനിക്കു തുണയായി പറഞ്ഞുവിട്ടതാണെന്നും ഞാന്‍ വിശ്വസിക്കുന്നു. കെ.സി.എ.എച്ചിന്റെ പുതിയ ഭരണസമിതി അധികാരമേറ്റ ശേഷം മെമ്പര്‍മാര്‍ക്ക് ഒരു വീടു വയ്ക്കാനുള്ള സ്ഥലമെങ്കിലും വിട്ടുതരണമെന്ന് ഭൂമി കൈവശം വച്ചിരിക്കുന്നവരോട് അപേക്ഷിച്ചു എങ്കിലും അവരാരും അത് ചെവിക്കൊള്ളാന്‍ തയ്യാറായില്ല.

 

ആ സാഹചര്യത്തില്‍ ആത്മാര്‍ത്ഥതയുള്ള ചില മെമ്പര്‍മാരുടെ സഹകരണത്തോടെ നിയമവിദഗ്ധരുമായി കൂടി ആലോചിക്കുകയും ഒടുവില്‍ കോടതി മുഖേന റിസീവറെ വേണമെന്നാവശ്യപ്പെടുകയും ചെയ്തു. ഇവിടെ എന്തിനാണ് വെറുതെ റിസീവറെ കൊണ്ടുവന്ന് പണം ധൂര്‍ത്തടിക്കുന്നതെന്ന് ചിലരെങ്കിലും ചോദിച്ചേക്കാം. അവര്‍ക്കുള്ള മറുപടി കൂടി ഞാന്‍ എഴുതുകയാണ്. 1) മെമ്പര്‍മാരുടെ കൈയ്യില്‍ നിന്നും വാങ്ങിയ പണം കൊണ്ട്, അതും യാതൊരു കടബാദ്ധ്യതകളുമില്ലാതെ, രൊക്കം പണം കൊടുത്തു വാങ്ങിയ 432 ഏക്കര്‍ സ്ഥലം മറ്റുള്ളവര്‍ക്കു കൈമാറണമെങ്കില്‍ മെമ്പര്‍മാരോടു ചോദിക്കാതെ ആര്‍ക്കെങ്കിലും തോന്ന്യവാസം ചെയ്യാനാവുമോ. 2) തുടക്കത്തില്‍ മെമ്പര്‍മാര്‍ക്കു വീടു വെയ്ക്കാന്‍ 150 ഏക്കര്‍ സ്ഥലം മാറ്റിയിടുമെന്നും, ആ സ്ഥലം ആര്‍ക്കും കൈമാറുകയില്ലെന്നും എല്ലാ റിപ്പോര്‍ട്ടുകളിലും ആവര്‍ത്തിച്ചു പറഞ്ഞിരുന്നതാണ്. ആ സ്ഥലം മെമ്പര്‍മാരറിയാതെ അന്യാധീനപ്പെടുത്താന്‍ ആര്‍ക്കാണ് അവകാശം. 3) മെമ്പര്‍മാരുടെ മാത്രം പണം കൊണ്ടുവാങ്ങിയ സ്ഥലം എന്തുകൊണ്ട് മെമ്പര്‍മാരുടേതായി കണക്കാക്കാതെ കമ്പനിവക സ്ഥലമാക്കി മാറ്റി. സ്ഥലം ഈടുവച്ച് പണം വാങ്ങുമ്പോള്‍ മെമ്പര്‍മാരോട് യാതൊരു കടപ്പാടും ഡയറക്ടര്‍മാര്‍ക്കില്ലേ? 4) മെമ്പര്‍മാരുടെ പണം കൊണ്ടു വാങ്ങിയ സ്ഥലം പള്ളികളുടെ സ്ഥലം പോലെ തോന്ന്യവാസം ചെയ്യാന്‍ ആര്‍ക്കാണ് അവകാശം.

 

