You are Here : Home / USA News

ഫോമാ-പാലിയം ഇന്ത്യ, ഏകദിന ശില്പശാല വന്‍ വിജയം

Text Size  

പന്തളം ബിജു

thomasbiju@hotmail.com

Story Dated: Wednesday, December 12, 2018 01:18 hrs UTC

രാജു ശങ്കരത്തില്‍, ഫോമാ ന്യൂസ് ടീം.

തിരുവനന്തപുരം: പാലിയം ഇന്‍ഡ്യയുടെ നേതൃത്വത്തിലും, ഫെഡറേഷന്‍ ഓഫ് മലയാളീ അസോസിയേഷന്‍ ഓഫ് അമേരിക്കാസിന്റെ (ഫോമാ) ആഭിമുഖ്യത്തിലും ആരംഭിച്ച ഉജ്ജ്വല പദ്ധതിയുടെ ഭാഗമായി ഡിസംബര്‍ 01, ശനിയാഴ്ച തിരുവനന്തപുരം മന്നം മെമ്മോറിയല്‍ നാഷണല്‍ ക്ലബ്ബില്‍ വച്ച് ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. ഫോമയെ പ്രധിനിധീകരിച്ചുകൊണ്ട് അമേരിക്കയില്‍ നിന്നും എത്തിച്ചേര്‍ന്ന ജോയിന്റ് ട്രഷറാര്‍ ശ്രീ. ജെയിന്‍ കണ്ണച്ചാംപറമ്പില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും ആശംസിച്ചുകൊണ്ട് സംസാരിച്ചു. ബെന്നി വാച്ചാചിറ പ്രേസിഡന്റായിരുന്ന കാലയളവിലെ ഫോമായുടെ വുമന്‍സ് ഫോറം തുടക്കം കുറിച്ച ഈ പദ്ധതി വളരെയധികം ജനശ്രദ്ധനേടിയിരുന്നു. ഫോമ വിമന്‍സ് ഫോറത്തിന്റെ ചെയര്‍ ആയിരുന്ന സാറ ഈശോ, സെക്രെട്ടറിയായിരുന്ന രേഖ നായര്‍ എന്നിവര്‍ ഈ കാര്യത്തില്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. 'രോഗീ പരിചരണത്തില്‍ ബദ്ധശ്രദ്ധരായ സ്ത്രീകളുടെ ജീവിതത്തിന്റെ കാണാപ്പുറങ്ങള്‍' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ളതായിരുന്നു പ്രസ്തുത ശില്‍പ്പശാല.

 

സ്വന്തം ജീവിതത്തെക്കുറിച്ചോ, അസ്തിത്വത്തെക്കുറിച്ചോ ചിന്തിക്കാതെ, രോഗബാധിതരായ കുടുംബാഗംങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ചിട്ടുള്ള സ്ത്രീ സഹോദരിമാരെ അംഗീകരിക്കുക എന്നതായിരുന്നു ഈ പരിപാടിയുടെ ഉദ്ദേശം. അനുദിനം ഇവര്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധികളെ അഭിമുഖീകരിക്കുവാന്‍ കഴിയും വിധം അവര്‍ക്ക് ആശ്വാസം എത്തിക്കാനുള്ള ശ്രമത്തിന്റെ തുടക്കമെന്ന നിലയിലായിരുന്നു ശില്പശാല സംഘടപ്പിച്ചത്. പാലിയം ഇന്ത്യയുടെ വോളന്റിയറും ഫോമാ കോര്‍ഡിനേറ്ററുമായ ശ്രീമതി മംഗളാ ഫ്രാന്‍സിസ് എല്ലാവരെയും സ്വാഗതം ചെയ്തുകൊണ്ട് ശില്പശാലയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വിശദമാക്കി. തുടര്‍ന്ന് , ശ്രീമതി ബീനാ പോള്‍, രാഖി സാവിത്രി എന്നിവര്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് തയ്യാറാക്കിയ 'സപ്പോര്‍ട്ട് ഡിഫറന്റ് സ്റ്റോറി' എന്ന ഹൃസ്വ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനവും തദവസരത്തില്‍ നടക്കുകയുണ്ടായി. കുടുംബാഗങ്ങളുടെ പരിചരണത്തിനായി ജീവിതം ഹോമിക്കുന്ന സ്ത്രീ സഹോദരിമാരുടെ ഹൃദയ വ്യഥകള്‍ വളരെ തന്മയത്വത്തോടുകൂടിഈ ഹൃസ്വ ചിത്രം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. ഷൂട്ടിംഗ് വേളയിലെ വൈകാരികാനുഭവങ്ങള്‍ രാഖി സാവിത്രി സദസ്സുമായി പങ്കുവചപ്പോള്‍ കാണികളുടെ കണ്ണുകള്‍ ഈറനണിയുന്നത് നമുക്ക് കാണുവാനാകുമായിരുന്നു. സ്ത്രീ സഹോദരിമാരുടെ വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ചും , അവയ്ക്കുള്ള പരിഹാര മാര്‍ഗ്ഗങ്ങളെ സംബന്ധിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് ഈ ശില്‍പ്പശാല വഴിയൊരുക്കി. SEWA കേരളാ ഘടകം സെക്രട്ടറി ശ്രീമതി സോണിയാ ജോര്‍ജ്ജ്, പാലിയം ഇന്‍ഡ്യാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ശ്രീദേവി വാര്യര്‍, മഹിളാ സമഖ്യസൊസൈറ്റി കണ്‍സല്‍ട്ടന്റ് ശ്രീമതി ആശാ നമ്പ്യാര്‍, വനിതാ വികസന കോര്‍പ്പറേഷന്‍ പ്രോജക്റ്റ് മാനേജര്‍ ശ്രീമതി ആശ എന്നിവര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു സംസാരിച്ചു.

 

പാലിയം ഇന്ത്യയിലെ ആഷ്ലാറാണിയും മറ്റ് ചില സഹോദരിമാരും പരിചരണം സംബന്ധിച്ച് പങ്കുവച്ച അനുഭവ സാക്ഷ്യങ്ങള്‍ സദസ്സ് വളരെ ശ്രദ്ധാപൂര്‍വ്വം കേട്ടിരുന്നു . പരിസ്ഥിതിക്കനുയോജ്യമായ കൃഷിരീതി, മൂല്യവര്‍ദ്ധിതകാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം എന്നീ കാര്യങ്ങളില്‍ പരിശീലനം നല്‍കുന്നത്തിനായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയായ ADISAH യെ പ്രധിനിധീകരിച്ചുകൊണ്ട് ഡോക്ടര്‍ സുശീല സംസാരിച്ചു. നമ്മുടെ രാജ്യത്തെ സ്വാന്തന ചികത്സയുടെ കുലപതിയും, പാലിയം ഇന്ത്യയുടെ ചെയര്‍മാനുമായ ഡോക്ടര്‍ എം .ആര്‍. രാജഗോപാല്‍ അവര്‍കളുടെ മഹനീയ സാന്നിധ്യം ശില്പശാലയെ ധന്യമാക്കി . പങ്കെടുത്ത സഹോദരീ സഹോദരന്മാരുടെ പ്രതികരണങ്ങളില്‍നിന്നും ശില്‍പ്പശാല ആശാവഹവും പ്രയോജനപ്രദവുമായിരുന്നു എന്ന് വ്യക്തമായി. പാലിയം ഇന്‍ഡ്യാ പ്രതിനിധി ലിജിമോളുടെ നന്ദിപ്രകാശാനത്തോടുകൂടി ശില്പശാലയ്ക്ക് തിരശീലവീണു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.