ആ അധികാരം അവര്‍ക്ക് ആരു കൊടുത്തു? 5) തുടക്കത്തില്‍ 432 ഏക്കര്‍ സ്ഥലവും ഒരു മില്ല്യനിലധികം ഡോളര്‍ മിച്ചവുമുണ്ടായിരുന്ന സ്ഥാനത്ത് പുതിയ ഭരണസമിതി അധികാരമേറ്റപ്പോള്‍ മെമ്പര്‍മാരുടെ പേരില്‍ ഒരു മില്ല്യന്‍ ഡോളര്‍ കടം വരുത്തി വച്ചതിനു പുറമെ കമ്പനിക്കുണ്ടായിരുന്ന മുഴുവന്‍ സ്വത്തും മറ്റുള്ളവര്‍ക്ക് എഴുതിക്കൊടുക്കുകയും ചെയ്തിരുന്നു. എന്നുതന്നെയല്ല ഇത്രയും വലിയ ഒരു കമ്പനിയുടെ റിക്കാര്‍ഡുകള്‍ സൂക്ഷിയ്ക്കാന്‍ ഒരു ഓഫീസ് മുറി പോലും അവശേഷിച്ചിപ്പിച്ചില്ല. ഇത്രയും ക്രൂരമായ രീതിയില്‍, ക്രിസ്തീയവിശ്വാസത്തെത്തന്നെ തകിടം മറിച്ചുകൊണ്ട്, തോന്ന്യവാസം പോലെ ചെയ്തത് എങ്ങനെ നീതീകരിക്കാനാവും. ഈ രാജ്യത്ത് കമ്പനി നിയമമനുസരിച്ച് കാര്യങ്ങള്‍ നടത്താന്‍ അതിനു നേതൃത്വം നല്‍കുന്ന ഡയറക്ടര്‍മാന്‍ ശ്രദ്ധിക്കേണ്ടതാണ്. 150 മെമ്പര്‍മാരുള്ള, മില്ല്യന്‍ കണക്കിന് ആസ്തിയുള്ള ഒരു കമ്പനി സ്റ്റേറ്റിന്റെയും ഫെഡറല്‍ ഗവണ്‍മെന്റിന്റെയും നിയമങ്ങള്‍ പാലിക്കാന്‍ ബാദ്ധ്യസ്ഥരാണ്. ഇവയെല്ലാം മറികടന്നുകൊണ്ടാണ് അധികാരം കൈയില്‍കിട്ടിയ കെ.സി.എ.എച്ചിന്റെ മുന്‍ പ്രസിഡന്റും ഡയറ്ടര്‍മാരും ചെയ്തതെന്നു മനസ്സിലാക്കാന്‍ കഴിയുന്നു. ചുരുക്കത്തില്‍, കമ്പനിയില്‍ പണം മുടക്കിയ പ്രായമായവരും, അസംഘടിതരും, നിരാശ്രയരുമായ കേരള ക്രൈസ്തവര്‍ക്ക് നീതി ലഭിക്കണം എന്ന സദുദ്ദേശത്തോടു കൂടിയാണ് ജെ.എഫ്.എ. പ്രവര്‍ത്തകര്‍ കെ.സി.എ.എച്ചിന്റെ മെമ്പര്‍മാരെ സഹായിക്കാന്‍ തീരുമാനമെടുത്തത് ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 15-ാം തീയതി കെ.സി.എ.എച്ചിനെയും ജെ.എഫ്.എ. യെയും പ്രതിനിധീകരിച്ച് ടെക്‌സാസിലുള്ള റിസീവറെ നേരിട്ടു കാണാന്‍ ഈ ലേഖകനും, മാറ്റ് വര്‍ഗീസും, കുഴിവേലില്‍ നൈനാനും പോയിരുന്നു. 10 ദിവസത്തിനകം എല്ലാ മെമ്പര്‍മാര്‍ക്കും നോട്ടീസ് അയയ്ക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ഒക്‌ടോബര്‍ 24-ന് എല്ലാ കെ.സി.എ.എച്ച് മെമ്പര്‍മാര്‍ക്കും അദ്ദേഹം നോട്ടീസും അതോടൊപ്പം മെമ്പര്‍മാരാണെന്നു തെളിയിക്കുന്ന രേഖകളും, കമ്പനിയില്‍ പണം മുടക്കിയിരിക്കുന്നതെങ്ങിനെയാണെന്ന് അറിയിക്കാനുള്ള ഫോമുകളും അയച്ചുകൊടുത്തുകഴിഞ്ഞു.

പ്രസ്തുത ഫോമുകള്‍ ഡിസംബര്‍ 31-നകം റിസീവര്‍ക്ക് കിട്ടിയിരിക്കേണ്ടതാണ്. ഈ സാഹചര്യത്തില്‍ പല കെ.സി.എ.എച്ച് മെമ്പര്‍മാര്‍ക്കും ഫോമുകള്‍ എങ്ങനെ പൂരിപ്പിക്കണമെന്ന് അറിഞ്ഞുകൂടെന്ന് അറിയാനും കഴിഞ്ഞു. മെമ്പര്‍മാരിലധികവും പ്രായമായി രോഗാവസ്ഥയിലുമെത്തിയവരാണ്. അത്തരക്കാരെ സഹായിക്കുന്നതിനുള്ള ഒരു സംവിധാനം ജെ.എഫ്.എ.യുടെ നേതൃത്വം തന്നെ ഉണ്ടാക്കിയിട്ടുണ്ട്. യാതൊരു പ്രതിഫലവും പറ്റാതെയാണ് ജെ.എഫ്.എ. പ്രവര്‍ത്തകര്‍ ഈ വക കാര്യങ്ങള്‍ ചെയ്യുന്നതെന്നോര്‍ക്കണം. ആര്‍ക്കെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ മാറ്റ് വര്‍ഗീസിനെയും, കുഴിവേലില്‍ നൈനാനെയും വിളിക്കാവുന്നതാണ്. അവരെ വിളിക്കേണ്ട നമ്പര്‍ മാറ്റ് വര്‍ഗീസ് : 508-740-2281 കുഴിവേലില്‍ നൈനാന്‍ : 516-965-2156 താമസിയാതെ യേശുക്രിസ്തുവിന്റെ വരവും കാത്തിരിക്കുന്ന എല്ലാ കെ.സി.എ.എച്ചിന്റെയും മെമ്പര്‍മാര്‍ക്ക് ഇത് പ്രത്യാശയുടെ ഒരു സന്ദേശമായും കണക്കാക്കാവുന്നതാണ്.

വാര്‍ത്ത അയയ്ക്കുന്നത്:- തോമസ് കൂവള്ളൂര്‍, ഫോണ്‍ : 914-409-5772

Email: tjkoovalloore LIVE.com

JFA Website : www.jfaamerica.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.